പത്തിന്റെ പ്ലാസ്റ്റിക് നോട്ട് ട്രയല്‍ ഉടന്‍
കൊച്ചി: പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുന്നതിന്റെ ഫീല്‍ഡ് ട്രയല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ വര്‍ഷം നടത്തും. ഈ 'പരീക്ഷണ വിനിമയം' വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് കറന്‍സികളുടെ ഭാവി തീരുമാനിക്കുക.പത്ത് രൂപയുടെ പേപ്പര്‍ നോട്ടിന് പകരമായാണ് പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം തന്നെ ഇവയുടെ ഫീല്‍ഡ് ട്രയല്‍ നടക്കുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കുറഞ്ഞ തുകയുടെ നോട്ടുകള്‍ അധികകാലം നീണ്ടുനില്‍ക്കാത്തതാണ് പ്ലാസ്റ്റിക് നോട്ടുകളെക്കുറിച്ച് ചിന്തിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ നോട്ടുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ നോട്ടുകള്‍ സ്വീകരിച്ച് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന പതിവ് റിസര്‍വ് ബാങ്കിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 13,072 ദശലക്ഷം നോട്ടുകളാണ് ബാങ്കിന് ലഭിച്ചത്.
ഏറ്റവും പെട്ടെന്ന് ഉപയോഗശൂന്യമാകുന്നത് അഞ്ചു രൂപയുടെയും പത്തു രൂപയുടെയും 20 രൂപയുടെയും നോട്ടുകളാണ്. മുന്‍പ് ഒരു രൂപയുടെയും രണ്ടു രൂപയുടെയുമെല്ലാം നോട്ടുകള്‍ കൂടുതലായി ഇറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തുകയ്ക്കുള്ള നാണയങ്ങളാണ് കൂടുതലും പ്രചാരത്തിലുള്ളത്. ഈ രീതി തുടരുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നാണ് റിസര്‍വ് ബാങ്കിന്റെ പഠനങ്ങള്‍ തെളിയിക്കുന്നത്.
പല വിദേശ രാജ്യങ്ങളിലും നിലവില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ പ്രാബല്യത്തിലുണ്ട്. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചാല്‍ ആ മാതൃക മറ്റ് നോട്ടുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.
Al-Khobar, Saudi.
__._,_.___
No comments:
Post a Comment