എയിഡ്‌സ്:
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ മാരക രോഗങ്ങളിലൊന്നാണ് എയിഡ്‌സ്. അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രം എന്നതിന്റെ ചുരുക്കമാണ് എയിഡ്‌സ്. ശരീരത്തിന്റെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് അഥവാ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സിയാണ് രോഗത്തിന്റെ പ്രധാനകാരണമെന്ന് അതിന്റെ പേരില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.
ഇത് കാന്‍സറോ മറ്റോ പോലെ അറിയാത്ത കാരണങ്ങളാലുണ്ടാകുന്നതല്ല, മറിച്ച് ഏതെങ്കിലും സാഹചര്യങ്ങളില്‍ നാം വരുത്തിക്കൂട്ടുന്ന അല്ലെങ്കില്‍ നേടിയെടുക്കുന്ന രോഗമാണിത് എന്നു സൂചിപ്പിക്കുന്നു അക്വയേഡ് എന്ന പദം. 1981 ജൂണ്‍ മാസത്തില്‍ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. അവിടെ ചില ചെറുപ്പക്കാരെ ബാധിച്ച ഗുരുതരമായ ചില രോഗലക്ഷണങ്ങള്‍ മുമ്പ് ഒരു രോഗത്തിലും ആരും കണ്ടിട്ടുള്ളതായിരുന്നില്ല. ഒരു തരത്തിലുള്ള ചികിത്സയും അവരില്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ രക്തം വിശദമായി പരിശോധിച്ചു. ആ പരിശോധനകളിലാണ് ഇതൊരു പുതിയ രോഗമാണെന്നു കണ്ടെത്തിയത്.
ലോകത്താകെ രണ്ടരക്കോടിയോളം ആളുകള്‍ എയിഡ്‌സ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 3.32 കോടിയോളം പേര്‍ എച്ച്.ഐ.വി.അണുബാധയോടെ ജീവിക്കുന്നു. ഇതില്‍ 5,70,000 ത്തോളം പേര്‍ കുട്ടികളാണ്. ഇന്ത്യയില്‍ 57 ലക്ഷത്തോളം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് കണക്കാക്കുന്നു.
എച്ച്.ഐ.വി.
1983 ആയപ്പോഴേക്കും അമേരിക്കയിലും യൂറോപ്പിലുമുള്ള ചില ഡോക്ടര്‍മാര്‍ ഈ രോഗത്തിനു കാരണമായ വൈറസിനെ കണ്ടെത്തി. പാരീസില്‍ പാസ്‌കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ലുക്‌മൊണ്ടാഗ്‌നീര്‍, ബാരി സിനൗസി എന്നിവരാണ് എച്ച്.ഐ.വി.വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലിന് ഇക്കൊല്ലത്തെ നോബല്‍ സമ്മാനവും അവര്‍ക്കു ലഭിച്ചു.
മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറച്ച് ക്രമേണ തീരെ ഇല്ലാതാക്കുന്ന വൈറസാണ് എയിഡ്‌സ് രോഗത്തിനു കാരണം. മനുഷ്യരുടെ പ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസ് അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ സൂക്ഷ്മാണുവിന് പേരു നല്‍കിയത്. ശരീരത്തില്‍ എച്ച്.ഐ.വി. രോഗണുക്കളുള്ളയാളുകളെ എച്ച്.ഐ.വി. പോസിറ്റീവ് എന്നാണ് പറയുക.
ആരാണീ വൈറസ്?
ഏറ്റവും സൂക്ഷ്മമായ ജീവികളുടെ കൂട്ടത്തില്‍ പെടുന്നവയാണ് വൈറസുകള്‍. കോശങ്ങളില്ലാത്ത സൂക്ഷ്മാണുക്കള്‍. സാധാരണ മൈക്രോസ്‌കോപ്പുകൊണ്ടു പോലും ഇവയെ കാണാന്‍ കഴിയില്ല. ഇലനേക്ട്രാണ്‍ മൈക്രോസ്‌കോപ്പ് കൊണ്ടുമാത്രമേ അവയെ കാണാനാവൂ. സസ്യങ്ങളുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും വൈറസുകളുണ്ട്. കോശങ്ങളില്ലാത്തതുകൊണ്ടു തന്നെ അവയ്ക്ക് കോശഘടനയുമില്ല. വൈറസുകള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ജീവകോശങ്ങളിലേ വൈറസുകള്‍ക്ക് നിലനില്‍പ്പുള്ളൂ. 100 നാനോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള വൈറസാണ് എച്ച്.ഐ.വി. പത്തുലക്ഷം നാനോമീറ്ററാണ് ഒരു മില്ലീമീറ്റര്‍.
ഭീതിപരത്തിയ രോഗം
മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ച വ്യാധിയായിട്ടാണ് എയിഡ്‌സ് അറിയപ്പെട്ടത്. വളരെ വേഗം പകരുന്ന രോഗമായതിനാല്‍ മുഴുവന്‍ ലോകത്തും ഈ പുതിയ രോഗത്തെക്കുറിച്ചുള്ള ഭയം പടര്‍ന്നു പിടിച്ചു. രോഗപ്രതിരോധശേഷി തീരെ കുറയുന്നതോടെ ചെറിയൊരു ജലദോഷം വന്നാല്‍ പോലും അത് മാരകമായിത്തീരുമെന്ന നിലവന്നു. ഏതുസമയത്തും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് രോഗി മരിക്കുമെന്നതും എയിഡ്‌സിനെക്കുറിച്ചുള്ള ഭീതി വര്‍ധിപ്പിച്ചു. അതു കൊണ്ടു തന്നെ ആദ്യകാലം മുതലേ എയിഡ്‌സിനെക്കുറിച്ച് വളരെയേറെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു. ഇപ്പോഴും അവ തുടരുന്നു. ഇതിന്റെ ഫലമായി ലോകത്തെങ്ങും എയിഡ്‌സ് വ്യാപനം ഒരളവോളം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പകരുന്നതെങ്ങനെ?
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗം എന്നനിലയില്‍ എയിഡ്‌സിന് ഒരുതരം കുപ്രസിദ്ധി വന്നിരുന്നു. രോഗപ്പകര്‍ച്ചയുടെ കാര്യത്തില്‍ ലൈംഗികബന്ധം വളരെ പ്രധാനപ്പെട്ടതു തന്നെ. എന്നാല്‍ അതിനപ്പുറം മറ്റ് ഒട്ടേറെ കാരണങ്ങള്‍ കൊണ്ടും എയിഡ്‌സ് പകരാം. ്‌സ രക്തം ദാനം ചെയ്യുമ്പോഴും രക്തം സ്വീകരിക്കുമ്പോഴും എയിഡ്‌സ് പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇപ്പോള്‍ രക്തം എടുക്കുന്നതിനു മുമ്പും രക്തം ഒരു രോഗിയിലേക്ക് കയറ്റുന്നതിനു മുമ്പും ആ രക്തത്തില്‍ എയിഡ്‌സ് വൈറസുകളില്ല എന്ന് ഉറപ്പു വരുത്താനുള്ള പരിശോധനകള്‍ നടത്താറുണ്ട്.
അമ്മക്ക് എയിഡ്‌സ് രോഗമുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്കും ഇതേ രോഗമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അമ്മമാരില്‍ നിന്ന് എയിഡ്‌സ് പകര്‍ന്നു കിട്ടിയ പല കുഞ്ഞുങ്ങളെയും സ്‌കൂളില്‍ നിന്നു പുറത്താക്കിയ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ടല്ലോ.
എച്ച്.ഐ.വി. ബാധയുള്ള ആളുകളുമായി ഒരുമിച്ചിരിക്കുന്നതു കൊണ്ടോ രോഗബാധയുളള കുട്ടികള്‍ക്കൊപ്പമിരുന്ന് കളിക്കുകയോ പഠിക്കുകയോ ചെയ്യുന്നതു കൊണ്ടോ രോഗം പകരില്ല. വായു, വെള്ളം, ഭക്ഷണം തുടങ്ങിയവയിലൂടെയൊന്നും ഈ രോഗം പകരുകയില്ല. രോഗമുള്ളയാളുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗപ്പകര്‍ച്ച.
കണ്ടെത്തുന്നതെങ്ങനെ?
എച്ച്‌ഐവി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇപ്പോള്‍ മിക്കയിടങ്ങളിലും ലഭ്യമാണ്. എലിസാ ടെസ്റ്റ് എന്നറിയപ്പെടുന്ന പ്രാഥമിക പരിശോധനയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. എലീസാ ടെസ്റ്റ് പോസിറ്റീവായതു കൊണ്ടു മാത്രം ഒരാള്‍ എയിഡ്്‌സ് രോഗിയാണ് എന്നു തീരുമാനിക്കാനാവില്ല. എലീസ പോസിറ്റീവാണെങ്കില്‍ തുടര്‍ന്ന് വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് എന്ന പരിശോധന നടത്തണം. അതിലും പോസിറ്റീവായാല്‍ മാത്രമേ ഒരാള്‍ എച്ച്.ഐ.വി. പോസിറ്റീവാണ് എന്നു തീരുമാനിക്കാനാവൂ.
ചികില്‍സ
എയ്ഡ്‌സ് രോഗം പൂര്‍ണമായി ഭേദമാക്കുന്നതിനുള്ള ഔഷധങ്ങള്‍ കണ്ടെത്തിയിട്ടില്ല. രോഗം പ്രതിരോധിക്കുന്നതിനും വന്നാല്‍ ഭേദമാക്കുന്നതിനുമുള്ള ഔഷധങ്ങള്‍ക്കായി ലോകമെങ്ങും ഗവേഷണങ്ങള്‍ തുടരുകയാണ്. അധികം വൈകാതെ അതിനുള്ള ഔഷധങ്ങള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.
അണുബാധയുള്ളവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തി അവര്‍ക്ക് ദീര്‍ഘനാള്‍ സുഖജീവിതം നല്‍കുന്നതിനുള്ള ചികില്‍സകളാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ആയുര്‍വേദ ഔഷധങ്ങള്‍ എയിഡ്‌സിന് ഫലപ്രദമാകുമോ എന്നു കണ്ടെത്താനുള്ള ചില പരീക്ഷണങ്ങള്‍ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്.
www.keralites.net |
__._,_.___
No comments:
Post a Comment