ഒടുവില്‍ അതുതന്നെ സംഭവിച്ചു. ദേശീയപാത കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ 45 മീറ്റര്‍
വീതി വേണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ശാഠ്യത്തിന് മുഖ്യധാരാ രാഷ്ട്രീയ
പാര്‍ട്ടികളെല്ലാം ഒരുമിച്ചിരുന്ന് സമ്മതം മൂളി. മറുവാക്ക് പറയാനോ 'നൊന്തവന്റെ
അന്തം പാച്ചില്‍' യഥാവിധി അവതരിപ്പിക്കാനോ ആരും ഉണ്ടായില്ലെന്ന് മാത്രമല്ല, പാത 60
മീറ്ററില്‍തന്നെ വേണമെന്നു വാദിച്ചവര്‍പോലുമുണ്ടത്രെ. എന്തൊരു ഓവര്‍
സ്മാര്‍ട്ട്‌നസ്! ഏറെ നാളായി നാവിട്ടലക്കുകയും സാമൂഹികാന്തരീക്ഷത്തെ
അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയുമായിരുന്ന ഈ പ്രശ്‌നത്തിന്റെ പരിണാമഗുപ്തി
മറ്റൊന്നായിരിക്കാനിടയില്ല എന്ന ആശങ്ക പൊതുവേയുണ്ടായിരുന്നു. ദേശീയപാത വികസന
അതോറിറ്റിയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെ ഈ
ആശങ്കക്ക് ആക്കം കൂടിവരുകയുമായിരുന്നു. അതിനാല്‍തന്നെ, അപ്രതീക്ഷിതം എന്ന്
പറയാനാവില്ലെങ്കിലും അന്തിമ വിശകലനത്തില്‍ കേരളത്തിന്റെ നയംമാറ്റവും സമ്മതവും
ഒട്ടും യാഥാര്‍ഥ്യബോധം പ്രതിഫലിക്കാത്തതും ജനവികാരം ഉള്‍ക്കൊള്ളാത്തതും എന്ന്
കാണാന്‍ കഴിയും. അല്ലെങ്കിലും പാര്‍പ്പിടം മുതല്‍ കച്ചവടം വരെ ഒരുപാട്
കഷ്ടനഷ്ടങ്ങള്‍ ഡെമോക്ലസിന്റെ വാളുകണക്കെ സംസ്ഥാനത്തുടനീളം പരസഹസ്രം പേരുടെ ഉറക്കം
ഉറപ്പുവരുത്താതെയും കൈക്കൊള്ളുന്ന തീരുമാനം നീതിയും ന്യായവും പ്രതിഫലിക്കുന്നതായി
അനുഭവപ്പെടുന്നില്ല. അതുമല്ല, അവരെ തന്ത്രപൂര്‍വം അകറ്റിനിര്‍ത്തുകയായിരുന്നു
എന്നാണല്ലോ കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷി സമ്മത'പത്ര'ത്തിന്റെ
വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തിനധികം അത്തരമൊരു യോഗം തന്നെ
ഒരു നാടകം- മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ രംഗാവിഷ്‌കാരം- എന്നേ പറയേണ്ടൂ.
അത്രമാത്രം കടുത്ത സമ്മര്‍ദത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും എന്നാണ്
മനസ്സിലാകുന്നത്.
ഈ സമ്മര്‍ദങ്ങളുടെയും പ്രലോഭനങ്ങളുടെയും വേലിയേറ്റത്തില്‍ ജീവിതം
വഴിമുട്ടിപ്പോവുകയോ ആകെ താറുമാറായിപ്പോവുകയോ ചെയ്യുന്ന ഒരുപാട്, ഒരുപാട്
സഹജീവികളുണ്ടെന്ന പച്ചപ്പരമാര്‍ഥം കാണാന്‍ അനന്തപുരിയില്‍ ഒത്തുകൂടിയവരില്‍
ആരുംതന്നെ തയാറായില്ലെന്നത് ഖേദകരം എന്നു മാത്രമല്ല, കുറ്റകരമായ അനാസ്ഥയും
അവഗണനയുമായി ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും. ഇതിനിടയിലും,
പുറത്തുനില്‍ക്കുന്ന പരശ്ശതം നേതാക്കളില്‍ ഒരാളെങ്കിലും ഇരകളുടെ ഗദ്ഗദം
ഉള്‍ക്കൊള്ളാനും അത് യഥാസമയം എത്തേണ്ടിടത്ത് എത്തിക്കാനും സധൈര്യം മുന്നോട്ടുവന്നു
എന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണ്. പക്ഷേ, പറഞ്ഞിട്ടെന്ത്? ആ കത്ത് ഒരാവര്‍ത്തി
ഉറക്കെ വായിക്കാന്‍പോലും അവസരം കൊടുത്തില്ല എന്നത് ഇപ്പോള്‍ ഒന്നടങ്കം
അകപ്പെട്ടിരിക്കുന്ന ചുഴിയുടെ ആഴം വ്യക്തമാക്കുന്നു. അത്രമാത്രം 'ബോള്‍ട്ടിട്ട്
മുറുക്കപ്പെട്ടിരിക്കയാണ്, ഇന്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടെങ്കിലും തങ്ങള്‍ക്ക് 45
മീറ്റര്‍ കൂടിയേ തീരൂ എന്ന് ശഠിക്കുന്നവര്‍ ഉന്നംവെക്കുന്നവര്‍ ആരെയെല്ലാമാണോ
അവരൊക്കെയും. അല്ലായിരുന്നുവെങ്കില്‍, കഴിഞ്ഞ ഏപ്രില്‍ 20ന് കൈക്കൊണ്ട സര്‍വകക്ഷി
തീരുമാനം അട്ടിമറിക്കേണ്ട ഏത് സാഹചര്യമാണ് ഈ കൊച്ചുകേരളത്തില്‍ പുതുതായി
ഉടലെടുത്തത്. നന്നേ ചുരുങ്ങിയത്, പാതയുടെ പേരില്‍ ഭൂമിയും ഉപജീവനവും
നഷ്ടപ്പെടുന്നവരെയെങ്കിലും സത്യം ബോധ്യപ്പെടുത്തേണ്ട ബാധ്യതയില്‍നിന്ന് നേതാക്കളും
ജനപ്രതിനിധികളും ഒളിച്ചോടരുതായിരുന്നു. ഇപ്പോള്‍ നടന്നത് തികച്ചും ഒരു ഒളിച്ചോട്ടം
തന്നെ. പ്രതിസന്ധിഘട്ടത്തില്‍ ഒരു കൈ സഹായിക്കാന്‍ കൂടെയുണ്ടാകുമെന്ന്
ആശ്വസിക്കുന്ന ജനങ്ങളില്‍ നിന്നും ജനിച്ചുവളര്‍ന്ന, ഇനി മരിക്കുവോളം ജീവിക്കേണ്ട ഈ
മണ്ണിലെ യാഥാര്‍ഥ്യങ്ങളില്‍നിന്നുമുള്ള ഒളിച്ചോട്ടം. എത്ര ഓടിയാലും പണ്ടത്തെപ്പോലെ
വിഡ്ഢികളല്ലാത്ത പൊതുജനം, പിടികൂടി പാഠംപഠിപ്പിക്കാനായി പിന്നാലെ ഓടുന്നുണ്ടെന്ന
കാര്യം മറക്കാതിരിക്കുന്നത് നന്ന്. ആരാണ് ആദ്യം തളര്‍ന്നുവീഴുക എന്നത് കാത്തിരുന്നു
കാണേണ്ട കൗതുകക്കാഴ്ചകളിലൊന്നുമാത്രം. അത്രമാത്രം കേരളത്തിന്റെ പൊതുബോധത്തെ
പരിഹസിച്ചിരിക്കയാണ് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് പറയാതെ വയ്യ.
ബി.ഒ.ടി ഭീമന്മാര്‍ മുന്നോട്ടുവെച്ച എല്ലാ തിട്ടൂരങ്ങളും അണ്ണാക്ക് തൊടാതെ
വിഴുങ്ങാന്‍ മാത്രം മനഃസാക്ഷി പണയപ്പെടുത്തരുതായിരുന്നു. ഇവിടത്തെ സാഹചര്യവും
പരിസ്ഥിതിയും കണക്കിലെടുത്ത് അനിവാര്യമായ ഭേദഗതികള്‍ വരുത്താനായോ? അതിന്റെ പൂര്‍ണ
ഉത്തരവാദിത്തം മറ്റു വല്ലവര്‍ക്കുമാണോ? 60 മീറ്റര്‍ 45 മീറ്ററാക്കിയ
കേന്ദ്രത്തിന്റെ 'വിശാലമനസ്‌കത'യാണ് ഇപ്പോള്‍ ചര്‍ച്ചയുടെയും തീരുമാനങ്ങളുടെയും ഗതി
നിയന്ത്രിക്കുന്നത്. എന്നാല്‍, നമ്മുടെ സാഹചര്യം മറ്റാരെക്കാളും നന്നായി അറിയുക
നമുക്കുതന്നെയാണ്. അത് വേണ്ടപ്പെട്ടവരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ നാം
പരാജയപ്പെട്ടു എന്ന് അംഗീകരിക്കലാവും ഭംഗി. അതോ, തോറ്റുകൊടുത്തതോ? ഇത്തരമൊരു
തോല്‍വി ആദ്യത്തേതല്ല. കേരളത്തിലെ റെയില്‍വേ ഡിവിഷനുകളിലൊന്ന് പാലക്കാട്ടുനിന്ന്
തമിഴ്‌നാട്ടിലേക്ക് പറിച്ചുനട്ടപ്പോഴും നാം പരാജയപ്പെടുകയായിരുന്നുവല്ലോ.
പാതയുടെ വീതിപോലെ തന്നെയോ അതിലേറെയോ ഭീകരമാണ് ബി.ഒ.ടി എന്ന്
ദൂരക്കാഴ്ചയുള്ളവരെല്ലാം നിരന്തരം ആവര്‍ത്തിച്ചെങ്കിലും അതിനുമില്ലല്ലോ ഒരു നേരിയ
ചലനംപോലും. ആകപ്പാടെ ഒരു പ്രതീക്ഷ ഭൂമി നഷ്ടപ്പെടുന്ന ഉടമകള്‍ക്ക് അര്‍ഹമായ പരിഹാരം
എളുപ്പം കിട്ടാനുള്ള നടപടി കൈക്കൊള്ളുമെന്ന തീരുമാനമാണ്. പക്ഷേ, അനുഭവങ്ങളും
വര്‍ത്തമാന യാഥാര്‍ഥ്യങ്ങളും വിശകലനം ചെയ്യുമ്പോള്‍ ഈ തീരുമാനം എത്രമാത്രം
ഫലപ്രാപ്തി കൈവരിക്കുമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. യമുന
എക്‌സ്‌പ്രസ് പാതക്കും വിശാല ടൗണ്‍ഷിപ്പിനുംവേണ്ടി അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ
കര്‍ഷകരില്‍നിന്ന് ചുളുവിലക്ക് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം
പാര്‍ലമെന്റിനകത്തുംപുറത്തും മുഴക്കിയ ഒച്ചപ്പാടും ബഹളവും ഇപ്പോഴും തുടരുകയാണല്ലോ.
ഇതാണ് നാട്ടുനടപ്പെങ്കില്‍ കേരളീയനും വല്ലാതെ ആശിക്കാനെന്തുവക? ഒന്നും
നഷ്ടപ്പെടാനില്ലാത്തവര്‍ ഒറ്റ സ്വരത്തില്‍ എന്തുപറഞ്ഞാലും ശരി, ഇന്നീപ്പറഞ്ഞ
രൂപത്തില്‍ ഒരു വിശാലപാത വിചാരിക്കുന്നത്ര എളുപ്പത്തില്‍ ഇതുവഴി കടന്നുപോകുമെന്ന്
കരുതാന്‍ വയ്യ. അതിനുമാത്രം ആശ്വാസ വചനങ്ങളൊന്നും കാണാനില്ലെന്നു മാത്രമല്ല,
ജനവിരുദ്ധവും ഇച്ഛാശക്തിയില്ലാത്തതുമാണ് ഈ സമവായം എന്ന് ഒരിക്കല്‍കൂടി
ആവര്‍ത്തിക്കാനാണ് സാഹചര്യം പ്രേരിപ്പിക്കുന്നത്.
www.keralites.net |
__._,_.___
No comments:
Post a Comment