'മോനേ എന്തിന് നീയിത് ചെയ്തു?' ഷിന്റോ എന്ന അമ്മയുടെ ദുഃഖം തീരുന്നേയില്ല...
ആലുവയ്ക്കടുത്ത് നൊച്ചിമയിലെ 'മീരാലയം' എന്ന ചെറിയവീട്. കുറച്ചുനാള്‍ മുന്‍പുവരെ ഈ വീട് ആഹ്ലാദത്തിന്റെ കളിത്തൊട്ടിലായിരുന്നു. ഗൃഹനാഥന്‍ രാജു, ഭാര്യ ഷിന്റോ, രണ്ടുകുട്ടികള്‍, സ്‌നീറ്റയും സാഗിലും. അവരുടെ കുസൃതികള്‍, കളിതമാശകള്‍... പക്ഷേ...
'മീരാലയ'ത്തിന്റെ പൂമുഖത്തേക്ക് കയറിയപ്പോള്‍ ചുവരില്‍ തൂക്കിയിട്ട ഫോട്ടോയില്‍ നേര്‍ത്ത ചിരിയുമായി സാഗില്‍.
''കൊച്ചുങ്ങള്‍ ദൈവത്തിന്റെ സമ്മാനമാണ്. ദൈവം തന്നു. സ്‌നേഹിച്ചു കൊതിതീരുംമുന്‍പേ ദൈവം തന്നെ തിരിച്ചെടുത്തു,'' സാഗിലിന്റെ ഫോട്ടോയിലേക്ക് നോക്കി ഷിന്റോ വിതുമ്പി. പിന്നെ ആ കഥ പറഞ്ഞു. മറ്റൊരമ്മയ്ക്കും ഇങ്ങനെയൊരു വിധി വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെ.
കുട്ടികളെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. ഈ ഇഷ്ടക്കൂടുതല്‍ കൊണ്ടാകാം മക്കളുടെ കാര്യത്തിലാണ് ഞാന്‍ ഏറെ സങ്കടപ്പെട്ടിട്ടുള്ളത്.
എന്റെ മൂത്തമോളാണ് സ്‌നീറ്റ. അവള്‍ക്ക് 11 വയസ്സ്. എട്ടാം വയസ്സിലേ മൂന്നു ശസ്ത്രക്രിയകള്‍ കഴിഞ്ഞു അവള്‍ക്ക്. ബ്രെയിന്‍ ട്യൂമറായിരുന്നു. ഇപ്പോഴും മരുന്നുണ്ട്. മോളുടെ ഈ അവസ്ഥ കൊണ്ടാകാം കൊച്ചുങ്ങളെ ഒരു കാര്യത്തിലും വിഷമിപ്പിക്കുന്നത് ഞങ്ങള്‍ക്കിഷ്ടമായിരുന്നില്ല.
സ്‌നീറ്റയേക്കാള്‍ മൂന്നുവയസ്സിന് ഇളയതാണ് സാഗില്‍. ആണ്‍കുട്ടിയായതുകൊണ്ട് അവനില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ഞങ്ങളുടെ ജീവിതം. റിങ്കു എന്നായിരുന്നു ഞങ്ങളവനെ വിളിച്ചിരുന്നത്. അല്പം വാശിക്കാരനാണെങ്കിലും മോന് ഞങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ വഴക്ക് പറയുന്നത് പോലും അവന് സഹിക്കാന്‍ പറ്റില്ല. മുറിയില്‍ കയറി കതകടച്ചിരിക്കും. കുറച്ചുനേരം കഴിയുമ്പം ഇറങ്ങിവന്ന് എന്നോട് സോറി പറയും. കൊച്ചിന്റെ ഈ പെരുമാറ്റം ഞങ്ങളെ പേടിപ്പെടുത്തിയിരുന്നു. പക്ഷേ, വലുതാകുമ്പോള്‍ താനെ ശരിയായിക്കൊള്ളുമെന്ന് ഞങ്ങള്‍ ആശ്വസിച്ചു.
വീട്ടില്‍ ചില കുസൃതികളൊക്കെ ഒപ്പിക്കുമെങ്കിലും സ്‌കൂളില്‍ അവന്‍ നല്ലകുട്ടിയായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. ടീച്ചര്‍മാര്‍ക്കൊക്കെ വലിയ കാര്യമായിരുന്നു അവനെ. കോമ്പാറ കെ.എം.ജെ. സ്‌കൂളില്‍ നിന്ന് നാലാംക്ലാസിലേക്ക് ജയിച്ചതും നല്ല മാര്‍ക്കോടെ. എല്ലാത്തിനും അവന് ഫസ്റ്റ് തന്നെ കിട്ടണം. ഒന്നിലും പിന്നിലാവുന്നത് അവനിഷ്ടമല്ല. പഠിത്തത്തിലും ഓട്ടത്തിലുമൊക്കെ ഫസ്റ്റായിരുന്നു അവന്‍.
മറ്റുള്ള കുട്ടികളുടെ കൈയില്‍ എന്തുകണ്ടാലും അതുപോലൊന്ന് ഉടനെ കിട്ടണം. വാങ്ങിക്കൊടുത്തില്ലെങ്കില്‍ പിണങ്ങും. കൊച്ച് പിണങ്ങേണ്ട എന്നു കരുതി പപ്പ എല്ലാം വാങ്ങിച്ചുകൊടുക്കും. വീഡിയോ ഗെയിം വേണമെന്ന് പറഞ്ഞിട്ട് പപ്പയെകൊണ്ട് രണ്ടെണ്ണം വാങ്ങിപ്പിച്ചു. ''നമ്മള്‍ ജീവിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ലേ. പിന്നെയെന്തിന് അവരെ സങ്കടപ്പെടുത്തണം,'' എന്നാണ് പുള്ളിക്കാരന്‍ ചോദിക്കുക.
മോള്‍ക്ക് അസുഖം വന്നശേഷം കൊച്ചുങ്ങളോട് എതിര്‍ത്തൊന്നും പറയാറില്ല. അവരുടെ ഇഷ്ടത്തിനനുസരിച്ച് നില്ക്കും. അവരുടെ സന്തോഷം കാണുമ്പോള്‍ ഞങ്ങള്‍ കഷ്ടപ്പാടെല്ലാം മറക്കും.
അങ്ങോട്ട് സ്‌നേഹിക്കുന്നതിന്റെ പത്തിരട്ടി സ്‌നേഹം കൊച്ചുങ്ങള്‍ക്ക് ഞങ്ങളോടുണ്ടായിരുന്നു. റിങ്കുവിന്റെ സ്‌നേഹം അല്പം അമിതമാണെന്ന് എനിക്കു തോന്നിയിരുന്നു. ഞങ്ങളില്‍നിന്ന് എന്തെങ്കിലും വിഷമിപ്പിക്കുന്ന പെരുമാറ്റമുണ്ടായാല്‍ അവന് ഭയങ്കര സങ്കടമാണ്. അസുഖമുള്ളതുകൊണ്ട് മോളെ എന്റെയടുത്ത് കിടത്തും. അപ്പോള്‍ അവനും എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങണം. എങ്കിലും സ്‌നീറ്റയെ വലിയ കാര്യമായിരുന്നു അവന്. സ്‌കൂളിലേക്ക് മോള്‍ടെ ബാഗ് ചുമക്കുന്നത് അവനാണ്. 'ചേച്ചിക്ക് വയ്യാത്തതല്ലേ ബാഗ് ഞാന്‍ പിടിച്ചോളാം' എന്ന് പറയും. ഇടയ്ക്ക് രണ്ടുപേരും വഴക്കടിക്കും. ടി.വി. വെയ്ക്കുമ്പോള്‍ അവന് 'പോഗോ' കാണണം. മോള്‍ക്ക് സിനിമ വെക്കണം. കുറേനേരം തര്‍ക്കം തുടരും. ഒടുവില്‍ മോളുടെ ആഗ്രഹത്തിന് വിട്ടുകൊടുക്കും അവന്‍. ചേച്ചിയുടെ അടുത്ത് തോല്‍ക്കുമ്പോള്‍ മാത്രം അവന് ഒരു സങ്കടവും വരാറില്ല.
കൂട്ടുകാര്‍ക്കിടയില്‍ അല്പം ഉയരം കുറഞ്ഞ കുട്ടിയായിരുന്നു റിങ്കു. അവന്റെ പപ്പയ്ക്കും അത്രയൊന്നും ഉയരമില്ല. കോംപ്ലാനും, ബോണ്‍വിറ്റയുമൊക്കെ കുടിച്ചാല്‍ കൊച്ചിന് നല്ല ഉയരം വയ്ക്കുമെന്ന് കേട്ടിട്ട് അതു വാങ്ങിച്ചുകൊടുക്കും. ദിവസം ഒരു ഗ്ലാസ് പാലും. ഇതൊന്നും പത്രാസ് കാണിക്കാന്‍ വേണ്ടിയല്ല. ആ ഒരു കുറവ് കൊച്ചിന് വരരുതല്ലോ എന്നാഗ്രഹിച്ചു. നിര്‍ബന്ധിച്ചിട്ടാണെങ്കിലും കൊച്ചത് കുടിക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്.
ചിലപ്പോഴൊക്കെ കുസൃതി കാണിച്ച് വീടിന് പുറത്തുകൊണ്ടുപോയി കളയും. എന്നിട്ട് കുടിച്ചുവെന്ന് കള്ളം പറയും. കഴിഞ്ഞ മെയ് 18ന് രാവിലെ പാലു കുടിക്കുംമുന്‍പ് അവന്‍ സൈക്കിളുമായി കറങ്ങാന്‍ പോയി. അല്പസമയം കഴിഞ്ഞ് തിരിച്ചുവന്നു. പിന്നാലെ ചില നാട്ടുകാരും. അവര്‍ ഞങ്ങളെ വഴക്ക് പറഞ്ഞു. കൊച്ചിനെ ഒറ്റയ്ക്ക് സൈക്കിളുമായി വിട്ടതിന്. കൊച്ചിന്റെ സൈക്കിള്‍ ബസില്‍ തട്ടേണ്ടതായിരുന്നുവത്രെ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. എങ്കിലും ഞാന്‍ കൊച്ചിനെ വഴക്കുപറഞ്ഞില്ല. അവനല്ലല്ലോ, അവനെ ഒറ്റയ്ക്കു സൈക്കിളില്‍ വിട്ട നമ്മളല്ലേ തെറ്റുചെയ്തത്.
സൈക്കിള്‍ ചവുട്ടി ക്ഷീണിച്ചു വന്ന അവന് ഞാന്‍ കോംപ്ലാന്‍ കുടിക്കാന്‍ കൊടുത്തു. അവന്‍ ഗ്ലാസുമായി പുറത്തേക്ക് പോകുന്നത് കണ്ട് എനിക്ക് സംശയമായി. ഞാന്‍ പിന്നാലെ പോയി. അവനത് കുടിക്കാതെ കളയുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാനൊരു തല്ലുകൊടുത്തു. വേദനിക്കാന്‍ വേണ്ടി ഞാനൊരിക്കലും കുട്ടികളെ അടിച്ചിട്ടില്ല. പക്ഷേ, ആ നശിച്ച നിമിഷത്തില്‍ എന്നെക്കൊണ്ട് ദൈവമത് ചെയ്യിച്ചു.
മനസ് വേദനിച്ചുകാണും; അവന്‍ മുറിയില്‍ കയറി കതകടച്ചു. പതിവുപോലെ കുറച്ചുനേരം കഴിഞ്ഞ് ഇറങ്ങിവന്നു. എന്നോട് കുറെ സോറി പറഞ്ഞു.
രണ്ടുദിവസം മുന്‍പായിരുന്നു അവന്റെ ആദ്യ കുര്‍ബാന സ്വീകരണം. ''പാല്‍ കുടിച്ചെന്ന് മോന്‍ കള്ളം പറഞ്ഞില്ലേ. കൊച്ചുങ്ങള് നുണപറേണത് ദൈവത്തിന് ഇഷ്ടമല്ല. മോന്‍പോയി ബൈബിള്‍ വായിക്ക്,'' ഞാന്‍ പറഞ്ഞു. മൂന്നു പേജ് വായിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടും അവന്‍ പത്തുപേജ് വായിച്ചു. അപ്പോള്‍ അവന്‍ എല്ലാം മറന്നു.
ഭര്‍ത്താവിന് നീല്‍കമല്‍ പ്ലാസ്റ്റിക് കമ്പനിയിലാണ് ജോലി. സാധാരണ 11 മണികഴിഞ്ഞേ ജോലിക്ക് പോകാറുള്ളൂ. അന്ന് എന്തോ ജോലിത്തിരക്ക് കാരണം പുലര്‍ച്ചക്കെ പോയി. അന്നാണെങ്കില്‍ സ്‌കൂളില്‍ യൂണിഫോം വാങ്ങേണ്ട ദിവസമാണ്. 'കൊച്ചുങ്ങളെ കൂട്ടി നീ സ്‌കൂളില്‍ പൊയ്‌ക്കോ,' എന്നു പറഞ്ഞേച്ചാണ് പുള്ളിക്കാരന്‍ പോയത്. പത്തുമണിക്ക് സ്‌കൂളില്‍ എത്തണം. ഞാന്‍ ആദ്യം മോനെ കുളിപ്പിച്ച് റെഡിയാക്കി.
അയല്‍പക്കത്തെ പുതിയ താമസക്കാര് ഈ സമയം വീട്ടില്‍ വന്നു. 'രാവിലെ എന്തിനാ മോന്‍ കരഞ്ഞത്,' സാധാരണമട്ടില്‍ അവര്‍ ചോദിച്ചു. ഞാന്‍ നടന്ന കാര്യം അവരോട് പറഞ്ഞു. ഇത് റിങ്കു കേട്ടു. അയല്‍പ്പക്കത്തുകാര്‍ പോയി കഴിഞ്ഞപ്പോള്‍ അവന്‍ എന്റെയടുത്തുവന്നു, 'അമ്മ എന്നെ അടിച്ചത് അയല്‍പ്പക്കത്തെ ആന്റി അറിഞ്ഞുവല്ലേ,' എന്നുപറഞ്ഞ് കരച്ചിലായി. മുറിക്കകത്തുകയറി വാതിലടച്ചു. ഇങ്ങനെ ഇടയ്ക്ക് ചെയ്യാറുള്ളതുകൊണ്ട് ഞാനത് കാര്യമാക്കിയില്ല. മോളെ കുളിപ്പിച്ച് സ്‌കൂളില്‍ പോകാന്‍ ഒരുക്കി. ഞാനും കുളിച്ചുവന്നു. അപ്പോഴും മോന്‍ മുറിയുടെ വാതില്‍ തുറന്നിട്ടില്ല. മോന് ചക്കപ്പഴം നല്ല ഇഷ്ടമാണ്. ചക്കച്ചുളകള്‍ പാത്രത്തിലാക്കി ഞാന്‍ മോനെ വിളിച്ചു. പക്ഷേ, അവന്‍ വാതില്‍ തുറന്നില്ല.'' സംസാരം മുഴുമിക്കാനാവാതെ ഷിന്റോയുടെ കണ്ണുകള്‍ നിറഞ്ഞു.
''എനിക്കു കരച്ചില്‍ വന്നു. എന്റെ മനസ്സ് വേദനിക്കുന്നു എന്ന് തോന്നിയാല്‍ അവന്‍ എല്ലാ ദേഷ്യവും മറന്ന് എന്റെയടുത്തേക്ക് ഓടി വരാറുള്ളതാണ്. പക്ഷേ ഇന്ന്... എന്താ ഇങ്ങനെ... അവന്‍ വാതില്‍ തുറക്കുന്നില്ലല്ലോ ദൈവമേ. വാതില്‍ കൊട്ടിവിളിച്ചിട്ടും മോന്‍ വിളി കേട്ടില്ല. എന്റെ നിലവിളി കേട്ട് ആരൊക്കെയോ ഓടിവന്നു. ചിലര്‍ പിന്‍വശത്തെ ജനല്‍ തള്ളിത്തുറന്നു.
ഞാന്‍ ഒരു വട്ടമേ നോക്കിയുള്ളു. ജനല്‍കമ്പിയില്‍ കുരുക്കിട്ട ബെല്‍റ്റില്‍ മോന്‍ തൂങ്ങിനില്‍ക്കുന്നു. എന്റെ ജീവന്‍ പോയതുപോലെ. ഞാന്‍ നിലത്ത് തളര്‍ന്നുവീണു. എല്ലാവരും കൂടി വാതില്‍ ചവുട്ടിപ്പൊളിച്ചു. മോനെ ബെല്‍റ്റില്‍ നിന്ന് ഊരിയെടുത്ത് നിലത്തുകിടത്തി.
എന്നെ പറ്റിക്കാന്‍ അവന്‍ ചെയ്യുന്ന കുസൃതിയായിരിക്കണേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ അവന്‍ കണ്ണുതുറന്നില്ല. അവന്‍ സ്വര്‍ഗത്തിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു.'' - ഷിന്റോ വിതുമ്പിക്കൊണ്ടിരുന്നു.
ഇനിയുള്ള ജീവിതം
എല്ലാറ്റിനും അമ്മ വേണമായിരുന്നു അവന്. എന്നിട്ടും അമ്മയില്ലാത്തിടത്തേക്ക് അവന്‍ പോയി. ഇനി വെറുതെ ജീവിച്ചിട്ടെന്തുകാര്യം. പക്ഷേ, മോളെ ഓര്‍ത്തപ്പോള്‍ അതിന് മനസ്സ് വന്നില്ല. ഭര്‍ത്താവ് എന്നെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. ഇന്നത്തെ കുട്ടികളുടെ മനസ്സ് മനസ്സിലാക്കുക പ്രയാസമാണെന്ന് ഡോക്ടര്‍ പറഞ്ഞു. മോനെ അളവറ്റ് സ്‌നേഹിച്ചു എന്നൊരു കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, കുഞ്ഞുങ്ങളെ ലാളിക്കാം. പക്ഷേ അധികമാകരുത്. അവര്‍ പറയുന്ന സാധനങ്ങള്‍ അപ്പപ്പോള്‍ വാങ്ങിക്കൊടുക്കരുത്. സ്‌നേഹിക്കുമ്പോഴും അവരോട് ഒരു അകലം വെക്കണമായിരുന്നു.'' മനസ്സു തളരരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ഈ അമ്മ.
കുഞ്ഞുങ്ങളുടെ കാര്യം കുഞ്ഞുകാര്യങ്ങളല്ല
ഡോ.ബീന ജോണ്‍സണ്‍
സാഗിലിന്റെ കഥ എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം ഇതുപോലെ നിസ്സാരകാരണത്തിന്റെ പേരില്‍ ആത്മഹത്യക്കൊരുങ്ങിയ കുട്ടികളുമായി നിരവധി രക്ഷിതാക്കള്‍ ഓരോ ദിവസവും എന്റെ ക്ലിനിക്കില്‍ വരാറുണ്ട്. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് കിട്ടാത്തതിന് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുട്ടിയെ കഴിഞ്ഞ ആഴ്ച കൗണ്‍സിലിങ്ങിന് കൊണ്ടുവന്നു. തക്കസമയത്ത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് മാത്രമാണ് ആ കുട്ടി രക്ഷപ്പെട്ടത്.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടതും വേണ്ടാത്തതുമെല്ലാം വാങ്ങിക്കൊടുക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കള്‍. പിന്നീട് കുഞ്ഞ് പറയുന്നതെല്ലാം വാങ്ങിച്ചുകൊടുക്കാന്‍ പറ്റാത്ത സാഹചര്യം വരും. മുമ്പ് ചോദിക്കുമ്പോഴേക്കും കിട്ടിയിരുന്ന സാധനങ്ങള്‍ ഇപ്പോള്‍ കരഞ്ഞാലും കിട്ടാതെ വരുമ്പോള്‍ കുട്ടിക്ക് വാശിയും വൈരാഗ്യവും കൂടും. അങ്ങനെയെങ്കില്‍ അച്ഛനെയും അമ്മയെയും ഒന്നു വിഷമിപ്പിച്ചിട്ടുതന്നെ കാര്യം എന്നാവും അവരുടെ ചിന്ത. താന്‍ മരിച്ചാല്‍ അച്ഛനമ്മമാര്‍ വിഷമിക്കുമെന്നവര്‍ക്കറിയാം. എന്നാല്‍ അതുതന്നെ ചെയ്യാമെന്നവര്‍ തീരുമാനിക്കും. ആത്മഹത്യയുടെ ഭവിഷ്യത്ത് മനസ്സിലാക്കിയല്ല കുട്ടികള്‍ അതിനു ശ്രമിക്കുന്നത്.
നമ്മുക്ക് എന്തുചെയ്യാം
കുട്ടിയെ മനസ്സിലാക്കുക എന്നതുതന്നെയാണ് പ്രധാനം. അസാധാരണമായ പെരുമാറ്റ രീതികള്‍ കുട്ടിയില്‍ കാണുന്നുണ്ടെങ്കില്‍ അത് അവഗണിക്കരുത്. ഏകാന്തത, അമിതസങ്കടം, അമിത ആഹ്ലാദം, അനാവശ്യദേഷ്യം തുടങ്ങിയ പ്രത്യേകതകള്‍ ശ്രദ്ധിക്കണം.
സാഗില്‍ എന്ന കുട്ടിയുടെ കാര്യത്തില്‍ അവന്‍ ചെറിയൊരു പ്രശ്‌നം വരുമ്പോള്‍ മുറിയടച്ച് ഒറ്റയ്ക്കിരിക്കുക പതിവായിരുന്നുവെന്ന് അമ്മ പറയുന്നു. തനിയെ മുറിയടച്ചിരിക്കാന്‍ കുട്ടിയെ അനുവദിക്കരുത്. കുട്ടി പറയുന്നത് ശ്രദ്ധിച്ച് കേട്ട് അവന്റെ വിഷമങ്ങള്‍ ദുരീകരിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടത്. എന്നിട്ടും സ്വഭാവം മാറ്റുന്നില്ലെങ്കില്‍ വിദഗ്ധ കൗണ്‍സലിങ് ആവശ്യമാണ്. 'മോന്‍ ഒറ്റയ്ക്കല്ല കൂടെ അമ്മയും അച്ഛനുമൊക്കയില്ലേ' എന്ന് അവനെ ബോധ്യപ്പെടുത്തണം.
അമിത പ്രതീക്ഷ കുഞ്ഞിനെ തളര്‍ത്തും. മാതാപിതാക്കളുടെ പ്രതീക്ഷ സഫലമാക്കാന്‍ തനിക്കാകില്ലെന്ന് തോന്നുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ ആത്മഹത്യാപ്രേരണ വളരും. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക, ഉള്ളുതുറന്ന് അഭിനന്ദിക്കുക. ഇതൊക്കെ അവരെ ആനന്ദിപ്പിക്കും.
മക്കളുടെ കൊച്ചുകൊച്ചു പ്രശ്‌നങ്ങള്‍ക്ക് മാതാപിതാക്കള്‍ ചെവി കൊടുക്കണം. അവരെ വേണ്ടരീതിയില്‍ അംഗീകരിക്കുകയും വേണം. എന്നു കരുതി അവര്‍ക്ക് കീഴടങ്ങി നില്‍ക്കുന്നത് നല്ല രക്ഷിതാക്കളുടെ ലക്ഷണമല്ല. കീഴടങ്ങി നില്‍ക്കുന്ന രക്ഷിതാക്കളെ കുട്ടികള്‍ക്ക് ഭയമുണ്ടാകില്ല. ഈ ഭയമില്ലായ്മയാണ് രക്ഷിതാക്കളോട് മോശമായി പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കളെ ഭീഷണിപ്പെടുത്തി നിര്‍ത്തി എന്തും സാധിച്ചെടുക്കാമെന്ന് വരുത്തുന്നത് ശരിയല്ല. കുട്ടികള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ 'പാടില്ല' എന്ന് ഉറപ്പിച്ച് പറയണം. കുട്ടി ചെയ്തത് തെറ്റാണ് എന്ന് മനസ്സിലായാല്‍, അത് തിരുത്താന്‍ കുട്ടിയെ പ്രേരിപ്പിക്കണം.
കുട്ടികളെ കൂട്ടുകൂടാനും കലാ-കായികമത്സരങ്ങളില്‍ പങ്കെടുക്കാനും പ്രേരിപ്പിക്കണം. സാമൂഹികമായ ഇടപെടലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വീട്ടില്‍ കുഞ്ഞിന് വളരാന്‍ സൗഹാര്‍ദ്ദപരമായ സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതും അച്ഛനമ്മമാരുടെ കടമയാണ്.
ടി.വി.യില്‍ വരുന്ന എല്ലാ പരിപാടികളും കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ല. പഠനങ്ങള്‍ കാണിക്കുന്നത് അക്രമങ്ങള്‍ കൂടുതലുള്ള പരിപാടികള്‍ ടി.വി.യില്‍ കാണുന്ന കുട്ടികളില്‍ അക്രമവാസനയും ആത്മഹത്യാപ്രവണതയും കൂടുതലാണ് എന്നതാണ്.
പതുക്കെ മാറ്റാം
കുട്ടി ശീലിച്ച കാര്യങ്ങള്‍ പെട്ടെന്നൊരുനാള്‍ നിര്‍ത്തുന്നത് വിപരീതഫലമേ ഉണ്ടാക്കു. കുട്ടിയുടെ ശീലങ്ങള്‍ സമയം പോലെ സ്‌നേഹപൂര്‍വം അടുത്തിരുത്തി സംസാരിച്ച് മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന് കുട്ടി അമിതമായി ടി.വി. കാണുന്നുണ്ടെങ്കില്‍ ടി.വി.യങ്ങു വിറ്റുകളയാം എന്നു തീരുമാനിക്കാതെ ടി.വി. കാണുന്നതിന് പ്രത്യേക സമയക്രമം വെക്കുക. ആ സമയം മാത്രമേ കുട്ടി ടി.വി. കാണുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
Thanks…. Mathrubhumi Online
Ashif.v dubai uae
www.keralites.net |
__._,_.___
No comments:
Post a Comment