സൈനയ്ക്ക് ഒരു കോടി
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നേവാളിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ, കൂടുതല്‍ കമ്പനികള്‍ സൈനയെ തേടിയെത്തിയിരിക്കുകയാണ്.
ലോക മൂന്നാം നമ്പര്‍ താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്ലും രംഗത്തെത്തി. പ്രതിഫലം ഒരു കോടി രൂപ. ഇക്കഴിഞ്ഞ ആഗസ്തില്‍ ഒരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ 50 ലക്ഷം രൂപയായിരുന്നു ലഭിച്ചിരുന്നത്.
ജൂണില്‍ ഇന്ത്യന്‍ ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകള്‍ നേടി ഹാട്രിക് വിജയം സ്വന്തമാക്കിയതോടെയാണ് സൈനയുടെ ബ്രാന്‍ഡ് മൂല്യം ഉയരാന്‍ തുടങ്ങിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കിരീടം കൂടിയായപ്പോള്‍ മൂല്യം ഒരു കോടിയിലെത്തുകയായിരുന്നു.
ക്രിക്കറ്റര്‍മാരല്ലാത്ത സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും ഡിമാന്‍ഡ് ഉണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്ന് സൈന പറയുന്നു.
നവംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ എയര്‍ടെല്‍ പരസ്യങ്ങളുടെ ചിത്രീകരണം ആരംഭിക്കും. എ.ആര്‍.റഹ്മാന്‍, ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെന്‍ടുല്‍ക്കല്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് നേരത്തെ എയര്‍ടെല്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ നിരയിലേക്കാണ് സൈനയും ഉയരുകയാണ്.
എയര്‍ടെല്ലിന് പുറമെ മൂന്ന് കമ്പനികള്‍ കൂടി സൈനയെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രംഗത്തുണ്ടെന്നാണ് അറിയുന്നത്.
നന്നേ മെലിഞ്ഞ കുമ്മായക്കൂടിനുള്ളില്‍ പറക്കാന്‍ വിധിച്ചിട്ടുള്ള വെള്ളത്തൂവല്‍ പക്ഷിയാണ് ഷട്ടില്‍ കോക്ക്. ഒരു വലയ്ക്കപ്പുറത്തേക്കും ഇപ്പുറത്തേക്കുമുള്ള പ്രപഞ്ചത്തില്‍ അതിവേഗത്തില്‍ പറന്നും വീണും ഉയിരൊടുങ്ങുന്ന പക്ഷി. കോര്‍ട്ടെന്ന ലക്ഷ്മണരേഖയ്ക്ക് പുറത്ത് പൊഴിഞ്ഞ് ഇല്ലാതാവുന്ന വെള്ളത്തൂവലുകള്‍...
ഷട്ടില്‍ കോക്കിന്റെ ജീവിതകാലം പോലെ തന്നെയാണ് ഇന്ത്യയില്‍ ബാഡ്മിന്റണ്‍ എന്ന ഗെയിമിന്റെ അവസ്ഥയും. ഒട്ടും ഗ്ലാമറല്ലാത്ത ലോകമായിരുന്നു ബാഡ്മിന്റണിന്റേത്. ഇന്ത്യക്ക് ബാഡ്മിന്റണില്‍ ലോകത്ത് വിലാസമുണ്ടാക്കിത്തന്ന പ്രകാശ് പദുക്കോണെന്ന ഇതിഹാസത്തെ പോലും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് തള്ളിയ നാട്. സൈന നേവാള്‍ എന്ന ഇരുപതുകാരിയുടെ വിലയറിയാനാണ് ഇത്രയൊക്കെ പറഞ്ഞത്. ഇന്ത്യയില്‍ ബാഡ്മിന്റണിന്റെ പോപ്പുലാരിറ്റിക്ക് ആയിരം കുതിരശക്തി നല്‍കി നൈസാമിന്റെ സാമ്രാജ്യത്തിലെ ഈ ഝാന്‍സി റാണി.
സാനിയ മിര്‍സയെന്ന ഹൈദരാബാദ്കാരി ടെന്നീസില്‍ ചെയ്തതിനേക്കാള്‍ എത്രയോ പടികള്‍ മേലെയാണ് അതേ നാട്ടില്‍ നിന്നെത്തിയ സൈനയുടെ നേട്ടങ്ങള്‍. എന്നാല്‍ ഗ്ലാമറിന്റെ ലോകത്തേക്ക് എത്താഞ്ഞതിനാല്‍ മാത്രം കൊണ്ടാടാനും കൊണ്ടുനടക്കാനും ആരുമുണ്ടായില്ല.
ഇന്ത്യന്‍ ഗ്രാന്റ് പ്രീ ഓപ്പണ്‍, ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍, സിങ്കപ്പൂര്‍ ഓപ്പണ്‍ എന്നീ കിരീടങ്ങള്‍ തുടര്‍ച്ചയായി നേടി, ബാഡ്മിന്റണില്‍ ലോക മൂന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. ഇതോടെ കുതിച്ചുകയറിയത് സൈനയുടെ പരസ്യമൂല്യമാണ്.
35-40 ലക്ഷം രൂപയിലേക്കാണ് സൈനയുടെ ബ്രാന്‍ഡ് മൂല്യം കുതിച്ചുകയറിയത്. ഈ വിജയങ്ങള്‍ക്ക് മുന്‍പ് വരെ 10 ലക്ഷം രൂപയില്‍ താഴെയായിരുന്നു. സൈന ലോക ഒന്നാം നമ്പര്‍ താരമാവുകയാണെങ്കില്‍ ഇത് ഒരു കോടിയിലേക്ക് എത്തുമെന്നാണ് പരസ്യ ലോകത്തെ വര്‍ത്തമാനങ്ങള്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടീമായ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാണ് സൈന ഇപ്പോള്‍. സൈനയുടെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ കൂടിയാണ് ഡെക്കാണ്‍ ചാര്‍ജേഴ്‌സ്. അവരുടെ തന്നെ വെളിപ്പെടുത്തല്‍ പ്രകാരം 12 മള്‍ട്ടിനാഷണല്‍ കമ്പനികളാണ് സൈനയുമായി പരസ്യ കരാര്‍ ഒപ്പുവെയ്ക്കാന്‍ കാത്തു നില്‍ക്കുന്നത്. നിലവില്‍ എം.ടി.വി, ഹെര്‍ബാ ലൈഫ് ഇന്ത്യ, ക്യാന്‍സര്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവരുമായാണ് സൈനക്ക് കരാറുള്ളത്. എന്നാല്‍ ഇതെല്ലാം തന്നെ ഒരു വര്‍ഷം മുന്‍പുള്ള കരാറുകളാണ്.
സൈനയുടെ പരസ്യക്കരാറുകള്‍ മാനേജ് ചെയ്യുന്ന ഗ്ലോബോ സ്‌പോര്‍ട്ടിന് ആദ്യകാലത്ത് ഒരു പരസ്യക്കരാര്‍ സൈനക്ക് ഉണ്ടാക്കി കൊടുക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. വളരെ കുറഞ്ഞ തുകയ്ക്ക് പരസ്യക്കരാര്‍ ഉണ്ടാക്കിയതിന് പഴിയും കേള്‍ക്കേണ്ടി വന്നിരുന്നു.
എന്നാലിപ്പോള്‍ ആ കഥയുടെ രണ്ടാം ഭാഗം തുടങ്ങിയിരിക്കുന്നു. ഷട്ടില്‍ സൈനയുടെ കോര്‍ട്ടിലാണ്. ഒരു പവര്‍സ്മാഷിലൂടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്‌പോര്‍ട്‌സ് വനിതയായി മാറാന്‍ സൈനക്ക് ഏറെയൊന്നും കഷ്ടപ്പെടേണ്ടിവരില്ല. സാനിയയേ മറികടക്കുമെന്ന് ചുരുക്കം.
ഹൈദരാബാദിലെ ഒരു റാംപില്‍ ലെഹംഗയണിഞ്ഞ് സൈന പ്രത്യക്ഷപ്പെട്ടത് ഗ്ലാമര്‍ ലോകത്തേക്കുള്ള കാല്‍വെയ്പ്പാണെന്ന് പ്രതീക്ഷിക്കാം. ക്രിക്കറ്റിലല്ലാതെ മറ്റൊരു കായിക ഇനത്തിലും പണം മുടക്കാന്‍ മടിക്കുന്ന മള്‍ട്ടിനാഷണലുകള്‍ സൈനയുടെ ബ്രാന്‍ഡ് മൂല്യം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പരസ്യ ലോകം പിന്നാലെ പായാന്‍ തുടങ്ങുമ്പോള്‍ സൈനക്ക് പറയാനുള്ളത് ഇത്രമാത്രം 'എന്റെ ലക്ഷ്യം രാജ്യത്തിന് വേണ്ടി ഒരു ഒളിംപിക് മെഡലാണ്...'
www.keralites.net |
__._,_.___
No comments:
Post a Comment