Friday, September 30, 2011

[www.keralites.net] വയസ്സേറുന്നു വെളിച്ചം മരിക്കുന്നു

 

വയസ്സേറുന്നു വെളിച്ചം മരിക്കുന്നു
Posted on: 01 Oct 2011

ആറ്റുനോറ്റു വളര്‍ത്തിയ സ്വന്തം മക്കളാല്‍ വീട്ടില്‍ നിന്ന് പടിയിറക്കപ്പെടുന്ന അച്ഛനമ്മമാരുടെ അടക്കിപ്പിടിച്ച നൊമ്പരങ്ങള്‍. ഒരായുഷ്‌കാലത്തെ സമ്പാദ്യം മുഴുവന്‍ മക്കള്‍ക്കുവേണ്ടി ചെലവഴിച്ച് അന്ത്യനാളുകളില്‍ നിരാശ്രയരായി പെരുവഴിയില്‍ എത്തിപ്പെടുന്ന മാതാപിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന അനുഭവങ്ങള്‍. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അടുത്തിടെയായി കേരളത്തില്‍ അരങ്ങേറുന്നത്. നൂറ്റിരണ്ടുകാരി മുത്തശ്ശിയെ സ്വന്തം വീട്ടിലെ തൊഴുത്തില്‍ മക്കളും മരുമക്കളും ചേര്‍ന്ന് കെട്ടിയിടുന്നതും സ്വന്തം അമ്മയെ ആസ്പത്രിയില്‍ ഉപേക്ഷിച്ച് മകള്‍ മുങ്ങുന്നതും ആരാലും ശ്രദ്ധിക്കാതെ വീട്ടില്‍ പുഴുവരിച്ച നിലയില്‍ വയോധികയെ കണ്ടത്തുന്നതുമായ സംഭവങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം നിത്യേനെയെന്നോണം നാം കേള്‍ക്കുന്നു. വാര്‍ധക്യ കാലത്ത് സ്‌നേഹത്തോടെ ശുശ്രൂഷിക്കപ്പെടേണ്ട അച്ഛനമ്മമാരാണ് ക്രൂരമായി അവഗണിക്കപ്പെടുന്നത്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്താണ് സംഭവിക്കുന്നത്?

കുഞ്ഞുനാള്‍ മുതല്‍ വീട്ടില്‍ പണിയെടുക്കാന്‍ അമ്മ വേണം. മക്കള്‍ വലുതായാലും എല്ലാറ്റിനും അമ്മതന്നെ വേണം. പ്രായം എഴുപതും കഴിഞ്ഞ് അമ്മയ്ക്ക് വയ്യാതായിത്തുടങ്ങുമ്പോള്‍ അവരെ ഒറ്റപ്പെടുത്താനും കറിവേപ്പില പോലെ വലിച്ചെറിയാനും മക്കള്‍ക്ക് യാതൊരു കൂസലുമില്ല. ഈ പ്രവണത സമൂഹത്തില്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Fun & Info @ Keralites.netഒരു നാള്‍ പൊന്നമ്മ, ഇപ്പോള്‍...


പ്രായം അറുപതെത്തുന്നതുവരെ അച്ഛനമ്മമാരോട് വലിയ സ്‌നേഹമായിരിക്കും മക്കള്‍ക്ക്. പിന്നീടങ്ങോട്ട് അതെല്ലാം കുറഞ്ഞ് ഇല്ലാതാവുമെന്നാണ് ദേവകിയമ്മയുടെ അനുഭവം. ''സുഖമില്ലാതായപ്പോള്‍ എന്നെ ആര്‍ക്കും വേണ്ടാതായി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നിട്ടും'' വിറയാര്‍ന്ന ശബ്ദത്തില്‍ വിതുമ്പിക്കൊണ്ട് എണ്‍പത്തൊന്നുകാരിയായ ദേവകിയമ്മ പറഞ്ഞു. ഒരായുഷ്‌കാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജീവിച്ച് അവരെ വളര്‍ത്തി വലുതാക്കിയിട്ടും വീടിനു പുറത്ത് കഴിയേണ്ടിവരുന്നതിന്റെ സങ്കടം അമ്മൂമ്മയുടെ ശബ്ദത്തിലുണ്ട്. പരേതനായ ഡി.ജി.പി. കൃഷ്ണന്‍ നായരുടെ സഹോദരിയായിട്ടും ദേവകിയമ്മയ്ക്ക് സ്വന്തം വീട്ടില്‍ സ്ഥാനമില്ല. സാമ്പത്തികമായി നല്ല നിലയില്‍ ജീവിക്കുന്ന രണ്ടു പെണ്‍മക്കളുണ്ടായിട്ടും അവര്‍ വീട്ടിനു പുറത്താണ്. അവര്‍ക്ക് ഇപ്പോള്‍ ആശ്രയം തിരുവനന്തപുരത്തെ വര്‍ക്കിങ് വുമന്‍ അസോസിയേഷന്റെ ഷോര്‍ട്ട് സ്റ്റേ ഹോമാണ്. താമസിക്കാന്‍ സ്ഥലം നല്‍കുന്നതിനപ്പുറം അവരുടെ സംരക്ഷകയുമാണ് വര്‍ക്കിങ് വുമന്‍ അസോസിയേഷന്‍. മക്കള്‍ക്കെതിരെ കേസുകൊടുത്ത് ദേവകിയമ്മയ്ക്ക് പ്രതിമാസം 4000 രൂപ ജീവനാംശം നേടിക്കൊടുക്കാനും അസോസിയേഷന്‍ മുന്‍കൈയെടുത്തു. വയോജന നിയമപ്രകാരം ആര്‍.ഡി.ഒ. വിന്റെ താത്കാലിക ഉത്തരവിലാണ് ദേവകിയമ്മയ്ക്ക് ജീവനാംശം ലഭിച്ചത്. 

തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംപാറ സ്വദേശിയായ അമ്മൂമ്മയുടെ മൂത്തമകള്‍ പോസ്റ്റോഫീസില്‍ നിന്ന് വിരമിച്ച ജീവനക്കാരിയാണ്. ഇളയമകള്‍ വിരമിച്ച അധ്യാപികയും. ദേവകിയമ്മയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചു. സഹോദരന്‍ കൃഷ്ണന്‍നായരാണ് ദേവകിയമ്മയുടെ കുടുംബത്തെ സഹായിച്ചിരുന്നത്. ആകെ ഉണ്ടായിരുന്ന 88 സെന്റ് സ്ഥലം മക്കള്‍ നേരത്തേ എഴുതിവാങ്ങിയിരുന്നുവെന്ന് ദേവകിയമ്മ പറഞ്ഞു. മൂത്തമകള്‍ക്കാണ് കൂടുതല്‍ ഭൂമി ലഭിച്ചത്. അവരുടെ കൂടെയായിരുന്നു ആദ്യമൊക്കെ താമസം. 
ഇളയമകളുടെ മകളുടെ കുടുംബത്തോടൊപ്പം പത്തുവര്‍ഷത്തിലധികം ദേവകിയമ്മ താമസിച്ചിരുന്നു. ചെറുമകളും ഭര്‍ത്താവും ഡോക്ടര്‍മാരാണ്. അവരുടെ മക്കളെ നോക്കാനായിരുന്നു അവിടെ താമസിച്ചത്. അസുഖം വന്നതോടെ ആര്‍ക്കും തന്നെ വേണ്ടാതായെന്ന് അമ്മൂമ്മ പറയുന്നു. മക്കളെല്ലാം കൈയൊഴിഞ്ഞപ്പോള്‍ ജീവിതം പെരുവഴിയിലായി. പിന്നെ കുറച്ചുകാലം വൃദ്ധസദനത്തിലും മറ്റും കഴിഞ്ഞു. ഒടുവില്‍ കളക്ടറും മറ്റും ഇടപെട്ട് ഷോര്‍ട്ട് സ്റ്റേഹോമില്‍ എത്തുകയായിരുന്നു. 
''കൃഷ്ണന്‍ (കൃഷ്ണന്‍നായര്‍) ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരില്ലായിരുന്നു. ഞാനെന്ത് കുറ്റമാണ് ചെയ്തത്. കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കിയതോ'' ദേവകിയമ്മ ചോദിക്കുന്നു. പ്രായമായ മാതാപിതാക്കള്‍ക്ക് വാശികൂടുമെങ്കിലും അതെല്ലാം കണ്ടറിഞ്ഞ് മക്കള്‍ അവരെ കൂടെ നിര്‍ത്താത്തതാണ് ഈ സംഭവം വഷളാവാന്‍ കാരണം. 

തുണയായത് നാട്ടുകാര്‍


പ്രായംച്ചെന്ന മാതാപിതാക്കള്‍ക്ക് പലപ്പോഴും രക്ഷകരാകുന്നത് മക്കളല്ല, നാട്ടുകാരാണ്. അമ്മമാരെ പുഴുവരിച്ച നിലയിലും തൊഴുത്തില്‍ കെട്ടിയ നിലയിലുമൊക്കെ കണ്ടെത്തുന്നത് നാട്ടുകാരാണ്; ബന്ധുക്കള്‍പോലുമല്ല. വാടകവീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന വയോധികരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. എറണാകുളം തൃപ്പൂണിത്തുറയില്‍ ഈ വര്‍ഷം ജൂലായ് അവസാനം ഉണ്ടായ ഒരു സംഭവം ഇത് വ്യക്തമാക്കുന്നു. വാടകവീട്ടില്‍ തളര്‍ന്ന് അവശനിലയിലായ വയോധികദമ്പതിമാരുടെ രക്ഷയ്ക്കായി ആറു മക്കളിലാരും എത്തിയില്ല. സുമനസ്സുകളായ നാട്ടുകാര്‍ വേണ്ടിവന്നു, അവരെ ആസ്പത്രിയിലെത്തിക്കാന്‍. 
ഇരുമ്പനം വെട്ടിക്കാവിനു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു, പരമേശ്വരനും (86) ഭാര്യ ശാരദയും (76). മക്കളാരും കൂടെ താമസിക്കുന്നില്ല. പരമേശ്വരന്‍ അവശനായതറിഞ്ഞ വീട്ടുടമസ്ഥന്‍ കൗണ്‍സിലര്‍ എം.പി. മുരളിയെ വിവരം അറിയിച്ചു. ഉടന്‍ തന്നെ കൗണ്‍സിലര്‍ റെയില്‍വേ ജീവനക്കാരനായ മകനെ ഫോണില്‍ ബന്ധപ്പെട്ടു. അച്ഛന്‍ സുഖമില്ലാതെ കിടപ്പിലാണെന്ന് അറിയിച്ചപ്പോള്‍ താന്‍ അതിലും വലിയ അവശതയിലാണെന്ന് പറഞ്ഞ് മകന്‍ ഫോണ്‍വെച്ചു. മരുമകനെ ഫോണില്‍ ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ല. പിന്നെ ആരെയും കാത്തുനിന്നില്ല, നാട്ടുകാര്‍ വയോധികരെ എറണാകുളം ജനറല്‍ ആസ്പത്രിയിലാക്കി.സംഭവം പത്രവാര്‍ത്തയായപ്പോള്‍ ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ. ഇടപെട്ട് മക്കള്‍ക്ക് സമന്‍സ് അയച്ചു. ഇതോടെ മക്കള്‍ ആസ്പത്രിയിലെത്തുകയും പന്നീട് വയോധികരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മട്ടാഞ്ചേരി യാര്‍ഡിലെ ജീവനക്കാരനായിരുന്ന പരമേശ്വരന്‍ ഭാര്യയുമൊത്ത് വര്‍ഷങ്ങളായി ഇരുമ്പനത്തായിരുന്നു താമസം. പെന്‍ഷന്‍തുകകൊണ്ടാണ് അവര്‍ തട്ടിമുട്ടി ജീവിച്ചുപോന്നിരുന്നത്. അതുംകൂടി ഇല്ലായിരുന്നെങ്കില്‍ അവരുടെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഒടുവില്‍ വൃദ്ധസദനം തുണ


ആറു മക്കളെ പെറ്റു, ജീവിതകാലം മുഴുവന്‍ അവര്‍ക്കുവേണ്ടി പണിയെടുത്തു. വയസ്സായപ്പോള്‍ മക്കള്‍ക്കാര്‍ക്കും തന്നെ വേണ്ടാതായി. പറയുന്നത് എഴുപത്തഞ്ചുകാരി കൊച്ചുത്രേസ്യാ ജോര്‍ജ്. എറണാകുളത്തെ കച്ചേരിപ്പടിയില്‍ ഹോം ഓഫ് പ്രോവിഡന്‍സ് എന്ന വൃദ്ധസദനത്തിലെ അന്തേവാസിയാണ് കൊച്ചുത്രേസ്യ. പത്തുവര്‍ഷമായി ഇവിടെ വന്നിട്ട്. 
''വീട്ടുജോലി ചെയ്ത് കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്. ഭര്‍ത്താവ് നേരത്തേ മരിച്ചു. വലുതായപ്പോള്‍ മക്കള്‍ക്ക് എന്നെ വേണ്ട''-കൊച്ചുത്രേസ്യയുടെ കണ്ണുകള്‍ നനഞ്ഞു. 
ഭര്‍ത്താവും മൂന്നു മക്കളും മരിച്ചു. ഒരു മകനും രണ്ടു പെണ്‍മക്കളും ജീവിച്ചിരിപ്പുണ്ട്. കലൂരില്‍ അപ്പന്‍ തന്ന വീട് ഇപ്പോഴുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മായിയമ്മ എന്നെ അവിടെനിന്ന് പുറത്താക്കിയതാണ്. ഇപ്പോള്‍ മക്കളാണ് അവിടെ താമസം. ''അടുത്തിടെ വീട് വില്‍ക്കാന്‍ വേണ്ടിയാണെന്നു തോന്നുന്നു, മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് സഹോദരിയുടെ മകന്‍ വന്നു. ഞാനൊപ്പിട്ടില്ല. എന്നെ ആര്‍ക്കും വേണ്ടെങ്കില്‍ പിന്നെ ഞാനെന്തിന് വീട് വില്‍ക്കാന്‍ സഹായിക്കണം''-അവര്‍ ചോദിക്കുന്നു. ''ഇവിടെ ചില്ലറ ജോലികളൊക്കെ ചെയ്ത് കഴിയുന്നു. അപ്പന്‍ മരിക്കുന്നതിനു മുമ്പ് പറഞ്ഞു, നിന്നെ പിതാവില്‍ ഏല്പിക്കുകയാണെന്ന്'' -ആ വിശ്വാസമാണ് കൊച്ചുത്രേസ്യാമ്മയുടെ കരുത്ത്.

രോഗാവസ്ഥയിലും പരിചരിക്കാതെ


അസുഖം മൂര്‍ച്ഛിച്ചാല്‍ അവരെ ആസ്പത്രിയിലാക്കുകയാണ് കേരളത്തിലെ ഒരു രീതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍പോലും അതിന് മടിക്കാറില്ല. എന്നാല്‍, ചില മക്കളെങ്കിലും അസുഖാവസ്ഥയില്‍പ്പോലും മാതാപിതാക്കളെ അവഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറണാകുളത്തെ ജീവകാരുണ്യ പ്രവര്‍ത്തകയും കോളേജ് പ്രൊഫസറുമായിരുന്നു, ശ്യാമളകുമാരി. കഴിഞ്ഞവര്‍ഷം നവംബറിലാണ് ദാരുണമായ നിലയില്‍ അസുഖബാധിതയായി അവര്‍ മരിച്ചത്. മകളോടൊപ്പം വീട്ടില്‍ താമസിക്കുകയായിരുന്ന അവരെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചശേഷമാണ് അവര്‍ക്ക് ചികിത്സ ലഭിച്ചത്. പ്രൊഫ. ശ്യാമളകുമാരിയെ ശുശ്രൂഷിക്കാന്‍ സ്വന്തം അമ്മയെപ്പോലും അനുവദിച്ചിരുന്നില്ല. പ്രൊഫസറെ അവരുടെ മകള്‍ അവഗണിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം പത്രവാര്‍ത്തയായപ്പോഴാണ് അമ്മയ്ക്ക് ശ്യാമളകുമാരിയെ ശുശ്രൂഷിക്കാന്‍ ആസ്പത്രിയില്‍ സൗകര്യം ലഭിച്ചത്. സംഭവമറിഞ്ഞ് പ്രശസ്ത ചെറുകഥാകാരി ഗ്രേസി ഉള്‍പ്പെടെയുള്ളവര്‍ അവരുടെ അധ്യാപികയായ ശ്യാമളകുമാരിയെ കാണാന്‍ അന്ന് ആസ്പത്രിയില്‍ എത്തിയിരുന്നു.

എം.എല്‍.എ. ആയിട്ടെന്താ കാര്യം


മുന്‍ എം.എല്‍.എ. ആയിട്ടെന്താ കാര്യം, പ്രായമേറിയപ്പോള്‍ വൃദ്ധസദനം തന്നെ ശരണം. 1967-'71 കാലഘട്ടത്തില്‍ റാന്നി എം.എല്‍.എ. ആയിരുന്ന എം. കെ. ദിവാകരനാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയത്. ഗാന്ധിഭവനില്‍ അഭയംപ്രാപിച്ച് അധികം വൈകാതെ ഭാര്യ സൗദാമിനി മരിച്ചു. മക്കളില്ലാത്ത ഇവര്‍ക്ക് ദുരിതം തീര്‍ത്തത് ബന്ധുക്കളാണ്. 
ബിസിനസ്സ് നടത്തുകയായിരുന്ന ബന്ധുക്കള്‍ ദിവാകരനെയും അതില്‍ പങ്കാളിയാക്കി. ബിസിനസ്സ് നഷ്ടത്തിലായപ്പോള്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ വീട് വില്‍ക്കേണ്ടിവന്നു. പിന്നെ വാടകവീട്ടിലായി താമസം. ഭാര്യയ്ക്ക് അസുഖമായപ്പോള്‍ വീട്ടുടമ വീടൊഴിയാന്‍ പറഞ്ഞു. മറ്റു വഴികളില്ലാതായപ്പോള്‍ ഗാന്ധിഭവനില്‍ അഭയംതേടുകയായിരുന്നു. പെന്‍ഷനാണ് ദിവാകരന്റെ ഏക വരുമാനം. മക്കളില്ലെങ്കിലും ഉണ്ടെങ്കിലും വയോധികര്‍ ചൂഷണംചെയ്യപ്പെടുന്നു. എന്നാല്‍, ഒറ്റപ്പെട്ട വയോധികരെ സഹായിക്കുന്ന ഗാന്ധിഭവന്‍പോലുള്ളപ്രസ്ഥാനങ്ങളാണ് ഇവര്‍ക്കൊക്കെ ആശ്രയം. പുനലൂര്‍ സോമരാജനാണ് ഗാന്ധിഭവന്റെ ഇപ്പോഴത്തെ സെക്രട്ടറി. 
ഒറ്റയ്ക്കു നല്ലനിലയില്‍ കഴിയുന്ന വയോധികരെ കെണിയിലാക്കാന്‍ ബന്ധുക്കള്‍ മാത്രമല്ല, മറ്റു വിരുതന്മാരും അവസരം പാര്‍ത്തിരിക്കുകയാണ്. നല്ല മകനായും സഹായിയായും ചമഞ്ഞ് സ്വത്തുള്ള വയോധിക ദമ്പതിമാരെ കണ്ണീരു കുടിപ്പിച്ച സംഭവം പാലക്കാട്ടുണ്ടായത് ഏറെ വിവാദമായതാണ്. നാനൂറിലധികം സിനിമകളില്‍ മികവുറ്റ കഥാപാത്രങ്ങള്‍ക്ക് മിഴിവേകിയ കോഴിക്കോട്ടുകാരി ശാന്താദേവിക്കുപോലും മരണത്തിന് മുന്‍പ് കടുത്ത അവഗണന സഹിക്കേണ്ടിവന്നു. ഒരു മകനുണ്ടായിട്ടും അന്ത്യനാളുകളില്‍ അവരെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍, തെരുവില്‍ അലഞ്ഞും വീട്ടിലും വൃദ്ധസദനത്തിലും ഒറ്റയ്ക്ക് കഴിഞ്ഞും ജീവിതം ഒടുക്കേണ്ടിവന്നു. സിനിമാ വ്യവസായത്തിലെ ഒരംഗമായിരുന്നിട്ടുകൂടി അവര്‍ക്ക് അന്ത്യനാളുകളില്‍ സഹായമോ പരിചരണമോ ലഭിക്കാതെപോയി എന്നത് കേരളത്തിനു തന്നെ നാണക്കേടാണ്. 
ഇന്ത്യയിലെ ഭൂരിഭാഗം വയോധികരും മരുമക്കളില്‍ നിന്നും ആണ്‍മക്കളില്‍ നിന്നുമുള്ള പീഡനം നിശ്ശബ്ദം ഏറ്റുവാങ്ങുകയാണെന്ന് ഹെല്‍പ്പേജ് ഇന്ത്യയുടെ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 30 വര്‍ഷമായി വൃദ്ധരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ഹെല്‍പ്പേജ് ഇന്ത്യ. പ്രായമായവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗികമായി പരാതി നല്‍കാന്‍ പലരും മടിക്കുകയാണെന്നും പഠനം വെളിപ്പെടുത്തുന്നു. അതിക്രമങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന സത്യവും ഇത് വ്യക്തമാക്കുന്നു. ഇന്ത്യയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയതാണ് സര്‍വേയെങ്കിലും ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തിനും ബാധകമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
(തുടരും)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment