Wednesday, November 16, 2011

[www.keralites.net] ചെറായില്‍ നിന്നും വാള്‍ സ്ട്രീറ്റിലേക്കുള്ള ദൂരം

 

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഹര്‍ത്താല്‍ നടത്താന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ഹര്‍ത്താല്‍ നടത്തണമെന്നത് മാര്‍ക്സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. അതവര്‍ കാലാകാലങ്ങളില്‍ യഥാക്രമം നിര്‍വഹിച്ചു പോന്നിട്ടുമുണ്ട്. ഒരു കണക്കിന് അവരെ കുറ്റം പറയാനുമൊക്കില്ല. സ്വാഭാവിക – അപകട മരണങ്ങളെയും ആത്മഹത്യകളെയും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ കണക്കില്‍ പെട്ടതും പെടാത്തതുമായ അനേകം രാജ്യങ്ങളിലെ ജനസംഖ്യയുടെ നല്ലൊരു പങ്കും ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിപ്പോകുന്നതിനു പിന്നില്‍ അമേരിക്കയെന്ന രാഷ്ട്രത്തിന്റെ 'അദ്ധ്വാനം' ചെറുതല്ല.

അമേരിക്ക പറയുന്നതെന്തും മൂടും മുടിയും നോക്കാതെ എതിര്‍ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരനാകാനുള്ള പ്രഥമ യോഗ്യത. അത് കൊണ്ട് തന്നെ മെയ്ഡ് ഇന്‍ അമേരിക്ക എന്ന സ്റ്റിക്കര്‍ എവിടെ കണ്ടാലും‍ ഉള്ളിലുള്ള കലിപ്പ് താനേ പുറത്ത്‌ വരും, യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്. ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റുകാര്‍ പക്ഷെ സിംഹവാലന്‍ കുരങ്ങുകളെ പോലെ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണിന്ന്. ആഴ്ചയിലൊരിക്കല്‍ അമേരിക്കയെയും അവിടുത്തെ ജനതയെയും നാല് മുട്ടന്‍ തെറി പറഞ്ഞാലേ തങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധരാണെന്ന് സ്വയം ബോധ്യപ്പെടൂ എന്നുള്ളത്‌ കൊണ്ടാണോന്നറിയില്ല അങ്ങിനെയൊരു പരിപാടി പാര്‍ട്ടി ചാനലിലും പത്രങ്ങളിലും യാതൊരു മുടക്കവും കൂടാതെ നടന്നു വരാറുണ്ട്. പക്ഷെ, പതിവില്‍ നിന്നും വിപരീതമായി അമേരിക്കയില്‍ നടക്കുന്ന ഒരു ബഹുജന സമരത്തിന്‌ ഇങ്ങു കേരളത്തില്‍ നിന്നും പിന്തുണ നല്‍കിയത്‌ ആരെയും അത്ഭുതപ്പെടുത്തും. അതും സി. പി എമ്മിന്റെ ചെറായി ബ്രാഞ്ച് സമ്മേളനത്തില്‍ സായിപ്പിന് പിന്തുണയുമായി കുട്ടിസഖാക്കള്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ആരും ചിന്തിച്ചു കാണില്ല. സാമ്പത്തിക മാന്ദ്യം മുതലാളിത്ത വ്യവസ്ഥിതിയുടെ അടിക്കല്ല് വരെ കാണിച്ചു തന്ന സ്ഥിതിക്ക് വൈറ്റ് ഹൌസിനു മുകളില്‍ ചെങ്കൊടി നാട്ടുന്നതാണ് ഇപ്പോള്‍ നമ്മുടെ കൊമ്രെഡുകളുടെ മധുര മനോഹര സ്വപ്നം. അതിനൊരു സൈദ്ധാന്തിക ഭാഷ്യവുമായി മാര്‍ക്സിന്റെ തിരിച്ചു വരവ് വരെ പ്രവചിച്ചു കളഞ്ഞു ചിലര്‍. മാര്‍ക്സിനും മാര്‍ക്സിസത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമല്ലേ കഴിഞ്ഞിട്ടുള്ളൂ എന്ന നിലക്ക് സ്വപ്നത്തെ ഒരു 'ജനിതക രോഗമായി' നമുക്ക്‌ മാറ്റി നിര്‍ത്താം.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും ചെറായി സമ്മേളനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാലോചിച്ചാല്‍ നമുക്ക്‌ താനേ ചിരി വരും. കുത്തക വിരുദ്ധം എന്നതില്‍ കവിഞ്ഞ് ആടും ആടലോടകവും തമ്മിലുള്ള ബന്ധമേ വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും തമ്മിലുള്ളൂ. കാള പെറ്റെന്ന് കേട്ടപ്പോ കയര്‍ മാത്രമല്ല; കറവക്ക് ആളെ വരെ ഏര്‍പ്പാടാക്കി എന്നിടത്താണ് മാര്‍ക്സിസ്റ്റു പാര്ട്ടിയുള്ളത്.
യഥാര്‍ത്ഥത്തില്‍ എന്താണ് വാള്‍സ്ട്രീറ്റില്‍ നടക്കുന്നതെന്ന് പറഞ്ഞു കൊടുക്കാന്‍ ഒരു ഇ.എം.എസ്സോ വിജയന്‍ മാഷോ ഇല്ലാതെ പോയതിന്റെ അനന്തര ഫലമാണ് ചെറായി പ്രമേയമായി പുറത്തു വന്നത്. ലോകസമ്പത്തിന്റെ പകുതിയിലധികവും കൈയടക്കി വെച്ചിരിക്കുന്നത് വെറും അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തന്നെ ആഗോള ജനസംഖ്യയുടെ എത്ര ശതമാനമാണീ സമ്പന്നര്‍ എന്നത് നിര്‍വചിക്കാന്‍ പോലും പ്രയാസമുള്ള കാര്യം! അസമത്വത്തെ കുറിച്ച കാഴ്ചപ്പാടാണ് ചെറായി സമ്മേളനക്കാരെ വാള്‍സ്ട്രീറ്റിനു കീജയ് വിളിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വ്യക്തമായ വിശകലനത്തില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ആപേക്ഷികമാണ് എന്ന് കാണുവാന്‍ കഴിയും. ആഗോളീകരണാനന്തര കാലഘട്ടത്തില്‍ ലോകജനത നിര്‍വചിക്കപ്പെട്ടിരിക്കുന്നത് രണ്ടു തട്ടുകളിലായിട്ടാണ്, ഉള്ളവരെന്നും ഇല്ലാത്തവരെന്നും. ഭൂമുഖത്തെ 400 കോടി വരുന്ന മനുഷ്യന്മാരുടെ ദിവസ വരുമാനം 100 രൂപയില്‍ താഴെയാണെന്നത് അതിശയോക്തിയല്ല! അവരാണ് ആഗോള ദരിദ്രര്‍ എന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും 100 രൂപയില്‍ കൂടുതല്‍ ദിവസക്കൂലിയുള്ളവന്‍ സമ്പന്നരുടെ പട്ടികയിലാണ്. എന്നാല്‍ ഇതില്‍ തന്നെ സാമൂഹ്യ ശാസ്ത്രജ്ഞരുടെ വര്‍ഗീകരണത്തില്‍ വംശീയ-സാമൂഹ്യ അസമത്വങ്ങള്‍ ‍ അനുഭവിക്കുന്ന ജനങ്ങളെ ‍(അവര്‍ നൂറ് രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണെങ്കിലും) ദരിദ്രവിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 100 രൂപ ദിവസക്കൂലി (2 ഡോളര്‍) എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അമേരിക്കയടക്കം പാശ്ചാത്യ നാടുകളിലെവിടെയും ഒരു ദരിദ്രനെ പോലും കണ്ടെത്തുവാന്‍ നമുക്ക് സാധ്യമല്ല. United States Standard of Living ന്റെ കണക്കനുസരിച്ച് അവിടുത്തെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളം പേര്‍ ദാരിദ്ര്യ രേഖക്ക് താഴെ നില കൊള്ളുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരുമായി യാതൊരു വിധത്തിലും (വിഭവ-സേവന ലഭ്യതയുടെ കാര്യത്തിലോ പട്ടിണിയുടെ കാര്യത്തിലോ) താദാത്മ്യം പ്രാപിക്കുന്നില്ലെന്നതാണ് വാള്‍സ്ട്രീറ്റ് പോസ്റ്ററൊട്ടിച്ച മാര്‍ക്സിസ്റ്റ്‌ കുട്ടന്മാര്‍ കാണാതെ പോയത്. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. സ്പെയിനിലോ മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലോ പത്തു വര്‍ഷമായി ഒരാള്‍ക്ക്‌ ജോലിയും കൂലിയുമില്ലെന്നിരിക്കട്ടെ! എന്നാല്‍ പത്തു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന, ശമ്പളം കൈപ്പറ്റുന്ന സോമാലിയക്കാരനെക്കാളും സുഭിക്ഷമായി കഴിഞ്ഞു കൂടുന്നത് മേല്പറഞ്ഞ സ്പെയിന്കാരനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. കുറച്ചു കൂടി വിശദമാക്കിയാല്‍ അമേരിക്കയില്‍ തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാരന്റെ ജീവിത നിലവാരം മൂന്നു പതിറ്റാണ്ട് മാര്‍ക്സിസ്റ്റുകാര്‍ 'സേവിച്ചു ഭരിച്ച' പശ്ചിമ ബംഗാളിലെ ജോലിയുള്ള ശരാശരി ചെറുപ്പകാരന്റെതിലും ഉയര്‍ന്നതാണ്. വാള്‍സ്ട്രീറ്റ് പിടിച്ചടക്കാന്‍ ഇറങ്ങി പുറപ്പെട്ട അമേരിക്കക്കാര്‍ക്ക് പിന്നാലെ 'അങ്ങിനെ തന്നെ അങ്ങിനെ തന്നെ ആയിരമായിരം അങ്ങിനെ തന്നെ' എന്ന് വിളിച്ചു നടക്കുന്നതിനു പകരം അവനവന്റെ ജോലി നോക്കി പോയിരുന്നെങ്കില്‍ അന്നെങ്കിലും കഞ്ഞി കുടിച്ചു കിടക്കാമായിരുന്നു. 'വാള്‍സ്ട്രീറ്റ് സഖാക്കള്' ബിരിയാണി തിന്നായിരിക്കും പ്രക്ഷോഭത്തിന്റെ ഓരോ ദിവസവും കിടന്നുറങ്ങിയിട്ടുണ്ടാവുക. യഥാര്‍ത്ഥത്തില്‍ നാല് നേരവും മുടങ്ങാതെ ഭക്ഷണം കിട്ടുന്ന, കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കുന്ന, കുടുംബമൊന്നടങ്കം ആരോഗ്യ പരിരക്ഷ ലഭിക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരല്ല അവരുയര്‍ത്തിപ്പിടിച്ച ബാനറില് പറയുന്നത് പ്രകാരം ഈ ലോകത്തിലെ 99 ശതമാനത്തെ പ്രതിനിധീകരിക്കുന്നവര്‍. പകരം ദുരന്തങ്ങളും ദുരിതങ്ങളും മാത്രം നീക്കിയിരിപ്പുള്ള, പട്ടിണിയും മഹാമാരികളും പെയ്തൊഴിയാത്ത, ആവശ്യം എന്നത് അയലത്തു പോലും എത്തിയിട്ടില്ലാത്ത, ആഡംബരം എന്നുച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാതെ പോയ മൂന്നാം ലോക രാജ്യങ്ങളിലെ പട്ടിണിപ്പേക്കോലങ്ങള്‍.. അവരാണാ 99 എന്ന വലിയ അക്കത്തിനു പിറകില്‍ നില്‍ക്കുന്നവര്‍. അവര്‍ക്ക് വേണ്ടി ഒരു ബാനറും ഇതു വരെ ഉയര്ത്തപ്പെട്ടിട്ടില്ല. ഒരു പ്രക്ഷോഭവും ഇന്നേ വരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ആഡംബരത്തിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുന്നവര്‍ ഓര്‍ത്തു കാണില്ല അവര്‍ ചവിട്ടി നില്‍ക്കുന്നത് അഴുകാന്‍ പോലും ത്രാണിയില്ലാതെ പോയ ആ പട്ടിണിപ്പാവങ്ങളുടെ ചേതനയറ്റ ജഡങ്ങള്‍ക്ക് മുകളിലാണെന്ന്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment