Monday, July 26, 2010

[www.keralites.net] പ്രണയകാലസ്മരണ



ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്. എങ്ങനെ ഉറക്കം വരാനാണ്..... ഇന്നവള്‍ ലീവെടുത്ത് എന്നെ കാണാന്‍ വരും. ഇന്ന് എല്ലാം തുറന്നു സംസാരിക്കണം. അവള്‍ക്കു എന്നെ ഇഷ്ടമാണെന്നറിയാം, എന്നാലും അത് അവളുടെ നാവില്‍നിന്നു തന്നെ കേള്‍ക്കണം. ഇന്ന് ഞാന്‍ അവളെക്കൊണ്ടത് പറയിപ്പിക്കും. ഒമ്പത് മണിക്ക് കണാട്ട് പ്ലേസില്‍ എത്താമെന്നാണ് ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ പറഞ്ഞത്. റൂമില്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പതിവുപോലെ ഏഴുമണിവരെ കട്ടിലില്‍തന്നെ കിടന്നു. ക്ലോക്കില്‍ എഴടിച്ചപ്പോള്‍ കണ്ണ് തിരുമ്മി ഉറക്കം നടിച്ചു കൊണ്ടു എണീറ്റു. ബ്രഷും തോര്തുമെടുത്തു ബാത്ത്റൂമിലേക്കോടി. ശ്ശെ.... ആരോ അകത്തുണ്ട്... നാല് റൂമുകാര്‍ക്കു ഒരു കക്കൂസും കുളിമുറിയും.... ഡല്‍ഹിയില്‍ എവിടെ ചെന്നാലും ഇതൊക്കെ തന്നെ സ്ഥിതി... വാതില്‍ ചവിട്ടിപ്പോളിക്കാനാണ് തോന്നിയതെങ്കിലും ചെറുതായൊന്നു മുട്ടുക മാത്രമേ ചെയ്തുള്ളൂ... നല്ല തല്ലു നാട്ടില്‍ കിട്ടില്ലേ... ഇവിടെ വന്നു വല്ല ഹിന്ദിക്കാരന്റെയും കയ്യില്‍നിന്നു വാങ്ങണോ?... ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നാണല്ലോ.. ഞാന്‍ കുഴല്‍ കിണറില്‍ നിന്നു വെള്ളമെടുത്തു പല്ല് തേച്ചുകൊണ്ടു കക്കൂസിന് മുമ്പില്‍ കാത്തു നിന്നു.. ഇനി മറ്റാരെങ്കിലും വന്നാല്‍ എന്റെ പിന്നില്‍ ക്യൂ നില്‍ക്കട്ടെ... അകത്തുനിന്നു പൊട്ടലും ചീറ്റലുമൊക്കെ കേള്‍ക്കുന്നുണ്ട്... ഉടനെ കഴിയുന്ന ലക്ഷണമൊന്നുമില്ല... രാവിലെ തന്നെ വശപ്പിശകാണല്ലോ കര്‍ത്താവേ... ഒരു വിധത്തില്‍ കുളിച്ചെന്നു വരുത്തി റൂമില്‍ കയറി ഉള്ളതില്‍ ഏറ്റവും നല്ല പാന്റും ഷര്‍ട്ടുമിട്ട്, സഹമുറിയന്റെ പൌഡര്‍ അല്പം എടുത്തു പൂശി സിംപ്ലനായി റൂമില്‍ നിന്നിറങ്ങി...


"ഇന്നെന്താടാ ബ്രെഡും കട്ടന്‍ ചായയും വേണ്ടേ..."

"സമയമില്ല... ഇന്ന് ഓഫീസില്‍ നേരത്തെ എത്തണം... ഇന്നലത്തെ കുറച്ചു പണി തീര്‍ക്കാനുണ്ട്...."

ഓടി ബസ്‌സ്റ്റോപ്പിലെത്തി. നാനൂറാം നമ്പര്‍ ബസ്സാണ് കണാട്ട് പ്ലേസിലേക്ക് പോകുന്നത്. ഒരു ബൈക്കുണ്ടായിരുന്നെങ്കില്‍.... അതൊന്നും ആശിക്കാവുന്ന അവസ്ഥയായിരുന്നില്ല എന്റേത്. ബസ്‌ വരുമ്പോഴേക്കും ടെലഫോണ്‍ ബൂത്തില്‍ കയറി ഓഫീസിലേക്ക് വിളിച്ചു ഇന്ന് ലീവാക്കാന്‍ പറയാം, അല്ലെങ്കില്‍ നാളെ ബോസ്സിന്റെ പഞ്ചാബി തെറി കേള്‍ക്കേണ്ടി വരും. ഓഫീസ്ബോയിയെ മാത്രമേ കിട്ടിയുള്ളൂ. ബോസ്സ് വരുമ്പോള്‍ എനിക്ക് വയറിനു സുഖമില്ല.. രാവിലെ നാല് പ്രാവശ്യം കക്കൂസില്‍ പോയി.. അതുകൊണ്ടു ഇന്ന് ഓഫീസില്‍ വരില്ല എന്നു പറയാന്‍ ഏല്പിച്ചു. ചില്ലറയില്ലാത്തതുകൊണ്ട് ബൂത്തുകാര്നനോട് കടം പറഞ്ഞു.

ബസ്സ് വന്നു. രാവിലെ തന്നെ ബസ്സില്‍ നല്ല തിരക്ക്... മെഡിക്കല്‍ എത്തിയപ്പോഴാണ് തിരക്ക് അല്പം കുറഞ്ഞു എനിക്കൊരു സീറ്റ് കിട്ടിയത്. സീറ്റിലിരുന്നു അവളെയും കൊണ്ടു കറങ്ങേണ്ട സ്ഥലങ്ങളെക്കുറിച്ച് ഒരു ചെറിയ പ്ലാനിംഗ് ഉണ്ടാക്കി. ആദ്യം എന്തെങ്കിലും കഴിക്കണം.. പിന്നെ ജന്തര്‍ മന്തര്‍ കാണാം... പിന്നെ പാലികാബാസാറില്‍ ഒന്ന് കറങ്ങണം. എന്നിട്ട് റീഗല്‍ തീയറ്ററില്‍ ഒരു സിനിമ... മദ്രാസ്‌ ഹോട്ടലില്‍ ലഞ്ച്... എന്നിട്ട് ഒന്നുകില്‍ റെഡ്ഫോര്‍ട്ട്‌-രാജ്ഘാട്ട് ഭാഗത്തു കറങ്ങുക അല്ലെങ്കില്‍ കുത്തബ് മിനാറും ലോട്ടസ് ടെമ്പിളും കാണുക.. അത് അവളുടെ ഇഷ്ടം പോലെ ചെയ്യാം...


അവള്‍ ബസ്‌ സ്റ്റോപ്പില്‍ എന്നെ കാത്തു നില്‍ക്കുന്നത് ഞാന്‍ ബസില്‍ നിന്നേ കണ്ടു... ഇന്നവള്‍ അല്പം കൂടുതല്‍ സുന്ദരിയായിട്ടില്ലേ..? അല്ലെങ്കിലും ഇതുപോലുള്ള സമയങ്ങളില്‍ കാണുന്നതെല്ലാം സുന്ദരമായി തോന്നും എന്നാണല്ലോ വലിയ മറ്റവന്‍മാരൊക്കെ പറഞ്ഞു വച്ചിരിക്കുന്നത്. ഞാന്‍ ബസിറങ്ങി.. അവള്‍ നാണത്തോടെ പുഞ്ചിരിച്ചു കൊണ്ടു അടുത്തുവന്നു. ഞാന്‍ പരിസരമാകെ ഒന്ന് വീക്ഷിച്ചു.. പരിചയക്കാരായ ഏതെങ്കിലും പാരകള്‍ കണ്ടാല്‍ ആകെ കുളമാകും... ഒരു സൈഡിലേക്ക് നീങ്ങി നിന്നു കൊണ്ടു അവള്‍ ചോദിച്ചു.
 

"എന്താ പ്രോഗ്രാം?..".

"വാ നമുക്ക് അവിടെ പോയിരിക്കാം..." ഞങ്ങള്‍ പാലികാ ബാസാറിന്റെ മുകളിലെ പാര്‍ക്കിലേക്ക് നടന്നു.

ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെന്നുന്ന കണാട്ട് പ്ലേസ്. അതിന്റെ ഒത്തനടുവില്‍ പാര്‍ക്ക്‌. പാര്‍ക്കിനു ചുറ്റും ബ്രിട്ടീഷ്‌ ഭരണ കാലത്തെ നിര്‍മാണചാതുര്യം വിളിച്ചോതുന്ന വെളുത്ത തൂണുകളോടുകൂടിയ ഇരുനില കെട്ടിടങ്ങള്‍. ഈ കേന്ദ്ര ബിന്ദുവില്‍ നിന്നും ഒരു രഥചക്രത്തിന്റെ ആരക്കാലുകള്‍പോലെ എട്ടു റോഡുകള്‍ പുറപ്പെടുന്നു.

പാര്‍ക്കില്‍ ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ ഇരുന്നു... അവിടവിടെയായി റോസ് നിറത്തിലുള്ള പൂക്കളോട് കൂടിയ പേരറിയാത്ത മരങ്ങള്‍. പാര്‍ക്കിന്റെ ഓരങ്ങളില്‍ കുളവാഴ പോലുള്ള ചെടികള്‍ ചുവപ്പ് പൂക്കളോടെ തലയാട്ടി നിന്നു. കുറെനേരം അങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നിട്ടു അവള്‍ ചോദിച്ചു...

"രാവിലെ എന്നാ കഴിച്ചേ...?"

"കഴിക്കാനൊന്നും സമയം കിട്ടിയില്ല...?

"ഞാനും ഒന്നും കഴിച്ചില്ല...."

" എങ്കി വാ... എന്തെങ്കിലും കഴിച്ചിട്ടാകാം ബാക്കി കാര്യങ്ങള്‍..."

ഞങ്ങള്‍ അടുത്തുള്ള മലയാളി ഹോട്ടലില്‍ കയറി ഓരോ ചായയും മസാലദോശയും കഴിച്ചു... ചായ എനിക്കെന്തോ അത്ര രുചിയുള്ളതായി തോന്നിയില്ല..പക്ഷെ മസാല ദോശ കിടിലന്‍..

വീണ്ടും ഞങ്ങള്‍ പാര്‍ക്കില്‍ വന്നിരുന്നു. കടല വില്പനക്കാരന്റെ കയ്യില്‍ നിന്നു കടല വാങ്ങിച്ചു....ഓരോരോ കാര്യങ്ങള്‍ സംസാരിച്ചു രസിച്ചങ്ങനെ ഇരുന്നു...

"നമ്മള്‍ക്ക് ഗോള്‍ഡാഖാന പള്ളിയില്‍ പോയാലോ...?" അവള്‍ ചോദിച്ചു.

"കുറച്ചു നേരം കൂടി ഇവിടെ ഇരുന്നിട്ട് പോകാം... മുഗള്‍ ഗാര്‍ഡന്‍ തുറന്നിട്ടുന്ടെന്നാ കേട്ടത് അതും കാണാം... " ഞാന്‍ പറഞ്ഞു.

അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എനിക്ക് വയറ്റില്‍ എന്തോ അസ്വസ്ഥത പോലെ തോന്നി. എന്തോ ഇളകിമറിയുന്നത് പോലെ. ആദ്യം ഒന്നിന് പോയാല്‍ കൊള്ളാമെന്നു തോന്നി.. പിന്നെ അത് പോരാ രണ്ടും വേണ്ടി വരുമോ എന്നൊരു സംശയം...

"ഒരു മിനിറ്റ്... ഞാന്‍ ഇതാ വരുന്നേ... " ഞാന്‍ പതുക്കെ എണീറ്റു.

"എന്നാ പറ്റി ഇച്ചായാ...? ഞാന്‍ ഒന്നിന് പോയിട്ട് വരാമെന്ന് കൈകൊണ്ടു ആന്ഗ്യം കാണിച്ചിട്ട് നേരെ പാലികാ ബാസാറിന്റെ അകത്തേക്ക് പോയി.... അവിടെ മുഴുവന്‍ തിരെഞ്ഞെങ്കിലും ഒരു ടോയ് ലെറ്റ്‌ പോലും കണ്ടില്ല. ഞാന്‍ അസ്വസ്ഥതയോടെ തിരിച്ചെത്തി....

"പോയോ..?"

"അവിടെയെങ്ങും ഇല്ല..."

" ഇനി എന്നാ ചെയ്യും..."

"ഓ... സാരമില്ല..."

ഞാന്‍ കുറച്ചു നേരം അങ്ങനെ ഇരുന്നു. ഇരിപ്പുറക്കുന്നില്ല... ഞാന്‍ വീണ്ടും എണീറ്റു.... അവള്‍ക്കു ഒരു സിഗ്നല്‍ കൊടുത്തിട്ട് നേരെ ഓഡിയന്‍ തീയറ്റര്‍ ലകഷ്യമാക്കി ഓടി... അവിടെ ടോയ് ലെറ്റ്‌ കാണാതിരിക്കില്ല... പക്ഷെ.... അവിടെയും പുറത്തെങ്ങും അങ്ങനെ ഒരു കാര്യം മാത്രം കണ്ടില്ല... ഞാന്‍ തിരിച്ചു പോന്നു.... ഞാന്‍ അവളുടെയടുത്തു മരച്ചുവട്ടില്‍ ഇരിക്കാന്‍ ശ്രമിച്ചു. പക്ഷെ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ അങ്ങോട്ട്‌ നടക്കുന്നില്ല. പ്രകൃതി ഒരേ സമയം രണ്ടു വിളികള്‍ ഒന്നിച്ചു നടത്തുകയാണ്. എന്നെ ചെറിയ തോതില്‍ വിയര്‍ക്കുന്നുണ്ടോ എന്നു സംശയം.... അവള്‍ സ്നേഹത്തോടെ ഓരോ കാര്യങ്ങള്‍ സംസാരിക്കുകയാണ്.... പക്ഷെ എനിക്കൊന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല... മുടിഞ്ഞ ഒരു.... ഞാന്‍ വീണ്ടും പതുക്കെ എണീറ്റു.... അവള്‍ക്കു ചിരി വന്നെന്നു തോന്നുന്നു... ഒരു ശ്രമം കൂടി നടത്താം... ഞാന്‍ നേരെ റീഗല്‍ സിനിമ ലകഷ്യമാക്കി നടന്നു.... നടക്കുകയായിരുന്നോ അതോ ഓടുകയായിരുന്നോ എന്നു നിശ്ചയമില്ലായിരുന്നു. അവിടെ പുറത്തെങ്ങും ഒരു ടോയ് ലെറ്റ്‌ പോലും കണ്ടില്ല... ടിക്കറ്റ്‌ കൌണ്ടറില്‍ നൂണ്‍ഷോയ്ക്കുള്ള ടിക്കറ്റ്‌ വില്‍ക്കുന്ന ആളോട് അന്വേഷിച്ചപ്പോള്‍ തീയറ്ററിനുള്ളില്‍ ഒരു കക്കൂസ് ഉണ്ടെന്നറിഞ്ഞു.. ഹോ... ആശ്വാസമായി... ഒരു ടിക്കെറ്റെടുത്ത് അകത്തു കയറി.... മൂത്രപ്പുരയുടെ ഭാഗത്തു ചെന്നു നോക്കിയപ്പോള്‍ അവിടെ ആകെയുള്ള ഒരു കക്കൂസ് പൂട്ടിയിട്ടിരിക്കുന്നു. കതകില്‍ ഒരു വെള്ളക്കടലാസ് ഒട്ടിച്ചിട്ടുണ്ട്.. "അണ്ടര്‍ റിപ്പയര്‍". കര്‍ത്താവേ ഇടി വെട്ടിയവനെ പാമ്പ് കടിച്ചല്ലോ... ഇനി എന്നാ ചെയ്യും... മറ്റെന്തെങ്കിലും ആലോചിക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍... അവിടെ നിന്നു പതുക്കെ പുറത്തേക്കിറങ്ങി... സാവധാനം പാര്‍ക്കിലേക്ക് തിരിച്ചു നടന്നു... കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.... പെട്ടെന്ന് സിഗ്നലില്‍ നാനൂറാം നമ്പര്‍ ബസ്‌ കിടക്കുന്നത് കണ്ടു. അതില്‍ കയറിയാല്‍ ഒരു മുക്കാല്‍ മണിക്കൂര് കൊണ്ടു വീട്ടിലെത്താം... എന്റെ പ്രിയപ്പെട്ടവള്‍ പാര്‍ക്കില്‍ എന്നെ കാത്തിരിക്കുന്നതും ഗോള്‍ഡാഖാനയും മുഗള്‍ ഗാര്‍ഡനും പ്രേമപ്രഖ്യാപനവും ഒന്നും അപ്പോള്‍ എന്റെ മനസ്സില്‍ ഇല്ലായിരുന്നു. തലച്ചോറില്‍ മുഴുവന്‍ പ്രകൃതിയുടെ വിളികള്‍ മാത്രം.... ഞാന്‍ ബസില്‍ കയറി. ഓഖലക്കു ടിക്കറ്റെടുത്തു. ബസില്‍ വലിയ തിരക്കൊന്നും ഇല്ല. ഞാന്‍ പിന്‍വാതിലിനടുത്തുള്ള കമ്പിയില്‍ ചാരി നിന്നു. ബസിനു സ്പീഡ് കുറവുള്ളത് പോലെയോ സിഗ്നലുകള്‍ക്ക് ദൈര്‍ഘ്യം കൂടുതലുള്ളതു പോലെയോ ഒക്കെ എന്നിക്ക് തോന്നി. ഐ എന്‍ എ മാര്‍ക്കറ്റ്‌ കഴിഞ്ഞപ്പോഴേക്കും ബസ് ഏകദേശം കാലിയായി. കണ്ടക്ടര്‍ നോക്കുമ്പോള്‍ സീറ്റെല്ലാം കാലിയായി കിടക്കുന്നു. ഞാന്‍ കമ്പിയില്‍ ചാരി നില്‍ക്കുന്നു. സത്യത്തില്‍ ഞാന്‍ നില്‍ക്കുകയായിരുന്നില്ല. പെരുവിരലില്‍കുത്തി ബസിന്റെ സീലിംഗിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു എന്നു വേണം പറയാന്‍.... പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു പരവേശം...

" ബൈഠിയേ ഭായ്സാബ്" കണ്ടക്ടര്‍...

"കോയീ ബാത്ത് നഹീ...." ഞാന്‍ വിനയാന്വിതനായി....

"ബൈഠോനാ... സീറ്റ് തോ ഖാലീ ഹേ... "

"ഒവ്വ... ഇവന്‍ ഇരുത്തിയെ അടങ്ങുവൊള്ളല്ലോ കര്‍ത്താവേ... " എനിക്ക് ശബ്ദം വെളിയിലേക്ക് വരുന്നില്ല.. നിര്‍ബന്ധിക്കരുതെന്നു ഞാന്‍ കൈകൊണ്ടു ആന്ഗ്യം കാണിച്ചു. അയാള്‍ക്ക്‌ മനസില്ലയോ എന്തോ... എന്തായാലും അയാള്‍ പിന്നെയൊന്നും പറഞ്ഞില്ല.. മറ്റു ബസുകള്‍ ഓവര്‍ടേക്ക് ചെയ്തു പോകുമ്പോള്‍ ഞാന്‍ എന്റെ വിധിയെ പഴിച്ചുകൊണ്ട് പെരുവിരല്‍ കുത്തി നിന്നു. ഒരു വിധത്തില്‍ വീടിനടുത്ത് ബസിറങ്ങി. ഒരു കൊടുങ്കാറ്റു പോലെ കക്കൂസിന് മുന്‍പിലെത്തിയപ്പോള്‍ അത് അടഞ്ഞു കിടക്കുന്നു. കതകില്‍ ആഞ്ഞൊന്നു മുട്ടി.

"കോന്‍ ഹേ...?"

"നിന്റെ അമ്മായി അപ്പന്‍.... തൊറക്കെടാ...." ഞാന്‍ അലറി.

വാതില്‍ തുറക്കപ്പെട്ടു. എന്റെ മുഖഭാവം കണ്ടിട്ടാവാം അയാള്‍ ഒന്നും മിണ്ടാതെ പോയി..

ഞാന്‍ അകത്തു കയറി...

"അറബിക്കടലിളകി വരുന്നൂ...." എന്ന പഴയ ഒരു പാട്ട് ചുണ്ടില്‍ വന്നപ്പോള്‍ ആശ്വാസമായി...

അപ്പോഴും എന്റെ പ്രിയപ്പെട്ടവള്‍ പാലികാ ബാസാറിന്റെ മുകളിലെ മരച്ചുവട്ടില്‍ എന്നെയും കാത്തിരിക്കുകയായിരുന്നു.
 

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment