വ്യാപാരി വ്യവസായി കേരളം വ്യാവസായിക പുരോഗതിയാണ് രാജ്യത്തിന്‍റെ വികസനത്തിന്‍റെ അനേകം സൂചകങ്ങളില്‍ ഒന്ന് എന്നു ഞാന്‍ എക്കണോമിക്സില്‍ പഠിച്ചിട്ടുണ്ട്. കേരളത്തില്‍ ഭാഗ്യത്തിന് അധികം വ്യവസായങ്ങളില്ല. ഉള്ളവരൊക്കെ ഫാക്ടറി പൊളിച്ച് ലോറിയില്‍ കയറ്റി രായ്‍ക്കുരാമാനം അതിര്‍ത്തി കടന്ന് മാന്യമായി വ്യവസായം നടത്തി ജീവിക്കുന്നുണ്ട്. പിന്നെയുള്ളത് ടാറ്റ-ബിര്‍ള-അംബാനിമാരാണ്. ടാറ്റയെ മൂന്നാറില്‍ നിന്നൊഴിപ്പിക്കാന്‍ നമ്മള്‍ പഠിച്ച പണി കപ്ലീറ്റും നോക്കുന്നുണ്ട്.പക്ഷെ,ടാറ്റ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗമാണോ എന്നെനിക്കറിയില്ല. വ്യവസായി എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ശക്തമായ സംഘടനയില്‍ ടാറ്റ അംഗമാകേണ്ടതാണ്. മറിച്ച് ടാറ്റയെയും ബിര്‍ളയെയും റിലയന്‍സിനെയും പോലുള്ള വ്യവസായികളെ ശത്രുക്കളായാണ് സംഘടന കാണുന്നതെങ്കില്‍ വ്യവസായി എന്ന പദത്തിന്‍റെ മലയാള തര്‍ജമയോ നിര്‍വചനമോ പുതിയത് കണ്ടെത്തേണ്ടതാണ്.
വ്യാപാരികള്‍ക്കു നേരേ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി കടകളടച്ചിട്ടു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് രാജ്‍ഭവനിലേക്കു മാര്‍ച്ച് നടത്തി. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ 40 ലക്ഷം വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ട് തരില്ല എന്ന് ബ്ലാക്മെയില്‍ ചെയ്യാനായിരുന്നു പണിമുടക്ക്.
എന്താണ് വ്യാപാരി വ്യവസായികളുടെ ന്യായമായ ആവശ്യങ്ങള്‍ ?1.ദേശീയപാത വികസനം 30 മീറ്ററാക്കി നിജപ്പെടുത്തുകയും ഹൈവേ വികസനത്തില്‍ കടകള്‍ നഷ്‌ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ന്യായമായ
നഷ്‌ടപരിഹാരവും നല്‍കുകയും ചെയ്യുക.
2.പോലീസിനെ വിട്ട് വാടകക്കടകള്‍ ഒഴിപ്പിക്കുന്ന നടപടി പിന്‍വലിക്കണം.
3.സ്വകാര്യ ചെറുകിട കച്ചവട മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നടപടി അവസാനിപ്പിക്കണം.
തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാത്ത മുന്നണികള്‍ക്കു വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് നല്‍കില്ല.സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അംഗങ്ങള്‍ വോട്ട് കുത്തിയാല്‍ വ്യാപാരികളാവും കേരളം നിയന്ത്രിക്കുക. അപ്പോള്‍ പേടിക്കണം. ടി.നസിറുദ്ദീന്‍ മുഖ്യമന്ത്രിയാവുന്ന സാഹചര്യം ഇരുമുന്നണികളും ചേര്‍ന്നുണ്ടാക്കരുതെന്നാണ് ഭീഷണി. ഇത്രയും വലിയൊരു സംഘടനയെ ഇത്രകാലമായി നയിക്കുന്ന നസിറുദീന്‍ വിചാരിച്ചാല്‍ കേരള സ്റ്റേറ്റ് ഭരിച്ചുകൂടെ ?
കൂടാവുന്നതേയുള്ളൂ…ഇനി ആവശ്യങ്ങളിലെ അനാവശ്യത്തെപ്പറ്റി പഠിക്കാം. ദേശീയപാതയും കേരളത്തിലെ വ്യാപാരികളും തമ്മിലെന്താണ് ബന്ധം ? റോഡിന്‍റെ വക്കിലാണ് സാധാരണയായി കടകള്‍ പണിയുന്നതും കച്ചവടം നടത്തുന്നതും. റോഡ് വികസനം വരുമ്പോള്‍ കടകള്‍ പൊളിക്കപ്പെടും, കച്ചവടം മോശമാകും. അതുകൊണ്ട് റോഡ് വികസനം വേണ്ട,കച്ചവടം മതി.കേരളത്തിലങ്ങോളമിങ്ങോളം വികസനം എത്തി നോക്കാതെ കിടക്കുന്ന നൂറുകണക്കിനു കവലകളുടെ ശാപമാണ് ഈ വ്യാപാരിശക്തി എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. റോഡ് വികസനത്തിനെതിരേ കൊച്ചി നഗരത്തില്‍ വ്യാപാരികളുണ്ടാക്കിയ പ്രശ്നങ്ങള്‍ കണ്ട് കേരളം മൂക്കത്ത് വിരല്‍ വച്ചതാണ്. റോഡ് വികസനം പോട്ടെ, ഒരു ബസ് സ്റ്റോപ്പ് പത്തു മീറ്റര്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്നതില്‍ പോലും വ്യാപാരികളുടെ രാഷ്ട്രീയം നിര്‍ണായകമാണ്. സ്റ്റോപ്പ് മാറിയാല്‍ ബസിറങ്ങുന്നവര്‍ നേരേ കടയിലേക്കു കയറാനുള്ള സാധ്യത കുറയും. അത് ബിസിനസിനെ ബാധിക്കും.
റോഡിന് ഇത്രയും വീതിയുടെ ആവശ്യമില്ല എന്നു പറയുന്നവനെ വിഡ്ഡി എന്നു വിളിക്കണം. അനുദിനം ആയിരക്കണക്കിനു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന കേരളത്തില്‍ ഓരോ വര്‍ഷത്തെയും ആവശ്യമനുസരിച്ച് റോഡ് വികസിപ്പിക്കാനാവില്ല. അല്‍പം ദീര്‍ഘവീക്ഷണത്തോടെ റോഡ് വികസനം നടത്തുമ്പോള്‍ അയ്യോ ഇത്രയും വേണ്ട എന്നു പറഞ്ഞ് രാഷ്ട്രീയക്കാരും വ്യാപാരികളും ഇറങ്ങും. എന്നിട്ട് ഒരു ട്രാഫിക് ജാം വരുമ്പോള്‍ ഇവരൊക്കെ തന്നെ പറയും ദീര്‍ഘവീക്ഷണമില്ലാത്ത ഭരണമാണ് ഇതിനെല്ലാം കാരണം, ഇടതനും വലതനും കൂടി ഭരിച്ചുഭരിച്ച് ഇവിടം മുടിച്ചു- എന്നൊക്കെ.കേരളത്തിലെ മിക്കവാറും നഗരങ്ങളിലും ഗതാഗതക്കുരുക്ക് ആണ് ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ശുദ്ധജലക്ഷാമവും കൊതുകുശല്യവും പോലും അതു കഴിഞ്ഞേയുള്ളൂ. ദിവസം 4 മണിക്കൂര്‍ വരെ ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ആയുസ്സില്‍ നിന്ന് റോഡ് വികസനത്തിനു തിരിച്ചുപിടിക്കാനാവുന്നത് എത്ര മണിക്കൂറുകളും ദിവസങ്ങളുമാണെന്ന് ഓര്‍ത്തു നോക്കിയാല്‍ തന്നെ കണക്കില്‍ പിഴയ്‍ക്കാത്ത വ്യാപാരികള്‍ക്കും കാര്യം മനസ്സിലാവേണ്ടതാണ്.
ഇനി, ചെറുകിട ബിസിനസില്‍ വിദേശനിക്ഷേപം വന്നാല്‍ എന്തു സംഭവിക്കും ? മുകളില്‍ പറഞ്ഞ 40 ലക്ഷം വ്യാപാരികള്‍ക്കു വന്‍കിട സെറ്റപ്പിനോടു മല്‍സരിച്ചു പിടിച്ചു നില്‍ക്കാനാവാതെ വരും, നഷ്ടമുണ്ടാകും. അതുകൊണ്ട് ബാക്കിവരുന്ന രണ്ടരക്കോടി ഉപഭോക്താക്കള്‍ മഹത്തായ വ്യാപാരിസമൂഹത്തെ ലാഭകരമായി പിടിച്ചു നിര്‍ത്തുന്നതിന് വിദേശകുത്തകളെ ബഹിഷ്കരിക്കുക, കുറച്ച് നഷ്ടം സഹിച്ചായാലും ലോക്കല്‍ മാര്‍ക്കറ്റിനെ പ്രോല്‍സാഹിപ്പിക്കുക.വ്യാപാരികള്‍ മാത്രമല്ല, കുരിശുപള്ളികളും കാണിക്കവഞ്ചികളും ഭണ്ഡാരങ്ങളും എല്ലാം കേരളത്തിലെ റോഡുകളുടെ ശാപമാണ്. മുംബൈയിലെ ചുവന്ന തെരുവില്‍ നിന്ന് വേശ്യകളെന്നപോലെ ദൈവങ്ങള്‍ ഓരോ വളവിലുമിരുന്ന വണ്ടിക്കാരെ വിളിക്കുകയാണ്- വല്ലതും തന്നിട്ടു പോണേ ! നേര്‍ച്ചയും കാഴ്ചയുമിട്ടും തരം പോലെ വലിച്ചെറിഞ്ഞും ഈ തീര്‍ഥാടനയാത്ര തുടരുമ്പോഴും ഇവര്‍ക്കൊക്കെ എതിരെ ഒരക്ഷരം മിണ്ടാന്‍ കോടതിക്കായിട്ടില്ല. റോഡരികിലെ യോഗങ്ങളാണ് എല്ലാ റോഡ് പ്രശ്നങ്ങള്‍ക്കും എന്ന നിലപാടില്‍ നിന്ന് കോടതിയും അയയുന്നില്ല.
എന്തായാലും വ്യാപാരികളെല്ലാം കൂടി വോട്ടിന്‍റെ കാര്യത്തില്‍ ഒരുറച്ച തീരുമാനമെടുത്താല്‍ സംഗതി മാറും. കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആകുമെന്ന് പേടിച്ചിരിക്കുന്ന മുഖ്യമന്ത്രി പഴയ ഇറ്റലിയും പോര്‍ചുഗലും മെസെപ്പെട്ടോമിയയും പോലെ കേരളം ഒരു കച്ചവട സംസ്ഥാനമാകുമെന്ന് കൂടി ദുസ്വപ്നം കണ്ടു തുടങ്ങേണ്ടിയിരിക്കുന്നുwww.keralites.net |
__._,_.___
No comments:
Post a Comment