സഖാവേ, ഒരു താത്വികാവലോകനമല്ല ഞാനുദ്ദേശിക്കുന്നത്… എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ പാര്‍ട്ടി മൗനം പാലിക്കുന്നു.. അതാണ് എനിക്കറിയേണ്ടത് ?
ഹഹഹഹ…. സ്റ്റഡി ക്ലാസുകളില്‍ കൃത്യമായി പങ്കെടുത്തതുകൊണ്ട് മാത്രമായില്ല…പ്രത്യയശാസ്ത്ര അവബോധവും മൂലധനത്തെയും തൊഴിലാളിവര്‍ഗസിദ്ധാന്തങ്ങളെയും കുറിച്ചുള്ള അറിവും വേണം.. അത് തനിക്കുണ്ടായിരുന്നെങ്കില്‍ ഇങ്ങനൊരു മണ്ടന്‍ ചോദ്യം ചോദിക്കില്ലായിരുന്നു..
ഞാന്‍ മണ്ടനാണ് സമ്മതിച്ചു… സഖാവ് എന്റെ ചോദ്യത്തിനുത്തരം പറ…
അതായത്..അണക്കെട്ടുകള് തൊഴിലാളിവിരുദ്ധമാണ്, പ്രകൃതി വിരുദ്ധവുമാണ്… പ്രകൃതിയുടെ സ്വാഭാവികമായ നീരുറവയെ തടഞ്ഞു നിര്‍ത്തി ശുദ്ധജലത്തെ ഒരുസ്ഥലത്ത് ശേഖരിച്ച് സ്വാര്‍ഥലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് ബൂര്‍ഷ്വാസിയുടെ ലക്ഷണമാണ്…കുത്തകമുതലാളിമാരും ഇതു തന്നെയാണ് ചെയ്യുന്നത്.തൊഴിലാളികള്‍ക്ക് കാലാകാലങ്ങളില്‍ ലഭ്യമാകേണ്ട സമ്പത്ത് അവര്‍ അണ കെട്ടി തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്… പ്രഥമദൃഷ്ട്യാ രണ്ടും നമ്മുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരാണ്…
അപ്പോപ്പിന്നെ എന്താ പ്രശ്നം ? അണക്കെട്ട് പൊളിക്കണം എന്നാവശ്യപ്പെടാന്‍ നമുക്ക് പ്രത്യയശാസ്ത്രപരമായ കാരണങ്ങളുമായല്ലോ…
ഞാന്‍ പറഞ്ഞത് അണക്കെട്ടുകളെ സംബന്ധിച്ച ഒരു താത്വികാവലോകനമാണ്… മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്…ഒന്ന്,അണക്കെട്ട് നിര്‍മിച്ചത് ബ്രിട്ടീഷുകാരാണ്… വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ നിന്ന് കുത്തകമുതലാളിമാരായ ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ബ്രിട്ടീഷ് ഭരണാധികാരികളെയും നാടുകടത്തി…
അപ്പോള്‍ ഗാന്ധിജി ?
ഹഹഹഹ… അതവിടെ നില്‍ക്കട്ടെ.. ഞാന്‍ പറഞ്ഞു വന്നത്… ഇന്ത്യ സ്വതന്ത്ര്യയായതോടെ ബ്രിട്ടീഷുകാര്‍ നമ്മുടെ ശത്രുക്കളല്ലാതായി… അതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് അപ്രസക്തമായി… മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കുന്നതിന് നിലവില്‍ നമുക്ക് പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ ഒന്നുമില്ല…
പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ വേണ്ട… 30 ലക്ഷം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നമുക്കിറങ്ങിക്കൂടെ സഖാവേ ?
അണക്കെട്ട് പൊളിക്കാന്‍ നമ്മള്‍ ഇപ്പോള്‍ മുന്‍കൈയെടുത്താല്‍ അത് തൊഴിലാളിവിരുദ്ധവും കര്‍ഷകവിരുദ്ധവുമായിത്തീരും… അത്തരത്തിലൊരു സമീപനം നമ്മുടെ പാര്‍ട്ടിയെടുക്കണം എന്നാണോ സഖാവ് പറയുന്നത് ?
മനസ്സിലായില്ല…
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് ആരാ ?
തമിഴന്‍മാര്‍…
അവര്‍ ആ വെള്ളം ഏതെങ്കിലും വാട്ടര്‍ തീം പാര്‍ക്കിലേക്ക് അടിക്കുകയല്ല… നാലഞ്ച് ഗ്രാമങ്ങളിലെ കൃഷിഭൂമിയില്‍ ജലസേചനത്തിനാണ് ഉപയോഗിക്കുന്നത്… അതുവഴി കൃഷി പുരോഗമിക്കുകയും അനേകം കര്‍കത്തൊഴിലാളി സഖാക്കള്‍ ഉപജീവനം കഴിക്കുകയും ചെയ്യുന്നുണ്ട്…മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണം എന്നു നമ്മളാവശ്യപ്പെടുമ്പോള്‍ അത് ആ കര്‍ഷത്തൊഴിലാളികള്‍ക്ക് എതിരായിത്തീരുകയാണ്… ഇവിടെ കൃഷി മുടങ്ങിയ ഭൂമിയില്‍ കൊടികുത്തുന്ന നമ്മള്‍ അവിടെ കൃഷിനടക്കുന്ന ഭൂമിയിലെ വെള്ളം മുടക്കാന്‍ കൂട്ടുനില്‍ക്കുന്നത് തൊഴിലാളി വിരുദ്ധമല്ലേ ?
സഖാവ് വികാരം കൊള്ളുന്നത് തമിഴ്‍നാട്ടിലെ കര്‍ഷകരെപ്പറ്റിയാണ്…
താനെന്ത് അസംബന്ധമാണീപ്പറയുന്നത് ? ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് കേരളമെന്നോ തമിഴ്‍നാടെന്നോ വ്യത്യാസമില്ല… എവിടെ തൊഴിലാളിവര്‍ഗ പ്രതിസന്ധിയുണ്ടോ അവിടെയാണ് നമ്മള്‍ ഇടപെടേണ്ടത്…ഇവിടെ തൊഴിലാളിവര്‍ഗ പ്രതിസന്ധിയുള്ളത് തമിഴ്‍നാട്ടിലാണ്… താനീപ്പറഞ്ഞ 30 ലക്ഷം ആളുകളെയോര്‍ത്ത് നമ്മള്‍ ആ കര്‍ഷകര്‍ക്കു വേണ്ടി നിലപാടെടുക്കുന്നില്ല എന്നത് തന്നെ വലിയൊരു ഔദാര്യമാണ്…
അപ്പോ സഖാവേ… നമുക്ക് വോട്ടു ചെയ്യുന്ന ഈ നാട്ടിലെ ജനങ്ങളോട് നമുക്കൊരു പ്രതിബദ്ധതയില്ലേ ?
അതിനവര്‍ നമുക്കിത്തവണ വോട്ടു ചെയ്തില്ലല്ലോ… ചെയ്തിരുന്നെങ്കില്‍ നമ്മള്‍ ഭരിക്കില്ലായിരുന്നോ… മറ്റവന്മാര്‍ക്ക് വോട്ടു ചെയ്താല്‍ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന സന്ദേശം കൂടിയാണ് നമ്മള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് കൊടുക്കുന്നത്…
രാഷ്ട്രീയപരമായി നമുക്കിടപെടാന്‍ കഴിയില്ല എന്നാണ് സഖാവ് പറയുന്നത്… സാമൂഹികനീതിക്കു വേണ്ടി ഇടപെട്ടുകൂടെ… ഒരു ചെക്കനെ കോളജില്‍ നിന്നു പുറത്താക്കാന്‍ വേണ്ടി ചോരപ്പുഴയൊഴുക്കിയവരല്ലേ നമ്മള്‍ ?
സഖാവിനിപ്പോഴും കാര്യം മനസ്സിലായിട്ടില്ല…വിദ്യാഭ്യാസരംഗത്തെ സാമൂഹികനീതിയെയും ഇങ്ങനൊരു കാര്യത്തെയും തമ്മില്‍ താരതമ്യം ചെയ്യരുത്…
എത്രയോ കെട്ടിടങ്ങളും വാഹനങ്ങളും നമ്മള്‍ എറിഞ്ഞു തകര്‍ത്തിരിക്കുന്നു…അതിന്റെ പത്തിലൊന്ന് അധ്വാനം പോരെ ഈ ഡാം തകര്‍ക്കാന്‍ ?
അവിടെയും സഖാവിനു തെറ്റുപറ്റി… ഒന്ന്.മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതെങ്കിലും ക്രിസ്ത്യന്‍ മാനേജ്‍മെന്റിനു കീഴിലുള്ള സ്ഥാപനമല്ല…. രണ്ട്.പൊതുമുതല്‍ നശിപ്പിക്കരുത് എന്നു ഹൈക്കോടതി ഉത്തരവുണ്ട്.. ഹൈക്കോടതി ഉത്തരവുകളെ ബഹുമാനിക്കുക എന്നത് നമ്മുടെ പുതിയ അടവുനയമാണ്…
ഓഹോ.. അതു ഞാനറിഞ്ഞില്ല… കോടതി ഉത്തരവ് ലംഘിക്കുന്നതാണല്ലോ പാര്‍ട്ടി നയം എന്നു കരുതി വരുന്ന വഴി ഞാന്‍ പാര്‍ട്ടി ഓഫിസിനു മുന്നിലെ പോസ്റ്റിന്റെ ചുവട്ടില്‍ മൂത്രമൊഴിച്ചിട്ടാ വന്നത്…
അപ്പോ താനാണല്ലേ അവിടമെല്ലാം മുള്ളി നാറ്റിക്കുന്നത് ? കുറെക്കാലമായി ഞാനിത് സഹിക്കുന്നു ? തനിക്കത്രയ്‍ക്ക് ശങ്കയാണെങ്കില്‍ ഡിസിസി ഓഫിസിനു മുന്നിലോ ഇന്ദിരാ ഭവനു മുന്നിലോ സാധിച്ചുകൂടെ ? മേലില്‍ ഇതാവര്‍ത്തിച്ചാല്‍ തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ടി വരും..
അപ്പോള്‍ ഡാം പൊളിക്കാന്‍ നമുക്കൊന്നും ചെയ്യാനാവില്ല എന്നല്ലേ സഖാവ് പറഞ്ഞത്…ഈ ജനങ്ങളുടെ ജീവനു വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നെങ്കിലും ആലോചിച്ചുകൂടെ ?
ഹഹഹ…ഇടുക്കി,എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ നമ്മുടെ പാര്‍ട്ടിക്ക് എത്ര സീറ്റ് കിട്ടാറുണ്ട് ?
സഖാവേ !!!!
താന്‍ ഞെട്ടണ്ട… പി.സി.ജോര്‍ജ് ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി അടക്കിഭരിക്കുന്ന മേഖലയിലാണ് ഈ പറഞ്ഞ സാധനം പൊട്ടാന്‍ നില്‍ക്കുന്നത്…. അതെപ്പറ്റി ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ കെ.എം.മാണി ഒരക്ഷരം പറഞ്ഞോ ? അല്ലെങ്കില്‍ ഈ പ്രശ്നത്തില്‍ ഒരു ജനകീയസമരം നയിക്കാന്‍ അവര്‍ നമ്മളോടാവശ്യപ്പെട്ടോ ? അവിടെ നിന്നുള്ള ജനങ്ങളോ ജനപ്രതിനിധികളോ നമ്മുടെ സഖാക്കന്മാരെ കണ്ട് മുന്നിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടോ ?
പക്ഷെ, സഖാവേ… എത്രയോ പ്രശ്നങ്ങളില്‍ അങ്ങനെയാരും ആവശ്യപ്പെടാതെ നമ്മള്‍ ഇറങ്ങിയിരിക്കുന്നു…
ഈ പ്രശ്നത്തില്‍ അങ്ങനെയൊരു നിലപാട് പാര്‍ട്ടിക്കില്ല…
ആ പ്രദേശങ്ങളിലുള്ള നമ്മുടെ പ്രവര്‍ത്തകര്‍ക്കു പോലും പാര്‍ട്ടിയുടെ മൗനത്തില്‍ അതൃപ്തിയുണ്ട്… എന്താണ് നമ്മളൊരു നിലപാട് സ്വീകരിക്കാത്തതെന്ന് അവര്‍ ചോദിച്ചാല്‍… അവരോട് നാട്ടുകാര്‍ ചോദിച്ചാല്‍ നമുക്കിതൊന്നും പറയാന്‍ കഴിയില്ല… അവരോട് നമ്മളെന്തു മറുപടി പറയും ?
മുല്ലപ്പെരിയാര്‍ പൊട്ടാതെ നോക്കാന്‍ ഇവിടെ നമ്മുടെ പാര്‍ട്ടിക്കു മാത്രമേ സാധിക്കൂ എന്നു പറയുക… മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ പിറവോം പോകും എന്നോര്‍മിപ്പിക്കുക… തല്‍ക്കാലം അതുമതി !
എന്നാലും….
താന്‍ പോടോ… റീ ഇലക്ഷന്‍ കഴിഞ്ഞു കാണാം…
ലാല്‍സലാം..
ഉവ്വാ…
No comments:
Post a Comment