Monday, November 28, 2011

[www.keralites.net] തായ്‌ലന്റ് പ്രളയം: കേരളം പഠിക്കേണ്ടത് ..

 

Fun & Info @ Keralites.net


വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ബാങ്കോക്ക് ഇപ്പോള്‍ ഒരു മണലിന്റെ കോട്ടയാണ്. ദൂരെ മലകളില്‍ തുടങ്ങിയ പ്രളയം ചാവോപ്രായനദി വഴി ബാങ്കോക്കിനെ വലയം ചെയ്തിട്ട് രണ്ടാഴ്ചയിലേറെയായി. മനുഷ്യനിര്‍മ്മിതമായ പ്രതിരോധങ്ങളും അതു സംരക്ഷിക്കുന്ന പോലീസും പട്ടാളവും ഒക്കെയാണ് ബാങ്കോക്കിന്റെ ഹൃദയഭൂമിയെ പ്രളയത്തില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്.

തായ്‌ലന്റ് - ദുരന്തച്ചിത്രങ്ങള്‍

പ്രളയത്തിന്റെ പാരിസ്ഥിതികകാരണങ്ങളും പ്രളയം ഉയര്‍ത്തുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും പഠിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും എത്തിയതാണ് ഞാന്‍. ഇതുവരെ പ്രളയഭൂമിയുടെ നടുക്കായിരുന്നു. വരും ദിവസങ്ങളില്‍ ബാങ്കോക്കില്‍ തന്നെ പ്രളയം എത്തിയേക്കുമോ എന്ന സംശയങ്ങള്‍ ഉണ്ടായിരുന്നു. അനുകൂലമായ കാലാവസ്ഥയും ഗവണ്‍മെന്റ് ശക്തമായ ഇടപെടലും കാരണം ആ ആശങ്കകള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ തായ്‌ലാന്റിലെ മറ്റു ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല.

എല്ലാ ദുരന്തങ്ങളും മനുഷ്യന് ദുരിതമാണ് ഉണ്ടാകുന്നതെങ്കിലും എല്ലാ ദുരന്തങ്ങളുടെയും സ്വഭാവം ഒരുപോലെ അല്ല. ഉദാഹരണത്തിന് ഭൂമികുലുക്കം. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇത് ഉണ്ടാകുന്നത്. ഒരു മിനുട്ടിനകം എല്ലാം കഴിയുകയും ചെയ്യും. ഒരു നഗരം മുഴുവന്‍ ഇടിച്ചുനിരപ്പാക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മതി. ഇവിടെ മലയെന്നോ താഴ്‌വാരമെന്നോ മാറ്റമില്ല. ദുരന്തത്തിന്റെ വ്യാപ്തി അത് രാത്രിയോ പകലോ സ്‌കൂള്‍ സമയത്തോ സ്‌കൂള്‍ വിട്ട സമയത്തോ പ്രവര്‍ത്തിദിവസമോ അവധിദിവസമോ എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും.

പ്രളയം പക്ഷെ അങ്ങനെ അല്ല. മലയടിവാരത്തും മരുഭൂമികളിലും പെട്ടെന്ന് വരികയും പോകുകയും ചെയ്യുന്ന മിന്നല്‍ പ്രളയങ്ങള്‍ (ഫ്ലാഷ് ഫ്ലഡ്‌സ്) ഉണ്ടാകുമെങ്കിലും കൂടുതല്‍ പ്രളയങ്ങളും ദിവസങ്ങളുടെ ചിലപ്പോള്‍ ആഴ്ചകളുടെ മുന്നറിയിപ്പോടെയാണ് എത്തുന്നത്. അതുപോലെ വെള്ളം തുറന്നുപോകാനും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. പ്രളയത്തിന്റെ ഒരു ഗുണം ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും താഴ്ന്നപ്രദേശത്തെ ഉയര്‍ന്നകെട്ടിടങ്ങളില്‍ ഉള്ളവര്‍ക്കും ജീവഹാനിയോ വന്‍നഷ്ടങ്ങളോ ഉണ്ടാക്കാറില്ല എന്നതാണ്.

തായ്‌ലാന്റിലെ ഈ വര്‍ഷത്തെ പ്രളയം എന്നാണ് തുടങ്ങിയതെന്ന് കൃത്യമായി പറയാന്‍ പറ്റില്ല. കേരളം പോലെ തന്നെയുള്ള ഭൂപ്രകൃതിയും കാലാവസ്ഥയും ആണ് തായ്‌ലാന്റിലേത്. കുന്നുകള്‍, സമതലപ്രദേശങ്ങള്‍, തീരപ്രദേശം എന്നിങ്ങനെ. നമുക്ക് ജൂണില്‍ മഴയെത്തുമ്പോള്‍ അവര്‍ക്ക് അത് ഏപ്രിലിലോടെ തന്നെ എത്തിച്ചേരുന്നു. ഇത്തവണത്തെ മഴ സാധാരണയിലും കടുത്തതായിരുന്നു. മേയ്-ജൂണ്‍ മാസത്തില്‍ തന്നെ മലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിത്തുടങ്ങി. മഴപെയ്ത് ഊര്‍ന്നിറങ്ങി മണ്ണില്‍ നിറയുമ്പോഴാണ് മണ്ണിടിച്ചില്‍ രൂക്ഷമാകുന്നത്. മലയില്‍ മരമില്ലെങ്കില്‍ ഇത് കൂടുകയും ചെയ്യും. തായ്‌ലാന്റില്‍ പക്ഷെ വനനശീകരണം ഒരു വലിയ പ്രശ്‌നം അല്ല. അതുകൊണ്ടുതന്നെ മണ്ണിടിച്ചില്‍ മലകള്‍ക്ക് ഇനി വെള്ളം പിടിച്ചുനിര്‍ത്താന്‍കഴിയില്ല എന്നതിന്റെ മുന്നറിയിപ്പാണ്.

ഓഗസ്റ്റ് മാസം ആയിട്ടും മഴ കുറഞ്ഞില്ല. മാത്രമല്ല ഒന്ന് രണ്ട് ന്യൂനമര്‍ദ്ദങ്ങളും അതിനോടൊപ്പമുള്ള വമ്പന്‍ മഴകളും വന്നതോടെ സമതലങ്ങളിലുള്ള നെല്‍പ്പാടങ്ങളും പുല്‍പ്പാടങ്ങളും നിറഞ്ഞു. പുഴകളാകട്ടെ കരവിട്ട് ചെറുതായി മുകളിലേക്ക് കയറാനും തുടങ്ങി. ഇത് രണ്ടാമത്തെ മുന്നറിയിപ്പാണ്. സാധാരണഗതിയില്‍ നെല്‍പ്പാടങ്ങള്‍ക്ക് (ഇവ പണ്ട് ചതുപ്പുനിലങ്ങളോ കണ്ടല്‍കാടുകളോ ഒക്കെ ആയിരുന്നിരിക്കണം) അസാമാന്യമായി വെള്ളം പിടിച്ചുവക്കാനുമുള്ള കഴിവുണ്ട്. ഒന്നോ രണ്ടോ ആഴ്ച തുടര്‍ച്ചയായി മഴ പെയ്താലും നദികളില്‍ ഒറ്റയടിക്ക് വെള്ളം നിറയുമ്പോള്‍ പിന്നെ നദിയിലൂടെ സമുദ്രത്തില്‍ എത്തുക എന്നതേ രക്ഷയുള്ളൂ. വെള്ളപ്പൊക്കം പിന്നെ ഉണ്ടാകുമോ എന്നത് എത്രവേഗത്തില്‍ വെള്ളം നദിയിലൂടെ ഒഴുകിപ്പോകും എന്നതിനെ ആശ്രയിച്ചിരിക്കും.

Fun & Info @ Keralites.net


പുഴയിലൂടെ വെള്ളം കടലില്‍ എത്തുന്നതിന്റെ അവസാനത്തെ കടമ്പ കടലിലെ വേലിയേറ്റത്തിന്റെ അളവാണ്. വേലിയേറ്റം എല്ലാ ദിവസവും ഉണ്ടാകുമെങ്കിലും അത് ചന്ദ്രന്റെ ഭ്രമണപഥം അനുസരിച്ച് എല്ലാ മാസവും മാറുമല്ലോ. അതിന് തന്നെ ഈ വര്‍ഷം ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തിയത് ഒക്ടോബര്‍ 26-ന് ആണ്. ഈ ദിവസത്തോട് അടുത്ത് വേലിയേറ്റത്തിന്റെ അളവ് വര്‍ഷത്തില്‍ ഏറ്റവും വലുതായിരിക്കും. പുഴയിലെ വെള്ളം കടലിലേക്ക് പോവില്ല എന്നുമാത്രമല്ല കടലിലെ വെള്ളം പുഴയിലേക്ക് തള്ളിക്കയറുകയും ചെയ്യും. ഇങ്ങനെ ആണ് പ്രളയജലം ഒക്ടോബര്‍ അവസാനം ബാങ്കോക്കിനുചുറ്റും വന്നു കൂടിയത്.

ഇതൊക്കെയാണ് പ്രകൃതി പ്രതിഭാസം എങ്കിലും ഇതില്‍ പലയിടത്തും മനുഷ്യന്റെ ഇടപെടലുകള്‍ ഉണ്ട്. അതിന് നല്ലതും ചീത്തയുമായ ഫലങ്ങളും ഉണ്ട്. ഉദാഹരണത്തിന് ബാങ്കോക്കിനെ സ്ഥിരം പ്രളയത്തിലാഴ്ത്തിയിരുന്ന ചാവോ പ്രായനദിയുടെ ഉപനദികളില്‍ അണകള്‍ കെട്ടിയപ്പോള്‍ സാധാരണവര്‍ഷങ്ങളില്‍ വെള്ളത്തിന്റെ വരവ് നിയന്ത്രിക്കാനും അതു വഴി പ്രളയം കുറക്കാനും സാധിച്ചു. പക്ഷെ ഇതിന്റെ ഫലമായി ബാങ്കോക്ക് നഗരം വാസ്തവത്തില്‍ ഒരു ചതുപ്പു നിലം ആണെന്നും അവിടെ വെള്ളം പൊങ്ങുന്നത് സ്വഭാവികവും സാധാരണവും ആണെന്നും പുതിയ തലമുറ മറന്നു പോയി. പൊങ്ങിയ കുറ്റികളില്‍ രണ്ടാള്‍ പൊക്കത്തിനു മുകളിലായിരുന്നൂ നൂറു വര്‍ഷം മുന്‍പ് ബാങ്കോക്കിലെ വീടുകള്‍. ഇപ്പോള്‍ നിലത്തുനിന്നും ഒന്നോ രണ്ടോ അടി അടിത്തറയിട്ടാണ് ഇവിടെയും വീടുണ്ടാക്കുന്നത്. വെള്ളം ഒരാള്‍ പൊക്കത്തിലുയര്‍ന്നാല്‍ തന്നെ ഇന്നത് ദുരന്തമായി. പണ്ടത് പ്രളയം പോലും അല്ലായിരുന്നു. ദുരന്തങ്ങളെപ്പറ്റി സമൂഹത്തിനുള്ള ഓര്‍മ്മ സാധാരണ ഒരു തലമുറക്ക് അപ്പുറത്തേക്ക് പോകാറില്ല. അതുകൊണ്ടാണ് ലോകത്ത് പലയിടത്തും ഒരേ തരം ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സ് 1770ല്‍ ഭൂമികുലുക്കത്തില്‍ പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതായിരുന്നു. അതേ സ്ഥലം 2010-ല്‍ ഭൂമികുലുക്കം കൊണ്ടു തന്നെ വീണ്ടും തകര്‍ന്ന് രണ്ടുലക്ഷത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ദുരന്തത്തിന്റെ ചരിത്രത്തെപ്പറ്റി ആരും അധികം പഠിക്കാത്തതാണ് ഇതിന്റെ കാരണം. 2400 കൊല്ലം മുന്‍പു നടന്ന അലക്‌സാണ്ടറുടെ ഇന്ത്യന്‍ ആക്രമണം തൊട്ടുള്ള വലുതും ചെറുതുമായ യുദ്ധങ്ങളെപ്പറ്റി നാം സ്‌കൂളില്‍ പഠിക്കുന്നു. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷക്കണക്കിനു കോടി രൂപ ചിലവാക്കി പ്രതിരോധം ശക്തമാക്കുന്നു. എന്നാല്‍ ചരിത്രത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂമികുലുക്കത്തെപ്പറ്റി, വെള്ളപ്പൊക്കത്തെപ്പറ്റി ചുഴലിക്കാറ്റുകളെപ്പറ്റി ഒക്കെ നാം കുട്ടികളെ പഠിപ്പിക്കാത്തതെന്തുകൊണ്ട്? അവയില്‍ നിന്നു പ്രതിരോധിക്കാന്‍ ലക്ഷം കോടിമാറ്റിവക്കാത്തത് എന്താണ്...?

Fun & Info @ Keralites.net


കേരളത്തില്‍ നിന്നും ഒരുദാഹരണം പറയാം. കേരളത്തിലെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു 99ലെ വെള്ളപ്പൊക്കം. എന്റെ ചെറുപ്പകാലത്ത് പഴമക്കാര്‍ എന്തിനെയും പറ്റിപറയുന്ന റഫറന്‍സ് 99ലെ വെള്ളപ്പൊക്കം ആയിരുന്നു. തൊണ്ണൂറ്റൊമ്പതിലെ മഴ, തൊണ്ണൂറ്റൊമ്പതിലെ കാറ്റ്, അന്നുവെള്ളം കേറിയ ഉയരം,അന്നത്തെ ദുരിതം, പട്ടിണി എന്നു തുടങ്ങി ആളുകള്‍ ജനിച്ചത്, കല്യാണം കഴിച്ചത് നാടുവിട്ടുപോയത് എല്ലാം 99നോട് അനുബന്ധിച്ചായിരുന്നു. എന്നിട്ടും പുതിയ തലമുറ 99ലെ വെള്ളപ്പൊക്കത്തെപ്പറ്റിയോ ദുരിതത്തെപ്പറ്റിയോ പഠിക്കുന്നില്ല, കേട്ടിട്ടുമില്ല.

ഈ പറയുന്ന 99 ഇന്നത്തേക്കാള്‍ 112 വര്‍ഷം മുന്‍പ് ഉള്ള 1899 ആയിരുന്നില്ല മറിച്ച് കൊല്ലവര്‍ഷം 1099 അതായത് 1924 ആയിരുന്നു. അതുകണ്ട ആളുകളില്‍ ചിലരെങ്കിലും ഇന്നും ജീവനോടെ ഉണ്ട്. എന്നിട്ടും ഒരു സമൂഹം എന്ന നിലയില്‍ നാം 99 നെ മറന്നു കഴിഞ്ഞു. പക്ഷെ നിര്‍ഭാഗ്യകരമായ ഒരു സത്യം 99 പോലെ ഒരു വെള്ളപ്പൊക്കം ഇനിയും ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. മുന്‍പ് പറഞ്ഞപോലെയുള്ള ചില സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മതി. അത് സ്വാഭാവികമായും ചാക്രികമായും സംഭവിക്കുന്നതും ആണ്. ആഗോളതാപനം വഴിയുള്ള കാലാവസ്ഥ വ്യതിയാനവും കടല്‍ നിരപ്പിലെ സാധ്യമായ ഉയര്‍ച്ചയും ഒക്കെക്കൂടുമ്പോള്‍ അതിനുള്ള സാധ്യത കൂടിയും വരുന്നു.

99 ലെ പോലെ ഒരു വെള്ളപ്പൊക്കം കേരളത്തില്‍ ഉണ്ടായി എന്നു കരുതുക. അതായത് അന്ന് എത്ര ഉയരത്തില്‍ വെള്ളം എത്തിയോ അത്രയും ഉയരത്തില്‍ വീണ്ടും വെള്ളം എത്തുന്നു. എന്താകും സ്ഥിതി?

Fun & Info @ Keralites.net


കേരളത്തിലെ ജനസംഖ്യ 1924നെ അപേക്ഷിച്ച് നാലു മടങ്ങായി. അപ്പോള്‍ ശരാശരി വെച്ചുനോക്കിയാല്‍ അന്നത്തേക്കാള്‍ നാലു മടങ്ങ് ആളുകള്‍ ദുരിത ബാധിത പ്രദേശത്ത് ഉണ്ടാകും. പക്ഷെ അതു മാത്രമല്ല. പുഴയുടെയും കായലിന്റേയും തൊട്ടുകരയില്‍ പണ്ട് കാലത്ത് ആളുകള്‍ വീടുവെക്കുന്നത് തുലോം പരിമിതമായിരുന്നു. ഓരോ മഴക്കാലത്തും വെള്ളം പൊങ്ങുന്നതും മാലിന്യങ്ങളും പാമ്പും എന്തിന് വന്യമൃഗങ്ങള്‍വരെ പറമ്പില്‍ എത്തിച്ചേരുകയും ചെയ്യും എന്നതായിരുന്നു ഇതിനു കാരണം. എന്നാല്‍ പുഴകളില്‍ പലതും അണ കെട്ടിയതോടെ പലസ്ഥലത്തും പുഴയുടെ നടുക്കുപോലും മഴക്കാലത്ത് വെള്ളം പൊങ്ങാത്ത സ്ഥിതിയായി. അപ്പോള്‍ തേട്ടുംമുഖത്തോ ദേശത്തോ പെരിയാറിന്റെ കരയില്‍ വെള്ളം പൊങ്ങാമെന്നത് അവിടെ സ്ഥലം വാങ്ങാന്‍ വരുന്നവരും ഫ്ലാറ്റ് മേടിക്കുന്നവരും ആരും ഒന്നും ഓര്‍ക്കുന്നത് തന്നെ ഇല്ല. ക്ലോറിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയും കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറിയും എല്ലാം പുഴയുടെ ഇറമ്പത്ത് 1924-നു ശേഷം നിര്‍മ്മിക്കപ്പെട്ടിരിക്കയാണ്. എറണാകുളം നഗരത്തില്‍ ഇപ്പോള്‍ തന്നെ മഴക്കാലം ദുരിതകാലം ആണ്. ശരിയായ ഒരു വെള്ളപ്പൊക്കം വന്നാല്‍ ഇവിടുത്തെ സ്ഥിതി എന്താകും? തായ്‌ലാന്റില്‍ ഇത്തവണ വെള്ളപ്പൊക്കത്തില്‍ മരിച്ചതില്‍ പത്തു ശതമാനം ആളുകള്‍ ഷോക്കടിച്ചാണ് മരിച്ചത്. 1924 ല്‍ വൈദ്യുതി ഒരു വിഷയം അല്ലായിരുന്നു. ഇനിയുള്ള കാലത്ത് എന്താകും?

വളരെ ലളിതമായി ചെയ്യേണ്ടിയിരുന്നതും ഇനിയും ചെയ്യാവുന്നതുമായ ഒരു കാര്യം ഉണ്ട്. 99-ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ സ്ഥലങ്ങളുടെ ഒരു മാപ്പ് ഉണ്ടാക്കുക. എവിടംവരെ വെള്ളം പൊങ്ങിയോ അവിടെ ഒരു അടയാളത്തിന് എന്തെങ്കിലും സ്ഥാപിക്കും. ജപ്പാനില്‍ ഓരോ സുനാമി കഴിയുമ്പോഴും സുനാമി എത്ര ദൂരം വന്നോ അവിടെ ഒരു കല്ലുകുഴിച്ചിടാറുണ്ട്. നമ്മുടെ സര്‍വ്വേകല്ലുകള്‍ പോലെ. ഇങ്ങനെ ഉള്ളമാപ്പുകളും അടയാളങ്ങളും ഉണ്ടെങ്കില്‍ പുഴയുടെ തീരത്തോ മറ്റു സ്്ഥലങ്ങളിലോ വീടുവയ്ക്കുന്നതിന് മുന്‍പ് ആളുകള്‍ രണ്ടുവട്ടം ചിന്തിക്കും. ഫാക്ടറിയോ റിസോര്‍ട്ടോ പണിയാന്‍ അനുമതി കൊടുക്കുന്നതിന് ഗവണ്‍മെന്റും.

സ്വകാര്യ ഭവനങ്ങളും ഫാക്ടറികളും മാത്രമല്ല ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിലും ഈ അറിവ് പ്രധാനമാണ്. ദുരന്തം ഉണ്ടാകുന്ന സമയത്ത് അതിന്റെ ദുരിതം കാക്കുന്നതിന് ചിലതരം സ്ഥാപനങ്ങള്‍ പ്രത്യേകം പ്രധാനമാണ്. ലൈഫ് ലൈന്‍ സ്ഥാപനങ്ങള്‍ എന്നാണ് ഇവക്കു പറയുക. ആശുപത്രികള്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, സുകൂളുകള്‍ (ആളുകളെ മാറ്റിതാമസിപ്പിക്കാന്‍) ഇവയെല്ലാം ജീവനാഡി സ്ഥാപനങ്ങള്‍ ആണ്. ഇവ സ്ഥാപിക്കുന്നത് ദുരന്തം കുറവുള്ള സ്ഥലത്താകണം. സാധാരണ സ്ഥാപനങ്ങളേക്കാള്‍ ദുരന്തപ്രതിരോധശേഷി ഉണ്ടാകുകയും വേണം. ഭൂകമ്പത്തില്‍ ആദ്യം തന്നെ ആശുപത്രി തകര്‍ന്നു വീണാല്‍ കാലൊടിയുന്നവരെ ചികിത്സിക്കുന്നത് എവിടെയാണ്?

Fun & Info @ Keralites.net


തായ്‌ലാന്റിലെ പ്രളയം വലുതും നീണ്ടുനില്ക്കുന്നതും ആണെങ്കിലും ചില കാര്യങ്ങള്‍ എങ്കിലും ഇവിടെ നന്നായി പ്രവര്‍ത്തിച്ചു. ആവശ്യത്തിനു മുന്നറിയിപ്പുകിട്ടിയതുകൊണ്ട് ആള്‍നാശം പൊതുവെ കുറവാണ്. പരസ്പരം സഹായിക്കുന്ന സംസ്‌കാരം ഉള്ളതിനാല്‍ പ്രളയബാധിതര്‍ക്കായിട്ടുള്ള ക്യാമ്പുകളില്‍ അധികം ആളുകള്‍ ഇല്ല. എല്ലാ ഷോപ്പിംഗ് മാളിലും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ചെറിയ സംഗീത ഉത്സവങ്ങള്‍ നടത്തി ദുരന്തബാധിതര്‍ക്ക് വേണ്ടി പണം സ്വരൂപിക്കുന്നു. സംഗീതപരിപാടിയുടെ കൂടെ ടീഷര്‍ട്ടോ മറ്റു സാധനങ്ങളോ വിറ്റാണ് പണം പിരിക്കുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പരിപാടി ഇല്ലാത്തതിനാല്‍ പലയിടത്തും കാണുന്ന പോലെ ദുരന്തസമയത്ത് മോഷണമോ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചുറ്റുമുള്ള ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ബാങ്കോക്ക് നഗരത്തിന്റെ ഹൃദയഭാഗം സംരക്ഷിച്ചതിനാല്‍ എയര്‍പോര്‍ട്ട് തുറന്നിരുന്നു. ടൂറിസ്റ്റുകള്‍ കൂട്ടമായി നാടുവിട്ടുപോയില്ല. വരവ് കുറഞ്ഞെങ്കിലും വ്യവസായം തകര്‍ന്നില്ല.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment