| | ഗാനദര്‍പ്പണം ടി.പി. ശാസ്‌തമംഗലം പ്രശസ്‌ത സംവിധായകനായ പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കിയ മലയാള ചലച്ചിത്രങ്ങളില്‍ ചിലതിനെങ്കിലും വിദേശചിത്രങ്ങളുമായുള്ള ആധമര്‍ണ്യം പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ആ സാദൃശ്യം അനിഷേധ്യമായതുകൊണ്ടാവണം അതു ഖണ്‌ഡിക്കാനോ എന്തെങ്കിലും വിശദീകരിക്കാനോ അദ്ദേഹം ഒരിക്കലും തയാറായിട്ടില്ല. ചിത്രത്തിന്റെ ഇതിവൃത്തവും രംഗങ്ങളും അതേപടി എടുത്തപ്പോള്‍ ചില പാട്ടുകളും അനുകരണത്തിന്റെ അനുരണനം കേള്‍പ്പിച്ചു. ഇതിന് ഏറ്റവും നല്ല ഉദാഹരണം 'തേന്മാവിന്‍ കൊമ്പത്തി'ലെ പാട്ടുകളാണ്. അന്യഭാഷകളില്‍ പിറന്ന ചലച്ചിത്ര ഗാനങ്ങളുടെ ഈണങ്ങളുമായി അവ വന്നു നമ്മുടെ കാതുകളില്‍ വീണപ്പോള്‍, പ്രത്യേകിച്ച് അവ 'ചിട്ടപ്പെടുത്തിയ' സംഗീത സംവിധായകര്‍ സംസ്‌ഥാന പുരസ്‌കാരം നേടിയപ്പോള്‍ ഈ ലേഖകന്‍ അതിനെതിരെ പ്രതികരിക്കാന്‍ നിര്‍ബദ്ധനായി. അന്നും സംവിധായകന്‍ മൗനം പാലിച്ചതേയുള്ളൂ. പകരം സംഗീത സംവിധായകര്‍ അരയും തലയും മുറുക്കി രംഗത്തെത്തി. സത്യം തിരിച്ചറിഞ്ഞ സദസ്യരുടെ നിര്‍ത്താതെയുള്ള കൂക്കുവിളി അകമ്പടിയാക്കിക്കൊണ്ട്, ആ അപമാനംപോലും അഭിമാനമായി കരുതിക്കൊണ്ടും യാതൊരു സങ്കോചവും കൂടാതെ അവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇതിന്റെ പിന്‍തുടര്‍ച്ചയായിട്ടാണ് മലയാളം കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകനും ദേവരാഗങ്ങളുടെ രാജശില്‌പിയുമായ ജി. ദേവരാജന്‍ ഈ അനീതിക്കെതിരെ പൊരുതുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സര്‍ക്കാരില്‍നിന്നു തനിക്കു ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തിരിച്ചേല്‌പിക്കാന്‍ മുന്നോട്ടുവന്നത്. അപ്പോഴും പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ നിശബ്‌ദതയുടെ മാളത്തിലൊളിച്ചു കളഞ്ഞു. (ഇവിടെ ഒരു കാര്യം സമ്മതിക്കണം. മറ്റു ചിലരെപ്പോലെ തന്റെ തെറ്റിനെ ന്യായീകരിക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. അനുകരണാപഹരണങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തതിലൂടെ വിമര്‍ശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നു എന്ന് പ്രതീകാത്‌മകമായി അദ്ദേഹം തെളിയിക്കുകയായിരുന്നു.) 1939-ല്‍ പുറത്തുവന്ന ഹിന്ദി ചിത്രമായ 'കപല കുന്തള'യ്‌ക്കുവേണ്ടി പങ്കജ്‌മല്ലിക് ചിട്ടപ്പെടുത്തിയ ''പിയാ മിലന്‍ കോ ജാന'' എന്ന പാട്ട് അഞ്ചര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മലയാളത്തിലെത്തിയത്. 'തേന്മാവിന്‍ കൊമ്പ'ത്തിലെ ''എന്തേ മനസിലൊരു നാണം'' എന്ന പാട്ടുകേട്ട് പങ്കജ് മല്ലിക്കിനെയും അദ്ദേഹത്തിന്റെ പഴയ പാട്ടിനെയും അറിയാവുന്ന മലയാളികളാണ് യഥാര്‍ത്‌ഥത്തില്‍ നാണിച്ചുപോയത്. രണ്ട് പാട്ടുകള്‍ക്കും തമ്മിലുള്ള സാമ്യം ഞാന്‍ എടുത്തുകാട്ടിയതിന് മറുപടിയായി അങ്ങനെയെങ്കിലും ഹിന്ദിയിലെ ആ സംഗീത സംവിധായകന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടല്ലോ എന്ന മുടന്തന്‍ ന്യായമാണ് 'തേന്മാവിന്‍ കൊമ്പത്തി'ന്റെ സംഗീത സംവിധായകരില്‍നിന്ന് അന്നുണ്ടായത്. ഇതേ ചിത്രത്തിലെ ''നിലാപ്പൊങ്കലായേലോ'' എന്ന ഗാനമാകട്ടെ ബംഗാളിലെ നാടന്‍പാട്ട് കടംകൊണ്ടതാണെന്ന് അസന്ദിഗ്‌ദ്ധമായി അന്നേ തെളിയിക്കപ്പെട്ടുകഴിഞ്ഞു. ''മാനം തെളിഞ്ഞേ നിന്നാല്‍'' എന്ന ഗാനമുള്‍പ്പെടുന്ന 'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രം പ്രദര്‍ശനത്തിന് വന്നത് 1994-ല്‍ ആണ്. എന്നാല്‍ ഒരു വര്‍ഷം മുമ്പിറങ്ങിയ 'മറുപടിയും' എന്ന ചിത്രത്തിനുവേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ''ആശൈ അധികം'' കേട്ടവര്‍ മാനം തെളിഞ്ഞാലുമില്ലെങ്കിലും നെറ്റി ചുളിക്കും. ആവര്‍ത്തനം ആരാണ് ഇഷ്‌ടപ്പെടുക? 'മേഘ'ത്തിലെ ''ഞാനൊരു പാട്ടുപാടാം'' എന്ന പാട്ട് മലയാളികളില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല. കാരണം 1965-ല്‍ ഇറങ്ങിയ ഹിന്ദി ചിത്രമായ 'വക്‌ത്' സമ്മാനിച്ച ''യേ മേരി സൊഹ്‌റ ജബീല്‍'' എന്ന ഗാനം കേരളീയര്‍ക്ക് പണ്ടേ പ്രിയപ്പെട്ടതാണ്. 'വെട്ട'ത്തിലെ ''മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി'' എന്ന പാട്ടിന്റെ സ്‌ഥിതിയും ഇതുതന്നെ. ''കല്‍ഹോ നഹോ'' എന്നു തുടങ്ങുന്ന ഗാനം അങ്ങനെ പേരുള്ള ചിത്രത്തില്‍ കേട്ടിട്ടുള്ളവര്‍ക്ക് പകര്‍പ്പ് മടുപ്പുളവാക്കും. അറബി ഗാനമായ ''ഹബിബി യാ നൂര്‍ലായ്‌നി'' മലയാള ചിത്രമായ 'ചന്ദ്രലേഖ'യില്‍ ''ഹബീബി ഹബീബി'' (''മാനത്തെ ചന്ദിരനൊത്തൊരു....'' എന്നാരംഭിക്കുന്ന ഗാനം) എന്ന് പുനരവതരിപ്പിക്കപ്പെട്ടു. 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന ചിത്രത്തിലെ ''ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്ന'' എന്ന പാട്ട് അംഗീകരിക്കാന്‍ കഴിയുമായിരുന്നു മുമ്പ് 'മുറപ്പെണ്ണ്' എന്ന ചിത്രവും അതില്‍ 'കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ'' എന്ന ഗാനവും ഉണ്ടാകാതിരുന്നെങ്കില്‍. 'മര'ത്തിലെ ''പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ'' എന്ന പാട്ട് അതിപ്രശസ്‌തമാണ്. അപ്പോള്‍ ആ ഗാനത്തിന്റെ വിദൂരസാദൃശ്യമുണ്ടായാല്‍പോലും ആരും പുതിയ പാട്ടിനെ അംഗീകരിക്കുകയില്ല. 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലെ ''കസവിന്റെ തട്ടമിട്ടു'' എന്ന ഗാനത്തിനു വന്നുപെട്ട ദുര്യോഗം മാറ്റൊലിയായി മാറി എന്നതത്രേ. 'രാക്കുയിലിന്‍ രാഗസദസ്സി'ലെ, ''പൂമുഖവാതില്‌ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ ദുഃഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുമ്പിനാല്‍ പുഷ്‌പങ്ങളാക്കുന്നു ഭാര്യ'' എന്ന ഗാനത്തിന്റെ കാര്യമാണ് ഏറെ കഷ്‌ടം. രചനയും സംഗീതവും മൗലികമല്ലാത്ത ഗാനമാണിത്. കെ.ജി. സേതുനാഥ് വര്‍ഷങ്ങള്‍ക്കുമുമ്പ് ആകാശവാണിക്കുവേണ്ടി എഴുതിയ, ''വാതില്‌ക്കലെത്തുന്ന നേരം ചിരിക്കുന്ന വാസന്തിപ്പൂവാണു ഭാര്യ ദുഃഖംവരുമ്പോള്‍ തലോടിമയക്കുന്ന മൈക്കണ്ണിയാളാണു ഭാര്യ'' എന്ന വരികളുടെ നഗ്‌നമായ അനുകരണമാണ് മുകളില്‍ എടുത്തു ചേര്‍ത്ത ഗാനം. ഈ രണ്ട് പാട്ടുകളും സ്വരപ്പെടുത്തിയത് ഒരാളാണ്. അതാകട്ടെ 'നിത്യകന്യക'യിലെ, ''കണ്ണുനീര്‍മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍'' എന്ന ഗാനത്തിന്റെ ഈണവുമായി താദാത്‌മ്യമുള്ളതാണുതാനും. പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രമാണ് 'അറബിയും ഒട്ടകവും പി. മാധവന്‍നായരും'. പി. അശോക്‌കുമാര്‍, നവീന്‍ ശശിധരന്‍ എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രം വരാനിരിക്കുന്നതേയുള്ളൂ. അറബിനാടുകളില്‍ ഇതേ പേരില്‍ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഈ പടം അവിടെ ചെല്ലുമ്പോള്‍ 'ഒരു മരുഭൂമിക്കഥ' എന്നു പേരുമാറ്റി പ്രദര്‍ശിപ്പിക്കുമെന്ന വാര്‍ത്തയും ഈ അടുത്ത കാലത്ത് പത്രപംക്‌തികളില്‍ വന്നു. ഈ ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല, സന്തോഷ്‌വര്‍മ, രാജീവ് ആലുങ്കല്‍ എന്നിങ്ങനെ മൂന്നു പേരാണ് ഗാനരചന നിര്‍വഹിച്ചത്. സംഗീതം പകര്‍ന്നത് എം.ജി. ശ്രീകുമാര്‍ ആണ്. അദ്ദേഹം മുമ്പും ചില ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം നല്‌കിയിട്ടുണ്ട്. 'താണ്‌ഡവ'മാണ് അക്കൂട്ടത്തില്‍ വന്ന ആദ്യചിത്രം. ചതുരംഗം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഒരു നാള്‍ വരും, പെണ്‍പട്ടണം, സകുടുംബം ശ്യാമള, സര്‍ക്കാര്‍ കോളനി എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും പിന്നീട് അദ്ദേഹം ചിട്ടപ്പെടുത്തി. 'അറബിയും ഒട്ടകവും പി. മാധവന്‍നായരും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പ്രചരിച്ചു തുടങ്ങിയിട്ടേയുള്ളൂ. ''മാധവേട്ടനെന്നും മൂക്കിന്‍ തുമ്പിലാണ് കോപം ചുമ്മാ കൂടെ നിന്നുതന്നാല്‍ ഞങ്ങള്‍ പൊന്നുകൊണ്ടു മൂടാം അറബിയില്‍ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെണ്‍ ഏതോ വിസകളഞ്ഞ സിംബം ചലിക്കും വിലകുറഞ്ഞ ക്യാബോ'' എന്ന ഗാനം കേള്‍ക്കുന്ന ആരുമൊന്നു മൂക്കത്ത് വിരല്‍വച്ചുപോകും. ബിച്ചു തിരുമല എഴുതിയ വരികളുടെ അഭംഗികൊണ്ടോ ഗാനം ആലപിച്ച ഉജ്‌ജയിനി, റഹ്‌മാന്‍, എം.ജി. ശ്രീകുമാര്‍ എന്നിവരുടെ താളപ്പിഴയോ ശ്രുതിഭംഗമോകൊണ്ടോ അല്ല ആസ്വാദകര്‍ അന്‌ധാളിച്ചുപോകുന്നത്. അമര്‍ ദിയാബ് എന്ന ഈജിപ്‌തിലെ ഗായകന്‍ പാടിയ, ഏറെ ജനകീയമായ അറബി ആല്‍ബത്തിലെ ഗാനം കേട്ടിട്ടുള്ളവര്‍ക്ക് മാധവേട്ടന് എന്നും മൂക്കിന്‍ തുമ്പിലാണ് കോപമെങ്കിലും ആ അപഹാരക സ്വഭാവത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. മെഡിറ്ററേനിയന്‍ സംഗീതത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അമ്പതു വയസുകാരന്‍ ഇന്നു ലോകമൊട്ടാകെ യശസ്സാര്‍ന്ന വ്യക്‌തിയാണ്. ഗായകന്‍, സംഗീത സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുപോരുന്ന അദ്ദേഹം 1983-ല്‍ ആണ് 'യാ തരീഖ്' എന്ന പ്രഥമ സംഗീത ആല്‍ബം പുറത്തിറക്കിയത്. ഇതിനകം അഞ്ചു കോടി ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ലോകമെമ്പാടും വാങ്ങിക്കഴിഞ്ഞു. കടലുകള്‍പ്പുറത്തുനിന്നുള്ള ആല്‍ബത്തിലെ ഗാനമാകുമ്പോള്‍ ആരും തിരിച്ചറിയില്ലെന്ന ധാരണയിലാവാം ഈ ചോരണം നടത്തിയത്. എന്നാല്‍ കാലം പുരോഗമിക്കുകയും ഇന്റര്‍നെറ്റും മറ്റും വ്യാപകമാവുകയും ചെയ്‌തതോടെ ഏത് അപഹരണവും തൊണ്ടി സഹിതം പിടിക്കപ്പെടുമെന്ന് മനസിലാക്കാനുള്ള വിവേക ബുദ്ധിപോലും ഇല്ലാതെ പോയത് കഷ്‌ടമായിപ്പോയി. പടം പ്രദര്‍ശനത്തിനുവരുന്ന അവസരത്തില്‍ സംവിധായകനും സംഗീതസംവിധായകനും താരങ്ങളും ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഗാനങ്ങളുടെ സൃഷ്‌ടിക്കു പിന്നിലെ തീവ്രപരിശ്രമത്തെക്കുറിച്ച് വാചാലരാകുമ്പോള്‍ പരിശ്രമം സൃഷ്‌ടികര്‍മത്തിനോ അപഹരണ കര്‍മത്തിനോ എന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. (അമര്‍ ദിയാബിന്റെ ഏത് അറബിഗാനമാണ് മലയാളം പാട്ടായി മാറിയത് എന്നറിയാന്‍ വായനക്കാര്‍ക്ക് അതിയായ താല്‍പര്യം കാണുമെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് അറബിഭാഷ വശമില്ലാത്തതിനാല്‍ വരികള്‍ ഉദ്ധരിക്കാന്‍ നിര്‍വഹമില്ലാതെ വന്നിരിക്കുന്നു. പ്രിയപ്പെട്ട വായനക്കാര്‍ അക്കാര്യത്തില്‍ എന്നോട് ക്ഷമിക്കുക. ആവശ്യക്കാര്‍ക്ക് 'യു ട്യൂബി'ല്‍ പരതിയാല്‍ യഥാര്‍ത്ഥ ഗാനം കേള്‍ക്കാവുന്നതേയുള്ളൂ.) കാവ്യനഭസിലെ വെള്ളിനക്ഷത്രം മഹാകവി ചങ്ങമ്പുഴയുടെ 'രമണന്‍' ചലച്ചിത്രമാവുകയും ആ കൃതിയിലെ ഏതാനും വരികള്‍ തെരഞ്ഞെടുത്ത് സന്ദര്‍ഭോചിതമായി ഗാനങ്ങളാക്കി ഉപയോഗിക്കുകയും ചെയ്‌തതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്മശതാബ്‌ദികൊണ്ടാടുന്ന ഈ സമയത്ത് ചിന്തിക്കുന്നത് ഔചിത്യമായിരിക്കുമെന്ന് കരുതുന്നു. 1948-ല്‍ വെറും മുപ്പത്തേഴാമത്തെ വയസില്‍ ഈ ലോകംവിട്ട് പോകേണ്ടിവന്ന കവിയാണ് അദ്ദേഹം. മലയാള ചലച്ചിത്രമേഖല പുഷ്‌ടിപ്പെട്ടിരുന്ന കാലത്ത് അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ വയലാര്‍ രാമവര്‍മയുടെയോ പി. ഭാസ്‌കരന്റെയോ സ്‌ഥാനത്ത് ഗാനരചനാരംഗത്തെ തലതൊട്ടപ്പനായി ചങ്ങമ്പുഴ കൃഷ്‌ണപിള്ള വിരാജിക്കുമായിരുന്നു. ചലച്ചിത്രത്തിനുവേണ്ടി എഴുതിയതല്ലെങ്കിലും 'രമണനി'ലെ ഗാനങ്ങള്‍ എത്ര അര്‍ത്‌ഥവത്തും ചിന്തോദ്ദീപകവുമാണെന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആ ഗാനങ്ങള്‍ വിജയിച്ചതിന്റെ ഒരു പ്രധാന കാരണം അവയ്‌ക്ക് കെ. രാഘവന്‍ കൊടുത്ത സംഗീതമാണ്. 1967 ജനുവരി 6-ാം തീയതിയാണ് 'രമണന്‍' കേരളത്തിലെ പ്രദര്‍ശനശാലകളില്‍ എത്തിയത്. 'രമണന്‍' എന്ന കാവ്യം നെഞ്ചോടു ചേര്‍ക്കുകയും കാണാപ്പാഠമാക്കുകയും ചെയ്‌ത ആസ്വാദകര്‍ ചിത്രത്തിനെന്നപോലും ഗാനങ്ങള്‍ക്കും വന്‍വരവേല്‌പ് നല്‌കി. കെ.പി. ഉദയഭാനു, പി. ലീല, ശാന്താ പി. നായര്‍, കരിമ്പുഴ രാധ എന്നിവര്‍ പാടിയ പത്തു ഗാനങ്ങളും ഏറ്റുപാടാന്‍ ആളുണ്ടായി. അവയില്‍ ചിലത് കാലത്തെ അതിജീവിച്ച് ഇന്നും പുതുമ നശിക്കാതെ മുന്‍നിരയില്‍തന്നെ നിലകൊള്ളുന്നു. ''കാനനഛായയിലാടുമേയ്‌ക്കാന്‍ ഞാനും വരട്ടയോ നിന്റെകൂടെ പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടെമറന്നൊന്നും ചെയ്‌തുകൂടാ'' എന്ന യുഗ്‌മഗാനമാണ് കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായത്. നായികാനായകന്‍മാരുടെ പ്രണയത്തിന്റെ ആഴം നമുക്കവിടെ വായിച്ചെടുക്കാം. പാടെമറന്ന് നമ്മളൊന്നും ചെയ്‌തുകൂടെന്ന ഓര്‍മപ്പെടുത്തലിലൂടെ ചങ്ങമ്പുഴ ഈ കൃതി എഴുതിയ കാലയളവിലെ ജീവിത സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. ''ഇന്നു മുഴുവന്‍ ഞാനേകനായി കുന്നിന്‍ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും'' എന്ന ഉറപ്പുകൊടുത്തിട്ടാണ് നായികയെ വിട്ട് നായകന്‍ കാനനഛായയിലേക്ക് ആടുമേയ്‌ക്കാന്‍ പുറപ്പെടാനൊരുങ്ങുന്നത്. ചങ്ങമ്പുഴ തുടങ്ങിവച്ച കാവ്യസംസ്‌കൃതിയുടെ പിന്‍തുടര്‍ച്ചയാണ് ചലച്ചിത്രഗാനസാഹിത്യമെന്നു പറയാം. അതിനെ വയലാര്‍ രാമവര്‍മയും പി. ഭാസ്‌കരനും ഒ.എന്‍.വി. കുറുപ്പും മറ്റും പോഷിപ്പിക്കുകയായിരുന്നു. ''വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയെന്യേ മാമകചിത്തത്തിലന്നും ഇല്ല മാദകവ്യാമോഹമൊന്നും'' എത്ര സമീചീനമായാണ് കവി വരികള്‍ ചമച്ചിരിക്കുന്നതെന്നു നോക്കുക. സ്വന്തം ചിത്തത്തില്‍ മാദകവ്യാമോഹമൊന്നുമില്ല എന്ന ഏറ്റുപറച്ചില്‍ പാടുന്ന കഥാപാത്രത്തിന്റെ ഹൃദയം കണ്ടറിഞ്ഞു കുറിച്ചതാണ്. 'രമണന്‍' എന്ന ചിത്രത്തിനുവേണ്ടി സംവിധായകന്‍ നിഷ്‌കര്‍ഷിച്ച് എഴുതിയതുപോലെയുണ്ട് ഓരോ ഗാനവും. കഥാകാവ്യമെന്ന നിലയ്‌ക്ക് 'രമണന്‍' രചിക്കപ്പെട്ടതുകൊണ്ടായിരിക്കണം അത്തരമൊരു സൗഭാഗ്യം വന്നുചേര്‍ന്നത്. ''ഏകാന്ത കാമുകാ നിന്റെ മനോരഥം ലോകാപവാദത്തിന്‍ കേന്ദ്രമായി കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം എത്രയായാലും മനുഷ്യരല്ലേ?'' ഏകാന്ത കാമുകാ എന്ന സംബോധനപോലും എത്ര ഉദാത്തമാണ്. കവി എന്നും കവിതന്നെ നമ്മെ ഓര്‍മപ്പെടുത്തുന്നു ഈ ഗാനങ്ങള്‍. ഒരു കാര്യം പറയാം. ഈ വരികള്‍ മറ്റാരെങ്കിലുമായിരുന്നു ചിട്ടപ്പെടുത്തിയതെങ്കില്‍ ഇത്ര നന്നാവുമായിരുന്നോ എന്നു ഞാന്‍ ആലോചിച്ചുപോകുന്നു. കെ. രാഘവന്റെ പ്രത്യേക ശ്രദ്ധ വരികളില്‍ പതിഞ്ഞു എന്നു പറയാന്‍ സന്തോഷമുണ്ട്. ഈ ഗാനങ്ങള്‍ കേള്‍ക്കാന്‍ ചങ്ങമ്പുഴയ്‌ക്ക് ഭാഗ്യമില്ലാതെ പോയല്ലോ എന്ന ദുഃഖം എന്നെ എന്നും അലട്ടാറുണ്ട്. ഈ വരികള്‍ കുറിക്കുമ്പോള്‍ എന്നില്‍ നിറഞ്ഞുനില്‌ക്കുന്ന വികാരം മറ്റൊന്നല്ല. |
No comments:
Post a Comment