ഇത് ഒരു ജനതയുടെ പ്രതിഷേധമാണ്.കേരളത്തിന്റെ അഭിമാനമായ കേന്ദ്രമന്ത്രിമാരെ, നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനും കരണത്ത് ഓരോന്നു പൊട്ടിക്കാനും ഈ ജനങ്ങള്‍ അവസരം കാത്തിരിക്കുനന്നു. നിങ്ങള്‍ വരണം ഇടുക്കിയിലേക്ക്.നല്ല ഉറപ്പുണ്ടെങ്കില്‍ വണ്ടിപ്പെരിയാറിലേക്ക്.ഓരോ കാറ്റിനെയും ഡാം പൊട്ടി വരുന്ന പ്രളയജലമെന്നു ധരിച്ച് ഏങ്ങലടിച്ച് കുഴഞ്ഞു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെയും പ്രളയജലം വിഴുങ്ങും മുമ്പ് കുഞ്ഞുങ്ങളെ തലയിലേറ്റി വെള്ളത്തിനു മീതെ പൊന്തിക്കിടക്കാന്‍ വേണ്ടി മാത്രം രാത്രിയില്‍ ഉറങ്ങാതിരിക്കുന്ന ആയിരക്കണക്കിനു അച്ഛന്മാരുടെയും അമ്മമാരുടെയും നാട്ടിലേക്ക്.
ദില്ലിയിലെ തണുപ്പില്‍ സ്വെറ്റര്‍ പുതച്ച് ആഗോളരാഷ്ട്രീയം ചര്ച്ച ചെയ്യുമ്പോള്‍ വാ പിളര്‍ന്നു നില്‍ക്കുന്ന മരണപ്രവാഹത്തിനു മുന്നില്‍ പിടച്ചിലോടെ ജീവിക്കുന്ന ഒരു ജനതയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാവില്ല.ഈശ്വരനുണ്ടെങ്കില്‍,ചത്തുപണ്ടാരമടങ്ങുന്നതിനു മുമ്പ് ഒരിക്കലെങ്കിലും നിങ്ങളും അതറിയും.കാരണം, ഒന്നോ രണ്ടോ പേരുടെയല്ല, നിങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിക്കുകയും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്ത അരക്കോടി മനുഷ്യരുടെ മരണവെപ്രാളത്തെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്.
എ.കെ.ആന്റണിയുടെയോ മുല്ലപ്പള്ളി രാമചന്ദ്രന്റെയോ ഇ.അഹമ്മദിന്റെയോ ഒന്നും മണ്‍ഡലങ്ങള്‍ക്കു മുല്ലപ്പെരിയാര്‍ ഡാം ഒരു ഭീഷണിയല്ല. എന്നാല്‍,ഈ ഭീഷണിയ്‍ക്കു കീഴില്‍ മരണം മുന്നില്‍ കണ്ട് ഉറക്കമില്ലാതെ കഴിയുന്ന ജനങ്ങളുടെ ശാപം നിങ്ങള്‍ക്കു വലിയ ഭീഷണി തന്നെയാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനമയം നടത്താന്‍ കേരളത്തിന് ആകെയുള്ള ശക്തികേന്ദ്രങ്ങള്‍ നിങ്ങളാണ്. അരക്കോടി മലയാളികളുടെ നിലവിളി കേട്ട് ആന്റണി പ്രതികരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.കൂടുതല്‍ ഉറക്കെ നിലവിളിച്ചാല്‍ രാജി വച്ച് ഒളിവില്‍ പോകുമെന്നും അറിയാം.
എന്നാല്‍,ഒരു ജനതയുടെ ആത്മസാക്ഷാത്‍കാരമായ ഇ.അഹമ്മദിന് താന്‍ കേരളത്തിന്റെ മാത്രം കേന്ദ്രമന്ത്രിയല്ല എന്നു പറയാന്‍ എങ്ങനെ കഴിയുന്നു ? അഹമ്മദ് സാഹിബിന്റെ വിശാലമായ ഈ കാഴ്‍ചപ്പാട് നല്ലതാണ്, പക്ഷെ, ഇത്തരമൊരവസരത്തില്‍ ഒരു ജനതയെ കുരുതി കൊടുക്കാന്‍ കൂട്ടുനിന്നുകൊണ്ടാവേണ്ടിയിരുന്നില്ല ഈ ഒളിച്ചോട്ടം.പക്ഷെ, നന്നായി,ഇവനെയൊക്കെ മനസിലാക്കാന്‍ കഴിഞ്ഞല്ലോ. എന്‍ഡോസള്‍ഫാന്‍ നല്ലതാണ് എന്നാവര്‍ത്തിച്ചുകൊണ്ടിരുന്ന കെ.വി.തോമസ് വായ തുറക്കാതിരിക്കട്ടെ എന്നേ പ്രാര്‍ഥനയുള്ളൂ.
പട്ടി പ്രസവിച്ചതു മുതല്‍ ആന ചിന്നം വിളിച്ചതുവരെയുള്ള കാര്യങ്ങള്‍ക്ക് പ്രതികരിക്കുകയും പത്രമോഫീസുകളിലേക്ക് ഫാക്‍സ് പ്രവാഹമൊരുക്കുകയും ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാനം ഇത്ര വലിയൊരു പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്ര നെറികെട്ട രീതിയില്‍ ഒഴിഞ്ഞുമാറാന്‍ എങ്ങനെ സാധിക്കുന്നു എന്നത് ആശ്ചര്യജനകമാണ്. നിയമവും സാങ്കേതികത്വവും ചട്ടവും വകുപ്പുകളും നിങ്ങളെയും ഭരണകൂടത്തയും വിശ്വസിക്കുന്ന ജനങ്ങളുടെ ജീവനെക്കാള്‍ വലുതാണെന്നു ഭാവിക്കുന്ന ഒരു ഭീരുവിനെപ്പോലെയാണ് മുല്ലപ്പള്ളി സംസാരിക്കുന്നത്. ഡാം ദുരന്തമുണ്ടായാല്‍ അതില്‍ അനുശോചിച്ചുകൊണ്ട് പത്രമോഫീസുകളിലേക്ക് അദ്യത്തെ ഫാക്‍സ് അയക്കുന്നത് മുല്ലപ്പള്ളിയായിരിക്കും എന്നതില്‍ സംശയമില്ല.
സാമൂഹികനീതിക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാവുന്ന യുവജനസംഘടനകള്‍ക്കും അവകാശങ്ങള്‍ നേടിയെടുക്കാന്‍ എത്ര വലിയ പ്രക്ഷോഭത്തിനും തയ്യാറാവുന്ന മതസംഘടനകള്‍ക്കും മാനുഷികനീതിയോടും ജീവിക്കാനുള്ള അവകാശത്തോടും ഇത്ര വെറുപ്പാണെന്നത് അമ്പരപ്പിക്കുന്ന തിരിച്ചറിവാണ്.കസേരകള്‍ക്കു വേണ്ടി മാത്രം ജീവിക്കുകയും മനുഷ്യരെ വോട്ടുകളായി മാത്രം കാണുകയും ചെയ്യുന്ന നേതാക്കന്മാരെന്നു വിളിക്കപ്പെടാനാഗ്രഹിക്കുന്ന രാഷ്ട്രീയശവങ്ങളെ പുഴുവരിക്കുന്നതിന്റെ ശിക്ഷ,അതാണ് ഈ ജനങ്ങളുടെ തലയ്ക്കു മുകളിലെ ജലബോംബ്.
തെല്ലും ബഹുമാനം ബാക്കി വയ‍്ക്കാതെ പറയുകയാണ്.ഇവിടൊരു ദുരന്തമുണ്ടായാല്‍ പൊതുജനം നിങ്ങളെ വിചാരണ ചെയ്യുന്നത് നാവുകൊണ്ടായിരിക്കില്ല. ഈ ദുരന്തം കണ്ണില്‍പ്പെടാത്ത പ്രധാനമന്ത്രിയും സഹമന്ത്രിമാരും ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് അപ്പോള്‍ വിസ്മയിക്കും. അരക്കോടി ചത്താലും കസേര നിലനില്‍ക്കണം എന്ന നിലപാടിലുറച്ചു നില്‍ക്കുന്ന നിങ്ങളെപ്പറ്റി ലോകം അറിയണം.ലോകചരിത്രത്തിലെ ഏറ്റവും നെറികെട്ട,ജനവഞ്ചകരും സ്വാര്‍ഥരുമായ ജനപ്രതിനിധികളെന്ന പേരില്‍ നിങ്ങളെ ഞങ്ങള്‍ ചരിത്രത്തിലെഴുതിച്ചേര്‍ക്കും.എന്നെങ്കിലും വരും നിങ്ങള്‍,വോട്ടു ചോദിച്ച് ഞങ്ങളുടെ വീട്ടുപടിക്കല്‍… അതെത്ര കാലം കഴിഞ്ഞായാലും ഈ തീയണയാതെ ഞങ്ങള്‍ മനസ്സില്‍ ഊതിക്കത്തിച്ചുകൊണ്ടിരിക്കും,മനസ്സില്‍ വച്ചോ മന്ത്രി ശവങ്ങളേ.
No comments:
Post a Comment