മഴ വരുമോ? കാക്കയും പാറ്റയും മുന്നറിയിപ്പ് തരും
-എം.കെ. കൃഷ്ണകുമാര്‍
തിരുവനന്തപുരം: മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന കാലാവസ്ഥാ പ്രവചനം തമാശയായി മാറിയ കേരളത്തിന് ആശ്വസിക്കാന്‍ പ്രകൃതിയില്‍നിന്ന് ചില വിവരങ്ങള്‍. പരമ്പരാഗത വിശ്വാസങ്ങളില്‍ ശാസ്ത്രീയത ഉണ്ടെന്നും അവയെ ഉപയോഗിക്കേണ്ട സമയമായെന്നും വെളിപ്പെടുത്തുന്നു പുതിയ പഠനങ്ങള്‍.
മരങ്ങളില്‍ വളരെ ഉയരത്തില്‍ കാക്കകള്‍ കൂടുകൂട്ടുന്നത് കനത്ത മഴക്കാലം വരുന്നതിന്റെ സൂചനയാണ്. ഉറുമ്പുകള്‍ അവയുടെ മുട്ടകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങുന്നതും മണ്‍പാറ്റകള്‍ വരുന്നതും മഴയുടെ മുന്നറിയിപ്പുതന്നെ. മഴ ശക്തിപ്പെടാന്‍ തുടങ്ങുമ്പോള്‍ ചിലയിനം കറുത്ത ഒച്ചുകള്‍ പ്രത്യക്ഷപ്പെടും.
തവള കരഞ്ഞാല്‍ മഴ വരുമെന്ന വിശ്വാസംപോലെ ഈ വിശ്വാസങ്ങളും പ്രാധ്യാന്യമുള്ളതാണെന്നു കണ്ടെത്തിയത് ഡല്‍ഹിയിലെ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിട്യൂട്ടിന്റെ നിരീക്ഷണങ്ങളാണ്. ഇതുസംബന്ധിച്ച പഠനങ്ങള്‍ ഇവിടെ മുന്നേറുകയാണ്. ഈ ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. കെ. ശ്രീലക്ഷ്മിയാണ് കാലാവസ്ഥാ പ്രവചനത്തിലെ പരമ്പരാഗത അറിവുകളുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞത്. പരമ്പരാഗത അറിവുകളെ അന്ധവിശ്വാസങ്ങളാക്കി മാറ്റിനിര്‍ത്തുന്ന സമീപനമാണ് ആധുനിക ശാസ്ത്രത്തിന്‍േറതെന്നും ആ അറിവുകളെ വിലയിരുത്താന്‍ ശ്രമിക്കുന്നില്ലെന്നും ശ്രീലക്ഷ്മി 'മാതൃഭൂമി'യോട് പറഞ്ഞു.
പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാന്‍ ജീവികള്‍ക്ക് കഴിയും. അവ സൂക്ഷ്മമായി അതിനോട് പ്രതികരിക്കുകയും ചെയ്യും. പഴയകാല കര്‍ഷകര്‍ ഇത്തരം വിവരങ്ങള്‍ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വിലയിരുത്തുകയോ രേഖപ്പെടുത്തുകയോ ചെയ്യാന്‍ ആധുനിക സമൂഹം ശ്രമിച്ചിട്ടില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഇതൊരു വീഴ്ചയായികണ്ട് ഐ.പി.സി.സി. (ഇന്‍റര്‍ ഗവണ്മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) 2014-ലെ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രാദേശികമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പ്രാധാന്യമുണ്ട്. ഒരിടത്ത് മഴ പെയ്യുമ്പോള്‍ തൊട്ടടുത്ത് മഴയില്ലാത്ത അവസ്ഥ കാണാം. ഓരോ വാര്‍ഡിനും ഓരോ കാലാവസ്ഥ എന്ന സ്ഥിതി. ഈ സാഹചര്യത്തില്‍ ശ്രീലക്ഷ്മിയുടെ നിരീക്ഷണങ്ങള്‍ക്ക് കേരളത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് കാലാവസ്ഥാ വ്യതിയാന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ ശാസ്ത്രജ്ഞര്‍ വിലയിരുത്തി.
ഗുജറാത്തില്‍ ഇത്തരം അറിവുകളെ സമാഹരിച്ച് വിലയിരുത്തിയപ്പോള്‍ അവ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നു തെളിഞ്ഞിട്ടുണ്ട്. ചൈനയില്‍ ഭൂചലനത്തിന്റെ മുന്നറിയിപ്പായി ജീവികളുടെ പ്രതികരണങ്ങളെ വിലയിരുത്തുന്നു. 1966-ല്‍ വടക്കന്‍ ചൈനയില്‍ ഭൂചലനത്തിനു മുമ്പ് ഒരു ഗ്രാമത്തിലെ നായകളെല്ലാം കുഞ്ഞുങ്ങളെയുംകൊണ്ട് അവിടെനിന്ന് രക്ഷപ്പെട്ടതായി പറയുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ആ ഗ്രാമം. 1969-ല്‍ കടല്‍ജീവികളുടെ അസാധാരണ പെരുമാറ്റം ഭൂചലനത്തിന്റെ മുന്നറിയിപ്പായിരുന്നു. സംഭവത്തിന് 24 മണിക്കൂര്‍ മുമ്പായിരിക്കും ജീവികളുടെ പ്രതികരണങ്ങള്‍.
പക്ഷികളും പ്രാണികളും കൂടുതല്‍ ഭക്ഷണം കരുതിവെക്കുന്നതായി കണ്ടാല്‍ കനത്ത മഞ്ഞോ മഴയോ വരുമെന്നതിന്റെ സൂചനയാണ്.
ഭൂമിയിലെ വൈദ്യുതകാന്തിക മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന 'സെന്‍സറുകള്‍' പല ജീവികളിലും ശക്തമായതാവാം ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
No comments:
Post a Comment