വീട് നിര്മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്?
കെട്ടിടം, വീട് എന്നിവ നിര്മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് (3.11.2007ലെ 66500/RAI/07/ തസ്വഭവ/നമ്പര്‍ സര്‍ക്കുലര്‍). കെട്ടിടനിര്മാണ ചട്ടങ്ങള്‍, ടൗണ്‍ പ്ലാനിങ് സ്കീമുകള്‍, ഹെറിറ്റേജ് സോണ്‍, തീരദേശ പരിപാലനനിയമം തുടങ്ങിയ നിയന്ത്രണ നിയമങ്ങളെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലാതെ ഭൂമി വാങ്ങുന്നതു മൂലം നിരവധി പേര് കബളിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. താഴെപ്പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
1. വാങ്ങിക്കുന്ന സ്ഥലം, ഉദ്ദേശിക്കുന്ന കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുത്തേണ്ടതാണ്.
2. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്കീമില്‍ ഉള്പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്പ്പെട്ട വില്ലേജും സര്വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്.
3. അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.
4. റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നല്കുകയാണെങ്കില് ആയതിന് രേഖാമൂലമായ തെളിവ് വാങ്ങിയിരിക്കേണ്ടതും, അപ്രകാരം സൗജന്യമായി നല്കുന്ന സ്ഥലത്തിന് കെട്ടിട നിര്മാണച്ചട്ട പ്രകാരമുള്ള പ്രത്യേക ആനുകൂല്യം ബില്ഡിങ് പെര്മിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാവുന്നതുമാണ്.
5. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.
6. വിമാനത്താവളം, റെയില്വേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍.ഒ.സി വാങ്ങുന്നത് ഉചിതമായിരിക്കും.
7. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.
8. ഭൂവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിന് മുന്പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.
__._,_.___
No comments:
Post a Comment