Wednesday, December 29, 2010

[www.keralites.net] സ്വകാര്യതയും പണയപ്പണ്ടം



Fun & Info @ Keralites.net

തന്റെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്ന് സുഹൃത്ത് അറിയിച്ചപ്പോള്‍ അയാള്‍ വിശ്വസിച്ചില്ല. മോര്‍ഫിങ്ങിലൂടെ പടങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആരോ നെറ്റില്‍ കൊടുത്തതായിരിക്കുമെന്നാണ് വിവരമറിയിച്ച സുഹൃത്തുപോലും കരുതിയത്. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ദിവസങ്ങളോളം അയാളുടെ ഉള്ളില്‍ കിടന്നു പഴുത്തു. ഒടുവില്‍ ഇന്റര്‍നെറ്റില്‍ നോക്കാന്‍ തയാറായി. സ്‌ക്രീനില്‍ തെളിഞ്ഞ അരണ്ട വെളിച്ചത്തിലെ ദൃശ്യങ്ങള്‍ ഒരായിരം കടന്നലുകള്‍ കുത്തുന്നതിന് തുല്യമായിരുന്നു. അയാളുടെ രക്തം മരവിച്ചു പോയി. സ്വന്തം കിടപ്പറ രംഗങ്ങള്‍ റെക്കോഡു ചെയ്യുന്ന ദമ്പതികളുള്ള ആസുര കാലത്ത് താനത് ചെയ്തിട്ടില്ലെന്ന് അയാള്‍ക്കും ഭാര്യക്കും നൂറു ശതമാനവും ഉറപ്പാണ്.

പിന്നെ ആരാണീ കൊടും ചതി ചെയ്തത്? തളര്‍ന്നിരുന്ന ആ മനുഷ്യന്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സൈബര്‍ സെല്ലിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും വീട്ടില്‍ നിന്നു തന്നെയുള്ളതാണെന്നും സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്തു നിന്നാണ് വീഡിയോ നെറ്റിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം ഇഴഞ്ഞു. അയല്‍പക്കത്തെ സാധാരണക്കാരനായ യുവാവ് ബൈക്കു വാങ്ങുകയും ഇഷ്ടം പോലെ കാശുള്ളതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ വെറുതേ തോന്നിയ സംശയമാണ് ആരെയും ഞെട്ടിക്കുന്ന
കഥയുടെ ചുരുളഴിച്ചത്. അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എന്നും കാണുന്ന അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍ രഹസ്യകാമറ സ്ഥാപിച്ചതാണെന്ന വിവരം പുറത്തായത്. കാമറ യുവാവിന് നല്‍കിയയാള്‍ തന്നെ അതു തിരിച്ചു കൊണ്ടുപോയി. അതിനു കിട്ടിയ പ്രതിഫലമായിരുന്നു ബൈക്കും മറ്റും.
------------
പതിവുപോലെ കോളജിലേക്ക് തിരിച്ച അവളെ കാത്ത് കൂട്ടുകാരുടെ പട തന്നെയുണ്ടായിരുന്നു. കാമ്പസിലെ പതിവു കളിവട്ടങ്ങളിലെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് കരുതി കൂട്ടുകാരികളെ സമീപിച്ചപ്പോള്‍ കൂട്ടത്തോടെയുള്ള കളിയാക്കലും മുനവെച്ച വാക്കുകളുമായിരുന്നു അവളെ
എതിരേറ്റത്. കാര്യം പിടികിട്ടാതെ ചമ്മി നിന്ന അവളെ മാറ്റി നിര്‍ത്തി കൂട്ടുകാരിലൊരാള്‍ ചെവിയില്‍ അടക്കം പറഞ്ഞു. തന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നും അതു കൂട്ടുകാരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണെന്നുമുള്ള വെളിപ്പെടുത്തല്‍ ഒരു വെള്ളിടിയായാണ് അവള്‍ കേട്ടത്. നടുക്കവുമായി അവള്‍ തിരിച്ചു പാഞ്ഞു. വീട്ടിലെത്തി കാര്യങ്ങള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആരാണിത് ചെയ്തതെന്ന അന്വേഷണം സഹോദരനിലേക്കും വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള കൂട്ടുകാരിലേക്കും നീണ്ടു. ഞെട്ടലോടെ ആ കുടുംബം തിരിച്ചറിഞ്ഞു, ചെകുത്താന്‍ മകന്റെ കൂട്ടുകാരിലൊരാളായി അവതരിക്കുകയായിരുന്നു. കൂട്ടുകാരന്റെ അമ്മയുടെയും സഹോദരിയുടെയും മുറികളിലും മറ്റും രഹസ്യ കാമറ വെച്ച് എടുത്ത ദൃശ്യങ്ങളാണ് ലോകം മുഴുവന്‍ കണ്ടു രസിച്ചത്.
------------
സ്വന്തം വീട്ടിലെ കിടപ്പുമുറികളില്‍ രഹസ്യ കാമറകള്‍ സ്ഥാപിച്ച പയ്യന്‍ ഒരു രസത്തിനാണ് ദൃശ്യങ്ങള്‍ കണ്ടത്. ഏതാനും ദിവസം കാമറ വെച്ചശേഷം അതെടുത്തു നല്‍കാന്‍ അജ്ഞാതനായ ചേട്ടന്‍ ആവശ്യപ്പെടുന്നു. അയാളുടെ ലാപ്‌ടോപ്പില്‍ തന്റെ വീട്ടിലെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവനുതന്നെ നാണമായി. എല്ലാ ദൃശ്യങ്ങളും മായ്ച്ചു കളയാമെന്ന, ഏതാനും ദിവസങ്ങളുടെ മാത്രം പരിചയമുള്ള ചേട്ടന്റെ ഉറപ്പിലാണ് കാമറ തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് കൃത്യമായി എത്തിയിരുന്ന ചേട്ടന്‍ നല്‍കിയ കാമറയിലെ ദൃശ്യങ്ങള്‍ ലോകമറിയാന്‍ മിനിറ്റുകളുടെ മാത്രം സമയമേ ആവശ്യമായുള്ളൂ. ദൃശ്യങ്ങള്‍ പകര്‍ന്നു നല്‍കിയതിനുള്ള പണം കൈയോടെ ലഭിച്ചതോടെ സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്ന അയാളെ പിന്നീട് കാണാതായി.

സ്വകാര്യത ഒപ്പിയെടുക്കാനാവശ്യമായ രഹസ്യകാമറകള്‍ നല്‍കുന്ന റാക്കറ്റു തന്നെയുണ്ട്. ആ കാഴ്ചകള്‍ വിലകൊടുത്ത് വാങ്ങാനാളുണ്ട്. രഹസ്യമായി ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കൈമാറി അതിന്റെ വിലകൊണ്ട് ജീവിതം അടിച്ചു പൊളിക്കുന്നത് ഒരു പക്ഷേ, അയല്‍ക്കാരനാവാം. നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകമറിയുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും മറ്റും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന നൂതനമായ സ്‌പൈ കാമറകളാണ് അതിനീചമായി വീട്ടിലെ കിടപ്പു മുറിയിലും ഹോട്ടല്‍മുറിയിലും പൊതു ബാത്ത് റൂമുകളിലുമൊക്കെ സ്ഥാനം പിടിച്ചത്.

സംസ്ഥാനത്ത് പൊതുവെ നിയന്ത്രണങ്ങളുള്ള ഇത്തരം കാമറകള്‍ ദുബൈയില്‍ നിന്ന് ആര്‍ക്കും കൈവശപ്പെടുത്താം. അവിടെ നിന്നാണ് പ്രധാനമായും
ഇത് കേരളത്തിലേക്ക് ഒഴുകുന്നത്. അതു സ്ഥാപിക്കുന്നതിന് കരിയര്‍മാരെ കണ്ടെത്താന്‍ ബ്ലൂ ഫിലിം മാഫിയ തന്നെയുണ്ട്. അവരുടെ വലയില്‍ വീഴുന്നവരില്‍ നല്ലൊരു ശതമാനവും പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ഥികളാണ്. കൃത്രിമത്വമില്ലാത്ത ഹോം വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അതിന് നീല വീഡിയോ വിപണിയില്‍ വന്‍ വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ക്ക് നന്നായറിയാം. ലഭിച്ച ദൃശ്യത്തിന്റെ 'മാറ്റ'നുസരിച്ചാണ് പ്രതിഫലം. അന്യന്റെ രഹസ്യം വിറ്റ് കാശാക്കുകയെന്ന നീചമായ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. കിടപ്പുമുറിയിലും മറ്റും പഠനാവശ്യത്തിനെന്ന പേരില്‍ സ്ഥാനം പിടിക്കുന്ന ഇന്റര്‍നെറ്റില്‍ വലിയ അവഗാഹമില്ലാത്ത രക്ഷിതാക്കള്‍ അറിയുന്നില്ല മക്കള്‍ എവിടെയൊക്കെയാണ് ചുറ്റി തിരിയുന്നതെന്ന്. പഠിക്കാനെന്നും അസൈന്‍മെന്റ് എന്നുമൊക്കെ പറഞ്ഞ് പുലര്‍ച്ച വരെ നീളുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഇത്തരം സൈറ്റുകളിലേക്കാണ് നീളുന്നതെന്ന് കണ്ടെത്താന്‍ മക്കള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വെറുതേയൊന്ന് പരതി നോക്കിയാല്‍ മതി.

നമ്മള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന കെണികള്‍ ഇവിടെ തീരുന്നില്ല. ചാറ്റിങ്ങും ഇ-മെയിലും വഴിയൊക്കെ പുതുതലമുറയെ കുഴിയില്‍ ചാടിക്കുന്നതിന് അന്താരാഷ്ട്ര റാക്കറ്റുകള്‍ തന്നെയുണ്ട്. സൗഹൃദ സൈറ്റുകളില്‍ അജ്ഞാതരായിരുന്ന് അവര്‍ ഇരകളെ കണ്ടെത്തുന്നു. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഒരടയാളവും ബാക്കിയാക്കാതെ അടുത്ത ഇരയെ തേടി പോകുന്നു.


RAFEEQ ABDULLA KUMBLA


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment