Review: Tournament- Play & Replay
ഒരു ക്രിക്കറ്റ് സെലക്ഷന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി മൂന്ന് യുവാക്കള്‍ (ഫഹദ് ഫാസില്‍, ജോണ്‍, പ്രവീണ്‍) കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് നടത്തുന്ന യാത്രയാണ് ലാല്‍ എഴുതി സംവിധാനം ചെയ്ത ടൂര്‍ണമെന്റ്- പ്ലേ & റീപ്ലേ എന്ന സിനിമയുടെ പശ്ചാത്തലം. അവരുടെ സുഹൃത്തായ അശ്വതി അലക്‍സും (രൂപ മഞ്ജരി) ഒപ്പമുണ്ട്. ഇവര്‍ക്കൊപ്പം ബാംഗ്ലൂരില്‍ മത്സരിക്കേണ്ട ബോബി (മനു) കൂടി ഇടയ്‌ക്ക് സംഘത്തില്‍ ചേരുന്നു. ഒടുവില്‍ എത്തിച്ചേരുന്നത് വിജയത്തിന്റെ പടിവാതില്‍ക്കല്‍ തന്നെയാണെങ്കിലും അവര്‍ക്ക് കടക്കേണ്ടി വരുന്ന കടമ്പകള്‍ പലപ്പോഴും അപ്രതീക്ഷിതവും കഠിനവുമാണ്.
PLUSES
ഒരേ സംഭവത്തിന്റെ പല സാധ്യതകള്‍ ആരായുകയും കാണികള്‍ക്ക് നൂതനത്വമുള്ള ചലച്ചിത്രാനുഭവം സമ്മാനിക്കുകയും ചെയുന്ന സിനിമകള്‍ ലോകസിനിമാചരിത്രത്തില്‍ ധാരാളമുണ്ട്. ജാപ്പനീസ് സംവിധായകനായ അകിരാ കുറൊസാവയുടെ റാഷമോണ്‍ (Rashomon, Akira Kurosawa, 1950), ജര്‍മന്‍ ചലച്ചിത്രകാരനായ ടോം ടിക്‍വെറിന്റെ റണ്‍ ലോല റണ്‍ (Run Lola Run, Tom Tykwer, 1998) എന്നിവയാണ് പെട്ടെന്ന് മനസ്സില്‍ വരുന്ന രണ്ട് ഉദാഹരണങ്ങള്‍. കലയുടെ മാന്ത്രികമായ നീലവെളിച്ചം കാണികള്‍ക്ക് ദൃശ്യമാക്കി കൊടുക്കുന്നുണ്ട് കുറൊസാവയും ടിക്‌വെറും. അവരുടെ മട്ടില്‍ അല്ല്ലെങ്കിലും, അത്തരമൊരു കൌതുകകരമായ പരിശ്രമം ലാലിന്റെ ടൂര്‍ണമെന്റ് -പ്ലേ & റീപ്ലേയിലും കാണാം.
ചെറുപ്പക്കാര്‍ക്ക് കടുത്ത മേധാവിത്വമുള്ള കാസ്റ്റിങ്ങാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത; അതില്‍ത്തന്നെ ഏറെയും നവാഗതര്‍. ഇത് ചിത്രത്തിനൊരു പുതുമയുടെ സുഗന്ധം സമ്മാനിക്കുന്നുണ്ട്. പുതുമുഖങ്ങളൊന്നും മോശമാക്കിയിട്ടുമില്ല.
ഒന്നു ചിരിക്കാനുള്ള വക തരുന്ന വളരെ കുറച്ച് സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഡയലോഗുകളും ടൂര്‍ണമെന്റിലുണ്ട്. സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ റണ്ണര്‍-അപ് എം. എല്‍. എ. പദവിയും ശൌചത്തിനുപയോഗിക്കുന്ന ബക്കറ്റിലെ തീയുമൊക്കെ ഉദാഹരണങ്ങള്‍.
MINUSES
ഈ പറഞ്ഞ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ലാലിന്റെ ടൂര്‍ണമെന്റ് -പ്ലേ & റീപ്ലേയെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ disaster എന്ന വാക്കുപയോഗിക്കാതെ പറ്റില്ല! കുറഞ്ഞ പക്ഷം, സാഹസം എന്ന വാക്കെങ്കിലും ഉപയോഗിക്കേണ്ടി വരും. കുറച്ചൊരു പുതുമ അവകാശപ്പെടാവുന്ന റീപ്ലേ തന്ത്രത്തിനു പോലും ഈ സിനിമയെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.
നാലാളു കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്‌ക്കാത്ത ഒരു കഥയോ കെട്ടുറപ്പുള്ള തിരക്കഥയോ ഈ ചിത്രത്തിനില്ല. പറയത്തക്ക പരസ്‌പരബന്ധമൊന്നുമില്ലാത്ത ചില സംഭവങ്ങള്‍ യുക്തിയുടെ സാധ്യതകളെല്ലാം പാടെ അവഗണിച്ച് വളരെ അയഞ്ഞ ഒരു ഫ്രെയിംവര്‍ക്കില്‍ അടുക്കി വച്ചിരിക്കുകയാണ് ഇതില്‍. Loose ends എത്ര വേണമെങ്കിലും കണ്ടെടുക്കാം. യുക്തി എന്നൊരു വാക്ക് കേട്ടിട്ടില്ലാത്തവര്‍ക്കു പോലും ഇത് ദഹിച്ചെന്നു വരില്ല.
എല്ലാം കഴിയുമ്പോള്‍, അതു വരെ കണ്ടതെല്ലാം ഒരു നാടകമായിരുന്നു എന്നു വ്യക്തമാക്കിയാണ് ഇതിനു മുന്‍പു വന്ന ലാലിന്റെ രണ്ടു സിനിമകളും (2 ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍) അവസാനിക്കുന്നത്. അതേ തന്ത്രം തുടര്‍ച്ചയായി മൂന്നാംവട്ടവും അദ്ദേഹം എടുത്തു വീശുന്നത് ഒന്നുകില്‍ മറവിരോഗം കൊണ്ട്; അല്ലെങ്കില്‍ കടുത്ത അലംഭാവം കൊണ്ട്. രണ്ടായാലും അതത്ര നല്ല ലക്ഷണമല്ല.
ലോറിക്കാരുടെ കക്കൂസ് തമാശകള്‍ വലിച്ചിഴച്ച് സീനുകളോളം നീട്ടി വച്ചിട്ടുണ്ട്. എഴുതിയപ്പോഴും ഷൂട്ട് ചെയ്തപ്പോഴും സംവിധായകന് അറപ്പു തോന്നാഞ്ഞതു പോട്ടെ; പക്ഷേ, എഡിറ്റ് സ്യൂട്ടില്‍ കാണുമ്പോഴെങ്കിലും അതുണ്ടാകാതിരുന്നത് അദ്ഭുതം തന്നെ. (എങ്കിലും, ആ ബക്കറ്റിലെ തീ ചിരിപ്പിച്ചു എന്നു പറയാതെ വയ്യ!)
ഇതേപോലെ വലിച്ചു നീട്ടി, കാണികളെ ബോറടിപ്പിച്ച് കൊല്ലുന്ന മറ്റൊരു നീണ്ട സീക്വന്‍സാണ് ജീപ്പിന്റെ റിവേഴ്‌സ് യാത്ര. കൊച്ചുകുട്ടികള്‍ക്കുള്ള അനിമേഷന്‍ ചിത്രത്തില്‍ ഒരുപക്ഷേ, തമാശയായി തോന്നിയേക്കാവുന്ന ഇനമാണ് ഇതില്‍ പതിനഞ്ചു മിനിറ്റ് നീട്ടി പരത്തുന്നത്.
EXTRA
ഈ സിനിമയുടെ വിധി ഏറെക്കുറേ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. വ്യത്യസ്‌തമായ സിനിമകള്‍ മലയാളികള്‍ സ്വീകരിക്കില്ല എന്നു സ്ഥാപിക്കാനായി സാധാരണ പറഞ്ഞുകേള്‍ക്കുന്ന നിലവാരമില്ലാത്ത സിനിമകളുടെ ലിസ്റ്റില്‍ ഇനി ഈ ചിത്രത്തിന്റെ പേരും നമ്മള്‍ കേട്ടു തുടങ്ങും. അതും പറഞ്ഞു വരുന്നവരോട് ഒരു വാക്ക്: ഇതാണ് നിങ്ങളുണ്ടാക്കുന്ന വ്യത്യസ്‌തതയെങ്കില്‍ ഞങ്ങള്‍ക്ക് വ്യത്യസ്‌തത വേണ്ട സാര്‍!
LAST WORD
ഒരു മണ്ടന്‍ സിനിമ. വേണ്ടത്ര തയാറെടുപ്പുകള്‍ നടത്താതെ, ആവശ്യത്തിന് പരിശീലനം നേടാതെ, കൈ വിട്ട പരീക്ഷണങ്ങള്‍ക്കൊരുങ്ങുന്ന ഒരു തുടക്കക്കാരന്റെ ചിത്രമായിരുന്നുവെങ്കില്‍ പിള്ളേരുടെ എടുത്തുചാട്ടമായി നമുക്കിതിനെ എഴുതി തള്ളാമായിരുന്നു. ഇതിപ്പോള്‍ മലയാളികളെ ഏറ്റവുമധികം ചിരിപ്പിച്ച സംവിധായകരില്‍ ഒരാളെടുത്ത -അതും സ്വന്തം പണം മുടക്കി- ചിത്രമാണ് ടൂര്‍ണമെന്റ് -പ്ലേ & റീപ്ലേ. സ്വയംകൃതാനര്‍ഥം എന്നല്ലാതെ വേറെ എന്തു പറയാന്‍!
G Krishnamurthy
movieraga
Regards By: Divya Varma
www.keralites.net |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
No comments:
Post a Comment