Wednesday, August 4, 2010

[www.keralites.net] Request you to see other side of CMS issue.



ചോദ്യങ്ങളില്ലാത്ത കാലം വരുമോ
ജെയ്ക്ക് സി തോമസ്
"നല്ല ഇന്നലെകളില്‍ നിന്നല്ല
ചീത്തയായ ഇന്നില്‍ നിന്നാണ്
നമുക്കാരംഭിക്കേണ്ടത്
(Berthold Brecht)

ഇന്ന് ഈ അക്ഷരങ്ങളെച്ചേര്‍ത്തുവെയ്ക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്ന കാലം എന്നെ ഉച്ചത്തില്‍ അടയാളപ്പെടുത്തുന്നത് ഞാന്‍ നിശ്ശബ്ദനായി, വല്ലാത്തൊരു നിര്‍വികാരതയോടെ ശ്രദ്ധിക്കുന്നുണ്ട്- സിഎംഎസ് കോളേജില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥി; മാധ്യമരാജാക്കന്മാരുടെ പത്രത്താളുകളില്‍ പ്രതി എന്നും, നിസ്വാര്‍ഥതയുടെ വെള്ളക്കുപ്പായമണിഞ്ഞവരുടെയും ക്രൈസ്തവ മാനവികതയുടെ സ്വയംപ്രഖ്യാപിത അപ്പോസ്തലന്മാരുടെയും നാവുകളില്‍ ക്രിമിനല്‍ എന്നും.

നല്ല ഇന്നലെകള്‍ എന്നത് ഗൃഹാതുരത്വം നിറഞ്ഞ ഒരോര്‍മയായി മാറിക്കഴിഞ്ഞിരിക്കുന്ന കാലം, ചീത്തയായ നവദിനങ്ങള്‍ പിറക്കുന്നത് ഒരു പുതുമയേ അല്ലാതായി മാറിയ കാലം. ഇങ്ങനെയൊരു വല്ലാത്ത കാലത്തില്‍ തന്നെയാണ് ഞാനും ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ ഏറ്റവുമധികം തലയെടുപ്പോടെ നില്‍ക്കുന്ന സിഎംഎസ് കോളേജില്‍ എത്തുന്നത്. ചേര്‍ത്തുവെയ്ക്കാന്‍ വിശേഷണങ്ങള്‍ ഏറ്റവുമധികമുള്ള കലാലയം, ബെഞ്ചമിന്‍ ബെയ്ലി എന്ന മഹാരഥനായ മിഷനറി കൊളുത്തിവെച്ച ദീപം. ഒരു നാടിന്റെയാകെ നിരക്ഷരതയുടെ ഇരുട്ടിനെ ഇല്ലാതാക്കി, അറിവിന്റെ വെളിച്ചത്താല്‍ പ്രശോഭിതമാക്കി. ഇന്ത്യന്‍ രാഷ്ട്രപതിയെവരെ സംഭാവന ചെയ്ത കലാലയം. ദുരിതങ്ങളുടെ നെരിപ്പോടുകള്‍ ഏറെയുള്ള ഒരു ഭവനത്തില്‍നിന്നു ഞാന്‍ ആ കലാലയത്തില്‍ എത്തിയത് നിറമുള്ള ഒരു നൂറു സ്വപ്നങ്ങളുമായി തന്നെയാണ്. എന്നെ പ്രതി എന്നും ക്രിമിനല്‍ എന്നുമൊക്കെ ഒരു ഭീകരനെകണക്ക് ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രിയ സ്നേഹിതരേ, നിങ്ങള്‍ എന്തുകൊണ്ട് ഓര്‍ത്തില്ല, എനിക്കും ഒരു വീടുണ്ടെന്ന്. മകനെ പൊലീസ് വണ്ടിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുമ്പോഴും പ്രതി എന്നു വിശേഷിപ്പിച്ച് മാധ്യമ വാര്‍ത്തകളില്‍ കൂലിഎഴുത്തിന്റെ ധ്വനി പാഠങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴും അതൊക്കെ കണ്ട് അലമുറയിട്ട് തേങ്ങിക്കരയുന്ന ഒരു അമ്മ എനിക്കുമുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കേണ്ടിയിരുന്നില്ലേ. ഉയര്‍ത്താന്‍ കഴിയാത്ത കരങ്ങളുമായി ജീവിക്കുന്ന അച്ഛന്‍ എനിക്കുണ്ട്. പ്രിയ വൈദികരും ക്രൈസ്തവ മാനവികതയുടെ മൊത്തമായും ചില്ലറയായുമുള്ള അവകാശത്തെ മുഴുവന്‍ ഏറ്റെടുത്തവരുമായ, നിങ്ങള്‍ അറിഞ്ഞില്ലയെങ്കില്‍ പിന്നെയാരാണ് ഇതറിയുക. പക്ഷത്തിന്റെ പേരുപറഞ്ഞാല്‍ ഞാനും ഒരു ന്യൂനപക്ഷക്കാരനാണ്. മതത്തിന്റെയും ജാതിയുടെയും വേരന്വേഷിച്ചാല്‍ ഞാനും ക്രിസ്ത്യാനിയാണ്. ചേതന നിലച്ച ശരീരവുമായി എന്റെ അച്ഛന്‍ കരഞ്ഞുപോയപ്പോള്‍, അനീതിക്കെതിരെ നീതിയുടെ കരം ഉയര്‍ത്തിയ യേശുദേവനുനേരെ ചാട്ടവാര്‍ വീശിയപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്കും ഓര്‍മവന്നു. 'ഒരു പച്ചമരത്തോട് ഇവര്‍ ഇങ്ങനെയാണെങ്കില്‍ ഒരു ഉണക്കമരത്തോട് ഇവര്‍ എന്തുചെയ്യും' ഒരു സമൂഹത്തില്‍നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ അനേക ശബ്ദങ്ങളുടെ മിശ്രണമായ ഒരു നിശ്ശബ്ദഭാവത്തോടെ ഞാന്‍ അനേക കാര്യങ്ങള്‍ മനസ്സിലാക്കി.

വല്ലാത്ത ഒരുകാലമാണ് നമ്മുടേത്. എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ 'ഏറ്റവും ദുഃഖഭരിതമായ വരികള്‍' എന്ന കവിതയിലൂടെ നെരൂദയെ വായിച്ചപ്പോഴും, ഞാന്‍ തലകുനിക്കുന്നത് മനുഷ്യരാശിയുടെ കഷ്ടപ്പാടുകള്‍ക്കുമുന്നില്‍ മാത്രമാണെന്ന് ദസ്തയെവ്സ്കിയെ വായിച്ചപ്പോഴും അരാഷ്ട്രീയം ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമാവുന്ന ചീത്തയായ ഇന്നില്‍ ആ വായനകള്‍ എനിക്ക് പകര്‍ന്നുതന്നത് വ്യക്തമായ ഒരു രാഷ്ട്രീയമായിരുന്നു. ശരിയുടെ രാഷ്ട്രീയം. മനുഷ്യന്റെ ശബ്ദം സംഗീതംപോലെ ശ്രവ്യമാകുന്ന ഒരു കാലഘട്ടത്തെ അനിവാര്യതയാക്കി മാറ്റാന്‍ ശ്രമിക്കാന്‍ പഠിപ്പിച്ച സ്ഥിതിസമത്വത്തിന്റെ രാഷ്ട്രീയം. കുടുംബത്തില്‍ ദുരിതത്തിന്റെ നെരിപ്പോടുകള്‍ ഏറെയുണ്ടെങ്കിലും ശരിയുടെ രാഷ്ട്രീയം എന്നെ കൂടുതല്‍ ഉര്‍ജസ്വലനാക്കിയിട്ടേയുള്ളൂ.

പുറമെനിന്നു നോക്കുന്നവര്‍ക്ക് സിഎംഎസ് നന്മയുടെയും നീതിയുടെയും വിഹാരകേന്ദ്രമായിരുന്നിരിക്കാം. പക്ഷേ ധാര്‍ഷ്ട്യത്തിന്റെയും കുടുംബാധികാരത്തിന്റെയും കൊടുമുടിയില്‍ സ്വയം അവരോധിതനായി ഒരു പുതിയ പ്രിന്‍സിപ്പല്‍ സ്ഥാനമേറ്റെടുത്തതോടെ വാതിലുകളും ജനലുകളും തുറന്നിടാതെ കണ്ണാടിയിലൂടെ ലോകം കാണാന്‍ ശ്രമിക്കുന്ന ഒട്ടനവധി ആള്‍ക്കാര്‍ക്ക് സിഎംഎസില്‍ അവര്‍ക്കനുയോജ്യനായ ഭരണാധിപനെ ലഭിച്ചു. സ്വന്തം പ്രതിച്ഛായയില്‍ അഭിരമിച്ച് അവസാനിച്ചുപോയ ഗ്രീക്ക് പുരാണത്തിലെ തന്നെ നോക്കി പുളകിത ഗാത്രനായ നാര്‍സിസ്സിന് ഒന്നു പ്രതികരിക്കാന്‍ വാതുറക്കാന്‍ പോലും അവസരം കിട്ടിയില്ല. അതിനുമുമ്പ് തന്നെ അയാള്‍ തലകറങ്ങി തടാകത്തില്‍ വീണു മരിച്ചു. ഇക്കണക്ക് സിഎംഎസ് പതിറ്റാണ്ടുകള്‍ മുമ്പ് ചാര്‍ത്തിക്കിട്ടിയ വിശേഷണങ്ങളുമായി സ്വന്തം പ്രതിച്ഛായയില്‍ നോക്കി അഭിരമിച്ച് അപചയത്തിന്റെ കുഴികളിലേക്ക് ആഞ്ഞു പതിക്കുമ്പോള്‍ അതിനുമുമ്പില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താതെ സമരസപ്പെട്ടുപോവാന്‍ സഹജീവി സ്നേഹത്തിന്റെ രാഷ്ട്രീയം കൈമുതലാക്കിയവന് എങ്ങനെയാണ് സാധിക്കുക.

ചോദ്യങ്ങള്‍ ഉയരാത്ത ഇടങ്ങളില്‍ ചോദ്യം ചെയ്യലുകള്‍ സൃഷ്ടിക്കുന്നവന്റെ അവസ്ഥ എന്താവും..? സമരസപ്പെടലുകള്‍ ദിനചര്യയാക്കിയ സമൂഹങ്ങളില്‍ സമരങ്ങള്‍ ഉയര്‍ത്തുന്നവന്റെ അവസ്ഥ എന്താവും...? ഇതില്‍ നിന്നു ഭിന്നമായതൊന്നും എന്റെ കാര്യത്തില്‍ ഇതുവരെ സംഭവിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല.

സര്‍ഗാത്മക യൌവനം എന്നത് കേള്‍ക്കാന്‍ രസമുള്ള ഒരു തമാശയായി മാറിയ ക്യാമ്പസില്‍ ഞാന്‍ ചെയ്ത ആദ്യ 'സദാചാരവിരുദ്ധ പ്രവൃത്തി' 'പ്രസരം' എന്ന സാംസ്കാരിക വേദിയുടെ പുനരാരംഭിക്കല്‍ പ്രക്രിയയായിരുന്നു. 'മാധവിക്കുട്ടി അനുസ്മരണം എന്ന ചടങ്ങ് സംഘടിപ്പിച്ചു. എന്നും ആരാധനയോടെ കണ്ടിട്ടുള്ള സിഎംഎസിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന പ്രൊഫ. ടി എം യേശുദാസന്‍ ആ ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോള്‍, ആരും ക്രൂശില്‍ നിന്നിറങ്ങിവന്ന് നമ്മെ രക്ഷിക്കുകയില്ല.. എന്ന് തുടങ്ങുന്ന മാധവിക്കുട്ടിയുടെ കവിത ഞാന്‍ ചൊല്ലുമ്പോള്‍ തുടങ്ങിയ പ്രശ്നങ്ങള്‍, അത് ഫിലിംഫെസ്റ്റിവല്‍ നടത്തി ലാഴ്സ് വോണ്‍ ട്രയറിന്റെ 'ആന്റി ക്രൈസ്റ്റി'ന്റെ പ്രദര്‍ശനത്തില്‍ പകയുടെ പൂര്‍ണരൂപം പ്രാപിച്ചു. മതവിരുദ്ധന്റെ കുപ്പായം പ്രിയ പ്രിന്‍സിപ്പല്‍ എനിക്ക് തുന്നി നല്‍കി. ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതന്‍ ഡോ. രാജന്‍ ഗുരുക്കള്‍ രൂപം നല്‍കിയ ബി എ ഇീാാ.ഋിഴഹശവെ (ഞാന്‍ പഠിക്കുന്ന കോഴ്സും ഇതുതന്നെയാണ്)ന്റെ സിലബസിനെ അവിടത്തെ ഏതാനും ചില അധ്യാപകരുടെ നേതൃത്വത്തില്‍ സിലബസ്സ് പരിഷ്കരണം എന്ന ഓമനപ്പേരില്‍ ാ ംീൃറ പോലുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി. കാള്‍ മാര്‍ക്സും ലൂയി അല്‍ത്തൂസറും ഫ്രാന്‍സ് കഫ്കയും ഫ്രെഡറിക് നീഷേയുമൊക്കെ നിറഞ്ഞുനിന്ന ഐച്ഛിക വിഷയമായ സാംസ്കാരിക പഠനത്തെ എടുത്തുമാറ്റുകയും ചെയ്തു. ഇതിനോടൊപ്പം സമരസപ്പെടാന്‍ ഞാനടങ്ങുന്ന പ്രസ്ഥാനം മടിച്ചു. യൂണിവേഴ്സിറ്റി അന്വേഷണത്തില്‍ ഇവര്‍ നടത്തിയ പരിഷ്കരണം വികലം എന്ന് തെളിഞ്ഞപ്പോള്‍ യൂണിയന്‍ ഓഫീസിനെ പാര്‍ടി ഓഫീസായി ചിത്രീകരിച്ചതിന്റെ യുക്തി ആര്‍ക്കാണ് മനസ്സിലാവുക. പകയുടെ ആഴം വര്‍ധിച്ചു. യുജിസി ഫണ്ട് ഉപയോഗിച്ച് പണിതുയര്‍ത്തിയ കൊമേഴ്സ് ബ്ളോക്ക് ഉള്‍പ്പെടെയുള്ള ക്ളാസ് മുറികളെ ഷോപ്പിങ് മാളുകള്‍ ആക്കാനുള്ള പദ്ധതിയെയും എതിര്‍ത്തപ്പോള്‍ പിന്നെ ഏതുവിധേയനയും സംഹരിക്കുക എന്നതായി അവരുടെ ലക്ഷ്യം.

പിന്നീട് ഏത് വിധേനയും പുറത്താക്കുക എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടി അനവധിയായി ആരോപണങ്ങളെ മെനഞ്ഞെടുത്തു. എന്നാല്‍ ഒരിക്കല്‍പ്പോലും യൂണിവേഴ്സിറ്റിയുമായി നിയമപാലകരുമായി ബന്ധപ്പെട്ട് ഒന്നു റിപ്പോര്‍ട്ട് ചെയ്യാന്‍പോലും കോളേജ് പ്രിന്‍സിപ്പല്‍ തയ്യാറായില്ല എന്നത് തികച്ചും ആരോപണങ്ങള്‍ മാത്രമായിരുന്നു അവ എന്നതിന്റെ ഏറ്റവും വലിയ തെളിവായി. യൂണിവേഴ്സിറ്റി അന്വേഷണത്തില്‍ ഒരാഴ്ചക്കുള്ളില്‍ എന്നെ തിരികെ പ്രവേശിപ്പിക്കണമെന്ന അന്വേഷണ റിപ്പോര്‍ട്ടിന് പ്രിന്‍സിപ്പല്‍ പുല്ലുവിലപോലും കല്‍പ്പിച്ചില്ല. പരാതി പരിഹാരസെല്ലില്‍, പ്രശ്ന പരിഹാരത്തിനായി വൈസ്-ചാന്‍സലര്‍ നേരിട്ട് വിളിപ്പിച്ചിട്ടുപോലും സഭയുടെ കാശ് കൊടുത്ത് ഏര്‍പ്പാടാക്കിയ വക്കീലിനെയാണ് ഇദ്ദേഹം അയച്ചത്. സിഎസ്ഐയുടെ വൈദികന്‍ റവ. തോമസ് കെ ഉമ്മന്‍ ചാനല്‍ ചര്‍ച്ചയില്‍ ധാര്‍മികതക്ക് എന്ത് സ്ഥാനം എന്നു പറഞ്ഞത്, ഏത് സമൂഹത്തിനാണ് ജീര്‍ണത സംഭവിച്ചത് എന്നും നവീകരിക്കപ്പെടേണ്ടത് ആരുടെ ഹൃദയങ്ങളാണെന്നും വ്യക്തമാക്കുന്നു.

200 വര്‍ഷം പാരമ്പര്യമുള്ള കോളേജിന്റെ ഇപ്പോഴത്തെ ഓഫീസ് കെട്ടിടത്തിനു 100 വര്‍ഷത്തിന്റെ പഴക്കംപോലുമില്ല എന്ന സത്യത്തെ മറച്ചുപിടിച്ച്, പുരാവസ്തു സംരക്ഷണത്തിന്റെ സുവിശേഷം പ്രചരിപ്പിച്ചവര്‍ ശ്രമിച്ചത് എന്തിനുവേണ്ടിയാണ്. പത്ര മുത്തശ്ശിമാര്‍ കൊട്ടിഘോഷിച്ച 15 ലക്ഷത്തിന്റെ നാശനഷ്ടം, പിന്നീടെപ്പോഴോ മൂന്നുലക്ഷമായി, അന്വേഷണ സംഘമെത്തിയപ്പോള്‍ കേവലം പതിനായിരങ്ങളായി അതു വീണ്ടും ചുരുങ്ങിയതും ആരും അറിഞ്ഞില്ല. കേവലം ചില്ലുകൂടുകള്‍ നശിപ്പിക്കപ്പെടുന്നതിന്റെ നൈമിഷക ദൃശ്യങ്ങള്‍ക്കു മണിക്കൂറുകളുടെ ദൈര്‍ഘ്യം നല്‍കി വീണ്ടും വീണ്ടും പ്രദര്‍ശിപ്പിക്കുന്നതില്‍ നമ്മുടെ മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ കാണിച്ച കിടമത്സരം മാധ്യമ കുടിലതയുടെ ഉയര്‍ന്ന കള്ളികളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത് എന്ന് വരുംകാലം തെളിയിക്കും.

51 ദിവസത്തെ സത്യഗ്രഹസമരം. അതിനുശേഷമാണ് പഠിപ്പുമുടക്ക് സമരം ആരംഭിച്ചത്, അന്നേദിനം നടത്തിയ മാര്‍ച്ച് ഓഫീസിനുള്ളില്‍ പ്രവേശിച്ച് ഒന്നരമണിക്കൂര്‍ പ്രിന്‍സിപ്പല്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തുന്നു. ഈ ഒന്നരമണിക്കൂറിന്റെ ഇടവേളയിലാണ് കൂടുതല്‍ പൊലീസ്ഫോഴ്സും പത്രമാധ്യമങ്ങളും രംഗത്തെത്തുന്നത്. ആക്രമണം ആയിരുന്നു ലക്ഷ്യമെങ്കില്‍ ഈ ഇടവേളയില്‍ സൌകര്യപൂര്‍വം അതാകാമായിരുന്നു. 51 ദിവസത്തെ ഗാന്ധിയന്‍ സമരമാര്‍ഗവും സ്വീകരിക്കേണ്ടിയിരുന്നില്ല. പിന്നീടെന്തുകൊണ്ട് ആക്രമണം ഉണ്ടായി എന്ന് അന്വേഷിക്കുമ്പോഴാണു മാധ്യമ പ്രഭുക്കന്മാരും ഒരു പ്രിന്‍സിപ്പാലിന്റെ പണതൂക്കവും സമം ചേര്‍ത്ത് പൊതുസമൂഹത്തില്‍ നടത്തിയ വൃത്തികെട്ട അവനിര്‍മിതിയുടെ കെട്ടഴിക്കേണ്ടിവരുന്നത്. ധര്‍ണാ സമരം നടത്തുമ്പോള്‍ അതില്‍പങ്കെടുക്കാനെത്തിയ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ അടക്കമുള്ളവരെ കോളേജ് സംരക്ഷണസമിതി എന്ന പേരില്‍ സംഘടിച്ചവര്‍ മര്‍ദിച്ചപ്പോള്‍ അതിനുനേരെ മാത്രം തിരുവായും എതിര്‍വായും അവതരിപ്പിച്ച് നിഷ്പക്ഷത കാട്ടുന്നവര്‍ അന്ധതപൂകിയത് അവരുടെ പക്ഷം ഏതാണെന്നു വ്യക്തമാക്കുന്നതായി. കൂടെയുള്ള സതീര്‍ഥ്യരെ കണ്‍മുമ്പില്‍വെച്ച് മര്‍ദിക്കുന്നത് നോക്കി നില്‍ക്കേണ്ടിവരുന്ന നിസ്സഹായവസ്ഥയില്‍നിന്നാണ് ഓഫീസിലെ ചില്ല് തകര്‍ക്കലില്‍ എത്തുന്നത്.

അന്തര്‍ദേശീയ വനിതാ ദിനത്തില്‍ യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ് ഹാള്‍ടിക്കറ്റ് നിഷേധിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ പറഞ്ഞത് ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണമെന്നാണ്. ഇങ്ങനെ മാനുഷിക മൂല്യങ്ങള്‍ ഹനിക്കപ്പെടുകയും നീതി ഇല്ലാതാവുകയും ചെയ്യുന്ന ഇടങ്ങളില്‍ ഉജ്വല സമരങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്. കോളേജ് ഡേ, സ്പോര്‍ട്സ്ഡേ, അജീഷ് വിശ്വനാഥന്‍ ക്വിസ് തുടങ്ങിയ യൂണിയന്‍ പരിപാടികള്‍പോലും ഇദ്ദേഹം തടഞ്ഞുവെച്ചു. കോളേജിന്റെ സര്‍ഗാത്മക മുഖമായ കേരളത്തിന്റെ ആദ്യത്തെ കോളേജ് മാഗസിനായ വിദ്യാസംഗ്രഹത്തിന്റെ പ്രസിദ്ധീകരണം വരെ തടഞ്ഞു.

ഏതുവിധേനയും ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ന് 'സിഎംഎസ് കോളേജ്പ്രശ്നം' എന്ന സംജ്ഞയ്ക്കു രൂപംനല്‍കിയത്. സ്വയം തെറ്റുതിരുത്തുന്നില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഹൃദയംനോക്കി നിങ്ങള്‍ വലിച്ചെറിഞ്ഞ വാക്കുകള്‍ നിങ്ങളെ തിരക്കി തിരികെയെത്തും.

നിന്റെകാര്യം നോക്കി പഠിച്ചാല്‍ പോരെ? ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടാന്‍ പോയത്...? പഠിക്കാന്‍ പോയവന്‍ രാഷ്ട്രീയം കളിച്ചില്ലേ...? തുടങ്ങിയ ചോദ്യങ്ങള്‍ ഭൂരിപക്ഷ സമൂഹത്തിന്റെ ചോദ്യങ്ങളായി എന്റെ നേര്‍ക്കു ഉന്നയിക്കപ്പെടുമ്പോള്‍ അതിന്റെ രാഷ്ട്രീയം ചോദ്യങ്ങളില്ലാത്ത, സമരസപ്പെടലുകളുടെ സമൂഹ സൃഷ്ടിയാണെന്നു വ്യക്തമാണ്. ആ ചോദ്യങ്ങളോടുള്ള മറുപടി, ബലിന്‍ഡ്കിയുടെ വാക്കുകളെ ഉച്ചത്തില്‍ ഉദ്ഘോഷിക്കുകയെന്നത്് മാത്രമാണ്. 'ജീവനുള്ള മനുഷ്യന്‍ തന്റെ ആത്മാവിലും ഹൃദയത്തിലും രക്തത്തിലും വഹിക്കുന്നത് സമൂഹത്തിന്റെ ജീവിതമാണ്. അതിന്റെ പീഡകര്‍ അവനെ ക്ളേശിപ്പിക്കുന്നു. അതിന്റെ ദുരിതങ്ങള്‍ അവനെ ദണ്ഡിപ്പിക്കുന്നു. അതിന്റെ സന്തുഷ്ടിയില്‍ അവന്‍ ആനന്ദം കൊള്ളുന്നു.'

ഒരു പച്ചമനുഷ്യനെ സമൂഹത്തില്‍ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്ന എല്ലാവരോടും പറയാനുള്ളത് നിങ്ങള്‍ക്കുള്ളതുപോലെ എനിക്കും ഒരച്ഛനും അമ്മയും ഉണ്ട്. എനിക്കും കൂടി ഈ സമൂഹത്തില്‍ പഠിക്കാനും പരീക്ഷ എഴുതാനും ജീവിക്കാനും അവകാശമുണ്ട്. എന്റെ പേര് തടിയന്റവിട നസീര്‍ എന്നോ നരേന്ദ്രമോഡി എന്നോ അല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പേര് എന്‍ഡിഎഫ് എന്നോ ആര്‍എസ്എസ് എന്നോ അല്ല. എന്റെ പേര് ജെയ്ക്ക് സി തോമസ് എന്നും ഞാന്‍ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പേര് എസ്എഫ്ഐ എന്നുമാണ്. ഇടയ്ക്കെങ്കിലും രക്തസാഹോദര്യത്തോടെ ഓര്‍ക്കുക.

http://www.deshabhi mani.com/ htmlpages/ deshabhimaniweek ly/index. php
www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment