'പണ്ട് പേറ് ഇന്ന് കീറ്' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് എത്രശരിയാണ്. പ്രസവവേദനയുടെ കാഠിന്യം പറയാന്‍ കഴിയുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുകയാണെന്നകാര്യം പുതിയ പഠനങ്ങളും ശരിവയ്ക്കുന്നു.
ഇനിയുള്ള കാലത്ത് സാധാരണ പ്രസവങ്ങള്‍ കുറയുമെന്നും സ്ത്രീകള്‍ കൂടുതലായി പ്രസവത്തിനായി സിസേറിയന്‍ ശസ്ത്രക്രിയയെ ആസ്രയിക്കുമെന്നും പുതിയ പഠനറിപ്പോര്‍ട്ട്.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ മെറ്റേണല്‍ ഹെല്‍ത്ത് വിഭാഗം ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. അമേരിക്കയിലെ പ്രസവങ്ങളില്‍ കൂടുതലും സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് നടക്കുന്നത്.
ഇവിടെ നടക്കുന്ന ആദ്യപ്രസവങ്ങളില്‍ മൂന്നില്‍ ഒന്നു ശസ്ത്രക്രിയിയലൂടെയാണെന്നും ഗവേഷകര്‍ പറയുന്നു. ഈ പ്രവണത സമീപ ഭാവിയില്‍ വര്‍ധിച്ചുവരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളില്‍ തുടരെത്തുടരെ പ്രസവശസ്ത്രക്രിയ നടത്തുന്നത് നല്ലതല്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
രാജ്യത്തെ പത്തൊന്‍പതോളം ആശുപത്രികളില്‍ നിന്നായി 230,000 പ്രസവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം പഠനം നടത്തിയത്. പല ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ഒരിക്കല്‍ സിസേറിയനാണെങ്കില്‍ അടുത്ത പ്രസവവും സിസേറിയന്‍ ആകാം എന്ന നിലപാടിലാണ് രോഗികളെ പരിചരിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു സ്ത്രീയുടെ ആദ്യത്തെ രണ്ടു പ്രസവവും സാധാരണം അല്ലെങ്കില്‍ മൂന്നാമത്തെതും ശസ്ത്രക്രിയിലൂടെതന്നെയായിരിക്കും നടക്കുക. എന്നാല്‍ ഇത് സ്ത്രീകളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണ് സംഘം പറയുന്നത്.
1990കളുടെ മധ്യകാലഘട്ടത്തില്‍ അമേരിക്കയില്‍ വെറും 50ശതമാനം മാത്രമാണ് സിസേറിയനുകള്‍ നടന്നിരുന്നത്. ഇന്ത്യയിലെ സിസേറിയന്‍ പ്രസവങ്ങള്‍ കൂടിവരുന്നുവെന്ന് നേരത്തേ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2007-2008 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന പ്രസവങ്ങളില്‍ 27ശതമാനവും സിസേറിയനായിരുന്നു. പ്രസവത്തെ ചെലവ് കൂടുതലുള്ള ഒന്നാക്കി മാറ്റുന്നതിനൊപ്പം തന്നെ അമ്മമാരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്നതും ഇതിന്റെ ന്യൂനതയാണ്.
എന്നാല്‍ അമ്മമാരിലെ പൊണ്ണത്തടി, കുട്ടികള്‍ക്ക് ഭാരം കൂടുക, ഒന്നിലേറെ കുട്ടികള്‍ ഒരു പ്രസവത്തിലുണ്ടാവുക, അമ്മയ്ക്ക് സാധാരണ പ്രസവം സാധിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുക തുടങ്ങിയ അവസരങ്ങളില്‍ ശസ്ത്രക്രിയ അനിവാര്യമാകാറുണ്ട്.
No comments:
Post a Comment