Monday, January 2, 2012

[www.keralites.net] അഭിനയത്തിനു ഞാന്‍ അതിരു നിശ്‌ചയിച്ചിട്ടില്ല

 

അഭിനയത്തിനു ഞാന്‍ അതിരു നിശ്‌ചയിച്ചിട്ടില്ല

Fun & Info @ Keralites.net

തുടക്കത്തില്‍തന്നെ ഒരു പെണ്‍കുട്ടി സിനിമയില്‍ വേശ്യയായി അഭിനയിച്ചാല്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും..? അങ്ങനെയൊന്നും വൈഗയെന്ന പെണ്‍കുട്ടി ചിന്തിച്ചില്ല. അവള്‍ക്കു മുന്നില്‍ തെളിഞ്ഞു നിന്നത്‌ അഭിനയ സാധ്യതയായിരുന്നു. 'അവളുടെ രാവു'കളിലെ സീമ... 'രതിനിര്‍വ്വേദ'ത്തിലെ ജയഭാരതി... ഇവരൊക്കെ കഴിവുറ്റ നടിമാരാണെന്നു മലയാളികള്‍ പറയുമ്പോള്‍ താനെന്തിന്‌ അറച്ചുനില്‍ക്കണമെന്നാണു വൈഗയുടെ ചോദ്യം.

എങ്കില്‍ ഇനി വൈഗയെകുറിച്ചു പറയാം, മോഹന്‍ലാലിനൊപ്പം ആദ്യ ഷോട്ടില്‍ കാമറയ്‌ക്കു മുന്നിലെത്തി അരങ്ങേറ്റം. തമിഴകത്ത്‌ ഒട്ടേറെ അവസരങ്ങള്‍. കരാറായ സിനിമകള്‍ അതിലേറെ. ഇപ്പോഴിതാ ബിജുമേനോന്റെ നായികയായി 'ഓര്‍ഡിനറി'യില്‍ അഭിനയിച്ചുകഴിഞ്ഞിരിക്കുന്നു. അതിനു പുറമേ സൂപ്പര്‍സ്‌റ്റാറുകള്‍ കൈകോര്‍ത്ത കിംഗിനും കമ്മീഷണര്‍ക്കുമൊപ്പം ഐ.എ.എസ്‌ ഓഫീസറുടെ വേഷവും. കൈനിറയെ സിനിമകളുമായി വന്‍ പ്രതീക്ഷയിലാണു വൈഗ.

കോട്ടയംകാരി ഹണിറോസ്‌ ജോസഫാണു തമിഴകകത്തെത്തിയപ്പോള്‍ വൈഗയായത്‌. പാലാ സ്വദേശിയായ സേവ്യര്‍ ജോസഫിന്റെയും ജെസി ജോസഫിന്റെയും മകള്‍. 'എന്റെ സീത' എന്ന സിനിമയുടെ അവസാനവട്ട ഷൂട്ടിംഗ്‌ തിരക്കിലാണു വൈഗയിപ്പോള്‍. കമലിന്റെ അസിസ്‌റ്റന്റായി വളരെക്കാലം പ്രവര്‍ത്തിച്ച സുഗീത്‌ സംവിധാനം ചെയ്യുന്ന 'ഓര്‍ഡിനറി'യില്‍ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായാണ്‌ വൈഗ വേഷമിട്ടിരിക്കുന്നത്‌. തന്റെ നിലപാടുകളെ കുറിച്ചും ജീവിതത്തെ കുറിച്ചും വൈഗ സംസാരിക്കുന്നു...


ഗ്ലാമര്‍


ഞാനൊരു സിനിമാ നടിയാണ്‌. വ്യത്യസ്‌തമാര്‍ന്ന ഒട്ടേറെ വേഷങ്ങള്‍ ചെയ്യണമെന്ന്‌ ആഗ്രഹിച്ചെത്തിയ പെണ്‍കുട്ടി. അവിടെ അതിര്‍വരമ്പുകളൊന്നും വരയ്‌ക്കുവാന്‍ എനിക്കു സാധിക്കില്ല. അതുകൊണ്ടുതന്നെ 'ഗ്ലാമര്‍' വേഷങ്ങള്‍ക്കു ഞാന്‍ പരിധിയൊന്നും നിശ്‌ചയിച്ചിട്ടില്ല. കഥാപാത്രം ആവശ്യപ്പെടുന്ന ഏതു വേഷവും ധരിക്കും. കഥാപാത്രമാണ്‌ ആ വേഷം യൂസ്‌ ചെയ്യുന്നത്‌. അല്ലാതെ ഞാനല്ല. വ്യക്‌തിയും അഭിനേത്രിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം.

'എന്റെ സീത' എന്ന സിനിമയില്‍ അഭിനയിക്കാന്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ അല്‍പ്പമൊന്നു ചിന്തിച്ചു. കാരണം മറ്റൊന്നുമല്ല. തുടക്കക്കാരിയാണ്‌. ഈ സമയത്ത്‌ ഒരു വേശ്യയായി അഭിനയിച്ചാല്‍ ഇമേജിനെ ബാധിക്കുമോയെന്ന ആശങ്കയായിരുന്നു എനിക്ക്‌. എന്നാല്‍ പിന്നീട്‌ ആലോചിച്ചപ്പോള്‍ ഇത്തരം ചിന്തയുമായി നിന്നിട്ടു കാര്യമില്ലെന്നും നല്ല കഥാപാത്രങ്ങളാണെങ്കില്‍ അഭിനയിക്കാനുള്ള അവസരം കളഞ്ഞുകുളിക്കാതിരിക്കുന്നതാണു നല്ലതെന്നും തോന്നി. മലയാളത്തില്‍ നായികാ പ്രധാന്യമുള്ള സിനിമകള്‍ വളരെ കുറവാണ്‌. അപ്പോഴാണ്‌ ഏറെ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ടൈറ്റില്‍ റോളില്‍തന്നെ വരാവുന്ന ഒരു കഥാപാത്രത്തെ ലഭിക്കുന്നത്‌. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതു തെറ്റായും കുറച്ചിലായുമൊന്നും ഞാന്‍ കാണുന്നില്ല. മലയാളത്തിലെ നായികമാര്‍ മിക്കവരും തമിഴില്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അതൊക്കെ നമ്മള്‍ കാണാറുമുണ്ട്‌. പിന്നെ എന്താണു മലയാളത്തില്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ചാല്‍? എല്ലാവര്‍ക്കും ഗ്ലാമര്‍ കാണിക്കാന്‍ പറ്റില്ല. അതിനു ശരീരവടിവൊക്കെ വേണം. എനിക്ക്‌ അതുള്ളതുകൊണ്ടാണല്ലൊ എന്നെ ഇത്തരം വേഷങ്ങളിലേക്കു പരിഗണിക്കുന്നത്‌. അതെനിക്കുള്ള അംഗീകാരമാണ്‌.

ഇതു മാത്രമല്ല, 'എന്റെ സീത' എന്ന സിനിമയ്‌ക്കു വേറെയും ഒട്ടേറെ പ്രത്യേകതകളുണ്ട്‌. എഴുത്തുകാരി സാറാ ജോസഫിന്റെ സഹോദരപുത്രനാണു സിനിമയിലെ നായകന്‍. കക്ഷി 15 കഥാപാത്രങ്ങളെയാണ്‌ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‌. ഇതൊക്കെ സിനിമയുടെ തികച്ചും വ്യത്യസ്‌തമായ തലങ്ങളെയാണു വ്യക്‌തമാക്കുന്നത്‌. ജീവിത സാഹചര്യംകൊണ്ടു വേശ്യയായി മാറിയ പെണ്‍കുട്ടിയായാണു ഞാന്‍ അഭിനയിക്കുന്നത്‌. അല്ലാതെ നേരേ വേശ്യാവൃത്തി നടത്തുന്ന ഒരാളായിട്ടല്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ തീഷ്‌ണമായ ഒട്ടേറെ അവസരങ്ങള്‍ അഭിനയിക്കാനുണ്ട്‌.

അവളുടെ രാവുകള്‍

അവളുടെ രാവുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. നല്ല സിനിമയാണ്‌. സീമച്ചേച്ചിയുടെ അഭിനയം ഗംഭീരവുമാണ്‌. ഈ സിനിമ ഇനി വീണ്ടും എടുക്കുമ്പോള്‍ അഭിനയിക്കുമോയെന്ന ചോദ്യത്തിന്‌ ഇപ്പോള്‍ പ്രസക്‌തിയില്ല. കാരണം, ഈ ആവശ്യവുമായി ആരും ഇതേവരെ എന്നെ സമീപിച്ചിട്ടില്ല. പിന്നെ ആ സിനിമയില്‍ സീമച്ചേച്ചി ആ കഥാപാത്രത്തെ അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്‌. പിന്നെ ഞാന്‍ കയറി അഭിനയിച്ചിട്ടു കാര്യമില്ല. ആദ്യത്തെ 'രതി നിര്‍വ്വേദ'ത്തില്‍ രതിച്ചേച്ചിയെ ജയഭാരതിച്ചേച്ചി വളരെ ന്നായി അവതരിപ്പിച്ചിരുന്നു. വീണ്ടുമെടുത്തപ്പോള്‍ അത്രത്തോളം പോകാന്‍ സാധിച്ചില്ലെന്നു പലരും അഭിപ്രായപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ അവളുടെ രാവുകള്‍ അടക്കമുള്ള പുന:രവതിരിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചില പ്രശ്‌നങ്ങളുണ്ട്‌. സിനിമകളില്‍ എന്തെങ്കിലും പുതുതായി ചെയ്യാനാണു ഞാന്‍ താല്‍പ്പര്യപ്പെടുന്നത്‌.

'എന്റെ സീത'യില്‍ ഞാന്‍ വേശ്യയുടെ വേഷമാണു ചെയ്യുന്നതെന്നു കരുതി ഇനിയെല്ലാ സിനിമയിലും ഇതേതരത്തിലുള്ള വേഷങ്ങളേ ചെയ്യൂവെന്ന അര്‍ത്ഥമൊന്നുമില്ലല്ലോ. തികച്ചും വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണു താല്‍പ്പര്യം. കോമഡി റോളുകളൊക്കെ ചെയ്യണമെന്നുണ്ട്‌. ഇതിന്‌ എന്റെ മുന്നിലുള്ള മാതൃക ഉര്‍വശിച്ചേച്ചിയാണ്‌. അവര്‍ എത്രമാത്രം തത്മയത്വത്തോടെയാണു തമാശ രംഗങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ളത്‌.

ഞാന്‍ ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുണ്ട്‌. പത്താംക്ലാസ്‌ വരെ ഊര്‍ജ്‌ജിതമായിരുന്നു ശാസ്‌ത്രീയ നൃത്തപഠനം. എന്നാല്‍ പിന്നീടെപ്പോഴോ അതെല്ലാം മുടങ്ങി. ഇനിയെല്ലാം പൊടിതട്ടിയെടുക്കണം. എനിക്ക്‌ ഒരു നര്‍ത്തകിയായി അഭിനയിക്കാന്‍ ഏറെ താല്‍പ്പര്യമുണ്ട്‌. നൃത്ത പാടവത്തിന്റെ കാര്യത്തില്‍ ശോഭനയെയും ലക്ഷ്‌മി ഗോപാലസ്വാമിയെയുമൊക്കെ എനിക്ക്‌ ഒത്തിരി ഇഷ്‌ടമാണ്‌.

സൂപ്പര്‍സ്‌റ്റാറുകള്‍

മലയാളസിനിമയിലെ പകരം വയ്‌ക്കാനില്ലാത്ത നടന്‍മാര്‍ക്കൊപ്പം ഈ കുറഞ്ഞ കാലംകൊണ്ട്‌ അഭിനയിക്കാന്‍ സാധിച്ചുവെന്നതു വലിയ നേട്ടമായി ഞാന്‍ കരുതുന്നു. മോഹന്‍ലാലിനൊപ്പമായിരുന്നു തുടക്കം. പിന്നെ ഇപ്പോള്‍ കിംഗ്‌ ആന്റ്‌ കമ്മീഷണറില്‍ മമ്മൂട്ടിക്കും സുരേഷ്‌ ഗോപിക്കുമൊപ്പം കാമറയ്‌ക്കു മുന്നിലെത്തി. മമ്മൂട്ടിയുടെ 'ദി ട്രെയി'ന്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. 'ഓര്‍ഡിനറി'യിലൂടെ ചാക്കോച്ചന്റെയും ബിജു മോനോന്റെയുമൊപ്പം അഭിനയിക്കാന്‍ സാധിച്ചു. ഇവരുടെയൊക്കെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്‌. അഭിനയത്തിന്റെ അനന്തസാധ്യതകളാണ്‌ ഇവരില്‍ നിന്നു നമുക്കു പകര്‍ന്നുകിട്ടുന്നത്‌.

തുടക്കം

പഠിക്കുന്ന കാലത്ത്‌ ഞാന്‍ ഒരു തികഞ്ഞ മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. ലാലേട്ടനെ കാണാന്‍ കഴിയുന്നതുതന്നെ ഭാഗ്യമായി കരുതിയ പെണ്‍കുട്ടി. അന്നൊന്നും സിനിമയെകുറിച്ചു മനസില്‍പോലും കരുതിയിരുന്നില്ല. ചെറുപ്പംമുതലെ ആരാധിച്ചിരുന്ന നടനൊപ്പം കാമറയ്‌ക്കു മുന്നില്‍ നിന്ന ആ നിമിഷം എപ്പോഴും മനസിലുണ്ടാവും.

മോഹന്‍ലാലിനെ ഒന്നു കാണണമെന്ന്‌ ആഗ്രഹിച്ചു നടന്ന നാളുകളായിരുന്നു പഠനകാലം. അതെന്റെ മാത്രം ആഗ്രഹമായിരിക്കില്ല. സിനിമയിലൂടെ മോഹന്‍ലാലിന്റെ അഭിനയം കണ്ട്‌ ഇഷ്‌ടപ്പെട്ട്‌ ആരാധികമാരായി തീര്‍ന്ന എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹമായിരിക്കുമത്‌. എന്നാല്‍ ഞാന്‍ കാണുക മാത്രമല്ല, ഷെയ്‌ക്ക് ഹാന്റ്‌ കൊടുക്കുകയും പിന്നെ ഒന്നിച്ച്‌ അഭിനയിക്കുകയും ചെയ്‌തപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഇപ്പോഴും അതെല്ലാം ഒരു സ്വപ്‌നം പോലെയാണ്‌.

ചേച്ചി കോയമ്പത്തൂരിലാണു പഠിക്കുന്നത്‌. ഞാന്‍ കോട്ടയത്തു ബി.സി.എം കോളജില്‍ ഡിഗ്രിക്കു പഠിച്ചിരുന്ന കാലത്ത്‌ ഇടയ്‌ക്കിടെ കോയമ്പത്തൂരില്‍ ചേച്ചിയുടെ അടുത്തേക്ക്‌ ഒരു പോക്കുണ്ട്‌. എല്ലാം മറന്ന്‌ ഒന്നടിച്ചു പൊളിക്കുകയാണു ലക്ഷ്യം. ഇത്തരമൊരു യാത്രയിലാണു കോയമ്പത്തൂരിലെ ഫാമിലി ഫ്രണ്ടായ അങ്കിളിന്റെ വീട്ടിലെത്തുന്നത്‌. അവിടെ അപ്പോള്‍ ഷൂട്ടിംഗ്‌ നടക്കുകയാണ്‌. അന്വേഷിച്ചപ്പോള്‍ മോഹന്‍ലാലും ബ്ലസിയും ചേര്‍ന്ന 'തന്മാത്ര'യുടെ ഷൂട്ടിംഗാണെന്നു മനസിലായി.

ഇതോടെ ചെറുപ്പംമുതലേ ഉള്ളിലടക്കിയ ആഗ്രഹം അണപൊട്ടിയൊഴുകി. ലാലേട്ടനെ ഒന്നു കണ്ടു പരിചയപ്പെടണം. ഇതിനിടയില്‍ അവസരം ഒത്തപ്പോള്‍ ആഗ്രഹമറിയിച്ചു. പരിചയപ്പെട്ടു. ലാലേട്ടന്‍ ഒന്നോരണ്ടോ വാക്കു പറഞ്ഞു. 'താങ്ക്‌സ്' പറഞ്ഞ്‌ ആ കൂടിക്കാഴ്‌ച അവസാനിച്ചു. അതോടെ എല്ലാം തീര്‍ന്നെന്നു കരുതിയെങ്കിലും എല്ലാത്തിന്റെയും തുടക്കമായിരുന്നു ആ കൂടിക്കാഴ്‌ചയെന്ന്‌ അറിഞ്ഞത്‌ ഒരു ഫോണ്‍കോളിലൂടെയാണ്‌. വൈകിട്ടോടെ ലാലേട്ടന്റെ കോള്‍. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നായിരുന്നു അന്വേഷണം. ഇല്ലെന്നു പറയാന്‍ പറ്റുമോ..? ചോദിക്കുന്നത്‌ ആരാ..? എല്ലാവരും ആരാധിക്കുന്ന അതുല്യ നടന്‍ മോഹന്‍ലാല്‍..! ഞാന്‍ അപ്പോള്‍ തന്നെ ഓകെ പറഞ്ഞു. അഭിനയിക്കാന്‍ കഴിയുമോയെന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. വരട്ടെ; അപ്പോള്‍ കാണാമെന്നു വച്ചു.

റോഷന്‍ ആഡ്രൂസിന്റെ 'കാസനോവ'യില്‍ അഭിനയിക്കാനായിരുന്നു ക്ഷണം. സമ്മതം മൂളി ചെന്നപ്പോള്‍ കാസനോവ നീണ്ടു. ഇതിനിടയിലാണ്‌ 'അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്‌ ' ഷൂട്ട്‌ തുടങ്ങിയത്‌. ഇതോടെ മോഹന്‍ലാല്‍ എന്നെ അലക്‌സാണ്ടര്‍ ദി ഗ്രേറ്റിലേക്കു വിളിപ്പിച്ചു. അങ്ങനെ അലക്‌സാണ്ടര്‍ ദി ഗ്രേറ്റില്‍ ലാലേട്ടനൊപ്പം തുടക്കം. ഒന്നിച്ച്‌ ഒരു ഫ്രെയിമില്‍ കാമറയ്‌ക്കു മുന്നില്‍ വന്നു നിന്നപ്പോള്‍ ആകെ പതറിപ്പോയിരുന്നു. ആദ്യാനുഭവമാണ്‌. കാമറാലൈറ്റുകളുടെ തീഷ്‌ണവെളിച്ചം... ചുറ്റിനും ആള്‍കൂട്ടം... എങ്കിലും ലാലേട്ടനടക്കമുള്ളവര്‍ ധൈര്യം തന്നു.

സിനിമ വന്‍വിജയമൊന്നുമായില്ല. എന്നാല്‍ ലാലേട്ടനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചുവെന്നത്‌ ഏറെ നേട്ടമായി.

പേരുമാറ്റം

ഇപ്പോള്‍ എനിക്കിഷ്‌ടം എന്നെ എല്ലാവരും വൈഗ എന്നു വിളിച്ചു കേള്‍ക്കാനാണ്‌. തമിഴിലെത്തുന്നതുവരെ പേരിനെക്കുറിച്ചും മാറ്റത്തെക്കുറിച്ചുമൊന്നും ആലോചിച്ചിരുന്നില്ല. എന്നാല്‍ ഹണിറോസ്‌ എന്ന പേരു തമിഴകത്തു ശരിയാകില്ലെന്ന്‌ എല്ലാവരും പറഞ്ഞു. പേരിനൊരു പഞ്ചില്ലെന്നല്ല. ഇതേ പേരില്‍ അവിടെയൊരു നടിയുണ്ട്‌. അപ്പോള്‍ പിന്നെ രണ്ടു പേര്‍ക്കും ഒരേ പേരായാല്‍ പ്രേക്ഷകര്‍ കുഴങ്ങിപ്പോകില്ലേ..!. അങ്ങനെ പേരുമാറ്റാമെന്നു ഞാനും നിശ്‌ചയിച്ചു.

തമിഴകത്തു കൂടുതല്‍ ശ്രദ്ധപതിക്കാനാണ്‌ ഒരുക്കമെങ്കില്‍ പേരുമാറ്റല്‍ അനിവാര്യമാണെന്നു സംവിധായകനും പറഞ്ഞു. ആലോചിച്ചപ്പോള്‍ ശരിയാണെന്ന്‌ എനിക്കും തോന്നി. അങ്ങനെയാണു ഹണിറോസില്‍നിന്ന്‌ വൈഗയിലേക്കെത്തിയത്‌. വൈഗ എന്നൊരു നദിയുണ്ട്‌ തമിഴ്‌നാട്ടില്‍. അതുകൊണ്ട്‌ അവിടെ പെട്ടെന്നു ക്ലച്ചുപിടിക്കുന്ന പേരായി അതുമാറും. നമ്മുടെ നാട്ടിലാണെങ്കില്‍ വളരെ 'റെയറാ'യിട്ടുള്ള പേരുമാണിത്‌. അതുകൊണ്ടുതന്നെ വൈഗ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ വൈഗയുമായി നന്നായി പൊരുത്തപ്പെട്ടു. ഈ പേരു വിളിക്കുന്നതുതന്നെയാണ്‌ എനിക്കിഷ്‌ടവും. ഹണിറോസ്‌ എന്നതു ഞാന്‍ മറന്നുപോയെന്ന്‌ പറഞ്ഞാലും തെറ്റില്ല.

തമിഴിലേക്ക്‌

ഞാന്‍ 'എന്റെ സീത'യടക്കം മലയാളത്തില്‍ അഞ്ചു സിനിമകള്‍ ചെയ്‌തു. കിംഗ്‌ ആന്റ്‌ കമ്മീഷണറും ഓര്‍ഡിനറിയുമൊക്കെ അടുത്ത മാസത്തോടെ റിലീസാകും. 'മൂന്‍ട്രുമലര്‍' എന്ന സിനിമയിലൂടെയാണു തമിഴ്‌ അരങ്ങേറ്റം. ആര്‍.ബി ശശിധരന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഒരു നാടന്‍ പെണ്‍കുട്ടിയെയാണു ഞാന്‍ അവതരിപ്പിക്കുന്നത്‌. കഥാപാത്രത്തിന്റെ പേരു ഗായത്രി. തികച്ചും ഗ്രാമീണമായ കഥയാണു മൂന്‍ട്രുമലര്‍ പറയുന്നതെങ്കിലും ഗ്രാമത്തിനു പുറത്തുപോയി പഠിച്ച പെണ്‍കുട്ടിയായാണു ഞാന്‍ വേഷമിടുന്നത്‌.

തമിഴ്‌നാടിന്റെ തനതു സംസ്‌ക്കാരത്തിലൂടെ കടന്നാണു മൂന്‍ട്രുമലരിന്റെ കഥ വികസിക്കുന്നത്‌. തമിഴ്‌നാട്ടില്‍ മരണാന്തരം തപ്പുകൊട്ടുന്ന ജോലിയുള്ളവരുണ്ട്‌. അത്തരക്കാരുടെ ജീവിതപശ്‌ചാത്തലമാണു സിനിമയ്‌ക്ക് ഇതിവൃത്തമാകുന്നത്‌. തമിഴില്‍ 'കലൈവാണി' എന്ന സിനിമയിലാണ്‌ ഇനി അഭിനയിക്കാനായി കരാറായിട്ടുള്ളത്‌. നായികാ പ്രാധാന്യമുള്ള സിനിമയാണിത്‌. ടൈറ്റില്‍ കഥാപാത്രത്തെയാണു ഞാനതിലും അവതരിപ്പിക്കുന്നത്‌. കലൈവാണി എന്നാല്‍ ലക്ഷ്‌മി എന്നര്‍ത്ഥം.

വിനോദ്‌ സംവിധാനം ചെയ്യുന്ന 'പഞ്ചഭൂത'ത്തിലും അഭിനയിക്കുന്നുണ്ട്‌. മോഹനകൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന 'ആക്‌ട്രസ്‌' ആണു മറ്റൊരു ചിത്രം. ഞാന്‍ വളരെ ഫോട്ടോജെനിക്കാണെന്നു പലരും പറഞ്ഞിട്ടുണ്ട്‌. അതെന്റെ പ്ലസ്‌ പോയിന്റാണ്‌.

പ്രണയം

സത്യം പറയട്ടെ, പ്രണയിക്കാന്‍ എനിക്കൊരുപാട്‌ ആഗ്രഹമുണ്ട്‌. എന്നാല്‍ അതിനുള്ള അവസരമൊന്നും കിട്ടിയിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഗേള്‍സ്‌ ഒണ്‍ലിയായിരുന്നു. കോളജില്‍ പഠിക്കുമ്പോഴോ, അവിടെയും സംഭവിച്ചത്‌ അതുതന്നെ. കോട്ടയം ബി.സി.എം കോളജ്‌ ഒരു ഗേള്‍സ്‌ ഒണ്‍ലിയായത്‌ എന്റെ കുറ്റമാണോ..? എന്തായാലും പ്രണയിക്കാനുള്ള ആഗ്രഹം നീണ്ടു. ഇപ്പോഴാണെങ്കിലോ, പ്രണയിക്കാന്‍ സമയവുമില്ല. സിനിമകളുണ്ടേറെ. അതൊക്കെ അഭിനയിച്ചു തീര്‍ക്കണം. അതിനിടയ്‌ക്കു ഞാനെങ്ങനെ പ്രണയത്തിനു സമയം നീക്കിവയ്‌ക്കും. ചുമ്മാ പ്രണയം നടിച്ചിട്ടു കാര്യമില്ല. അതിലേക്ക്‌ ഇറങ്ങിച്ചെന്നു ജീവിക്കണം. അതിനായി സമയം നീക്കിവയ്‌ക്കണം. കഷ്‌ടം... എനിക്കിപ്പോള്‍ അതിനുള്ള സമയവുമില്ല. അതുകൊണ്ടുതന്നെ സിനിമയെ പ്രണയിക്കാമെന്നു വച്ചു.

കല്യാണം

അതിനുള്ള പ്രായമൊന്നുമായിട്ടില്ലെന്നേ. പിന്നെയൊരു കാര്യം, കല്യാണമുണ്ടെങ്കില്‍ അതു പ്രണയിച്ച ശേഷമായിരിക്കും. പ്രണയത്തിലൂടെ പരസ്‌പരം അറിഞ്ഞ്‌... ഇഷ്‌ടാനിഷ്‌ടങ്ങള്‍ ചര്‍ച്ചചെയ്‌ത്... അവസാനം കല്യാണം. ലിവിംഗ്‌ ടു ഗെദര്‍ എന്നതിനോടും എനിക്കു യോജിപ്പുണ്ട്‌. അതു ലൈഫ്‌ നന്നായി എന്‍ജോയ്‌ ചെയ്യാവുന്ന പദ്ധതിയാണ്‌.


PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment