Monday, January 16, 2012

[www.keralites.net] ലോഹിതദാസ്‌ എന്ന ഗുരുസമക്ഷം...ഭാമ

 

ലോഹിതദാസ്‌ എന്ന ഗുരുസമക്ഷം...

Fun & Info @ Keralites.net

കോട്ടയം ജില്ലയിലെ ഒരു നാട്ടിന്‍പുറത്തുകാരി പാവം പെണ്‍കുട്ടി എന്നായിരുന്നു തുടക്കത്തില്‍ സിനിമാലോകം ഭാമയ്‌ക്കു ചാര്‍ത്തിക്കൊടുത്ത പദവി. പക്ഷേ ഇന്ന്‌ ആളാകെ മാറി. അനുഗൃഹീത ചലച്ചിത്രകാരന്‍ ലോഹിതദാസ്‌ കണ്ടെത്തിയ ഈ കലാകാരി മലയാളത്തിന്റെ മുത്തായി തെളിഞ്ഞുനിന്ന്‌ ഇപ്പോള്‍ തമിഴിലും തെലുങ്കിലും ശൈലു(മൈന)വായി പാറിപ്പറക്കുകയാണ്‌. മുമ്പു നാണം കുണുങ്ങി ഓരം ചേര്‍ന്നു നിന്നിരുന്ന ഭാമയ്‌ക്ക് ഇപ്പോള്‍ വാക്കിലും പ്രവൃത്തിയിലും തികഞ്ഞ തന്റേടം. നാട്ടിന്‍പുറത്തിന്റെ ലാളിത്യത്തിനൊപ്പം നാഗരികതയുടെ പുത്തന്‍ സ്‌റ്റൈലും... രണ്ടും ഒരുമിച്ചുകൊണ്ടുപോകവെ ഭാമയെ തേടിയെത്തിയതു കൈനിറയെ ചിത്രങ്ങളും.

ലോഹിതദാസിന്റെ സിനിമയിലൂടെ തുടക്കം. ലോഹിയുടെ വിയോഗത്തില്‍ ഇടറിനിന്നു മുന്നോട്ടുള്ള വഴിക്കായി പരതി അവസാനം രണ്ടും കല്‍പ്പിച്ചു യാത്ര. പുതുമുഖ സംവിധായകന്റെ സിനിമയിലും തഴക്കം ചെന്ന ജോഷിയുടെ ഫ്രെയിമിലും ഒരേപോലെ തിളങ്ങി ജൈത്രയാത്ര. ഇതിനിടെ തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യം. തമിഴില്‍ ഏറെ ചര്‍ച്ചയായ 'മൈന' എന്ന സിനിമയുടെ കന്നട റീമേക്കില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നറുക്കുവീണതു ഭാമയ്‌ക്കു തന്നെ. മറുനാടന്‍ തിയേറ്ററുകളില്‍ സിനിമ പ്രേക്ഷകപിന്തുണയോടെ ഓടിത്തിമര്‍ക്കുമ്പോള്‍ ഭാമ മറുനാട്ടുകാരുടെ 'ശൈലു'വായി മാറുന്നു.

ചേച്ചിയുടെ വിവാഹം കഴിഞ്ഞു. തൃക്കാക്കരയില്‍ ക്ഷേത്രത്തോടു ചേര്‍ന്നൊരു ഫ്‌ളാറ്റ്‌ വാങ്ങി കൂടൊരുക്കി. ചെറുപ്പകാലത്തു മടക്കിവച്ച കവിതാരചനയിലേക്കു സമയം കിട്ടുമ്പോഴൊക്കെ മടങ്ങിയെത്താനുള്ള ശ്രമത്തിന്‌ ആക്കം കൂട്ടി. ഇതിനിടയില്‍ സിനിമാ തിരക്കും ഇടവേളകളില്‍ ഉദ്‌ഘാടനത്തിരക്കും. വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടി, മുത്തശ്ശിയോടുമാത്രം കൂട്ടുകൂടിയ ഈ പെണ്‍കുട്ടിക്കു വന്ന മാറ്റം മറ്റുള്ളവര്‍ കൗതുകത്തോടെയാണു നോക്കിക്കാണുന്നത്‌.

? ശൈലുവിനു കന്നടയില്‍ കിട്ടുന്ന പ്രതികരണം.


വളരെ നല്ല പ്രതികരണമാണ്‌ അവിടെ ശൈലുവിനു ലഭിച്ചിട്ടുള്ളത്‌. ടൈറ്റില്‍ കഥാപാത്രത്തെത്തന്നെ അതരിപ്പിക്കാന്‍ സാധിച്ചുവെന്നതു ഭാഗ്യമായി കരുതുന്നു. നായികാ പ്രാധാന്യമുള്ള സിനിമയാണു ശൈലു. ഇങ്ങനെ നടിമാര്‍ക്ക്‌ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതു വല്ലപ്പോഴുമാണ്‌. അതുകൊണ്ടുതന്നെ ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനാണു ഞാന്‍ ശ്രമിക്കുന്നതും. മലയാളത്തിലൊക്കെ മുമ്പു നായികാ പ്രാധാന്യമുള്ള സിനിമകള്‍ ഏറെയുണ്ടാവാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത്തരം സിനിമകള്‍ വളരെ കുറവാണ്‌. മറ്റു ഭാഷകളിലും ആണ്‍ ആധിപത്യമുണ്ടെങ്കിലും ചിലപ്പോഴെങ്കിലും നായികാ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടാകാറുണ്ട്‌.

? ആണിനോടു മത്സരിക്കാനാണോ മോഡേണ്‍ പെണ്‍കുട്ടിയായി മാറാന്‍ ശ്രമിക്കുന്നത്‌.

ഒരു തരത്തില്‍ ഒരു മത്സരം തന്നെയാണിത്‌. സിനിമ ആര്‍ക്കുംവേണ്ടി കാത്തിരിക്കില്ല. നമ്മള്‍ കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കണം. ഒരേ ഇമേജില്‍ തന്നെ മുന്നോട്ടുപേകാനുള്ള ശ്രമം നടത്തിയാല്‍ നമുക്ക്‌ ഏറെക്കാലമൊന്നും നിലനില്‍ക്കാനാവില്ല. തുടക്കത്തില്‍ നാടന്‍ പെണ്‍കുട്ടിയെന്നായിരുന്നു എല്ലാവരും ചാര്‍ത്തിത്തന്ന വിശേഷണം. ഞാനത്‌ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. എനിക്കുള്ള കോംപ്ലിമെന്റായിരുന്നു അത്‌. നാട്ടുനന്മയുടെ മുഖശ്രീയെന്നൊക്കെ പലരും പറഞ്ഞു. അതിനൊത്തുള്ള വേഷങ്ങളും ഏറെ കിട്ടി. എന്നാല്‍ ടൈപ്പ്‌ ചെയ്യപ്പെട്ടാല്‍ അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും. നമുക്കു വളരാനുള്ള സാധ്യതയാണ്‌ ഇല്ലാതാകുക. എല്ലാ വേഷങ്ങളും നമ്മള്‍ ചെയ്യാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അതിനുള്ള കഴിവു നമുക്കുണ്ടെന്നു ബോധ്യപ്പെടുത്തണം. അത്തരമൊരു സാഹച്യത്തില്‍ മാത്രമേ ഇന്‍ഡസ്‌ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

പിന്നെ നാടന്‍പെണ്‍കുട്ടിയെന്നുള്ള ഈ ഇമേജ്‌ കളയാനൊന്നും ഞാനില്ല. അയല്‍പക്കത്തെ പെണ്‍കുട്ടി എന്നതിനപ്പുറം വീട്ടിലെ പെണ്‍കുട്ടി എന്ന നിലയിലേക്കു പ്രേക്ഷകര്‍ എന്നെ കണ്ടുവെന്നതാണ്‌ എന്റെ നേട്ടം. പലരും ഇതേക്കുറിച്ചു പറയാറുണ്ട്‌. എന്റെ നീണ്ട മുടിയൊക്കെ എല്ലാവര്‍ക്കും ഇഷ്‌ടാണ്‌. ഇതൊക്കെ നിലനിര്‍ത്തിത്തന്നെ മോഡേണാകുകയെന്നതാണു ഞാന്‍ ഉദ്ദേശിച്ച മാറ്റവും. ഇതു ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്‌.

? നാടന്‍ പെണ്‍കുട്ടി ഇപ്പോള്‍ എത്രത്തോളം മാറി.

നോക്കൂ; ഇങ്ങനെയൊന്നുമായിരുന്നില്ല ഞാന്‍. ഇത്രനേരമിരുന്ന്‌ ഒരാളോടു സംസാരിക്കാനൊന്നും എനിക്കു താല്‍പ്പര്യമുണ്ടാകാറില്ലായിരുന്നു. എന്നിലേക്കുതന്നെ ഒതുങ്ങിയ ഒരു അന്തര്‍മുഖിയായിരുന്നു പഠിക്കുന്ന കാലത്തെ ഞാന്‍. വീട്ടിലെ സാഹചര്യങ്ങളൊക്കെ ഇതിനു കാരണമായിട്ടുണ്ടാകാം. മൂന്നു പെണ്‍മക്കളാണു ഞങ്ങള്‍. അച്‌ഛന്‍ ചെറുപ്പത്തിലേ മരിച്ചു. കോണ്‍വെന്റ്‌ സ്‌കൂളിലായിരുന്നു എന്റെ പഠനം. ഗേള്‍സ്‌ മാത്രമുള്ള ക്ലാസ്‌മുറികള്‍. ആരോടും അധികം കൂട്ടില്ലാത്ത കാലം. മനസില്‍ എപ്പോഴും നെഗറ്റീവ്‌ ചിന്തകള്‍ മാത്രമായിരുന്നു കടന്നുവന്നിരുന്നത്‌. കൂടുതല്‍ സ്വപ്‌നങ്ങളൊന്നുമില്ല. കാണുന്ന സ്വപ്‌നങ്ങള്‍ക്കാണെങ്കില്‍ നിറവും മണവുമൊന്നുമില്ല. കറുപ്പായിരുന്നു അവയെ പൊതിഞ്ഞിരുന്നത്‌.

തനിച്ചാകുമ്പോള്‍ പുസ്‌തകങ്ങളോടു കൂട്ടുകൂടി. അതുകൊണ്ടുതന്നെ അക്കാലത്തു വായനയായിരുന്നു പ്രധാന ഹോബി. കിട്ടുന്നതൊക്കൊ വായിച്ചു. നാട്ടിന്‍ പുറങ്ങളിലെ എല്ലാവരെയുംപോലെ ഒരു സാധാരണ പെണ്‍കുട്ടിയായി വളരാനായിരുന്നു താല്‍പ്പര്യം. അതില്‍കൂടുതല്‍ ഒന്നുമില്ലായിരുന്നു. ഉള്‍വലിഞ്ഞു കഴിഞ്ഞതുകൊണ്ടാവാം അപ്പോള്‍ കവിതകളൊക്കെ എഴുതാറുണ്ടായിരുന്നു. ആ കവിതകളിലൊക്കെ നിറഞ്ഞുനിന്നിരുന്നതും ഇരുണ്ട കാലമായിരുന്നു. സിനിമയിലേക്കെന്നല്ല, നാലാള്‍ കൂടുന്നിടത്തു വന്നു നില്‍ക്കുന്ന അവസ്‌ഥപോലും ഒരിക്കലും സ്വപ്‌നം കണ്ടിരുന്നതുമില്ല. ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയിതീര്‍ന്നതു നിയോഗമെന്നേ ഞാന്‍ കരുതുന്നുള്ളൂ.

? കവിത ഇപ്പോഴും കൂടെയുണ്ടോ.

സമയം കിട്ടാറില്ല. സ്വസ്‌ഥമായിരുന്നു വായിക്കാനും എന്നും അമ്പലങ്ങളില്‍ പോകാനുമൊന്നും പറ്റുന്നില്ല. ഇപ്പോള്‍ മിക്ക സമയങ്ങളിലും ഷൂട്ടിംഗ്‌ തിരിക്കിലായിരിക്കും. ഇതിനിടെ കവിതയൊന്നും എഴുതാറില്ലെന്നുതന്നെ പറയാം. മുമ്പത്തെപ്പോലെ വായനയുമില്ല. എങ്കിലും കവിതയെഴുതാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കില്ല. നമുക്കൊരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതുമായി താതാത്മ്യം പ്രാപിക്കേണ്ടിവരും. അതിനു മാനസികമായി ഏറെ തയ്യാറെടുപ്പുകള്‍ വേണം. എന്നാലേ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. വായനയ്‌ക്ക് ഒരു കുഴപ്പമുണ്ട്‌. ഞാന്‍ വായിക്കുമ്പോള്‍ അതിനൊപ്പമാകും മനസ്‌. വായിച്ചറിഞ്ഞ ഓരോകാര്യവും പിന്നെ ചിന്തിച്ചുകൊണ്ടിരിക്കും. വായനയിലെ കാര്യങ്ങളിലൂടെ, വാക്കുകളിലൂടെ, വരികളിലൂടെ ഞാനങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും. ഇതു ഷൂട്ടിംഗിനും കഥാപാത്രത്തെ സ്വീകരിക്കുന്നതിനും തടസ്സമാകും. അതുകൊണ്ടുതന്നെ വായന കുറച്ചു. കവിതയെഴുതാന്‍ ജയേട്ട(ജയസൂര്യ)നൊക്കെ നിര്‍ബന്ധിക്കാറുണ്ട്‌. ഒരുപക്ഷേ, എന്റെ അനുഭവങ്ങള്‍ മാറിയതും കവിതയെഴുത്തു താല്‍ക്കാലികമായെങ്കിലും ഉപേക്ഷിക്കുന്നതിനു കാരണമായിട്ടുണ്ടാകും.

അന്ന്‌ എന്റെ ചിന്ത മുഴുവന്‍ നെഗറ്റീവായിരുന്നല്ലോ. ഏതു വിധേനയും ഉള്‍വലിയുകയെന്ന ചിന്ത. എന്നാലിന്ന്‌ അതൊക്കെ മാറി. എപ്പോഴും പോസറ്റീവായി ചിന്തിച്ചുതുടങ്ങി. അന്നു ഞാന്‍ ഏകയായിരുന്നു. ഇന്ന്‌ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനൊക്കെ ഒരുപാടു പേരുണ്ട്‌. അവരുടെയൊക്കെ ക്ഷേമാന്വേഷണവും ആശിര്‍വാദവും പ്രതീക്ഷയുമൊക്കെ എനിക്ക്‌ ഊര്‍ജ്‌ജം പകരുന്ന ഘടകമാണ്‌. അവരുടെ പ്രാര്‍ത്ഥനയുടെയൊക്കെ ശക്‌തി എനിക്കു കൈമുതലായുണ്ടുതാനും. അപ്പോള്‍ ഈ മാറ്റമൊക്കെ നമ്മുടെ ജീവിതത്തിലും പ്രകടമാകുന്നതു സ്വഭാവികം.

? സിനിമയിലേക്കെത്തിയത്‌.


അതും ഒരു നിയോഗം പോലെ സംഭവിച്ചുവെന്നേ പറയാന്‍ കഴിയുകയുള്ളൂ. ലോഹി(ലോഹിതദാസ്‌) സാറാണ്‌ അതിനു കാരണമായത്‌. അദ്ദേഹമാണ്‌ എനിക്കു ഗുരു. ഒരു ചാനലില്‍ മാട്രിമോണിയല്‍ പരിപാടി അവതരിപ്പിച്ചതുകണ്ടിട്ടാണു സാര്‍ എന്നെ വിളിച്ചത്‌. ആ ചാനലില്‍ പരിപാടി അവതരിപ്പിച്ചതുതന്നെ മടിച്ചുമടിച്ചാണ്‌. പിന്നെ ലോഹിസാര്‍ വിളിച്ചപ്പോള്‍ സിനിമയിലേക്കില്ലെന്ന്‌ ഉറപ്പിച്ചു. പ്ലസ്‌ടു ഫൈനല്‍ പരീക്ഷ എഴുതി നില്‍ക്കുന്ന സമയമാണ്‌. ലോഹിസാറിന്റെ അവസരം വേണ്ടെന്നു വയ്‌ക്കുന്നതു മണ്ടത്തരമാണെന്നു പലരും പറഞ്ഞു. അതോടെ ഒരു സിനിമയില്‍ മാത്രമെന്ന തീരുമാനത്തില്‍ ഞാന്‍ 'നിവേദ്യ'ത്തില്‍ അഭിനയിക്കുകയായിരുന്നു. അതെന്റെ ജീവിതത്തെ ഇത്രമാത്രം മാറ്റിമറിക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല.

? ലോഹിതദാസുമായി നിരന്തരം ഫോണില്‍ സംസാരിക്കാന്‍മാത്രമുള്ള ബന്ധമെന്തായിരുന്നു.

സത്യം പറഞ്ഞാല്‍ ലോഹിസാര്‍ എനിക്ക്‌ ആരായിരുന്നുവെന്ന്‌ എനിക്കിപ്പോഴും അറിയില്ല. എന്നെ ആദ്യമായി സിനിമയിലേക്കു കൊണ്ടുവന്ന, എനിക്കു സിനിമയുടെ ആദ്യ പാഠങ്ങള്‍ പറഞ്ഞുപഠിപ്പിച്ചുതന്ന ഗുരുവായിരുന്നു ലോഹിസാര്‍. പിന്നെ എന്റെ മരിച്ചുപോയ അച്‌ഛന്റെ സ്‌ഥാനവും സാറിനുണ്ടായിരുന്നു. ഞാന്‍ ലോഹിസാറിനോടു വളരെനേരം സംസാരിച്ചിരിക്കാറുണ്ടായിരുന്നു. പലതും സംസാരിക്കും. ഞാന്‍ പറഞ്ഞില്ലേ, ഈ ഞാനായിരുന്നില്ല അന്നത്തെ ഞാന്‍. അന്തര്‍മുഖത്വമായിരുന്നു എന്റെ മുഖമുദ്ര. ഒന്നിനും താല്‍പ്പര്യമില്ലാത്ത ഒരവസ്‌ഥയായിരുന്നു അത്‌. അതെല്ലാം മാറ്റിയെടുത്തതു സാറാണ്‌. സാറിനോട്‌ എന്തും പറയാമായിരുന്നു. അതിനൊക്കെ സാറിന്റെയടുത്തു സൊലൂഷ്യനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പറഞ്ഞാലും പറഞ്ഞാലും തീരുമായിരുന്നില്ല സാറിനോട്‌.

? ഭാമയ്‌ക്കും മുമ്പേ പല നായികാനടിമാരും ഇങ്ങനെയായിരുന്നു. എന്താണു ലോഹിയിലെ പ്രധാന ആകര്‍ഷണഘടകം.

എന്താണ്‌ ഇതിനൊക്കെയുള്ള കാരണമെന്നൊന്നും എനിക്കറിയില്ല. മറ്റുള്ളവരെ എങ്ങനെയാണു സ്വാധീനിച്ചതെന്നും എനിക്കു പറയാന്‍ കഴിയില്ല. ചില അനുഭവങ്ങള്‍ വാക്കുകള്‍ക്ക്‌ അതീതമാണ്‌. അതു നിര്‍വ്വചിക്കാനും ചിലപ്പോഴൊക്കെ സാധിക്കാതെവരും. അതുകൊണ്ടുതന്നെ ഈ ആകര്‍ഷണഘടകത്തെക്കുറിച്ച്‌ എനിക്കു കൂടുതല്‍ പറയാനും അറിയില്ല. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാം, ലോഹിസാര്‍ ഒരു മജിഷ്യനായിരുന്നു. അസാമാന്യ കഴിവുകള്‍ പ്രകടിപ്പിച്ച ഒരാളെന്നു ഞാന്‍ പറയും. അത്തരത്തില്‍ ഉയര്‍ന്ന ചിന്തയും നിമഗനങ്ങളും ദര്‍ശനങ്ങളുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. അമാനുഷികമായ കഴിവുള്ളവര്‍ക്കു മാത്രമേ ഇത്തരത്തിലുള്ള ചിന്ത ഉണ്ടാവുകയുള്ളൂ. എന്തു പ്രശ്‌നത്തിനും ലോഹിസാര്‍ പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. എന്തിനും ഏതിനും ലോഹിസാറിനെ സമീപിക്കാമായിരുന്നു. ഞാനടക്കമുള്ള ഒട്ടേറെ നടിമാര്‍ അദ്ദേഹത്തിന്റെ പടത്തിലൂടെ വന്നവരാണ്‌. അതുകൊണ്ടുതന്നെ ഒരോരുത്തര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാവാം. ലക്ഷ്‌മിച്ചേച്ചി (ലക്ഷ്‌മിഗോപാലസ്വാമി) ഒരിക്കല്‍ എന്നോടു പറഞ്ഞു; 'നമുക്കു വല്ലാതെ മിസ്‌ ്ചെയ്യുന്നുണ്ട്‌ അല്ലേ'യെന്ന്‌. സത്യമാണത്‌. ലോഹിസാറിനു പകരം വയ്‌ക്കാന്‍ മറ്റൊരാളില്ല. ഇതേപോലൊരു മനുഷ്യനെ ഞാനെന്റെ ജീവിതത്തില്‍ വേറെ കണ്ടിട്ടുമില്ല. എനിക്കു വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കിത്തന്നതു ലോഹിസാറായിരുന്നു. ആരും അറിയാതെ പോകുമായിരുന്ന ഒരു സാധാരണക്കാരിയായ പെണ്‍കുട്ടി ഇത്രമാത്രമൊക്കെ ആയതു ലോഹിസാറിന്റെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ്‌. അതിന്റെ കടം ഒരിക്കലും വീട്ടിത്തീരാത്തതാണ്‌.

? അങ്ങനെയുള്ള ഒരു വ്യക്‌തിയുടെ വിയോഗം ഭാമ എങ്ങനെയാണു നേരിട്ടത്‌.

എനിക്ക്‌ ഏറെ ആഘാതമുണ്ടാക്കിയ മരണമായിരുന്നു അത്‌. എന്റെ ചെറുപ്പത്തില്‍തന്നെ അച്‌ഛന്‍ മരിച്ചിരുന്നു. അതിനുശേഷമുണ്ടായ മറ്റൊരു വലിയ ആഘാതമായിരുന്നു സാറിന്റെ മരണം. അന്നൊക്കെ വലിയ വിഷമമായിരുന്നു. മുന്നോട്ടു നയിക്കാന്‍ ഇനിയാരുണ്ടെന്ന ചിന്ത എന്നെ വല്ലാതെ കുഴക്കി. മുന്നില്‍ ചതിക്കുഴികള്‍ ഏറെയാകുമെന്നൊക്കെ ലോഹിസാര്‍ പറഞ്ഞുതന്നിരുന്നു. ഇനിയതു ചൂണ്ടിക്കാണിച്ചുതരാന്‍ ആരുണ്ടെന്ന വേവലാതി വല്ലാതെ അലട്ടി. ദിവസങ്ങളോളം കരഞ്ഞു. ഞാനങ്ങനെയായിരുന്നു. ചെറിയൊരു പ്രശ്‌നം മതി; പൊട്ടിക്കരയും. പിന്നെ കാര്യങ്ങളൊക്കെ നോര്‍മലയായി. ഞാനതുമായി പൊരുത്തപ്പെട്ടുതുടങ്ങി. എന്താണു സിനിമയെന്നു ഞാന്‍ മനസിലാക്കിക്കഴിഞ്ഞു. കണ്ടും അറിഞ്ഞും മുന്നോട്ടുപോകാന്‍ കഴിവുനേടി. ഇപ്പോള്‍ അതൊന്നും എന്നെ കരയിപ്പിക്കുന്നില്ല. അച്‌ഛന്റെ മരണവുമായിപ്പോലും ഞാന്‍ എന്നേ പൊരുത്തപ്പെട്ടുകഴിഞ്ഞു. പലരും ഇപ്പോഴും അച്‌ഛനെക്കുറിച്ച്‌ അന്വേഷിക്കുമ്പോള്‍ മരിച്ചുപോയെന്നു പറഞ്ഞാല്‍ ഒരു വല്ലായ്‌മ പ്രകടിപ്പിക്കും. പക്ഷേ, എനിക്കിപ്പോള്‍ അങ്ങനെയൊന്നും തോന്നാറില്ല. അച്‌ഛന്‍ മരിച്ചുവെന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. അതുമായി പൊരുത്തപ്പെടുക മാത്രമാണ്‌ ഏക മാര്‍ഗ്ഗം. ഒന്നിനും കാത്തിരുന്നിട്ടു കാര്യമില്ല. പോയ കാലത്തെ തിരിച്ചു പിടിക്കാന്‍ സാധ്യമല്ലെന്ന്‌ എനിക്കു വ്യക്‌തമായറിയാം. ആദ്യമൊക്കെ സെറ്റിലേക്ക്‌ അമ്മയേയും കൂട്ടിയായിരുന്നു പോകാറ്‌ പതിവ്‌. ഇപ്പോള്‍ അമ്മയെ കൂട്ടാറില്ല. അമ്മയിപ്പോള്‍ വിശ്രമിക്കേണ്ട കാലമാണ്‌. ചുമ്മാ മകളുടെ ഷൂട്ടിംഗ്‌ തീരുന്നതുവരെ ബോറടിച്ചു കാത്തിരിക്കുന്നതൊക്കെ കഷ്‌ടമാണെന്നു ബോധ്യമായി. സെറ്റില്‍ ഏറെ ബോറടിക്കുന്നവര്‍ താരങ്ങളുടെ അമ്മമാരാണെന്നതുതന്നെയാണ്‌ ഇത്തരമൊരു തീരുമാനത്തിനു കാരണമായതും.

? ഭാമയും അന്യഭാഷയെ പ്രണയിച്ചുതുടങ്ങിയോ.

മലയാളത്തെ ഉപേക്ഷിച്ചുപോയിട്ടൊന്നുമില്ല. അതേസമയം ഇതിനകംതന്നെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കാന്‍ അവസരംകിട്ടിയിട്ടുണ്ട്‌. ഇപ്പോഴും അവസരങ്ങള്‍ വരുന്നുമുണ്ട്‌. 'ശൈലു' നല്ല സിനിമയെന്ന അഭിപ്രായം നേടുകയും എന്നെ ഒരുപാടു പേര്‍ വിളിച്ച്‌ അഭിനന്ദിക്കുകയും ചെയ്‌തു. അവിടെയിപ്പോള്‍ ഞാന്‍ ശൈലു എന്നാണ്‌ അറിയപ്പെടുന്നത്‌.

അന്യഭാഷയില്‍ അഭിനയിക്കുന്നുവെന്നതിനര്‍ത്ഥം മലയാളത്തെ ഉപേക്ഷിച്ചു പോകുമെന്നല്ല. നിലനില്‍പ്പിന്റെ പ്രശ്‌നംകൂടിയാണത്‌. മലയാള സിനിമയുടെ ക്യാന്‍വാസ്‌ മറു ഭാഷാ സിനിമകളിലേതിനെ അപേക്ഷിച്ചു ചെറുതാണ്‌. ഇവിടെ ഒരു സിനിമാ നടിക്കു ലഭിക്കുന്ന പ്രതിഫലമൊക്കെ അറിവുള്ളതാണല്ലോ. ഒരു സിനിമാ താരമാകുമ്പോള്‍ ഒരു പാടു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌. സൗന്ദര്യമൊക്കെ സംരക്ഷിച്ചുനിര്‍ത്തണം. അതിനൊക്കെ പണം ആവശ്യമാണ്‌. അപ്പോള്‍ അന്യഭാഷാ സിനിമകള്‍ ഒഴിവാക്കാന്‍ പറ്റില്ലെന്നു മാത്രമല്ല, അതൊരു ആവശ്യവുമായി മാറുന്നു. അതേസമയം എനിക്കു മലയാളത്തിലും നല്ല വേഷങ്ങള്‍ കിട്ടിയിട്ടുണ്ട്‌. നല്ല അഭിപ്രായം നേടിയ 'ജനപ്രിയനി'ല്‍ എനിക്കു നല്ല വേഷമായിരുന്നു. പിന്നെ സിനിമയില്‍ എല്ലാവരുടെയും ഗുരുസ്‌ഥാനത്തുള്ള ജോഷി സാറിന്റെ 'സെവന്‍സി'ല്‍ നായികയാകാന്‍ കഴിഞ്ഞതും എന്റെ നേട്ടംതന്നെയാണ്‌.

? ശൈലുവിന്റെ ഷൂട്ടിംഗ്‌ വേളയിലെ അപകടം.

ഗുരുതരമായ പരുക്കുകളൊന്നും ഏറ്റില്ലെങ്കിലും 'ശൈലു'വിന്റെ ചിത്രീകരണം എനിക്കു നടുക്കുന്ന ഒരോര്‍മ തന്നെയാണ്‌. മൂന്നാറിലായിരുന്നു ശൈലുവിന്റെ ചിത്രീകരണം. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട രംഗമാണ്‌ അന്നു ചിത്രീകരിച്ചത്‌. ഞങ്ങള്‍ സഞ്ചരിക്കുന്ന ബസ്‌ കൊക്കയിലേക്കു മറിയുന്നതും മരണത്തെ മുഖാമുഖംകണ്ടു രക്ഷപ്പെടുന്നതുമൊക്കെയായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്‌. ഡ്യൂപ്പൊന്നുമില്ലാതെ ഞാന്‍ തന്നെയാണ്‌ ഈ രംഗത്ത്‌ അഭിനയിച്ചതും. തലകീഴായി കൊക്കയിലേക്കു തൂങ്ങിക്കിടക്കുന്ന ബസില്‍നിന്നു ചില്ലപൊട്ടിച്ചു രക്ഷപ്പെടുന്ന രംഗമായിരുന്നു ഷൂട്ട്‌ ചെയ്യുന്നത്‌. മൂന്നാറിലെ ഒരു മൈതാനത്തു സെറ്റിട്ടാണു കൊക്കയും ബസില്‍നിന്നു രക്ഷപ്പെടുന്നതുമൊക്കെ ചിത്രീകരിച്ചത്‌.

80 ഡിഗ്രി ചരിവില്‍ തലകീഴായി തൂക്കിയിട്ട ബസിന്റെ പിറകിലൂടെ ഞാന്‍ അള്ളപ്പിടിച്ചു കയറിയിറങ്ങി. പിന്നെ ചില്ലുപൊട്ടിച്ചു രക്ഷപ്പെടുന്ന രംഗമാണു ചിത്രീകരിക്കേണ്ടത്‌. ഈ സമയം അതിസൂക്ഷ്‌മതയോടെ ചുവടുവച്ചാണു ബസിലൂടെ നടന്നതെങ്കിലും കാല്‍വഴുതി മുന്‍വശത്തെ ചില്ലിലേക്കു പതിച്ചു. ചില്ലില്‍ തലയടിച്ചുവീണു താഴേക്കു പതിച്ചിരുന്നെങ്കില്‍... അതൊന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും വയ്യ. തലനാരിഴയ്‌ക്കാണ്‌ അന്നു രക്ഷപ്പെട്ടത്‌.

Fun & Info @ Keralites.net

? ഭാവിവരനെകുറിച്ചുള്ള സ്വപ്‌നങ്ങള്‍.

മുമ്പൊക്കെ സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു. ഒരു പാടു സങ്കല്‍പ്പങ്ങളുമുണ്ടായിരുന്നു. അതിലൊക്കെ നാടന്‍ പയ്യന്‍മാരായിരുന്നു നിറഞ്ഞുനിന്നിരുന്നത്‌. ഉയരംകൂടിയ, നിറമിത്തിരി കുറഞ്ഞ നാടന്‍ പയ്യന്‍. ഞാന്‍ പറഞ്ഞില്ലേ, അതൊക്കെ ആ ഒരു കാലത്തായിരുന്നു. ഇന്നു മാനസികാവസ്‌ഥയൊക്കെ ഏറെ മാറി. സങ്കല്‍പ്പങ്ങളും. കോണ്‍വെന്റിലെ പഠനവും അച്‌ഛന്‍ ചെറുപ്പത്തില്‍ മരിച്ചതിന്റെ ആഘാതവും കാരണം അന്നു പ്രണയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പലരോടും ഇഷ്‌ടം തോന്നിയിട്ടുണ്ട്‌. അതൊന്നും പ്രണയജീവിതമായി വളര്‍ന്നിട്ടില്ലെന്നുമാത്രം. അഭിനയം ഏറെക്കാലം തുടരണമെന്നുതന്നെയാണ്‌ ആഗ്രഹം. വിവാഹം അതിനു തടസ്സമാകുമോയെന്നതൊക്കെ വിവാഹം ചെയ്യുന്ന ആളിന്റെ നിലപാടിനൊത്തുള്ള കാര്യങ്ങളല്ലേ. പിന്നെ ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല കേട്ടോ.. കോട്ടയത്തു വളര്‍ന്ന ഞാനിപ്പോള്‍ സിനിമയിലെ വരുമാനംകൊണ്ടു തൃക്കാക്കരയില്‍ വാങ്ങിയ ഫ്‌ളാറ്റിലാണു താമസം. തൃക്കാക്കര ക്ഷേത്രത്തോട്‌ അടുത്താണു ഫ്‌ളാറ്റ്‌. എന്നും അമ്പലത്തില്‍ പോയി തൊഴുതുവരാം. അമ്പലത്തിലെ കീര്‍ത്തനം കേട്ടുണരാം. ഞാനൊരു അമ്പലവാസി പെണ്ണാണെന്നും പറയാം. ഒരുപാടു ക്ഷേത്രങ്ങളിലെത്തി തൊഴാനാണ്‌ ആഗ്രഹം. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. ഇതുവരെയെത്തിച്ചത്‌ ഈശ്വരനാണ്‌. ഞാനൊരു നിമിത്തവും ജീവിതം ഒരു നിയോഗവുമായി മാറുകയായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ നാളയെക്കുറിച്ചു കൂടുതല്‍ സ്വപ്‌നങ്ങളൊന്നുമില്ല.

? വിനുമോഹനുമായി ഒട്ടേറെ പടങ്ങളില്‍ അഭിനയിച്ചിട്ടും ഗോസിപ്പൊന്നും കേട്ടില്ലല്ലോ.

വിനുമോഹനനുമൊത്ത്‌ ഏറെ സിനിമകളിലൊന്നും നായികാ നായകന്‍മാരായി അഭിനയിച്ചിട്ടില്ല. ഒന്നുരണ്ടു സിനിമകളിലൊഴികെ മറ്റു സിനിമകളിലൊക്കെ വിവിധ റോളുകളായിരുന്നു. അതേസമയം നിങ്ങള്‍ പറഞ്ഞതു ശരിയാണെന്ന്‌ ഇപ്പോള്‍ തോന്നുന്നു. ആദ്യ സിനിമയില്‍ തന്നെ പുതുമുഖ നായികാ നായകന്‍മാരായിരുന്നിട്ടും ഗോസിപ്പുണ്ടാകാത്തത്‌ ഒരുപക്ഷേ അത്ഭുതമായിരിക്കും അല്ലേ..! പിന്നെ മറ്റൊരര്‍ത്ഥത്തിലാണെങ്കില്‍ ഗോസിപ്പ്‌ നല്ലതാണ്‌. കാരണം, നമ്മള്‍ വാര്‍ത്തയില്‍ ഇടംനേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുമല്ലോ... തുടക്കക്കാര്‍ക്കു ഗോസിപ്പു ഗുണം ചെയ്യും. ആരും അറിയാതെ ഒതുങ്ങിപ്പോകുന്നതിലും നല്ലതല്ലേ ഇങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. ഒരു കാര്യം മാത്രം...ഗോസിപ്പ്‌ നമ്മളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ജിനേഷ്‌ പൂനത്ത്‌

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment