Thursday, January 12, 2012

[www.keralites.net] വിരുന്നെത്തിയ വസന്തമായി കോട്ടയം പുഷ്‌പമേള

 

വിരുന്നെത്തിയ വസന്തമായി കോട്ടയം പുഷ്‌പമേള, പൂത്തുലഞ്ഞ് നഗരം

കോട്ടയം: കത്തുന്ന വെയിലില്‍ കണ്ണിനു കുളിര്‍മ്മയേകി കോട്ടയം പുഷ്പമേള തുടങ്ങി. വസന്തം വിരുന്നെത്തിയ ഉദ്യാനംപോലെ പൂത്തുലഞ്ഞ നാഗമ്പടത്ത് അലങ്കാരപുഷ്പങ്ങള്‍ തമ്മിലാണ് മത്സരം... പൂക്കളൊരുക്കുന്ന നിറക്കൂട്ടുകള്‍ക്കൊപ്പം ബോണ്‍സായിമരങ്ങളും അപൂര്‍വ കാര്‍ഷിക വിളയിനങ്ങളും പുഷ്പമേളയ് ക്ക് മാറ്റുകൂട്ടുന്നു. അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി നാഗമ്പടം മൈതാനത്ത് ഒരുക്കിയ പുഷ്പമേളയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നുമുള്ള അപൂര്‍വ്വയിനം പൂക്കളാണ് ഒരുക്കിയിട്ടുള്ളത്.

കോട്ടയം പുഷ്പമേളയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നാല്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പൂര്‍ണ്ണമായും ശീതീകരിച്ച അത്യാധുനിക പന്തലാണ് ഒരുക്കിയിട്ടുള്ളത്. 27 നഴ്‌സറികളില്‍നിന്നുള്ള അലങ്കാരപുഷ്പങ്ങളും സസ്യങ്ങളും ഔഷധസസ്യങ്ങളും മേളയിലുണ്ട്.

പൂക്കളില്‍ ആരാണ് സുന്ദരി ?

സാല്‍വിയ, സീനിയ, ഡാലിയ, അസ്സീഡിയ ,യൂഫോര്‍ബിയ, ബിഗോണിയ, ക്രിസാന്തിമം.... പൂക്കളുടെ സൗന്ദര്യമത്സരത്തിനാണ് നാഗമ്പടം മൈതാനത്ത് അരങ്ങുണര്‍ന്നത്. വിവിധയിനം റോസുകള്‍ അന്വേഷിച്ചുനടന്ന കാലത്തില്‍നിന്ന് മട്ടുപ്പാവിലും തൊടിയിലും അലങ്കാര പുഷ്പമാക്കാന്‍ കൊതിക്കുന്ന വ്യത്യസ്തമായ പൂക്കളുടെ നിരയാണ് മേളയുടെ പ്രത്യേകത. ഒപ്പം സിംഗപ്പൂര്‍ , മലേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അപൂര്‍വ്വയിനം ഓര്‍ക്കിഡുകളും മേളയെ ആകര്‍ഷകമാക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഹൈബ്രിഡ് പൂക്കളുടെ വലിയ ശേഖരത്തോടൊപ്പം ചെടികള്‍ വാങ്ങാനുള്ള സൗകര്യവും മേളയിലുണ്ട്.

ഭീമന്‍ കിഴങ്ങുവിളകളുമായി കാര്‍ഷിക പ്രദര്‍ശനം

ഒരു കിലോ തൂക്കം വരുന്ന പേരയ്ക്ക, 120കിലോയിലധികം തൂക്കമുള്ള ഭീമന്‍ കപ്പ, കാച്ചില്‍ , ഭീമന്‍ ചേന , വാഴക്കുലകള്‍ ഇവയെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളായി മേളയില്‍ അണിനിരന്നിട്ടുണ്ട്. അതിശയിപ്പിക്കുംവിധം വലിപ്പമുള്ള അടയ്ക്ക, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. കാര്‍ഷികവിളകള്‍ക്കും ചെടികള്‍ക്കുമുള്ള ജൈവവളങ്ങളും മേളയോടൊപ്പം ഒരുക്കിയിട്ടുള്ള സ്റ്റാളുകളില്‍ നിന്നു വാങ്ങാം.
ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍, മറ്റു ഫലവൃക്ഷങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയും മേളയില്‍നിന്നു വാങ്ങാം. ഇവ പരിപാലിക്കുന്ന വിധവും കാര്‍ഷിക വിദഗ്ദ്ധര്‍ വിവരിക്കും.

അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന വിധവും അക്വേറിയങ്ങള്‍ തയ്യാറാക്കുന്ന രീതിയും പുഷ്പമേളയോടൊപ്പം ക്രമീകരിച്ചിട്ടുള്ള പ്രദര്‍ശനത്തില്‍ വിവരിക്കും.

നയനോത്സവമായി ഫ്‌ളവര്‍ അറേഞ്ച്‌മെന്റുകള്‍

അലങ്കാര പുഷ്പങ്ങളും സസ്യങ്ങളും പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ആഘോഷങ്ങള്‍ക്കും മറ്റും അവ ആകര്‍ഷകമായി ക്രമീകരിക്കുന്നതിലുള്ള ഭംഗി വെളിവാക്കുന്ന സ്റ്റാളുകളും മേളയിലുണ്ട്. ഫ്‌ളവര്‍ അറേഞ്ച്‌മെന്റിലെ നൂതനാശയങ്ങളും എളുപ്പവഴികളും പങ്കുവയ് ക്കുന്നതിനുള്ള വേദി കൂടിയായി പുഷ്പമേള.
പുഷ്പമേളയോടനുബന്ധിച്ച് പൂക്കള്‍ അലങ്കരിക്കുന്ന മത്സരവും സംഘടിപ്പിച്ചിരുന്നു. മയിലിന്റെയും അരയന്നത്തിന്റെയും രൂപത്തില്‍ അലങ്കരിച്ച പൂക്കളും ചെടികളും ആരിലും കൗതുകമുണര്‍ത്തുന്നവയാണ്.
നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍ മേള ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ സിനിമാനടി കല്‍പ്പന ഉദ്ഘാടനം ചെയ്തു. ദിവസേന രാവിലെ ഒമ്പതുമുതല്‍ എട്ടരവരെയാണ് പ്രദര്‍ശനം. ഭക്ഷ്യസ്റ്റാളുകളും കരകൗശലസ്റ്റാളുകളും മേളയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. പുഷേ്പാത്സവം 15ന് സമാപിക്കും.

ബോണ്‍സായിയുമായി രവീന്ദ്രന്‍

പതിനഞ്ചു മുതല്‍ എഴുപതു വര്‍ഷം വരെ പഴക്കമുള്ള ഒന്നരഅടിമാത്രം ഉയരമുള്ള ഇത്തിരിക്കുഞ്ഞന്‍ വൃക്ഷങ്ങള്‍... പുളിയും പേരാലും നാരകവും തുടങ്ങി പതിനഞ്ചോളം മരങ്ങളുടെ ബോണ്‍സായ് ശേഖരവുമായാണ് നാഗര്‍കോവിലില്‍ നിന്നും രവീന്ദ്രന്‍ പുഷ്പമേളയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. 42 വര്‍ഷംമുമ്പ് കൗതുകത്തിന് തുടങ്ങിയ ബോണ്‍സായി പ്രേമത്തെ ഗൗരവമായി കണ്ടുതുടങ്ങിയപ്പോള്‍ കൈവന്ന അപൂര്‍വ്വനേട്ടങ്ങളുടെ കഥയുമായാണ് രവീന്ദ്രന്‍ എത്തിയത് .ഇത് മൂന്നാം തവണയാണ് കോട്ടയത്തെ പുഷ്പമേളക്ക് കൊഴുപ്പേകാന്‍ ബോണ്‍സായ് മരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത കൃഷിരീതിയിലൂടെ നട്ടുനനച്ച 84 മരങ്ങളാണ് മേളയിലുള്ളത്.

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment