Monday, January 2, 2012

[www.keralites.net] മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍ - കൈലാഷ്‌

 

മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍

Fun & Info @ Keralites.net

? എം.ടി. വാസുദേവന്‍നായരുടെ രചനയും ലാല്‍ജോസിന്റെ സംവിധാനവും എങ്ങനെ ഓര്‍ക്കുന്നു.

* എം.ടി. സാറിനേയും ലാല്‍ ജോസ്‌ സാറിനേയും വിലയിരുത്താന്‍ ഞാന്‍ യോഗ്യനല്ല. അതേസമയം നീലത്താമരയിലൂടെ നായകനാകാന്‍ കഴിഞ്ഞതാണ്‌ എന്റെ ഭാഗ്യം. മോഹിപ്പിക്കുന്ന തുടക്കമാണ്‌ എന്നെപ്പോലെ ഒരു പുതുമുഖത്തിനു ലഭിച്ചത്‌.

? കൈലാഷ്‌ 'നീലത്താമര'യില്‍ നായകനായതെങ്ങിനെ? വെറും ഭാഗ്യം.

* ഭാഗ്യവും ഉണ്ട്‌ എന്നു പറയുന്നതാണ്‌ ശരി. ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ നീലത്താമര റീമേക്ക്‌ ചെയ്യുന്ന വാര്‍ത്തകണ്ടു. ഒപ്പം നായകനടന്മാരെ ആവശ്യമുണ്ടെന്നും. ഞാന്‍ എന്റെ ഫോട്ടോ ഇമെയില്‍ അയച്ചു. പിന്നീട്‌ എറണാകുളത്തുചെന്ന്‌ സംവിധായകന്‍ ലാല്‍ജോസിനെ കണ്ടു. അതിനുശേഷം മൂന്നുമാസം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. 10 പേരാണു ഫൈനല്‍ റൗണ്ടില്‍. എം.ടി. സാറിനെ കാണണം, അദ്ദേഹമാണ്‌ നായകനെ തെഞ്ഞെടുക്കുന്നത്‌.

? എം.ടി. വാസുദേവന്‍നായരാണ്‌ നായകനെ തെരഞ്ഞെടുക്കുന്നതെന്നറിഞ്ഞപ്പോള്‍ പ്രതീക്ഷ നഷ്‌ടപ്പെട്ടോ.

* ഭയം തോന്നി. പക്ഷേ, ആത്മവിശ്വാസത്തോടെ എന്തിനേയും സമീപിക്കുന്ന സ്വഭാവമായിരുന്നു എനിക്ക്‌. മുന്‍വിധിയോടെ ഒന്നിനേയും സമീപിക്കാന്‍ പാടില്ല. ഏറ്റവും നല്ല പെര്‍ഫോമന്‍സ്‌ നമ്മള്‍ കാഴ്‌ചവയ്‌ക്കണം. ബാക്കിയെല്ലാം എന്നെ തെരഞ്ഞെടുത്തവരുടെ ഭാഗത്താണ്‌. ഇവിടെ ഭാഗ്യംകൂടി ചേര്‍ന്നാല്‍ വിജയം ഉണ്ടാകും.

? എം.ടി.യുമായി കൂടിക്കാഴ്‌ച എങ്ങനെയായിരുന്നു.

* ഞാന്‍ എറണാകുളത്തുനിന്ന്‌ ഒരു ബസിലാണ്‌ പുറപ്പെട്ടത്‌. കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്‌്സ്‌റ്റാന്‍ഡിനരികെയുളള ഒരു ലോഡ്‌ജില്‍ മുറിയെടുത്തു. എന്നെ വിളിക്കുന്നതും കാത്തിരുന്നു. 11 മണിക്ക്‌ ഈസ്‌റ്റ് അവന്യൂവില്‍ ചെല്ലണമെന്നും അവിടെ എം.ടി. സാറുണ്ടാകുമെന്നും. പതിനൊന്നുമണിക്ക്‌ മുന്‍പ്‌ അവന്യൂ ഹോട്ടലില്‍ചെന്നു. എം.ടി. സാറിന്റെ മുറിക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. എന്തൊക്കെ ചോദിക്കും. എങ്ങനെയൊക്കെ അഭിനയിക്കാനായിരിക്കും പറയുക എന്നെല്ലാം ആലോച്ചുനിന്നു. എന്റെ ഊഴം വന്നു. ഭയഭക്‌തിയോടെ മുറിയിലേക്കു ചെന്നു. ഗൗരവത്തില്‍ ഇരിക്കുന്ന എം.ടി. സാറിനെ കണ്ടു. അദ്ദേഹം എന്നോട്‌ അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞില്ല. സാധാരണ രീതിയിലാണു സംസാരിച്ചത്‌. അതെന്നില്‍ ആത്മവിശ്വാസം വളര്‍ത്തി. 15 മിനിറ്റ്‌. അതൊരു ഗംഭീരമായ നിമിഷങ്ങളായിരുന്നു.

? എം.ടി. എന്തുപറഞ്ഞു.

* അപ്പോള്‍ ഒന്നും പറഞ്ഞില്ല. എന്നെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ കാണാം എന്നുപറഞ്ഞ്‌ എനിക്കു കൈതന്നു. ഒരു നിമിഷം ഞാന്‍ ആ കൈകളില്‍ പിടിക്കാതെ മടിച്ചുനിന്നു.

? അതെന്താ...!

* എനിക്കു ഭയമായിരുന്നു. എം.ടി. സാര്‍ ഒരു വലിയ മനുഷ്യന്‍. സര്‍വരാലും ആദരിക്കപ്പെടുന്ന എഴുത്തുകാരന്‍. ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചാല്‍ നായകവേഷം കിട്ടിയില്ലെങ്കിലോ എന്നു വിചാരിച്ചു. പെട്ടെന്ന്‌ ആരോ എന്നെ നിര്‍ബന്ധിക്കുന്നതുപോലെ തോന്നി. ഞാന്‍ അദ്ദേഹത്തിനു കൈകൊടുത്തു.

? നായകവേഷം നഷ്‌ടപ്പെടുമെന്നു കരുതിയല്ലേ എം.ടി. നീട്ടിയ കയ്യില്‍ പിടിക്കാതിരുന്നത്‌. പിന്നെന്തിനാണാ കൈയില്‍ പിടിച്ചത്‌.

* നായകവേഷം കിട്ടിയില്ലെങ്കിലും മറ്റേതെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞേക്കും. അതേസമയം എം.ടി. സാറിന്റെ കൈയില്‍ പിടിക്കാനുള്ള സുവര്‍ണാവസരം മറ്റൊരിക്കല്‍ കിട്ടിയില്ലെങ്കിലോ? അതുകൊണ്ടാണു രണ്ടും കല്‍പ്പിച്ച്‌ ആ വലിയ എഴുത്തുകാരന്റെ കൈയില്‍ പിടിച്ചത്‌. അതൊരു മഹാഭാഗ്യമായിട്ടാണ്‌ ഞാന്‍ കരുതിയത്‌.

? കോഴിക്കോടുനിന്നു തിരികെ പോകുമ്പോള്‍ എന്തായിരുന്നു മനസില്‍! നായകവേഷം കിട്ടുമെന്നു തോന്നിയോ.

* ഇല്ല. പക്ഷേ, എം.ടി. സാറിന്റെ വാക്കുകളില്‍ പോസിറ്റീവായ എന്തോ ഉണ്ടെന്നു തോന്നി. കോഴിക്കോട്ടുനിന്ന്‌ ബസില്‍ തിരികെ പോകുമ്പോള്‍ എം.ടി. സാറിനെ കണ്ടതും പരിചയപ്പെട്ടതും ഞാനാ കൈകളില്‍ പിടിച്ചതും വീണ്ടും വീണ്ടും ഓര്‍ത്തു സന്തോഷിച്ചു.

? നായകനായി മറ്റൊരാളെയല്ലേ തെരഞ്ഞെടുത്തത്‌.

* അതെന്റെ തെറ്റിദ്ധാരണയായിരുന്നു. എറണാകുളത്ത്‌ ഒരു കല്യാണത്തിനു പോയപ്പോള്‍ രണ്ടുമൂന്നു സിനിമക്കാര്‍ നീലത്താമരയുടെ പൂജയുടെ കാര്യം പറയുന്നതു കേട്ടു. പൂജ ഫിക്‌സ് ചെയ്‌തെങ്കില്‍ നായകനേയും ഫിക്‌സ് ചെയ്‌തിരിക്കണമല്ലോ. അങ്ങനെയെങ്കില്‍ അക്കാര്യം എന്നെ അറിയിക്കാമായിരുന്നില്ലെ. ഞാന്‍ മോഹിച്ചതെല്ലാം വെറുതെയായെന്നു തോന്നി.

? സംവിധായകനെ വിളിക്കാമായിരുന്നില്ലേ.

* ഭയം തോന്നി. എന്നാല്‍ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ അനൂപ്‌ കണ്ണനെ വിളിച്ച്‌ പൂജയെക്കുറിച്ചു ചോദിച്ചു. അനൂപ്‌ കണ്ണന്‍ എല്ലാം വിശദമായി പറഞ്ഞു. പൂജയ്‌ക്ക് എന്നെയും ക്ഷണിച്ചു. പൂജയ്‌ക്കു പോകാന്‍വേണ്ടി നല്ല ഡ്രസെടുത്തു. പിറ്റേദിവസം രാവിലെ ആറിനു ലാല്‍ ജോസ്‌ സാര്‍ എന്നെ വിളിച്ചുപറഞ്ഞു. നീയാണ്‌ നീലത്താമരയിലെ നായകന്‍, ഹരിദാസന്‍. രാവിലെ 8 മണിക്ക്‌ എത്തണം. 8 മണിക്ക്‌ മുന്‍പ്‌ എറണാകുളം അവന്യൂസെന്ററില്‍ ചെന്നു. ലാല്‍ജോസ്‌ സാറിനെ കണ്ടു. അപ്പോള്‍ അര്‍ച്ചനകവി, അംബികയുടെ സഹോദരന്‍ സുരേഷ്‌ എന്നിവരുണ്ടായിരുന്നു. 'നിന്റെ കുഞ്ഞിമാളു'എന്നു പറഞ്ഞാണ്‌ അര്‍ച്ചനകവിയെ എനിക്കു പരിചയപ്പെടുത്തിയത്‌.

? നീലത്താമരയില്‍ നായകനാണെന്നറിഞ്ഞ നിമിഷം.

* അതു പറയാന്‍ വാക്കുകള്‍ പോരാ. ഞാന്‍ സിനിമയുടെ ഭാഗമായി എന്നു തോന്നി. ചാന്‍സുകള്‍ ചോദിച്ചു നിരവധിപേരെ കണ്ടിരുന്നു. അതില്‍നിന്നും വലിയ മാറ്റമായി മാറി നീലത്താമര. ഒരു സ്വപ്‌നം യാഥാര്‍ഥ്യമായി.

? തിരുവല്ലക്കാരനായ കൈലാഷ്‌ പിന്നിട്ട വഴികള്‍.

* ഞാന്‍ നായകനായപ്പോള്‍ ആദ്യം ചിന്തിച്ചത്‌ തിരുവല്ലയില്‍നിന്നുള്ള സിനിമാക്കാരെയാണ്‌. കെ.ജി. ജോര്‍ജ്‌, ജോണ്‍ ശങ്കരമംഗലം, എം.ജി. സോമന്‍, ബ്ലെസി, നയന്‍താര, മീരാ ജാസ്‌മിന്‍ എന്നിവരെ. ഇനി തിരുവല്ലയിലെ സിനിമാക്കാരില്‍ എന്റെ പേരുമുണ്ടാകുമല്ലോ എന്നു തോന്നി. അതുപോലെ ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി ഒരു സിനിമാ നടനെ കണ്ടു. ജഗന്നാഥന്‍. ആര്‍ട്‌സ് ക്ലബ്‌ ഉദ്‌ഘാടനത്തിനാണദ്ദേഹം വന്നത്‌. അന്ന്‌, അദ്ദേഹത്തിനു കിട്ടിയ സ്വീകരണം കണ്ട്‌ ഞാനും കൊതിച്ചു. ഒരു ദിവസം ഞാന്‍ പഠിച്ച സ്‌കൂളിലേക്കു വന്ന്‌ ഉദ്‌ഘാടനം ചെയ്യണം. അതിനുള്ള അവസരം ലഭിക്കണമെന്നു പ്രാര്‍ഥിച്ചു. ഈവര്‍ഷം ഓണത്തിനു എന്റെ ആഗ്രഹം സാധിച്ചു. ജഗന്നാഥന്‍ പ്രസംഗിച്ച അതേ സ്‌റ്റേജില്‍ പ്രസംഗിച്ചു.

? സിനിമാ നടനായശേഷമുള്ള ധര്‍മസങ്കടങ്ങള്‍.

* പുതിയ സിനിമയിലേക്കു വിളിക്കുന്ന പലരും മോഹിപ്പിക്കുന്ന കഥകളും കഥാപാത്രങ്ങളുമാണ്‌ പറയാറു പതിവ്‌. ആ ആഗ്രഹത്തോടെയാണ്‌ ലൊക്കേഷനില്‍ ചെല്ലാറ്‌. അവിടെ ചെല്ലുമ്പോഴാണ്‌ എന്നോടു പറഞ്ഞ കഥയും കഥാപാത്രവുമല്ലെന്നു മനസിലാകുന്നത്‌. എന്നാല്‍ അഭിനയം വേണ്ടെന്നുവച്ചു തിരികെ പോകാന്‍ കഴിയാറില്ല. ചില സിനിമകള്‍ ഞാന്‍ ചെയ്‌താല്‍ ശരിയാകില്ലെന്നു തോന്നിയിട്ടുണ്ടെങ്കിലും അങ്ങനെ പറഞ്ഞാല്‍ എന്നെ അഹങ്കാരിയായി കാണും. ഇതൊക്കെ എന്റെ ധര്‍മസങ്കടങ്ങളാണ്‌.

? അഭിനയത്തിനിടയില്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.

* ഞാന്‍ ആദ്യമായി അഭിനയിച്ച തമിഴ്‌ ചിത്രമാണ്‌ 'മരുതവേല്‍.' ഒരു വില്ലേജ്‌ കഥാപാത്രം. നീലത്താമര കണ്ടശേഷമാണ്‌ തമിഴ്‌ സിനിമയിലേക്കു വിളിച്ചത്‌. മരുതവേല്‍, ആക്ഷന്‍ സിനിമയാണ്‌. അച്‌ഛന്‍- മകന്‍ ബന്ധം. ആ ചിത്രത്തില്‍ മൂന്നു സൂപ്പര്‍ ആക്ഷന്‍ ഉണ്ടായിരുന്നു. ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാന്‍ 450 കാളകളെ കൊണ്ടുവന്നു. അവക്കിടയില്‍നിന്നാണ്‌ ഫൈറ്റ്‌ ചെയ്‌തത്‌. അതിനിടയില്‍ ഒരു കാള കുത്തിയാല്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. തീയറ്ററില്‍ സിനിമ കണ്ടപ്പോഴാണ്‌ എനിക്കു പേടി തോന്നിയത്‌. മരണത്തെ മുന്നില്‍നിര്‍ത്തി ചെയ്‌ത സിനിമയായിരുന്നു മരുതവേല്‍. അതുപോലെ ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ 12-ാം നിലയില്‍നിന്നും ചാടുന്ന രംഗം. ഫൈറ്റ്‌ ചെയ്യുന്നവര്‍ ഡ്യൂപ്പിട്ടാണു സാധാരണ അത്തരം രംഗങ്ങള്‍ ചെയ്യാറ്‌. എന്നാല്‍, ഞാന്‍ ആ രംഗം അഭിനയിച്ചോട്ടെ എന്നു ചോദിച്ചെങ്കിലും നിരുത്സാഹപ്പെടുത്തി. ജീവിതത്തില്‍ റിസ്‌ക് എടുത്താലെ വിജയം ലഭിക്കു എന്നു മനസിലാക്കിയതുകൊണ്ട്‌ 12-ാം നിലയില്‍നിന്നു ചാടി അഭിനയിക്കാന്‍ തീരുമാനിച്ചു. അഭിനയിച്ചുകഴിഞ്ഞപ്പോഴാണ്‌ ഞാനതിന്റെ ഭീകരത മനസിലാക്കിയത്‌.

? നിങ്ങളുടെ തലമുറയും പഴയ തലമുറയും തമ്മിലുള്ള വ്യത്യാസം.

* ഞങ്ങളുടെ തലമുറ ഭാഗ്യവാന്മാരാണ്‌. ധാരാളം അവസരങ്ങളാണു ഞങ്ങള്‍ക്കുമുന്നിലുള്ളത്‌. സൗകര്യവും പ്രതിഫലവും മാന്യമായ രീതിയില്‍. പഴയ തലമുറയ്‌ക്കു സൗകര്യങ്ങളും പ്രതിഫലവും കുറവായിരുന്നു. എന്നാല്‍ അവര്‍ക്കു കിട്ടിയതുപോലുള്ള നല്ല സിനിമകളും കഥാപാത്രങ്ങളും ഞങ്ങളുടെ തലമുറയ്‌ക്കു കുറവായിരുന്നു.

? കൈലാഷിനോട്‌ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പറഞ്ഞാല്‍.

* ഇല്ല, സംവിധാനം ചെയ്യില്ല.

? കാരണം.

* സംവിധാനം കുട്ടിക്കളിയല്ല. ഏറ്റവും റിസ്‌ക്പിടിച്ച ജോലിയാണ്‌. ക്യാപ്‌റ്റന്‍ ഓഫ്‌ ദി ഷിപ്പ്‌. സംവിധായകന്റെ കലയാണ്‌ സിനിമ.

? ഒരിക്കലും സിനിമ സംവിധാനം ചെയ്യില്ല എന്നാണോ.

* അവസാനവാക്കു പറയാന്‍ പറ്റില്ല. എന്നെങ്കിലും സംവിധാനം ചെയ്‌തുകൂടെന്നില്ല.

? അങ്ങനെ സിനിമാ സംവിധാനം ചെയ്യുകയാണെങ്കില്‍ നായകനായും അഭിനയിച്ചുകൂടേ.

* വേണ്ട. നായകന്‍ മറ്റാരെങ്കിലുമായിരിക്കും. ഞാന്‍ ഒരു ചെറിയ റോളില്‍ ചിലപ്പോള്‍ അഭിനയിച്ചേക്കും. ഒന്നും അവസാനവാക്കായി ഇപ്പോള്‍ കരുതരുത്‌.

? കഴിവുമാത്രംകൊണ്ട്‌ സിനിമയില്‍ വിജയിക്കുമോ.

* കഴിവുമാത്രം പോരാ, ഭാഗ്യവും വേണം. പിന്നെ...

? പിന്നെ.

* ഗ്രൂപ്പുകളും വേണം. ഗ്രൂപ്പും ഭാഗ്യവും കഴിവും കൂടിച്ചേരുമ്പോഴാണ്‌ നിലനില്‍ക്കാന്‍ കഴിയുന്നത്‌.

? ഏതു ഗ്രൂപ്പിലാണ്‌ കൈലാഷ്‌.

* ഞാന്‍ തല്‍ക്കാലം ഒരു ഗ്രൂപ്പിലും ചേര്‍ന്നിട്ടില്ല. സിനിമയില്‍ സജീവമായി നില്‍ക്കണമെങ്കെില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ കടന്നുകൂടണം. കഴിവിന്റെ അടിസ്‌ഥാനത്തില്‍ മാത്രം നിലനില്‍ക്കാന്‍ കഴിയില്ല. അതേസമയം ഗ്രൂപ്പുകൊണ്ട്‌ നന്മയും തിന്മയും ഉണ്ടെന്നു മനസിലാക്കിയവനാണ്‌ ഞാന്‍.

? അഹങ്കാരിയാണോ.

* ഞാനിന്നുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല.

? മറ്റുള്ളവര്‍ ചിന്തിച്ചിട്ടുണ്ടോ.

* അറിയില്ല, അങ്ങനെയൊന്നും ചിന്തിക്കരുതേ എന്നാണ്‌ എന്റെ പ്രാര്‍ഥന

? എത്രപേരെ വേദനിപ്പിച്ചിട്ടുണ്ട്‌.

* അറിഞ്ഞുകൊണ്ട്‌ ആരേയും വേദനിപ്പിച്ചിട്ടില്ല.

? നുണപറഞ്ഞിട്ടില്ലേ.

* ഇല്ല എന്നു പറഞ്ഞാല്‍ അതു നുണയാകില്ലേ.

?വിഷമംവന്നാല്‍ എന്തുചെയ്യും

* തനിച്ചിരുന്ന്‌ പ്രാര്‍ഥിക്കും.

? മറ്റുള്ളവരെ വേദനിപ്പിക്കേണ്ടിവന്നാല്‍.

* മനപ്പൂര്‍വം അങ്ങനെ ചെയ്യാറില്ല. അറിയാതെയാണെങ്കിലും വേദനിപ്പിക്കേണ്ടിവന്നാല്‍ സോറി പറയും.

? ഏറ്റവും പുതിയ സിനിമ.

* റിപ്പോര്‍ട്ടര്‍. അതില്‍ എബി മാത്യു കുര്യന്‍ എന്ന കഥാപാത്രം. നല്ല കഥാപാത്രമാണ്‌.

? നീലത്താമരയിലേതുപോലെ.

* കമ്പാരിസണ്‍ ഇല്ല. നിലത്താമരയ്‌ക്കു തുല്യം നീലത്താമര മാത്രം. ഓരോ സിനിമയും പുതിയതാകട്ടെ.

? എന്താണ്‌ ആഗ്രഹം.

* മറ്റുള്ളവര്‍ക്ക്‌ ദുഃഖങ്ങളും വേദനകളും ഉണ്ടാകാതിരിക്കട്ടെ. എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകട്ടെ.

? അതിബുദ്ധിമാനാണല്ലേ.

* എന്നെക്കുറിച്ച്‌ ഞാനങ്ങനെ പറയുന്നതു ശരിയല്ലല്ലോ.

? അഭിനയിക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയത്‌.

* ശ്യാമപ്രസാദ്‌ സാറിന്റെ 'ഋതു'വില്‍ ചാന്‍സ്‌ ചോദിച്ചു ചെന്നിട്ടുണ്ട്‌. സാറതൊക്കെ ഓര്‍ക്കുന്നുണ്ടോ ആവോ. എന്തായാലും ഞാന്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകരുടെ ലിസ്‌റ്റില്‍ ജോഷിസാര്‍, ഹരിഹരന്‍സാര്‍, ഷാഫി, ശ്യാമപ്രസാദ്‌സാര്‍ അങ്ങനെ കുറെപ്പേരുണ്ട്‌. ആഗ്രഹങ്ങള്‍ സാധിക്കുമെന്നു വിചാരിക്കുന്നു.

സ്വപ്‌നം കാണാതിരുന്നതാണ്‌ നീലത്താമരയിലെ നായകവേഷം. അതു ലഭിച്ചില്ലേ. അങ്ങനെ ഓരോന്നു ലഭിക്കുമെന്ന്‌ സ്വപ്‌നം കാണട്ടെ. കൂടുതല്‍ സ്വപ്‌നം കണ്ടാലല്ലെ കുറച്ചെങ്കിലും സാധിക്കൂ... അതുകൊണ്ട്‌ ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment