Monday, February 7, 2011

[www.keralites.net] ഇലക്ട്രോണിക് മാലിന്യങ്ങള് ഭീഷണി

Fun & Info @ Keralites.net

Fun & Info @ Keralites.net

ലോകം ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നമാണ് ഇലക്‌ട്രോണിക് മാലിന്യങ്ങള്‍. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തെ ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ അളവ് പത്തിരട്ടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി കമ്മിറ്റി വിലയിരുത്തുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗവും എന്നാല്‍ അതിനനുസരിച്ച് മാലിന്യശേഖരണ-പുനഃസംസ്‌കരണ പദ്ധതികള്‍ ഇല്ലാത്തതുമാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

എന്താണ് ഇ-വേസ്റ്റ്

പഴക്കം ചെന്ന് ഉപേക്ഷിക്കപ്പെട്ട കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, സി.എഫ്.എല്‍ ബള്‍ബുകള്‍ തുടങ്ങിയവയും അവയുടെ ഭാഗങ്ങളുമെല്ലാം ഇലക്‌ട്രോണിക് വേസ്റ്റില്‍പെടും. ഫാക്ടറികളില്‍ നിന്നും മറ്റും വന്‍തോതില്‍ ഉപേക്ഷിക്കപ്പെടുന്നവ മാത്രമല്ല, വീടുകളില്‍ നിന്ന് ഉപയോഗശൂന്യമെന്നനിലയില്‍ വലിച്ചെറിയുന്ന ഇത്തരം വസ്തുക്കളും ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അമേരിക്കയില്‍ പ്രതിവര്‍ഷം മൂന്നുകോടി കമ്പ്യൂട്ടറുകള്‍ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. യൂറോപ്പില്‍ പ്രതിവര്‍ഷം 10കോടി മെബൈല്‍ഫോണുകള്‍ ഉപയോഗശൂന്യമെന്ന നിലയില്‍ കളയുന്നു. ഒരു വര്‍ഷം ലോകത്ത് അഞ്ചുകോടി ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നാണ് ഏകദേശവിവരം. ഗാര്‍ഹിക ഉപഭോക്താക്കള്‍ വലിച്ചെറിയുന്ന കണക്കില്‍ പെടാത്തവ വേറെയും വരും. ഇവയില്‍ 20ശതമാനം വരെ മാത്രമേ പുനഃചംക്രമണത്തിന് വിധേയമാകുന്നുള്ളൂ. മറ്റുള്ളവ മണ്ണിലും വെള്ളത്തിലും മാലിന്യം കലര്‍ത്തി അവശേഷിക്കുന്നു.

ആരോഗ്യത്തിന് ഭീഷണി

ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ മിക്കവാറും ഭാഗങ്ങള്‍ അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ടാല്‍ ക്രമേണ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. ഒരു സാധാരണ കമ്പ്യൂട്ടറില്‍ മാത്രം 1000ത്തോളം വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ലെഡ്, കാഡ്മിയം,മെര്‍ക്കുറി തുടങ്ങിയ ഘനലോഹങ്ങള്‍ ഇവയില്‍പെടും. ഇക്കൂട്ടത്തില്‍ പലതും നാഡീവ്യൂഹം. വൃക്കകള്‍, തലച്ചോറ് എന്നിവയ്ക്ക് തകരാറുണ്ടാക്കാന്‍ പോന്നവയാണ്. കാന്‍സറിന് കാരണമാകുന്നവ വേറെയുമുണ്ട്. ജലത്തിലൂടെയും മറ്റും ശരീരത്തിനകത്തുചെന്നാല്‍ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ബാധിക്കുന്നവയും ഈ മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്.

ഇതിനുദാഹരണമാണ് മെര്‍ക്കുറി(രസം). കുഞ്ഞുങ്ങളുടെ നാഡീവ്യൂഹത്തെയും തലച്ചോറിന്റെ വികാസത്തെയും ഇതു ബാധിക്കും. മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന മെര്‍ക്കുറി അതിനെ ഭക്ഷിക്കുന്ന മനുഷ്യന്റെ ശരീരത്തിലെത്തും.

പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ കാണപ്പെടുന്ന, ലെഡ്(ഈയം) കേന്ദ്ര നാഡിവ്യവസ്ഥയെ അനാരോഗ്യകരമായി ബാധിക്കുന്നു. വൃക്കകളിലും രക്തത്തിലും ഇവയെത്തി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഗര്‍ഭസ്ഥശിശുവിനെയും നവജാത ശിശുക്കളെയും ബാധിക്കും. ഇവ കാന്‍സറിന് കാരണമാകുമെന്നും സൂചനയുണ്ട്.സര്‍ക്യൂട്ട് ബോര്‍ഡിലെ ഫ്‌ളെയിം റിട്ടാര്‍ഡന്റുകള്‍ ദഹനവ്യവസ്ഥയെ ബാധിക്കും. ഇവയും കാന്‍സര്‍ജന്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പു കോശങ്ങളില്‍ അടിഞ്ഞുകിടന്ന് ശരീരത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണിത്.

സെമി കണ്ടക്ടറുകളിലും ചിപ്പുകളിലും കാണുന്ന കാഡ്മിയമാണ് മറ്റൊരു വില്ലന്‍. വൃക്ക,കരള്‍ എന്നിവയെ ബാധിക്കുന്ന ഈ ഘനലോഹം അസ്ഥികളുടെ ബലക്ഷയത്തിനും കാരണമാകും. ഇവ കൂടാതെ താലിയം, ബോറോണ്‍, ബോറിലിയം, കോബാള്‍ട്ട്, റോഡിയം തുടങ്ങി അസംഖ്യം വസ്തുക്കള്‍ ഇലക്‌ട്രോണിക് മാലിന്യങ്ങളായി പുറന്തള്ളപ്പെടുന്നുണ്ട്.

സംസ്‌കരണം

ഇലക്‌ട്രോണിക് സാങ്കേതികത അടുത്ത കാലത്ത് വികസിച്ച വികസ്വര രാജ്യങ്ങളില്‍ ഇ-വേസ്റ്റുകളുടെ ശേഖരണത്തിനും സംസ്‌കരണത്തിനും ഇപ്പോഴും ശാസ്ത്രീയമായ നടപടികളില്ല. പഴയ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ അവര്‍ക്കാവശ്യമായ ഭാഗങ്ങള്‍ അഴിച്ചെടുത്ത് ബാക്കി അശ്രദ്ധമായി പുറന്തള്ളുന്ന കാഴ്ചയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇത് വെള്ളവും വായുവും മലിനമാക്കുന്നു. വികസിത രാജ്യങ്ങളാകട്ടെ ഇ-വേസ്റ്റ് കപ്പല്‍ വഴി മൂന്നാംലോകരാജ്യങ്ങളില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം മാലിന്യങ്ങള്‍ രഹസ്യമായി കടലില്‍ തള്ളുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശാസ്ത്രീയമായി പുനഃചംക്രമണം നടത്തിയാല്‍ ഇവയില്‍ നല്ലൊരു ഭാഗം വീണ്ടും ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

Thanks mathrbhumi

Regards..maanu


www.keralites.net

No comments:

Post a Comment