Wednesday, February 2, 2011

[www.keralites.net] പ്രവാസികള്‍ മന്ത്രി രവിയില്‍നിന്നും അഹമ്മദില്‍നിന്നും പ്രതീക്ഷിക്കുന്നത്



പ്രവാസികള്‍ മന്ത്രി രവിയില്‍നിന്നും അഹമ്മദില്‍നിന്നും പ്രതീക്ഷിക്കുന്നത്


കാസിം ഇരിക്കൂര്‍

ആടുജീവിതം' എഴുതിയ ബെന്യാമിനെ ഇക്കഴിഞ്ഞ പ്രവാസി ഭാരതീയ സമ്മേളനത്തിലേക്ക് വിളിച്ചുവരുത്തി ആദരിച്ചപ്പോള്‍ ആഹ്ലാദിച്ചത് സൗദിയിലെ പ്രവാസികളായിരുന്നു. സൗദി മരുഭൂവില്‍ ഒരു പാവം മലയാളി യുവാവ് അനുഭവിച്ചുതീര്‍ത്ത ജീവിതദുരിതത്തിന് നമ്മുടെ ഭരണകൂടം കീഴൊപ്പ് ചാര്‍ത്തിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു അത്. മരുഭൂമിയുടെ വന്യതയില്‍ എത്രയോ പേര്‍ നരകയാതന അനുഭവിച്ചുതീര്‍ക്കുന്നുണ്ടെന്നും അവരിലൊരാളുടെ ദുര്‍വിധിഗ്രസ്തമായ ഇടയജീവിതം കഥാതന്തുവാക്കി കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരം നേടിയ ഒരു നോവല്‍ വിരചിക്കപ്പെട്ടിട്ടുണ്ടെന്നും വയലാര്‍ രവി അറിയുന്നതു തന്നെ സൗദി സന്ദര്‍ശിച്ചപ്പോഴാണത്രെ. പ്രവാസികള്‍ക്കായി പ്രത്യേകമൊരു വകുപ്പിന് രൂപംനല്‍കുകയും അതിന്റെ തലപ്പത്ത് രവിയെ പോലുള്ള സീനിയര്‍ നേതാവിനെ പ്രതിഷ്ഠിക്കുകയും ചെയ്തതോടെ എല്ലാം ശുഭം; മംഗളം എന്ന് കരുതിയവര്‍ക്കുള്ള താക്കീത് കൂടിയായിരുന്നു ആ നോവല്‍. പ്രവാസി വകുപ്പ് കാര്യക്ഷമമായി കൊണ്ടുനടക്കുന്നതിന്റെ അംഗീകാരമായാണത്രെ വ്യോമയാന വകുപ്പ് കൂടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മന്ത്രി രവിയെ ഏല്‍പിച്ചിരിക്കുന്നത്.

മന്ത്രി ഇ.അഹമ്മദിന് വിദേശകാര്യസഹമന്ത്രി പദവി കൂടി തിരിച്ചുകിട്ടിയതോടെ മലയാളികളായ രണ്ടു പ്രമുഖരുടെ കൈകളില്‍ പ്രവാസികളുടെ ഭാഗധേയം നിര്‍ണയിക്കുന്ന മൂന്നു സുപ്രധാനവകുപ്പുകളെത്തി. പുറംരാജ്യങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കേരളീയരാണെന്നിരിക്കെ ഇവരുടെ അധികാരലബ്ധിയില്‍ ഹര്‍ഷപുളകിതരാവേണ്ടത് അവരാണ്. പക്ഷേ, നിര്‍വികാരതയും നിസ്സംഗതയുമാണ് അവരുടെ പ്രതികരണത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ആശാപാശങ്ങള്‍ നഷ്ടപ്പെട്ട സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയല്ല; മറിച്ച് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ക്കും പത്മശ്രീകള്‍ക്കും വേണ്ടി ക്യൂനില്‍ക്കുന്ന പ്രമാണി വര്‍ഗത്തിന്റെ താല്‍പര്യങ്ങളാണ് ഇവരുടെ മുന്‍ഗണന എന്ന് ഇതഃപര്യന്ത അനുഭവങ്ങള്‍ ഇവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവണം. വര്‍ഷാവര്‍ഷം ഖജനാവില്‍നിന്ന് കോടികള്‍ മുടക്കി കൊണ്ടാടപ്പെടുന്ന പ്രവാസി ഭാരതീയ ദിവസത്തിന്റെ അജണ്ടയും അതിലെ ചര്‍ച്ചകളും പരിശോധിച്ചാല്‍ തെളിയും ഭരണകൂടം ആരെയാണ് പ്രവാസികളായി കാണുന്നതെന്നും എന്താണ് ഇത്തരം കൊണ്ടാടലുകളുടെ ആത്യന്തികലക്ഷ്യമെന്നും. ആയുസ്സും വപുസ്സും ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടില്‍ ഹോമിച്ച് നമ്മുടെ നാട്ടിന്റെ പട്ടിണി മാറ്റുന്ന ഗള്‍ഫിലെ ലക്ഷക്കണക്കിന് സാധാരണക്കാരനോടുള്ള പുച്ഛം അനാവൃതമാവുന്നത് നാടുമായുള്ള നാഭീനാളബന്ധം അറുത്തുമാറ്റി അമേരിക്കയിലും യൂറോപ്പിലും ജീവിതസമ്പാദ്യമത്രയും നിക്ഷേപിച്ച്, ഇ-മെയിലിലൂടെ ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന അഭിജാതകുലജാതരോടുള്ള ഭരണകൂടത്തിന്റെ വിധേയത്വവും ദാസ്യമനോഭാവവും കാണുമ്പോഴാണ്. ഇസ്രായേല്‍ മുതല്‍ ഫിജി വരെയുള്ള രാജ്യങ്ങളിലെ എന്‍.ആര്‍.ഐകളെ പുരസ്‌കാരം നല്‍കി ആദരിച്ച കൂട്ടത്തില്‍ 20ലക്ഷം ഇന്ത്യക്കാര്‍ ജീവിതവഴി തേടുന്ന സൗദി അറേബ്യയില്‍നിന്ന് ഒരാളെ അംഗീകരിക്കാന്‍ പ്രവാസി വകുപ്പ് ഹൃദയവിശാലത കാട്ടിയതിന് നന്ദി. പുരസ്‌കാരം നല്‍കിയതോ, ഇന്ത്യന്‍ സ്‌കൂളുകളുടെ സൗദി ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന ജനാധിപത്യം ഗളച്ഛേദം ചെയ്യാന്‍ കാര്‍മികത്വം വഹിക്കുന്ന ഒരു ഡോക്ടര്‍ക്കും. ആരുടെ നോമിനിയാണ് ഇദ്ദേഹമെന്നും പുരസ്‌കാരത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയതെന്തെന്നും ഇവിടെ മുഴുക്കെ പാട്ടാണ്. അന്യനാട്ടിലെ തീക്ഷ്ണ ജീവിത പരീക്ഷണങ്ങള്‍ക്ക് മുമ്പില്‍ വാവിട്ടുവിലപിക്കാന്‍ പോലും കഴിയാതെ വേദനയുടെ നെരിപ്പോടായി ആടുജീവിതം നയിക്കുന്ന എത്രയോ നിരാലംബര്‍ക്ക് കൈതാങ്ങായി വര്‍ത്തിക്കുന്ന നിസ്വാര്‍ഥരായ സാമൂഹിക പ്രവര്‍ത്തകര്‍ ഇല്ലാഞ്ഞിട്ടല്ല ദന്തഗോപുരങ്ങളില്‍ അഭിരമിക്കുന്ന കുലീനരെ തിരഞ്ഞുപിടിച്ച് പതക്കങ്ങള്‍ ചാര്‍ത്തിയത്. പ്രവാസി പ്രശ്‌നങ്ങളോടുള്ള അടിസ്ഥാന സമീപനത്തിലെ പിഴവാണ് അപചയത്തിന് കാരണം. ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന 40ലക്ഷം ഇന്ത്യക്കാരില്‍ 90ശതമാനവും സാധാരണക്കാരാണ്. ഉയര്‍ന്ന ലാവണങ്ങളില്‍ ഇരിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ബിസിനസ് സംരംഭങ്ങളിലൂടെ ജീവിതവിജയം കണ്ടെത്തിയവര്‍ ചുരുക്കം. ഈദൃശ ന്യൂനപക്ഷത്തിന് പ്രവാസി വകുപ്പിന്റെ കരാവലംബമോ സാന്ത്വനമോ ആവശ്യമില്ല. ആവശ്യമുള്ളത് ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന, നാട്ടിലെ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ചുമലിലേറ്റി നടുവൊടിഞ്ഞ, കടലിനിക്കരെയും ഏതോ ഗൃഹാതുരതയുടെ ഉണര്‍വില്‍ മനസ്സിലെ ആശയപ്രതിബദ്ധതക്ക് നെഞ്ചകത്ത് പതാക നാട്ടുന്ന സാധാരണക്കാരാണ്. അവര്‍ക്കുവേണ്ടി എന്തുചെയ്തുവെന്ന് പരിശോധിക്കുമ്പോള്‍ പ്രവാസി വകുപ്പിന്റെ ബാലന്‍സ് ഷീറ്റില്‍ കാണുക അവരില്‍നിന്നുതന്നെ എട്ടു റിയാല്‍ വീതം പിരിച്ചെടുത്ത് നയതന്ത്രാലയങ്ങള്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ വേണ്ടിയുണ്ടാക്കിയ സാമൂഹിക ക്ഷേമ ഫണ്ട് മാത്രമായിരിക്കും. പ്രവാസി വോട്ടവകാശത്തിന്റെ ക്രെഡിറ്റ്, അര്‍ഹതപ്പെട്ടവര്‍ നേരത്തേ കൊണ്ടുപോയിട്ടുണ്ട്.
മന്ത്രിമാരായ ഇ. അഹമ്മദിനും വയലാര്‍ രവിക്കും 'കന്ദറ'യെ പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സ്വപ്‌നങ്ങളുടെ ശ്മശാനമാണ് ജിദ്ദ ശറഫിയക്കടുത്തുള്ള ഇവിടത്തെ പാലത്തിന്റെ ചുവട്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് മാത്രമല്ല, അയല്‍രാജ്യമായ കുവൈത്തില്‍നിന്നും ഖത്തറില്‍നിന്നുമൊക്കെ ഏതൊക്കെയോ മാര്‍ഗേണ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഈ പാലത്തിന് ചുവട്ടില്‍ ദിനേന വന്നടിയുന്നത് 'ജവാസാത്തി'ന് (പാസ്‌പോര്‍ട്ട് വിഭാഗം )പിടികൊടുത്ത് 'തര്‍ഹീല്‍' (നാടുകടത്തല്‍ കേന്ദ്രം) വഴി എങ്ങനെയെങ്കിലും നാട് പിടിക്കണം എന്ന ഏക ചിന്തയിലാണ്. ചിലപ്പോള്‍ മാസങ്ങളോളം തിന്നാതെയും കുടിക്കാതെയും കുളിക്കാതെയും ഇവിടെ വെയിലും മഴയും പൊടിപടലങ്ങളും ഏറ്റുവാങ്ങി കഴിച്ചുകൂട്ടിയാല്‍ പോലും തര്‍ഹീലിലേക്കുള്ള വഴി തെളിയണമെന്നില്ല. സ്വപ്‌നങ്ങളുടെ മുഴുവന്‍ ഭാണ്ഡവും പെരുവഴിയില്‍ ഇറക്കിവെച്ച് ഉറ്റവരെയും ഉടയവരെയും ഒരു നോക്കു കണ്ട് മരിച്ചാല്‍ മതി എന്ന വ്യാകുല ചിന്തയോടെ ഇങ്ങനെ സൗദിയുടെ തെരുവോരങ്ങളില്‍ കഴിച്ചുകൂട്ടേണ്ടിവരുന്ന നിര്‍ഭാഗ്യവാന്മാരില്‍ ഭൂരിഭാഗവും 'ഹുറൂബി'ന്റെ കെണിയില്‍പെട്ടവരാണ്. മലയാളി ഏജന്റുമാര്‍ ഇടനിലക്കാരായി വര്‍ത്തിക്കുന്ന വിസ കച്ചവടത്തിന്റെ ഇരകളാണിവര്‍. സൗദിയിലെ കര്‍ക്കശമായ 'കഫാലത്ത്' (സ്‌പോണ്‍സര്‍ഷിപ്) സമ്പ്രദായത്തില്‍ ഒരാള്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ തന്നെ അവന്റെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ വാങ്ങി കൈയില്‍ വെക്കും. പുറത്ത് എവിടെയെങ്കിലും പോയി ജോലി ചെയ്‌തോളാന്‍ പറയും. (നിയമവിരുദ്ധമായ ഈ സമ്പ്രദായത്തിനാണ് നമ്മുടെ നാട്ടില്‍ 'ഫ്രീ വിസ' എന്ന് വിളിക്കുന്നത്) മാസങ്ങള്‍ക്കു ശേഷം തന്റെ തൊഴിലാളി ഒളിച്ചോടിപ്പോയെന്ന് കാണിച്ച് ഈ മനുഷ്യന്‍ സൗദി അധികൃതരെ സമീപിക്കും. അങ്ങനെ പുതിയ വിസ തരപ്പെടുത്തും. പാവം തൊഴിലാളി ഇഖാമ പുതുക്കാനോ നാട്ടിലേക്ക് അവധിയില്‍ പോകാന്‍ റീഎന്‍ട്രി അടിക്കാനോ ജവാസാത്തില്‍ ചെല്ലുമ്പോഴാണറിയുന്നത് ഔദ്യോഗിക രേഖകളില്‍ താന്‍ ഒളിച്ചോടിയവനാണെന്ന്. ഇങ്ങനെ 'ഹുറൂബ്' കെണിയില്‍ വീണാല്‍ പിന്നെ നാടുപിടിക്കാന്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും നടപടികളുടെ സങ്കീര്‍ണതയും ഇതുയര്‍ത്തുന്ന മാനുഷിക പ്രശ്‌നങ്ങളും മന്ത്രി രവി സൗദി സന്ദര്‍ശിച്ചപ്പോള്‍ പല കേന്ദ്രങ്ങളും ബോധ്യപ്പെടുത്തിയതാണ്. സൗദി മനുഷ്യാവകാശ കമീഷന്‍ 'കഫാലത്ത് 'സമ്പ്രദായംതന്നെ എടുത്തുകളയണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത്് ചൂഷണത്തിന്റെ ഭീകരമുഖം നേരില്‍ക്കണ്ടാണ്. ഇത്തരം ഗൗരവപ്പെട്ട വിഷയങ്ങള്‍ക്ക് നയതന്ത്രതലത്തില്‍ പ്രതിവിധി കാണാന്‍ ശ്രമിച്ചാല്‍ ഫലം കാണണമെന്നില്ല. ഉന്നതതലത്തില്‍ നിരന്തരമായ രാഷ്ട്രീയ ഇടപെടലുകളും സമ്മര്‍ദവുമാണ് ആവശ്യം. ആ വഴിക്ക് വിദേശകാര്യമന്ത്രി ഇ.അഹമ്മദും വയലാര്‍ രവിയും മനസ്സിരുത്തി പ്രവര്‍ത്തിച്ചാല്‍ ഇപ്പോള്‍ ഹജ്ജ്, ഉംറ, വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് നല്‍കുന്ന പൊതുമാപ്പ് ആനുകൂല്യത്തിന്റെ പരിധിയില്‍ ഹുറൂബുകാരെ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേക്കും. പുറം രാജ്യത്തെ യഥാര്‍ഥ അവസ്ഥകളെ കുറിച്ച് പൗരന്മാരില്‍ അവബോധമുണ്ടാക്കേണ്ട ബാധ്യത സര്‍ക്കാറിനാണ് എന്നതിനാല്‍ ഇത്തരം വിഷയങ്ങളെ വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ അമരത്ത് ഇരിക്കുന്നവരെങ്കിലും ശ്രമിക്കേണ്ടതുണ്ട്. 10 ഗദ്ദാമമാര്‍ (വീട്ടുജോലിക്കാരികള്‍)ജയിലിലാണെന്ന് കേള്‍ക്കുമ്പോഴേക്കും ഓടിയെത്തുന്ന ഫിലിപ്പീന്‍-ഇന്തോനേഷ്യന്‍ മന്ത്രിമാരുടെ ശുഷ്‌കാന്തിയോളം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇന്ത്യക്കാര്‍ക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് കാണിച്ചുകൊടുക്കേണ്ടത് നാടിന്റെ പ്രതിച്ഛായക്ക് കൂടി ആവശ്യമാണ്.
ദുബൈ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളും ഇന്ന് അസ്തമയ ശോഭയിലാണ്. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ഒരു പരിധിവരെ മുക്തമായെങ്കിലും പഴയ പൊലിമയും ജോലി സാധ്യതകളും ഇനി പ്രതീക്ഷിക്കാനാവില്ല. മാന്ദ്യത്തെ മറികടക്കാനും കുതിപ്പ് തുടരാനും സാധിച്ചത് സൗദി അറേബ്യക്ക് മാത്രമാണ്. എന്നാല്‍, ഇവിടെ ദിനേന കര്‍ക്കശമാക്കുന്ന നിയമങ്ങള്‍ സാധാരണക്കാരായ ജോലിക്കാരെ തിരിച്ചുപോക്കിന് പ്രേരിപ്പിക്കുന്നു; ഇനിയൊരിക്കലും ഇങ്ങോട്ടില്ല എന്ന നിശ്ചയത്തോടെ. ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ വിസയില്‍ ഇവിടെ എത്തുന്നതോടെ ചെലവ് തുടങ്ങുകയാണ്. ഇഖാമ എടുക്കാനും പുതുക്കാനും ഇന്‍ഷുറന്‍സിനും റീഎന്‍ട്രിക്കുമൊക്കെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം മാറ്റിവെക്കേണ്ടിവരുന്നു. അതിദ്രുതം വികസിക്കുന്ന നിര്‍മാണ മേഖലക്ക് പ്രഫഷനലുകളെ ഭാവിയിലും ആവശ്യമുണ്ടെങ്കിലും സേവനവേതന വ്യവസ്ഥ ഒട്ടും ആകര്‍ഷകമല്ലത്രെ. അഭ്യസ്തവിദ്യരായ സ്വദേശി യുവാക്കളുടെ തൊഴിലില്ലായ്മ പ്രശ്‌നം രൂക്ഷതരമായിരിക്കെ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടാന്‍ പുതിയ നിയമനിര്‍മാണം അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. 1500 റിയാലിന് മുകളില്‍ ശമ്പളമുള്ള ജോലികള്‍, സ്വകാര്യമേഖലയില്‍ പോലും സ്വദേശികള്‍ക്ക് മാത്രമാക്കും എന്ന് തൊഴില്‍മന്ത്രി പറയുമ്പോള്‍ റീട്ടെയില്‍ മേഖലയില്‍നിന്ന് മറുനാട്ടുകാരെ ഒഴിവാക്കണമെന്ന് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശത്തിന് എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ട്. ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ പ്രവാസികളെ അവരുടെ പാട്ടിന് വിടുന്നതിന് പകരം ഔദ്യോഗികതലത്തില്‍ ഭരണകൂടത്തിന് ചിലത് ചെയ്യാനുണ്ട്്. 20 ലക്ഷം പ്രവാസികള്‍ ഇവിടെ പണിയെടുക്കുമ്പോഴും സൗദിയുമായി ഒരു തൊഴില്‍ കരാറില്‍ ഒപ്പുവെക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് വലിയ പോരായ്മ തന്നെയാണ്. മറ്റു രാജ്യങ്ങളുടെയും ജനതകളുടെയും പരിദേവനങ്ങള്‍ക്ക് അങ്ങേയറ്റത്തെ മാനുഷിക പരിഗണനയോടെ ചെവികൊടുക്കാറുള്ള സൗദി ഭരണകൂടത്തിന് മുന്നില്‍ ഇതുവരെ നമ്മുടെ പ്രശ്‌നങ്ങള്‍ യഥാവിധി അവതരിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം.
ഗള്‍ഫ് പ്രവാസികള്‍ ഏറ്റവും വെറുക്കുന്ന ദേശീയ ഏജന്‍സി എയര്‍ ഇന്ത്യയാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. പോയ കാലത്തെ തിക്താനുഭവങ്ങളാണ് രോഷത്തിന് നിദാനം. കണ്ടം ചെയ്ത എയര്‍ക്രാഫ്റ്റുകള്‍, അടുത്തൂണ്‍ പറ്റിയ ജീവനക്കാര്‍, ക്യത്യനിഷ്ഠ പാലിക്കാത്ത സര്‍വീസ്, സീസണുകള്‍ നോക്കി യാത്രാനിരക്ക് കൂട്ടുന്ന ചൂഷണ മനഃസ്ഥിതി, സാധാരണക്കാരായ പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം, ഗള്‍ഫ് സെക്ടറുകളോടുള്ള ദല്‍ഹി മേലാളന്മാരുടെ ക്രൂര അവഗണന...മരുഭൂമിയിലെ യാതനാപൂര്‍ണമായ ജീവിതത്തെക്കാള്‍ പ്രവാസി ഭയപ്പെടുന്നത് ദുരിതപൂര്‍ണമായ ആകാശയാത്രയാണ്. വ്യോമയാനവകുപ്പിന്റെ തലപ്പത്ത് ഒരു മലയാളി അവരോധിതനായത് കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് മൂഢത്തമായിരിക്കും. രോഗമറിഞ്ഞ് ചികിത്സിക്കാനുള്ള ഇച്ഛാശക്തിയാണ് പ്രധാനം. കഴിഞ്ഞമാസം ദമ്മാം-കോഴിക്കോട് വിമാനം യന്ത്രത്തകരാറ് കാരണം രണ്ടുദിവസം വൈകുകയും യാത്രക്കാര്‍ ഹോട്ടലുകളില്‍ ശ്വാസമടക്കി കഴിയുകയും ചെയ്ത ഘട്ടത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ മലയാളി മന്ത്രിമാരോട് കേണപേക്ഷിച്ചിട്ടും കരുണാ കടാക്ഷമുണ്ടായില്ല. ഒടുവില്‍, വ്യവസായ പ്രമുഖന്‍ എം.എ. യൂസുഫലിയുടെ ഇടപെടല്‍മൂലം മുംബൈയില്‍നിന്ന് വിമാനമെത്തിയാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്. ഒരു മലയാളി വിമാനവകുപ്പിന്റെ തലപ്പത്ത് എത്തിയിട്ടും ഗള്‍ഫുകാരുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് അറുതി ഉണ്ടാവുന്നില്ലെങ്കില്‍ എല്ലാം തങ്ങളുടെ വിധിവിഹിതമാണെന്ന് കരുതി അനുഭവിച്ചുതീര്‍ക്കുകയേ നിര്‍വാഹമുള്ളൂ. ഇപ്പോഴത്തെ അനുകൂലാന്തരീക്ഷം പ്രയോജനപ്പെടുത്താനാവുന്നില്ലെങ്കില്‍ അപരിമേയമായ നഷ്ടമായിരിക്കും പ്രവാസികള്‍ക്കുണ്ടാവാന്‍ പോകുന്നതെന്ന് മറുനാട്ടിലും നേതാക്കള്‍ക്ക് ജയ് വിളിക്കാന്‍ കാത്തുനില്‍ക്കുന്ന പോഷക സംഘടനാ നേതാക്കള്‍ ഓര്‍ക്കുന്നത് നന്ന്..



--
muhammad


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment