Tuesday, February 8, 2011

[www.keralites.net] മാധ്യമരംഗം മലീമസമായി; രാഷ്‌ട്രീയം ദുര്‍ഗന്ധപൂരിതം!



മാധ്യമരംഗം മലീമസമായി; രാഷ്‌ട്രീയം ദുര്‍ഗന്ധപൂരിതം


Fun & Info @ Keralites.net

മലയാളത്തിലെ മാധ്യമരംഗമാകെ മലീമസമായിരിക്കുന്നു. രാഷ്‌ട്രീയരംഗമാകട്ടെ ദുര്‍ഗന്ധപൂരിതവും. നൂറുശതമാനം സാക്ഷരത നേടിയവരെന്നും രാഷ്‌ട്രീയ പ്രബുദ്ധരെന്നും വീമ്പടിക്കുന്ന കേരളീയരുടെ ഈ നാട്ടിലെ മാധ്യമരംഗത്തിനും രാഷ്‌ട്രീയരംഗത്തിനും എന്തു സംഭവിച്ചു?

അച്ചടിമാധ്യമത്തിലായാലും ദൃശ്യമാധ്യമത്തിലായാലും കൂലിയെഴുത്തുകാരാകാനും മെഗാഫോണ്‍ വിളിക്കാരായും മാറാന്‍ ഒരു ലജ്‌ജയുമില്ലാത്ത പലേ പത്രപ്രവര്‍ത്തകരും ഇന്നു രംഗത്തുണ്ടെന്നു ജനങ്ങള്‍ക്കു ബോധ്യമായിക്കഴിഞ്ഞു. രാഷ്‌ട്രീയ നേതാക്കളില്‍ ചിലരെങ്കിലും ചാരിത്ര്യത്തെക്കുറിച്ചു പ്രസംഗിക്കുന്ന വേശ്യകളേക്കാള്‍ തരംതാണു പോവുകയും ചെയ്‌തതായി ജനങ്ങള്‍ക്കു ബോധ്യപ്പെടുകയാണ്‌.

ടെലിവിഷന്‍ ചാനലുകളെ സംബന്ധിച്ചിടത്തോളം ഏതു രാഷ്‌ട്രീയ നേതാവിനെയും തേജോവധം ചെയ്യാനുള്ള ഉപകരണം പെണ്‍വിഷയമാണെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്‌. ഏറ്റവും ഒടുവിലത്തെ ഉദാഹരണം മുസ്ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നായകനോ വില്ലനോ ആയ കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലര്‍ കേസാണ്‌. പതിനഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അതൊരു പുതിയ സംഭവമായി ഇന്ത്യാവിഷന്‍ ചാനലില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അതേത്തുടര്‍ന്ന്‌ ഈ കേസില്‍ പുതിയ നായകനും പ്രതിനായകനും തലയുയര്‍ത്തിയിരിക്കുന്നു. ആ പട്ടികയില്‍ ന്യായാധിപന്മാരും അഭിഭാഷകരും പോലീസ്‌ ഉദ്യോഗസ്‌ഥരുമെല്ലാം കഥാപാത്രങ്ങളായി മാറി. അതിന്റെ നിജസ്‌ഥിതിയെല്ലാം ഏതെങ്കിലും അന്വേഷണത്തിലൂടെ ജനങ്ങള്‍ക്ക്‌ അറിയാന്‍ കഴിയുമെങ്കില്‍ അറിയട്ടെ. അതിന്റെ ന്യായാന്യായങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. കാരണം മനുഷ്യന്റെ സമയത്തിനു വിലയുണ്ടല്ലോ?

അഞ്ചുകൊല്ലം മുമ്പു കോഴിക്കോട്ടെ മിഠായിത്തെരുവില്‍നിന്ന്‌ ഒരു പെണ്ണിനെ വിളിച്ച്‌ ഇന്ത്യാവിഷന്‍ ചാനലിന്റെ മുമ്പാകെ ആദരിച്ചിരുത്തി മണിക്കൂറുകള്‍ നീണ്ടുനിന്ന അഭിമുഖ സംഭാഷണത്തിന്റെ തത്സമയ സംപ്രേഷണം നടത്തിയപ്പോള്‍ തുടങ്ങി മലയാള ദൃശ്യമാധ്യമങ്ങളുടെ അപഥസഞ്ചാരവും കൂലിപ്പണിയും. അനാഘ്രാതയും അചുംബിതയും കന്യകയുമാണെന്ന മട്ടില്‍ ആ തെരുവുപുത്രി തന്നെ മന്ത്രി കുഞ്ഞാലിക്കുട്ടി ചീത്തയാക്കിയെന്ന്‌ ആ ചാനലില്‍ വിളംബരം ചെയ്‌തപ്പോള്‍ ജനങ്ങള്‍ മൂക്കത്തു വിരല്‍ വച്ചു. താന്‍ പറഞ്ഞതു മുഴുവന്‍ നുണയാണെന്നു പിറ്റേദിവസം ആ തെരുവുപുത്രി പറഞ്ഞപ്പോള്‍ അതേ ജനം വീണ്ടും മൂക്കത്തു വിരല്‍ വച്ചു.

പിന്നീടു പെണ്‍വിഷയവുമായി ബന്ധപ്പെടുത്തി പല നേതാക്കളുടേയും മുഖം ചാനലുകള്‍ വികൃതമാക്കി. അവരുടെ കുടുംബങ്ങളെ മുഴുവന്‍ അപമാനിതമാക്കി. മരാമത്തുമന്ത്രിയായിരിക്കെ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി.ജെ. ജോസഫ്‌ ഒരു വനിതയെ പീഡിപ്പിച്ചു എന്നതായിരുന്നു വാര്‍ത്ത. വിമാനം പറന്നുയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മുമ്പിലെ സീറ്റിന്റെ വിടവിലൂടെ വിരല്‍ കൊണ്ടു തോണ്ടി ജോസഫ്‌ ആ വനിതയുടെ ചാരിത്ര്യം കവര്‍ന്നെടുത്തു എന്നതായിരുന്നു വാര്‍ത്ത.എന്തായിരുന്നു മാധ്യമങ്ങളില്‍ പിന്നീടു നടന്നത്‌? ചാനലുകളില്‍ നീണ്ട ചര്‍ച്ചകള്‍. കപട സദാചാരികളുടെ ഗര്‍ജനങ്ങള്‍. പിന്നെ കോടതിയില്‍ കേസായി. ഒടുവില്‍ ജോസഫിനെ കോടതി വെറുതേവിട്ടു. അതിനെതിരേ എന്തുകൊണ്ട്‌ ആ വനിത അപ്പീല്‍ കൊടുത്തില്ല? എന്തുകൊണ്ടു മാധ്യമങ്ങള്‍ ആ കാര്യം അന്വേഷിച്ചില്ല? ആ മഹിളാരത്നത്തിനെന്തുപറ്റി? അതോടെ മാധ്യമങ്ങള്‍ ആ അധ്യായം അടച്ചു.

പിന്നെ എ.പി. അബ്‌ദുള്ളക്കുട്ടിക്കെതിരേയായിരുന്നു പടനീക്കം. അബ്‌ദുള്ളക്കുട്ടി സി.പി.എം. വിട്ടുപോയതിനുള്ള പകരം വീട്ടാന്‍ സി.പി.എം. ചാനലായ കൈരളി കണ്ടെത്തിയ മാര്‍ഗം ആ എം.എല്‍.എയെ പെണ്ണുകേസില്‍ കുടുക്കുകയായിരുന്നു. കാറില്‍ പോയിരുന്ന അബ്‌ദുള്ളക്കുട്ടിയെ പോലീസ്‌ സ്‌റ്റേഷനില്‍ കയറ്റി. മറ്റൊരു കാറില്‍ പോയിരുന്ന ഒരു ഗള്‍ഫ്‌ ബിസിനസുകാരനെയും ഭാര്യയെയും അതേ സ്‌റ്റേഷനില്‍ കയറ്റി. പിന്നെ അബ്‌ദുള്ളക്കുട്ടി അവിഹിതവേഴ്‌ചയ്‌ക്കു പോകുകയാണെന്ന ഞെട്ടിപ്പിക്കുന്ന കഥകള്‍ കൈരളി ചാനലില്‍. ആ വാര്‍ത്തയെ ആധാരമാക്കി നിയമസഭയില്‍ ആഭ്യന്തരമന്ത്രി കോടിയേരിയുടെ പ്രസ്‌താവനകള്‍. ദേശാഭിമാനിയിലും ഈ അവിഹിതവേഴ്‌ച യാത്രയുടെ നെടുങ്കന്‍ വാര്‍ത്തകള്‍.

ഒടുവില്‍ ആ നൂണബോംബ്‌ നാലുനിലയില്‍ പൊട്ടി.

രണ്ടുവഴിക്കു പോയ രണ്ടുപേരെ പോലീസ്‌ സ്‌റ്റേഷനില്‍ കയറ്റിയാണ്‌ ഈ കെട്ടുകഥയുണ്ടാക്കിയത്‌. കുലീന കുടുംബത്തില്‍ പെട്ട ആ ദമ്പതികള്‍ ജനിച്ച കേരളത്തിലേക്ക്‌ ഇനിയൊരിക്കലും ഞങ്ങളില്ലെന്നു പറഞ്ഞാണു ജന്മനാടിനോടു വിടപറഞ്ഞത്‌. അബ്‌ദുള്ളക്കുട്ടിയോടല്ലെങ്കിലും ആ ദമ്പതികളോടെങ്കിലും ഒരു ചെറിയ ഖേദപ്രകടനം നടത്താന്‍ കൈരളിയും ദേശാഭിമാനിയും തയാറായോ?

പണ്ടു തിരുവിതാംകൂര്‍ ഭാഗത്ത്‌ ഒരു ചൊല്ലുണ്ടായിരുന്നു. മള്ളൂര്‍ വക്കീലും ഫീസ്‌ കൊടുക്കാന്‍ പതിനായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും നിര്‍ഭയം ഏതു കൊലപാതകവും നടത്താമെന്ന ചൊല്ല്‌. അതുപോലെ സ്വഭാവശുദ്ധിയില്ലാത്ത ഒരു പെണ്ണും ഒരു ടെലിവിഷന്‍ ചാനലുമുണ്ടെങ്കില്‍ ഏതു രാഷ്‌ട്രീയ നേതാവിനെയും ഏതു ന്യായാധിപനെയും ഏതു മതാചാര്യനെയും നശിപ്പിക്കാന്‍ കഴിയുമെന്നതാണിന്നു കേരളത്തിലെ സ്‌ഥിതി.

ഈ മാധ്യമപ്രവര്‍ത്തകര്‍ ഒരുകാര്യം ഓര്‍ക്കാത്തതാണു ദുഃഖകരം. അവരും അച്‌ഛനമ്മമാരും ഭാര്യയും പെങ്ങന്മാരുമെല്ലാം ഉള്ളവരല്ലേ? ആ അമ്മപെങ്ങന്മാരെക്കുറിച്ചു ലൈംഗികച്ചുവയുള്ള കെട്ടുകഥകള്‍ ചമച്ചുണ്ടാക്കി സംപ്രേഷണം ചെയ്‌താലെന്തായിരിക്കും ഈ മാധ്യമപ്രവര്‍ത്തകരുടെ വികാരം? കുലീനതയും സംസ്‌കാരവുമെല്ലാം ജനിക്കുമ്പോള്‍ത്തന്നെ ഒരു മനുഷ്യനു ലഭിക്കുന്നതാണ്‌. മാധ്യമപ്രമാണികളായി മാറിയാല്‍ അതുണ്ടാവണമെന്നില്ലല്ലോ?

അതുപോകട്ടെ, ഐസ്‌ക്രീം കേസ്‌ വിവാദം വീണ്ടും തലപൊക്കിയപ്പോള്‍ ജനങ്ങള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണല്ലോ കേട്ടത്‌. ഐസ്‌ക്രീം കേസില്‍നിന്നു കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ എ.കെ.ജി. സെന്ററില്‍ അന്നത്തെ സി.പി.എം. മുഖ്യമന്ത്രി ഇ.കെ. നായനാരും പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോവിന്ദനും പാര്‍ട്ടി സ്‌റ്റേറ്റ്‌ സെക്രട്ടേറിയറ്റ്‌ അംഗമായ വി.എസ്‌. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്‌ണന്‍, സി.പി.എമ്മുകാരനായ അഭിഭാഷക പ്രമുഖന്‍ എന്നിവര്‍ യോഗം ചേര്‍ന്നാണു തീരുമാനിച്ചതെന്ന രഹസ്യമായിരുന്നു അത്‌. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കണമെന്നുള്ള തന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണു നായനാര്‍ സര്‍ക്കാര്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയതെന്ന്‌ അന്നത്തെ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കല്ലട സുകുമാരന്‍ ഇക്കഴിഞ്ഞദിവസം പത്രക്കാരോടു തുറന്നുപറഞ്ഞപ്പോള്‍ സി.പി.എം. നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്‌.

എന്താണു ജനങ്ങള്‍ കേള്‍ക്കുന്നത്‌? എല്‍.ഡി.എഫ്‌. നേതാക്കളും യു.ഡി.എഫ്‌. നേതാക്കളും തമ്മില്‍ രഹസ്യബന്ധങ്ങളുണ്ടോ? അവര്‍ ജനങ്ങളെ കുരങ്ങു കളിപ്പിച്ചുകൊണ്ടിരിക്കുകയാണോ? ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നതു നേതാക്കള്‍ ഓര്‍ക്കുന്നതു നന്ന്‌.

ഇതിനിടയിലാണല്ലോ കേരളത്തിലെ മാധ്യമങ്ങള്‍ മിക്കവാറും എല്ലാം തന്നെ വായനക്കാരുടെ മുമ്പില്‍ അപഹാസ്യപാത്രങ്ങളായത്‌. മുഖ്യമന്ത്രി അച്യുതാനന്ദനെ ശാസിക്കാന്‍ കോല്‍ക്കത്തയില്‍ ചേര്‍ന്ന സി.പി.എം. പോളിറ്റ്‌ ബ്യൂറോ യോഗം തീരുമാനിച്ചു എന്ന വാര്‍ത്ത ദേശാഭിമാനി ഒഴിച്ചുള്ള മിക്കവാറും പത്രങ്ങളുടെ ഒന്നാം പേജില്‍ വെണ്ടക്കാ തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ടു. ലോട്ടറി വിവാദം സി.ബി.ഐ. അന്വേഷിക്കണമെന്നു പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതാണ്‌ അച്ചടക്ക നടപടിക്കു കാരണമെന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും വാര്‍ത്തയിലുണ്ടായിരുന്നു.

പോളിറ്റ്‌ ബ്യൂറോ യോഗം കഴിഞ്ഞയുടനെ കൊല്‍ക്കത്തയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നടത്തിയ പത്രസമ്മേളനത്തില്‍ അച്യുതാനന്ദന്‍ പ്രശ്‌നത്തെപ്പറ്റി യോഗത്തില്‍ ചര്‍ച്ച പോലും നടന്നതായി പറഞ്ഞിരുന്നില്ല. പക്ഷേ, മലയാളപത്രങ്ങള്‍ കാരാട്ടിന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യാതെ ശാസിക്കല്‍ എന്ന വാര്‍ത്ത വെണ്ടക്കാ തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്‌.

പോളിറ്റ്‌ ബ്യൂറോയുടെ അച്യുതാനന്ദന്‍ ചര്‍ച്ചാ വാര്‍ത്ത ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തുനിന്നുമായിട്ടാണു മലയാളപത്രങ്ങളും കേരളത്തിലെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പിറ്റേന്നു പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍പിള്ള മലയാള പത്രങ്ങളുടെ നുണക്കഥ പൂര്‍ണമായും നിഷേധിക്കുകയും ചെയ്‌തു.

മലയാളപത്രങ്ങള്‍ക്ക്‌ ഈ വാര്‍ത്ത എവിടെനിന്നു കിട്ടി? അതു നിഷേധിക്കപ്പെട്ടപ്പോള്‍ ആ വാര്‍ത്തയുടെ സ്രോതസ്‌ വെളിപ്പെടുത്തി സത്യം പുറത്തുകൊണ്ടുവരാനും അതുവഴി മാനം രക്ഷിക്കാനും പത്രങ്ങള്‍ ശ്രമിക്കേണ്ടതായിരുന്നില്ലേ? കൂലിയെഴുത്തുകാരായ പല റിപ്പോര്‍ട്ടര്‍മാര്‍ക്കും മാനമേ ഇല്ല എന്നതുകൊണ്ട്‌ അതു രക്ഷിക്കാന്‍ അവര്‍ ശ്രമിച്ചുമില്ല. കേരളത്തില്‍ കള്ളവാര്‍ത്തകളുണ്ടാക്കുകയും അതു വിഴുങ്ങുകയും ചെയ്യുന്ന ഒരു മാധ്യമ സിന്‍ഡിക്കേറ്റ്‌ ഉണ്ടെന്നുള്ള സി.പി.എം. സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം ജനങ്ങള്‍ വിശ്വസിക്കുന്നതില്‍ ഇനി തെറ്റില്ലല്ലോ?

പക്ഷേ ഇവിടെ ഒരുകാര്യം എടുത്തുപറയാതെ നിവൃത്തിയില്ല. പുതിയ കുഞ്ഞാലിക്കുട്ടി വിവാദത്തില്‍ പിണറായി വിജയന്‍ പ്രയോഗിച്ച ഭാഷയുടെ കാര്യമാണ്‌. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പരനാറികള്‍ എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌. എന്തു രാഷ്‌ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പൊതുവേ കേരളീയര്‍ ആദരവോടെ കാണുന്ന ഉമ്മന്‍ചാണ്ടി, കെ.എം. മാണി, പി.ജെ. ജോസഫ്‌, കെ.ആര്‍. ഗൗരിയമ്മ, സി.ടി. അഹമ്മദലി തുടങ്ങിയവരെയാണു പരനാറികളെന്നു പിണറായി വിളിച്ചതെന്നോര്‍ക്കണം. എത്രത്തോളം വൃത്തികെട്ടതും ഹീനവുമായ പദപ്രയോഗമാണിത്‌. വിജയനു ബിരുദം നല്‍കിയ സര്‍വകലാശാല പോലും ഇതുകേട്ടു ലജ്‌ജിക്കുന്നുണ്ടാവും. രാഷ്‌ട്രീയത്തില്‍ ഒരു സാമാന്യമര്യാദയും വേണ്ടെന്നതാണോ പിണറായിയുടെ രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌? ഇത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്നു പോലും ചിന്തിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല എന്നതു പരമ ലജ്‌ജാകരമാണ്‌.

കെ.എം. റോയ്‌


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment