Thursday, February 10, 2011

[www.keralites.net] കപ്പലേറി വികസനം

കപ്പലേറി വികസനം
 
കേരള വികസനത്തിന്റെ ഭാവിചരിത്രം കുറിക്കുവാന്‍ വല്ലാര്‍പാടം സജ്ജമായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ടെയ്‌നര്‍ ടെര്‍മിനലുകളിലൊന്നാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലായ വല്ലാര്‍പാടം, കയറ്റിറക്കുമതി വാണിജ്യത്തിന്റെ സുപ്രധാനകേന്ദ്രമായി മാറും. 14000 കണ്ടെയ്‌നറുകള്‍വരെ കയറ്റാന്‍ ശേഷിയുള്ള മദര്‍ഷിപ്പുകള്‍ ഇവിടെ എത്തുന്നതോടെ കയറ്റിറക്കുമതി നിരക്കുകള്‍ ഗണ്യമായി കുറയും. ഒരു കണ്ടെയ്‌നറില്‍ 180 മുതല്‍ 300 ഡോളര്‍ വരെ ലാഭമുണ്ടാകും. ഒപ്പം ചരക്കുകള്‍ കയറ്റി അയയ്ക്കുന്നതില്‍ രണ്ടാഴ്ച വരെ സമയലാഭമുണ്ടാകും.
നിലവില്‍ കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങളിലടുക്കുന്ന മദര്‍ഷിപ്പുകളിലേക്ക് ചെറുകപ്പലുകളില്‍ ഇന്ത്യന്‍ കണ്ടെയ്‌നറുകള്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇതില്‍ 60 ശതമാനം കൊളംബോ വഴിയും 30 ശതമാനം സിംഗപ്പൂര്‍ വഴിയും 10 ശതമാനം ദുബായ് വഴിയുമായിരുന്നു
വല്ലാര്‍പാടത്ത് ആദ്യവര്‍ഷം തന്നെ ആറുലക്ഷം ടിഇയു (ഇരുപതടി വലിപ്പമുള്ള കണ്ടെയ്‌നര്‍) കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷ. മൂന്നുവര്‍ഷം കൊണ്ട് ഇത് 10 ലക്ഷമാകും. ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ 2016ല്‍ ഇത് 30 ലക്ഷമാകുമെന്നാണ് പ്രതീക്ഷ.
കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതുകൂടാതെ ഒട്ടേറെ വ്യാപാര-തൊഴില്‍സാധ്യതകള്‍ക്കും വല്ലാര്‍പാടം വഴി തുറക്കും. 50ഓളം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ക്ക് ഇവിടെ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോജിസ്റ്റിക് മേഖലയ്ക്കും ഇത് കുതിപ്പേകും.വല്ലാര്‍പാടം ടെര്‍മിനലിന്റെ ഭാഗമായി വരുന്ന പ്രത്യേകസാമ്പത്തികമേഖല വന്‍ അവസരങ്ങള്‍ പ്രദാനം ചെയ്യും. നികുതി ഇളവുകളോടെ സാധനസാമഗ്രികള്‍ ഇറക്കുമതി ചെയ്യാനും കൂട്ടിയോജിപ്പിച്ച് ഉല്പന്നങ്ങളാക്കി കയറ്റി അയയ്ക്കാനും കഴിയും. ഇത്തരം അഞ്ഞൂറിലേറെ യൂണിറ്റുകള്‍ക്ക് വല്ലാര്‍പാടത്ത് സാധ്യത തെളിയും. ഇതു നല്‍കുന്ന നിക്ഷേപ-തൊഴില്‍ അവസരങ്ങള്‍ രാജ്യത്തിന്റെ തന്നെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകും. ഇതോടൊപ്പം ടൂറിസം മേഖലയും കരുത്താര്‍ജിക്കും.
വല്ലാര്‍പാടത്തിനു തൊട്ടടുത്ത് പുതുവൈപ്പില്‍ വരുന്ന പ്രത്യേകസാമ്പത്തികമേഖലയ്ക്കും ടെര്‍മിനല്‍ ഗുണം ചെയ്യും. അടുത്ത ജനവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന എല്‍എന്‍ജി ടെര്‍മിനലടക്കമുള്ളവ പുതുവൈപ്പിലാണ് വരുന്നത്.തുറമുഖ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപപദ്ധതിക്ക് 3200 കോടിക്ക് മേലാണ് മുതല്‍മുടക്ക്. ഇതില്‍ 1600 കോടിയാണ് ദുബായ് പോര്‍ട്ട്‌സിന്റെ മുതല്‍മുടക്ക്.
റോഡ്-റെയില്‍ സൗകര്യങ്ങളൊരുക്കാന്‍ 1617 കോടി കേന്ദ്രസര്‍ക്കാര്‍ മുടക്കി. ബിഒടി വ്യവസ്ഥപ്രകാരം 30 വര്‍ഷം ടെര്‍മിനലിന്റെ നടത്തിപ്പുചുമതല ദുബായ് പോര്‍ട്ട്‌വേള്‍ഡിനായിരിക്കും.വല്ലാര്‍പാടത്ത് 49 ഹെക്ടറിലാണ് ടെര്‍മിനല്‍ ഒരുങ്ങിയത്. ആദ്യഘട്ടത്തില്‍ 16 മീറ്റര്‍ ആഴമുള്ള 600 മീറ്റര്‍ ബര്‍ത്താണ് പൂര്‍ത്തിയാകേണ്ടിയിരുന്നത്. എന്നാല്‍ 14 മീറ്റര്‍ ആഴമുള്ള 350 മീറ്റര്‍ ബര്‍ത്താണ് സജ്ജമായിട്ടുള്ളത്.
ബാക്കി മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് തുറമുഖ ട്രസ്റ്റ് പറയുന്നത്. മണ്ണുമാന്തലില്‍ വന്ന താമസമാണ് ഒന്നാംഘട്ടം സമ്പൂര്‍ണമാകുന്നതിന് തടസ്സമായത്. രണ്ടാംഘട്ടത്തില്‍ ബര്‍ത്തിന്റെ നീളം 1800 ആയി വര്‍ധിക്കും.
 
thanks mathrbhumi
Regards..maanu

www.keralites.net

No comments:

Post a Comment