ആഹ്ലാദത്തിന്റെ ആകാശത്തില്‍ ഉത്സവം...
റിമയും കൂട്ടുകാരും ഹൃദയതടാകക്കരയിലൂടെ ചെമ്പ്രമുടിയിലേക്ക്...
നോക്കൂ, ഫ്രണ്ട്‌സ്, ഞാനല്‍പ്പം സാഹസികയാണ്. യാത്രകളില്‍ പ്രത്യേകിച്ചും. എന്റെ കംപാനിയന്‍സും അങ്ങിനെത്തന്നെ. കുന്നുകളും മലകളും കയറുക. അറിയാവഴികളിലൂടെ ദൂരദൂരം സൈക്കിള്‍ യാത്ര നടത്തുക. 'അയ്യോ! റിമ, അതു വേണ്ട', 'മതി, മതി പോകാം' 'ശ്ശൊ.. നിന്റെ ഒരു കാര്യം', എന്നൊക്കെ പറയുന്ന ഒരാളെയും നിങ്ങള്‍ക്കെന്റെ കമ്പനിയില്‍ കാണാനാവില്ല. (ഇന്‍ ഫാക്റ്റ,് അത്തരം പരിപാടികളാണ് കയ്യിലിരിപ്പ് എന്ന് ചുരുക്കം.) സമയവും തീയതികളും ഉപേക്ഷിച്ചു പോകുന്ന എക്‌സൈറ്റ്‌മെന്റുകളാണ് എനിക്ക് യാത്രകള്‍. ഹംപി ഉത്സവത്തിന് ചേട്ടനും സുഹൃത്ത് സതീഷിനുമൊപ്പം പോയി ഒരു തല്ലിപ്പൊളി ലോഡ്ജിന്റെ ചായ്പ്പില്‍ രാത്രികള്‍ കഴിച്ചതും, ഗോവയിലേക്ക് വഴി തെറ്റി, വഴി തെറ്റി സൈക്കിളോടിച്ചു പോയതും. മാംഗ്ലൂരിലെ ടര്‍ട്ടില്‍ ബേ റിസോര്‍ട്ടില്‍ പോയി നിലം കീഴ്‌മേല്‍ മറിച്ചതും (ഒന്നും കടലാസില്‍ പകര്‍ത്താന്‍ പറ്റിയവയല്ല, ഫോക്‌സ്!) ഒക്കെ ഇപ്പോള്‍ ഓര്‍മ്മ വരുന്നു.
ഒഴുകി പോകും പോലെയാവണം യാത്രകള്‍. ഇഷ്ടങ്ങള്‍ക്കെല്ലാം ചെവി കൊടുത്ത് ഒരു ഫ്‌ളോട്ടിങ്ങ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഫ്രീക്ക് ഔട്ട്. പഴയ ചുറ്റിക്കളികള്‍ക്കൊന്നും ഇപ്പൊ നേരം കിട്ടാറില്ല. നൃത്തവും, സിനിമയുമായി തിരക്കുകളില്‍ ഒഴുകുന്നു. അതും ഒരു എന്‍ജോയ്‌മെന്റ് തന്നെ. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ എനിക്ക് മിസ്സായത് ഇത്തരം യാത്രകളാണ്.
'യാത്ര'ക്കായി ഒരു യാത്ര മുമ്പേ പ്രോമിസ് ചെയ്തതാണ്. ഇപ്പൊഴാണ് ചാന്‍സ് ഒത്തു വന്നത്. അതും മൂന്നു മാസത്തെ 'ടയറിങ്ങ് വര്‍ക്കുകള്‍'ക്കൊടുവില്‍ ഒരനുഗ്രഹം പോലെ. വയനാട്ടിലെ ഒരു സര്‍പ്രൈസ് സ്‌പോട്ടിലേക്കാണ് യാത്ര എന്നു മാത്രമെ എന്നോടു പറഞ്ഞുള്ളൂ. സസ്‌പെന്‍സ് മനസ്സിലങ്ങനെ ത്രില്ലടിച്ചു കിടക്കട്ടെ എന്നു ഞാനും കരുതി. ചെന്നൈയിലെ തിരക്കുകള്‍ തീര്‍ത്തു നേരെ പറന്നിറങ്ങിയത് ബാംഗഌരിലാണ്. അവിടെ മനോജും നീതുവും യാത്രക്കൊപ്പം കൂടാന്‍ കാത്തിരിക്കുന്നുണ്ടാവും. എന്റെ ക്ലോസ് ബഡ്ഡീസ്. കൂടെ മക്കള്‍ റോഹനും കുഞ്ഞു നിവേദിതയും. മനുവിനോട് ഒരു കാര്യം ആദ്യമേ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ ഇന്നോവ ഓടിക്കുന്നത് ഞാനായിരിക്കും. നൃത്തം പോലെ ഡ്രൈവിങ്ങും എന്റെ പാഷനാണ്.നന്നെ പുലര്‍ച്ചെ തന്നെ ബാംഗ്ലൂരില്‍ നിന്നിറങ്ങി. ഫിഫ്്ത് ഗിയറില്‍, നഗരത്തെ പൊതിയുന്ന തണുപ്പിനെ വകഞ്ഞു മാറ്റി ഇന്നോവ 'വ്രൂം...'. സുഖമുള്ള മൈസൂരും, ഭംഗിയുള്ള പൂപ്പാടങ്ങളും, മഴയില്‍ ഫ്രഷ് ആയ ബന്ദിപ്പൂരും കഴിഞ്ഞ് വയനാട്ടിലെത്തി. മേപ്പാടി എന്ന സ്ഥലത്തെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കാണ് ഡ്രൈവ് ചെയ്‌തെത്തേണ്ടത്. കല്‍പ്പറ്റ പിന്നിട്ട് മേപ്പാടി റോഡിലേക്കു ഞങ്ങള്‍ തിരിഞ്ഞു. മേപ്പാടി ടൗണില്‍ നിന്ന് എസ്റ്റേറ്റ് ബംഗ്ലാവിലേക്കുള്ള പ്രൈവറ്റ് റോഡു തുടങ്ങും. ഏഴു കിലോമീറ്റര്‍ കയറ്റം തന്നെ. ഡ്രൈവിങ്ങ് കടുപ്പമായി തുടങ്ങി. മനുവിന്റെ ആശങ്കയോടെയുള്ള നോട്ടങ്ങള്‍ക്ക് ഞാന്‍ തല്‍ക്കാലം ഇടം കൊടുത്തില്ല. വളഞ്ഞും തിരിഞ്ഞും സിഗ്‌സാഗായി ഇന്നോവ നീങ്ങി. തേയിലത്തോട്ടങ്ങളില്‍ കൂടിയാണ് യാത്ര. കോടമഞ്ഞും മേഘവും മഴയും ഒളിച്ചു കളി നിര്‍ത്തിയപ്പോള്‍ പച്ചപ്പുതപ്പിട്ട സുന്ദരികളായ മാമലകളുടെ കാഴ്ച്ച..! വയനാട്ടിലെ ഏറ്റവും ഉയരമേറിയ പീക്ക്, ചെമ്പ്ര മല വേറിട്ടു കാണാം. മനുവും, നീതുവും പിള്ളേരും ആര്‍പ്പുവിളി തുടങ്ങി. ഡ്രൈവിങ്ങ് മനുവിനു കൈമാറിയാല്‍ മതിയായിരുന്നു എന്നിപ്പൊ തോന്നുന്നു.
കയറി കയറി ഒടുവില്‍ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി. ഒടുവില്‍ ഇതാ സസ്‌പെന്‍സ് അവസാനിക്കുകയാ ണ്. അങ്ങുയരത്തില്‍, തിരക്കുകളില്‍ നിന്നകലെ, ചായത്തോട്ടങ്ങള്‍ക്കിടയില്‍, ചെമ്പ്ര മലയുടെ മടിയില്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു ബംഗ്ലാവ്...! വൗ..! നോക്കുന്നിടത്തെല്ലാം പ്രകൃതിയുടെ ഭംഗികള്‍. എങ്ങും തണുപ്പും അബ്‌സല്യൂട്ട് സയലന്‍സും. ഒരു റിയല്‍ ഫെയറി ലാന്റ് ഹൈഡ് ഔട്ട്. ഒളിപ്പിച്ചുവെച്ച അത്ഭുതത്തെ കണ്ടെത്തിയ പോലെ എല്ലാവരും എക്‌സൈറ്റഡായി. ഉള്ളിലാണ് കാണേണ്ടത്. വിക്‌റ്റോറിയന്‍ മാതൃകയിലുള്ള ബിഗ് സ്‌പേഷ്യസ്് ബെഡ് റൂംസ് അഞ്ചെണ്ണം. സിറ്റിങ്ങ് റൂമിന് ഒരു ഹോക്കി ഫീല്‍ഡിന്റെ വലിപ്പം കാണണം. അവിടെ കാട്ടുപോത്തിന്റെയും കലമാനുകളുടേയും തല സ്റ്റഫു ചെയ്തു വെച്ചിരിക്കുന്നു. എല്ലാ മുറികളിലും ആന്റീക് ഫര്‍ണിച്ചേഴ്‌സ്. പോര്‍ട്ടിക്കോയില്‍ ടേബിള്‍ടെന്നീസ് കോര്‍ട്ടും വലിയ സ്‌പ്രെഡ്ഔട്ട് കിടക്കയും. ബംഗ്ലാവിനു ചുറ്റും പൂന്തോട്ടമാണ്. 1870 ലാണ് ബ്രിട്ടീഷുകാര്‍ ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. സ്‌കോട്ട് ലണ്ടിലെ ഉയരങ്ങളില്‍ അവര്‍ നിര്‍മ്മിച്ചതിന്റെ ഒരു പകര്‍പ്പ്. ഇവിടെയാണ് രഞ്ജിയേട്ടന്റെ 'തിരക്കഥ'ഷൂട്ട്് ചെയ്തത്. അതിനുശേഷം ഈ ബംഗ്ലാവ് 'ക്ലൗഡ്‌സ് എന്‍ഡ്' എന്നാണറിയപ്പെടുന്നത്.
ഗംഭീരനൊരു ചായക്കു ശേഷം വാമപ്പാവാന്‍ കുറച്ചു ടേബിള്‍ടെന്നീസ് പരീക്ഷിച്ചു നോക്കി. ഗെയിമും പോയന്റുമൊന്നുമില്ലാത്ത തകര്‍പ്പന്‍ കളി. രാത്രി കനത്തപ്പോള്‍ ഞങ്ങള്‍ മുറ്റത്തൊരു ക്യാമ്പ് ഫയര്‍ ഒരുക്കി. 'ഈവ്‌നിങ്ങ്, യൂ ഗോട്ട് മീ ഡീപ്പ്‌ലി ഇന്‍ യുവര്‍ പവര്‍'.. ഗിറ്റാറിന്റെ മിടിപ്പില്‍ ഞങ്ങള്‍ പാടി. പുറത്തു പെയ്യുന്ന കനത്ത മഴയില്‍, നിറഞ്ഞു കത്തുന്ന നിയോണുകള്‍ കാല്‍പ്പനികമായ നിഴലുകള്‍ തീര്‍ത്തു. വിശപ്പ് റൊമാന്റിക് മൂഡിനെ മെല്ലെ ഒവര്‍ ടേക്ക് ചെയ്തു. മസാലയിട്ട കോഴിക്കറിയും വറുത്ത മീനും, ചോറും, ചപ്പാത്തിയും സാലഡ്‌സുമായുളള ടിപ്പിക്കല്‍ ടേസ്റ്റി കണ്‍ട്രി ഡിന്നര്‍ കഴിഞ്ഞപ്പോള്‍ ഉറക്കം ഒാടിവന്നു. പഴയ ബംഗ്ലാവില്‍, ഏകാന്തത കനക്കുന്ന വലിയ മുറിയില്‍ ഒറ്റക്ക് കിടക്കാന്‍ തുടങ്ങിയപ്പോള്‍ പണ്ട് വായിച്ച സ്പൂക്കി ത്രില്ലറുകള്‍ ഒരാവശ്യവുമില്ലാതെ മനസ്സിലേക്ക് പതുങ്ങി വന്നു. പിന്നെ വൈകിയില്ല മനുവിന്റെയും നീതുവിന്റെയും റൂമിലേക്ക് 'കട്ടുറുമ്പായി' ഞാന്‍ ഇടിച്ചുകയറി (പേടി കൊണ്ടല്ല കേട്ടോ..).
രാവിലെ പുറത്തേക്കിറങ്ങിയപ്പോള്‍ മനസ്സ് തുടിച്ചു. മഴയും കോടയും മാറി കാഴ്ച്ചയുടെ കാര്‍ണിവല്‍ ഒരുക്കുന്ന പ്രകൃതി. അലയലയായി നിറയുന്ന പച്ചകുന്നുകളുടെ മടിയില്‍ അഴകിന്റെ വിരിപ്പിട്ട പോലെ തേയിലത്തോട്ടങ്ങള്‍. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന വഴിത്താരകള്‍. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ സവാരി നടത്തി വന്നപ്പോള്‍ മനസ്സും ശരീരവും ശരിക്കും ഫ്രഷായി. ഇന്നാണ് ഹൃദയതടാകത്തിലേക്കുള്ള ഞങ്ങളുടെ ട്രെക്കിങ്ങ്. ഈ യാത്രയുടെ പ്രധാന അട്രാക്ഷന്‍. ചെമ്പ്ര പീക്കിലേക്കുള്ള വഴിക്കിടെയാണത്രെ, 4500 അടി മുകളിലുള്ള, ഹാര്‍ട്ട് ഷെയ്പ്പുള്ള ആ തടാകം. ട്രെക്കിങ്ങിനു മുമ്പ് ഞാന്‍ ഒരു വേട്ടക്കിറങ്ങി. പുലിയെ പിടിക്കാന്‍. കാക്കിയിട്ട്, തോക്കെടുത്ത് ശിക്കാരി ശംഭുവായി മാറി, രണ്ടു പുലികളെ ഒരു വിധം കൈകാര്യം ചെയ്തു. ഈ ഫോട്ടോ ഷൂട്ട് ശരിക്കും എന്‍ജോയ് ചെയ്തു.ബംഗ്ലാവില്‍ നിന്നും ചായത്തോ ട്ടങ്ങള്‍ക്കിടയിലൂടെ നടന്ന് ഞങ്ങള്‍ ചെമ്പ്ര വാച്ച് ടവറിനടുത്തെത്തി. ഇനി കയറ്റമാണ്. ചെമ്പ്ര വന സംരക്ഷണ സമിതി ഒരുക്കിയ ഗൈഡ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഉയരങ്ങളിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ ഇരുവശത്തും ആള്‍പ്പൊക്കത്തില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്നു. പാമ്പിനേക്കാള്‍ പേടിയാണ് എനിക്ക് അട്ടയെ. ''ഏയ് റിമ, അട്ടയേ ഉണ്ടാവില്ല'' എന്നു ചേട്ടന്‍മാര്‍ എന്നെ പറ്റിക്കാന്‍ പറഞ്ഞതാണെന്നു പെട്ടെന്നു മനസ്സിലായി. രോഹനും നിവേദിതയും ഉഷാറോടെ കയറ്റം കയറുന്നതു കണ്ടപ്പോള്‍ ഞാനും കുട്ടിയായി മാറി. പുല്‍ക്കാട്ടിലൂടെയുള്ള കയറ്റം നീണ്ടു നീണ്ടു പോയി. താഴെ നിന്ന് മുകളിലേക്കു് നോക്കിയാല്‍ ആകാശ മേഘങ്ങളിലേക്ക് കയറിപ്പോകുന്ന പച്ചക്കടല്‍.
ട്രെക്കിങ്ങിന് ഒരുപാടു വിദേശികളെ കണ്ടു. എത്ര ഫാസ്റ്റായാണവര്‍ കയറുന്നത്! ഓരോ കയറ്റം കഴിഞ്ഞാലും അടുത്തത് തുടങ്ങുന്നു. ഉയരങ്ങളിലെത്തിയപ്പോള്‍ കാറ്റിന്റെ ശക്തി കൂടി. ഇടക്ക് മഴയും കൂട്ടിനു വന്നു. മഴ വീണതോടെ ഇടുങ്ങിയ ഒറ്റയടിക്കയറ്റം ദുഷ്‌കരമായി. ഒടുവില്‍ ഒരു കയറ്റിറക്കം തീര്‍ന്നപ്പോള്‍ മുന്നില്‍ ഇതാ ഹൃദയ തടാകം! ഹൃദയഹാരിയായ ഒരു സ്വപ്‌നം പോലെ. മുകളില്‍ പച്ചക്കുടപിടിച്ച് ചെമ്പ്ര. എല്ലാവരും എത്തിയപ്പോള്‍ ആഘോഷമായി. എവറസ്റ്റ് കീഴടക്കിയ പോലെ ആര്‍പ്പുവിളി ഉയര്‍ന്നു. എന്തൊരു മെസ്മറൈസിങ്ങായ ഇടം! ഭൂമിക്കും ആകാശത്തിനും ഇടയില്‍ പൊങ്ങിക്കിടക്കുന്ന ഒരു കുമ്പിള്‍ പോലെ. മേഘങ്ങള്‍ വന്ന് എല്ലാവരേയും തൊട്ട്, തൊട്ട് പോകുന്നു. തിമിര്‍പ്പു തീര്‍ന്നപ്പോള്‍ എല്ലാവരും പിന്നെ അട്ടയെ കളയുന്ന തിരക്കിലായി. എന്താണെന്നറിയില്ല എന്നെ അവ വെറുതെ വിട്ടു. എന്തു പറ്റിയോ എന്തോ..? കയറ്റത്തേക്കാള്‍ ഇറക്കമായിരുന്ന പാട്. ''എന്റെ പാവം കാല്'' റോഹന്‍ വിഷമിച്ചു പറയുന്നതു കേട്ടു.ബംഗ്ലാവില്‍ തിരിച്ചെത്താന്‍ നാലു മണി കഴിഞ്ഞു. ഊണു കഴിഞ്ഞു തിരിച്ചു പോണം. വൈകിയാല്‍ കാടു ക്രോസ് ചെയ്യാന്‍ പറ്റില്ല.. ദാ, സമയമായി. മനസ്സ് ഇപ്പോഴും ചെമ്പ്രയെ പുല്‍കുന്ന മേഘം പോലെ പൊങ്ങി പറക്കുന്നു. മനുവിനെ മൈന്‍ഡു ചെയ്യാതെ ഞാന്‍ ചാടിക്കറി ഡ്രൈവിങ്ങ് സീറ്റിലിരുന്നു. ഇനി പറപ്പിക്കണം, ഇന്നോവ. വ്രൂം...
thanks mathrbhumi
Regards..Maanu
www.keralites.net |
No comments:
Post a Comment