Wednesday, February 2, 2011

[www.keralites.net] മിന്നും കാര്‍ത്തിക നക്ഷത്രം



മിന്നും കാര്‍ത്തിക നക്ഷത്രം
 
 
 
മലയാള സിനിമയിലെ പുതിയ നായിക കാര്‍ത്തികയുടെ സ്വപ്‌നങ്ങള്‍...

മലയാളത്തിന്റെ പ്രിയനടി രാധയുടെ മകള്‍ കാര്‍ത്തികയ്ക്ക് സിനിമയില്‍ ഇത് തിരക്കേറിയ കാലം. മലയാളത്തിലും തമിഴിലുമായി അരങ്ങേറ്റചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ കാര്‍ത്തിക 'ഗൃഹലക്ഷ്മി'യുടെ ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ എത്തിയത്. ''സ്ലംഡോഗ് മില്ല്യനയര്‍ ഡയറക്ടര്‍ ഡാനി ബോയ്ല്‍ സ്‌ക്രീന്‍ ടെസ്റ്റിന് വിളിച്ചിരിക്കുന്നു'', കാര്‍ത്തിക ആവേശത്തിലാണ്. ഫോട്ടോഷൂട്ടിനിടയില്‍ കിട്ടിയ ഇത്തിരിനേരം അവര്‍ സംസാരിക്കുന്നു.

ആദ്യത്തെ സിനിമ
'ജോഷ്' എന്ന തെലുങ്ക് സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയായിരുന്നു അതിലെ നായകന്‍. സിനിമയുടെ ഡയറക്ടര്‍ വാസു വര്‍മ, ഒരു പുതിയ നായികയെ തിരഞ്ഞുനടക്കുന്ന സമയം. അപ്പോഴാണ് മുന്‍ നടി രാധയ്ക്ക് ടീനേജ് പ്രായത്തിലൊരു മകളുണ്ടെന്ന് അദ്ദേഹം അറിഞ്ഞത്.
 

ഒരു ദിവസം സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. കുറെ ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തു. വളരെ ആക്ടീവായ ഒരു കുട്ടിയെയായിരുന്നു അവര്‍ക്കാവശ്യം. ഞാനാണെങ്കില്‍ ഒരു നിമിഷംപോലും വായടയ്ക്കാത്ത പ്രകൃതവും. കുറച്ചുനേരം കഴിഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ തിരിച്ചുപോയി.
പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം തീരുമാനിച്ചു.

ആദ്യത്തെ സീന്‍
ഹൈദരാബാദില്‍ വെച്ചായിരുന്നു ഷൂട്ടിങ്. ഞാനാകെ ടെന്‍ഷനിലായിരുന്നു. അമ്മയും അച്ഛനുമാണെങ്കില്‍ അതിലധികം ടെന്‍ഷനില്‍. പോരെങ്കില്‍ എനിക്ക് ഭാഷ യാതൊരു പിടിയുമില്ല. പുറത്ത് ഷൂട്ടിങ് കാണാനെത്തിയ ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നു. അവരുടെയൊക്കെ മുന്‍പില്‍ അഭിനയിക്കണമല്ലോയെന്ന ചമ്മല്‍ ഒരു വശത്ത്. എങ്ങനെയാ അഭിനയിക്കേണ്ടത്, ക്യാമറയെ ഫെയ്‌സ് ചെയ്യേണ്ടത് എന്നൊന്നുമറിയില്ല. അതിന്റെ വിഷമം മറുവശത്ത്. ഞാനാകെ നെര്‍വസായി.
തെലുങ്കിലുള്ള ഡയലോഗൊക്കെ ഇംഗ്ലീഷിലേക്ക് മാറ്റി. എന്നിട്ടത് കാണാപ്പാഠം പഠിച്ചു. ആദ്യത്തെ സീനില്‍ രണ്ട് ഡയലോഗ് ആയിരുന്നു ഉണ്ടായിരുന്നത്. ഡയലോഗ് പഠിച്ചുകഴിഞ്ഞപ്പോള്‍, ഒരു റിഹേഴ്‌സല്‍ നോക്കാമെന്ന് ഡയറക്ടര്‍ പറഞ്ഞു. റിഹേഴ്‌സലല്ലേ, ഞാന്‍ നല്ല കൂളായിട്ടങ്ങ് ചെയ്തു. സീനെടുത്തു കഴിഞ്ഞിട്ടാണ് അറിയുന്നത്, അത് ടേക്ക് തന്നെയായിരുന്നുവെന്ന്. അങ്ങനെ ഫസ്റ്റ് സീന്‍ ഓകെ.
ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ എല്ലാവരും അമ്മയോട് ചോദിച്ചു, 'ട്രെയിനിങ് കൊടുത്തിരുന്നോ കാര്‍ത്തികയ്ക്ക്' എന്ന്. അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞുതന്നില്ല. 'നിനക്ക് തോന്നുന്നതുപോലെ അഭിനയിക്കാനായിരുന്നു' അമ്മ പറഞ്ഞത്.

മകരമഞ്ഞ്
എന്റെ രണ്ടാമത്തെ പടം. അതിലേക്ക് ഞാനെത്തിയതും തീരെ പ്രതീക്ഷിക്കാതെ. ഇടയ്ക്ക് വെറുതെയൊരു രസത്തിന്, എന്റെ കുറെ പടങ്ങള്‍ എടുപ്പിച്ചിരുന്നു. അതിലൊരു പടം രവിവര്‍മചിത്രങ്ങളിലേതുപോലെ വേണമെന്ന് അമ്മയ്ക്കാഗ്രഹം. അങ്ങനെ നല്ല ചുവന്ന പട്ടുസാരിയൊക്കെയുടുത്തൊരു ഫോട്ടോയുമെടുത്തു. അത് കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോഴാണറിഞ്ഞത്, ലെനിന്‍ രാജേന്ദ്രന്‍ സാര്‍ ഒരു സിനിമയെടുക്കുന്നുവെന്നും അതിലേക്ക് പുതിയ നായികയെ തിരയുകയാണെന്നും. നേരത്തെയെടുത്ത എന്റെ പടങ്ങള്‍ അദ്ദേഹത്തിനയച്ചുകൊടുത്തു.
രണ്ടുദിവസം കഴിഞ്ഞ് അപ്രതീക്ഷിതമായി ലെനിന്‍ സാറിന്റെ ഒരു കോള്‍. 'എന്താ രാധേ, ഷൂട്ടിങ് വേഗം തുടങ്ങേണ്ടേ'യെന്ന്. പിന്നീടാണറിഞ്ഞത്, കുറെ പുതുമുഖങ്ങളെ തിരഞ്ഞതിനുശേഷമാണ് എന്നെ സെലക്ട് ചെയ്തതെന്ന്.
രാജാ രവിവര്‍മയെന്നെ കലാകാരനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം വരച്ച ചിത്രങ്ങളൊക്കെ കണ്ടിട്ടുമുണ്ട്. പക്ഷേ, അതിനു പിന്നിലെ കഥകളൊന്നും അറിയില്ലായിരുന്നു.
ലെനിന്‍ സാര്‍ എന്റെ റോളിനെക്കുറിച്ച് നന്നായി പറഞ്ഞുതന്നു, എങ്ങനെയാണ് അഭിയനിക്കേണ്ടതെന്നും. രണ്ടു കഥാപാത്രങ്ങളെയാണ് ഞാനതില്‍ ചെയ്തത്. ഒന്ന് പുരൂരവസ്സിന്റെ മനസ്സിളക്കാന്‍ വന്ന് കാമുകിയായി മാറിയ ഉര്‍വശിയും മറ്റൊന്ന് രാജാരവിവര്‍മയുടെ ചിത്രത്തിന് മോഡലാവുന്ന സുഗന്ധാ ബായിയും. സുഗന്ധാ ബായി എന്ന കഥാപാത്രം കൂടിയുണ്ടെന്ന് അറിഞ്ഞത്, സിനിമ പകുതിയായപ്പോഴാണ്.
രണ്ടും യാതൊരു ബന്ധവുമില്ലാത്ത റോളുകള്‍. അതു ശരിക്കുമൊരു ചലഞ്ചായിരുന്നു.
രണ്ടുപേരുടെയും നോട്ടവും ഭാവവുമെല്ലാം വ്യത്യസ്തമാവണ്ടേ. ഇതില്‍ അഭിനയിച്ചുതുടങ്ങുന്നതിനു മുന്‍പ് പലരും അമ്മയോട് ചോദിച്ചു, ''എന്തിനാണിങ്ങനെയൊരു ആര്‍ട്ട് ഫിലിം ചെയ്യുന്നത്, അതും ഇത്ര ചെറുപ്പത്തിലേ?'' എന്ന്.

അഭിനയം
ഞാനൊരിക്കലും കരുതിയിരുന്നില്ല, ഒരു നടിയാവുമെന്ന്. അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു, സിനിമയില്‍ അഭിനയിപ്പിക്കണമെന്ന്. പ ക്ഷേ, പ്ലസ് ടു എങ്കിലും കഴിഞ്ഞിട്ടുമതി അഭിനയം എന്നായിരുന്നു തീരുമാനം.
സിനിമയില്‍ വരുന്നതുവരെ ഞാന്‍ കരുതിയത്, അഭിനയം വളരെ ഈസിയാണെന്നാണ്. ഇപ്പോള്‍ മനസ്സിലായി അഭിനയവും ബുദ്ധിമുട്ടുള്ള പണിയാണെന്ന്. വയനാട്ടിലൊക്കെയായിരുന്നു 'മകരമഞ്ഞി'ന്റെ ഷൂട്ടിങ്. അതും നല്ല തണുപ്പുള്ള സമയത്ത്. ഒരുദിവസം കുളത്തില്‍ വെച്ചൊരു സീനുണ്ടായിരുന്നു. ഐസുപോലെ തണുത്ത വെള്ളം. ഒരു വിധം ആ സീന്‍ തീര്‍ത്തു. ഷൂട്ട് കഴിഞ്ഞപ്പോഴാ ആരോ പറഞ്ഞത്, അതില്‍ മുതലയുണ്ടെന്ന്.

പഠനം
പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ഡിഗ്രി ഇന്‍ ബിസിനസ്സില്‍ ഡിഗ്രി ചെയ്യുന്നു.

കുടുംബം
അമ്മ ഒരു നടിയായിരുന്നുവെന്ന് അറിഞ്ഞത് ഞങ്ങള്‍ വലുതായതിനുശേഷമാണ്. ചെന്നൈയിലെ വീട്ടില്‍ പോവുമ്പോള്‍ സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തുള്ള അമ്മയുടെ ഫോട്ടോ കാണും. അപ്പോള്‍ ശരിക്കും അദ്ഭുതം തോന്നും, 'ഇത്രയധികം സിനിമകളില്‍ അഭിനയിച്ച ആളാണോ അമ്മ' എന്ന്. മുംബൈയിലെ വീട്ടില്‍ അച്ഛനാണ് ഹീറോ. അച്ഛന്‍ രാജശേഖരന്‍ നായര്‍ ഹോട്ടല്‍ വ്യവസായിയാണ്. എന്റെ ഏറ്റവും വലിയ ക്രിട്ടിക് അനുജത്തി തുളസിയാണ്. അവള്‍ എട്ടിലാണ് പഠിക്കുന്നത്. പിന്നെ, അനുജന്‍ വിഘ്‌നേഷും.

സ്വപ്‌നം
ഇപ്പോള്‍ തമിഴിലൊരു പടവും ഞാന്‍ ചെയ്തു. 'കോ' എന്നാണ് പടത്തിന്റെ പേര്. അതിലൊരു ജേണലിസ്റ്റാണ് ഞാന്‍. അങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായ മൂന്ന് പടങ്ങള്‍ ചെയ്തു, മൂന്ന് ഭാഷകളിലായി. ഇനിയും നല്ല അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ അഭിനയിക്കണം. പിന്നെ, അച്ഛനെപ്പോലെ ബിസിനസ് രംഗത്തേക്കിറങ്ങണമെന്നും എനിക്ക് മോഹമുണ്ട്.
thanks mathrbhumi
 

Fun & Info @ Keralites.net

Maanu


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment