A very correct analysis of the social psyche of present day malayalee.
ധാര്‍മികരോഷം ഉണര്‍ന്നു
കേരളത്തിന്‍റെ ധാര്‍മികരോഷം ഉണര്‍ന്നു. ഇന്നലെ സംസ്ഥാനമെങ്ങും വായില്‍നോക്കികളും ഞരമ്പുരോഗികളും കൊണ്ട തല്ലിനു കണക്കില്ല. ഷൊര്‍ണൂരിലെ ട്രെയിനില്‍ പ്രതികരിക്കാന്‍ മറന്നവര്‍ക്കു വേണ്ടി പൊലീസും നാട്ടുകാരും എല്ലാം അമ്മപെങ്ങന്‍മാര്‍ക്കു വേണ്ടി കര്‍ക്കശക്കാരായി. നല്ലത്, പക്ഷെ എത്ര ദിവസത്തേക്ക് ?
സൗമ്യയുടെ മരണവും അതേല്‍പിച്ച ആഘാതവും ആ കുടുംബത്തെ എന്ന പോലെ തന്നെ കേരളത്തിലെ ഓരോ കുടുംബത്തെയും ഉലച്ചിട്ടുണ്ട്. അപൂര്‍വമായി മാത്രമേ ഇത്തരത്തിലൊരു വേദന നമ്മളനുഭവിക്കാറുള്ളൂ. ഒരേ സ്വരത്തില്‍ സമൂഹം അതിനെതിരേ പ്രതികരിക്കുന്നു, അതെപ്പറ്റി വേദനിക്കുന്നു, പശ്ചാത്തപിക്കുന്നു. ഇതാദ്യമല്ല ഇത്തരത്തിലൊരു ദുരന്തം കേരളത്തെ വേട്ടായടുന്നതെന്നോര്‍ക്കുമ്പോള്‍ മുമ്പുള്ള അവസരങ്ങളിലൊക്കെ എന്താണ് നമ്മെ നിശബ്ദരാക്കിയതെന്നു കൂടി കണ്ടെത്തേണ്ടതുണ്ട്.
പ്രതി കോയമ്പത്തൂരുകാരന്‍ ഗോവിന്ദച്ചാമി ആയിരുന്നില്ലെങ്കില്‍, രാഷ്ട്രീയ-സാമുദായിക പിന്തുണയുള്ള ഏതെങ്കിലും ഒരു മലയാളി ആയിരുന്നെങ്കില്‍, രാഷ്ട്രീയക്കാര്‍ ട്രെയിനിലെ സ്ത്രീസുരക്ഷയ്‍ക്കു വേണ്ടി സത്യഗ്രഹങ്ങള്‍ നടത്തുമായിരുന്നോ ? ഡിവൈഎഫ്ഐക്കാര്‍ റയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കാന്‍ തീരുമാനിക്കുമായിരുന്നോ ? ധാര്‍മികബോധത്തെ ചങ്ങലയ്‍ക്കിടുന്ന രാഷ്ട്രീയമാണ് നാട്ടില്‍ സ്ത്രീകള്‍ക്ക് ഇത്ര ദുര്‍ഗതിയുണ്ടാക്കിയതെന്ന് പറയാതിരിക്കാനാവില്ല.
സൂര്യനെല്ലി കേസിനെപ്പറ്റി പറഞ്ഞുകൂട, പല നേതാക്കന്‍മാരുമുണ്ട്. കിളിരൂര്‍ കേസെന്നോ ശാരിയെന്നോ പറയാനും പാടില്ല. ഐസ്ക്രീം പാര്‍ലറെന്നു തീരെ പറഞ്ഞു കൂട. വിതുര കേസിനെപ്പറ്റിയും പറയേണ്ടതില്ല. അഭയ കേസിനെപ്പറ്റി പറയുന്ന കുഞ്ഞാടുകള്‍ പാടുപെടും. ഈ കേസുകളൊക്കെ നമ്മള്‍ വെള്ളം തൊടാതെ വിഴുങ്ങുകയും അതിന്‍റെയൊക്കെ ഇരകളുടെ വേദനയെക്കാള്‍ വേട്ടക്കാരുടെ മാന്യത നമുക്കു പ്രധാനമാവുകയും ചെയ്യുമ്പോള്‍ സൗമ്യയുടെ ഇപ്പുറത്തെ കംപാര്‍ട്ടുമെന്‍റിലുണ്ടായിരുന്നവരും ഈ ക്രൂരതകളരങ്ങേറിയ സമൂഹത്തില്‍ അതേ കംപാര്‍ട്ടുമെന്‍റില്‍ കഴിഞ്ഞ നമ്മളും തമ്മിലെന്താണ് വ്യത്യാസം ?
സൗമ്യ ഒരു പാവം കുട്ടിയായിരുന്നു. ഗോവിന്ദച്ചാമി ഒറ്റക്കയ്യനായ ഒരു ഭീകരനും. മനുഷ്യജീവിയെന്ന നിലയില്‍ നമ്മുടെ ധാര്‍മികബോധത്തിനു തടയിടാന്‍ ഒന്നുമില്ലാത്തതുകൊണ്ടു മാത്രം നമ്മള്‍ പ്രതികരിക്കുന്നു, ഉറക്കെ പ്രതിഷേധിക്കുന്നു. റയില്‍വേ യാത്രക്കാരുടെ സുരക്ഷ റയില്‍വേയുടെ ഉത്തരവാദിത്വമാണെന്നു സര്‍ക്കാരും റയില്‍വേ സംരക്ഷണസേനയുടെ ജോലി റയില്‍വേയുടെ സ്വത്തുവകകള്‍ സംരക്ഷിക്കുകയാണെന്നു റയില്‍വേയും പറയുമ്പോള്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ വ്യക്തികള്‍ സ്വയം സജജരാകുക എന്നതാണ് ഏകമാര്‍ഗം. ഇക്കാണുന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളും മായയാണ്. മീഡിയ ഇതുവിട്ട് അടുത്തതു പിടിക്കുമ്പോള്‍ നമ്മളും കണ്ണീര്‍ തുടച്ച് പിന്നാലെ പോകും.
സൗമ്യയുടെ ദുരന്തശേഷം കേരളത്തിലുടനീളം രണ്ടുദിവസം കൊണ്ട് പീഡനശ്രമത്തിനു പിടിലായവരുടെയും നാട്ടുകാര്‍ കൈവച്ചവരുടെയും എണ്ണം ചില്ലറയല്ല. ഇവരൊക്കെ ഇത്രകാലവും ഇതൊക്കെ തന്നെ ചെയ്തിരുന്നപ്പോള്‍ ആരും പ്രതികരിച്ചില്ല, കൈവച്ചുമില്ല. പെണ്ണല്ലേ, തട്ടോ മുട്ടോ ഞെക്കോ ഒക്കെ കിട്ടുന്നത് സ്വാഭാവികം, അതിനൊക്കെ പരാതിപ്പെടാന്‍ പോയാല്‍… എന്നു തുടങ്ങുന്ന സമവായം സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാടിന്‍റെ സൂചകം കൂടിയാണ്.
ഗോവിന്ദച്ചാമിയോട് നമ്മള്‍ ക്ഷുഭിതരാകുന്നത് എന്തുകൊണ്ടാണ് ? സൗമ്യയെ അപമാനിച്ചതുകൊണ്ടോ, അതോ കൊല ചെയ്തതുകൊണ്ടോ ? ചാമി ഒരു കൊടുംകുറ്റവാളിയാണെന്ന് ആര്‍ക്കും സംശയമില്ല. ചാമിയുടെ സ്ഥാനത്തേക്ക് വീട്ടില്‍ അമ്മപെങ്ങന്‍മാരുള്ള, നാട്ടില്‍ അന്തസ്സും പ്രശസ്തിയുമുളള ഒരു മാന്യനെ പ്രതിഷ്ഠിച്ചു നോക്കൂ. അങ്ങനെ നോക്കിയിട്ടും രോഷം അതേപടി നില്‍ക്കുന്നെങ്കില്‍ മൂന്നു മാന്യന്‍മാരെ പരിചയപ്പെടുത്താം. മുംബൈ മലയാളികളായ ഗോപാലകൃഷ്ണന്‍ നായര്‍ (58), ജികെവി പിള്ള(70), കെഎന്‍ആര്‍ നായര്‍(65) എന്നിവരാണ് കക്ഷികള്‍.
ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ബോഗിയില്‍ നിന്നു തള്ളിതാഴെയിടാന്‍ ശ്രമിക്കുകയും ചെയ്തതിന് ഇന്നലെ അറസ്റ്റിലായവരാണ് ഈ വന്ദ്യവയോധികര്‍. തിരുവനന്തപുരത്ത് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ഇവര്‍ ലോകമാന്യതിലകില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിലെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരായ വനിതകളോടാണു അപമര്യാദയായി പെരുമാറിയത്.
കായംകുളം മുതല്‍ സ്ത്രീകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്രേ. റയില്‍വേ അലര്‍ട്ട് സെല്ലില്‍ സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ റയില്‍വേ സുരക്ഷാസേന ഇവരെ പിടികൂടുകയായിരുന്നു.ഇവരെപ്പറ്റി പരാതിക്കാരായ സ്ത്രീകളൊഴികെ ആരും വലിയ രോഷത്തോടെയൊന്നും സംസാരിക്കില്ല. കാരണവന്‍മാര്‍ നമുക്കു വേണ്ടപ്പെട്ടവരെങ്കില്‍ ആ പെണ്ണുങ്ങള്‍ കുഴപ്പക്കാരായിരുന്നെന്നോ ഇതു കള്ളക്കേസാണെന്നോ പറയാന്‍ നമ്മള്‍ മടിക്കില്ല.
കോടതി പോലും അവര്‍ക്ക് ഇന്നു ജാമ്യമനുവദിച്ചു. മാന്യന്‍മാര്‍ക്കു സംഭവിക്കുന്ന തെറ്റുകള്‍ പൊറുക്കപ്പെടുകയും ഇരകള്‍ നിശബ്ദരാക്കപ്പെടുകയും വേണം. സൗമ്യയ്‍ക്കു സംഭവിച്ച ദുരന്തം ഈ മാന്യന്‍മാരുടെ കൈകള്‍ കൊണ്ടായിരുന്നു എങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇതാഘോഷിക്കുമായിരുന്നോ ? ദുരന്തം സംഭവിച്ചതിനു ശേഷം മാത്രം അതിനു കാരണമായ തെറ്റിനെ വിലയിരുത്തുകയും ദുരന്തം സംഭവിച്ചിട്ടില്ലെങ്കില്‍ അതേ തെറ്റ് നിസ്സാരമായി കാണുകയും ചെയ്യുന്നതുകൊണ്ടാണ് ദുരന്തങ്ങള്‍ അവസാനിക്കാതിരിക്കുന്നത്.റയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ക്കുന്നതോ ഒരാഴ്ചത്തേക്ക് ഷൊര്‍ണൂരില്‍ പൊലീസ് കാവല്‍ ശക്തമാക്കുന്നതോ കയ്യില്‍ കിട്ടുന്ന ഞരമ്പുരോഗികളെയൊക്കെ പത്തുനൂറുപേര്‍ കൂടി തല്ലിക്കൊല്ലുന്നതോ അല്ല ഇതിനു പരിഹാരം. സമൂഹത്തെയൊന്നാകെ ചികില്‍സിക്കാന്‍ എന്തു ചെയ്യാനാവും എന്നാലോചിക്കണം. സ്ത്രീപീഡനക്കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുകയും പരമാവധി ശിക്ഷ നല്‍കുകയും ചെയ്യണം. ജനാധിപത്യത്തിനല്‍പം ക്ഷീണം വന്നാലും വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുക തന്നെ വേണം.
www.keralites.net
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment