ഉലകനായകന് കമലഹാസന്റെ അടുത്ത ചിത്രത്തില്‍ നായിക അനുഷ്ക. 'തലൈവന് ഇരുക്കാര്' എന്ന ചിത്രത്തിലാണ് തെന്നിന്ത്യന്‍സിനിമയിലെ സൗന്ദര്യറാണിയായ അനുഷ്ക കമലിനൊപ്പമെത്തുന്നത്. കമലഹാസന് തന്നെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാധവനൊപ്പം വര്‍ഷങ്ങള്‍ക്കുമുമ്പ് 'രണ്ട്' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച അനുഷ്കയ്ക്ക് വമ്പന്‍വിജയം നേടാനായത് കഴിഞ്ഞവര്‍ഷമാണ്.
വിജയിനൊപ്പം 'വേട്ടൈക്കാരനി'ലും സൂര്യയ്ക്കൊപ്പം 'സിങ്ക'ത്തിലും നായികയായതോടെ തമിഴ്പ്രേക്ഷകരുടെ ഇഷ്ടനായികാപദവിയിലേക്കുയരാന് അനുഷ്കയ്ക്കു കഴിഞ്ഞു. അതിനുപിന്നാലെ ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും എല്ലാ സിനിമകളും സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു താരത്തിന്റെ നിലപാട്. തമിഴിനേക്കാള്‍ തെലുങ്കിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാനും അനുഷ്ക മടിച്ചില്ല.
എന്നാല്‍, കമലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ വൈമനസ്യം മാറ്റിവെക്കാന്‍ താരം തയ്യാറാവുകയായിരുന്നു. അനുഷ്ക നായികയായ 'വേദം' എന്ന തെലുങ്ക് ചിത്രം ഇക്കൊല്ലം തമിഴിലേക്ക് 'വാനം' എന്ന പേരില്‍ മൊഴിമാറ്റിയെത്തുന്നുണ്ട്. അതില്‍ നായികയാവാനുള്ള ക്ഷണം താരം നിരസിച്ചത് വാര്‍ത്തയായിരുന്നു. ചിമ്പു നായകനായ 'വാന'ത്തില്‍ ഒരു നൃത്തരംഗത്തില്‍ മാത്രമാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. വിക്രമിന്റെ നായികയാവുന്ന 'ദൈവമകനാ'ണ് ഇക്കൊല്ലം വരാനിരിക്കുന്ന അനുഷ്കയുടെ മറ്റൊരു തമിഴ്ചിത്രം.
Thanks mangalam
Regards..maanu
No comments:
Post a Comment