Tuesday, December 14, 2010

[www.keralites.net] Review: Best Actor



Review: Best Actor

Fun & Info @ Keralites.net

സ്‌കൂള്‍ അധ്യാപകനായ മോഹന്റെ (മമ്മൂട്ടി) ജീവിതത്തില്‍ ഒരൊറ്റ ആഗ്രഹമേയുള്ളു: സിനിമാനടനാവണം. ഭാര്യ സാവിത്രിയും (ശ്രുതി രാമകൃഷ്‌ണന്‍) കുഞ്ഞുമടങ്ങുന്ന കൊച്ചുകുടുംബം മോഹന് ഏറെ പ്രിയപ്പെട്ടതാണെങ്കിലും സിനിമയുടെ കാര്യം വരുമ്പോള്‍ അതു പോലും രണ്ടാംസ്ഥാനത്തേക്ക് മാറും. പല വാതിലുകളും അയാള്‍ മുട്ടി നോക്കുന്നു. ലാല്‍ ജോസ്, രഞ്‌ജിത്ത് തുടങ്ങിയ മുന്‍‌നിരക്കാരെ മുതല്‍ അര സിനിമ പോലും ചെയ്യാത്ത ചെറുപ്പക്കാരെ വരെ മോഹന്‍ കാണുന്നുണ്ട്. പരിഹാസവും തിരസ്‌കാരവും ഉപദേശവും മുന്നറിയിപ്പുകളും അപമാനവുമൊക്കെ ആവശ്യത്തിലധികം കിട്ടുന്നുമുണ്ട്; പക്ഷേ, അവസരം മാത്രമില്ല.

കിട്ടുന്ന പ്രധാന ഉപദേശങ്ങളിലൊന്ന് അനുഭവപരിചയം വേണമെന്നാണ്. ഒടുവില്‍, ആ വഴിക്ക് നീങ്ങുകയാണ് മോഹന്‍. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത ഒരു ചുഴിയിലേക്ക് അതോടെ അയാളുടെ ജീവിതം എടുത്തെറിയപ്പെടുന്നു. അപ്പോഴും ഒരു വിധിക്കും തൊടാനാവാത്ത ഉയരത്തില്‍ അയാള്‍ തന്റെ സിനിമാമോഹം പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ഈ മോഹന്റെ കഥയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ആദ്യമായി സംവിധാനം ചെയ്‌ത ബെസ്റ്റ് ആക്റ്റര്‍ പറയുന്നത്.

PLUSES
നല്ലൊരു പ്ലോട്ടുണ്ട് ഈ സിനിമയ്‌ക്ക്. സിനിമാമോഹവുമായി നടക്കുന്ന സ്‌കൂള്‍മാഷിന്റെ കഥ എന്നു കേള്‍ക്കുമ്പോള്‍ അതിലൊരു സവിശേഷതയും തോന്നില്ലെങ്കിലും വളരെ കൌതുകകരമാ‍യ ചിലതൊക്കെ ബെസ്റ്റ് ആക്റ്ററിന്റെ കഥാതന്തുവിലുണ്ട്. കഥാകൃത്തിന് (സംവിധായകന്‍ തന്നെ) അഭിമാനിക്കാം.

ഡെന്‍‌വറാശാന്‍ (നെടുമുടി വേണു), ഗൂണ്ട ഷാജി (ലാല്‍) എന്നീ പച്ചപ്പുള്ള രണ്ട് കഥാപാത്രങ്ങളാണ് ഈ സിനിമയുടെ ജീവന്‍. വേണുവും ലാലും ഇവരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്‌തു. ശ്ലീലമല്ലെന്ന് ചിലപ്പോഴെങ്കിലും തോന്നുമെങ്കിലും ഈ കഥാപാത്രങ്ങളുടെയും ഇവരുടെ കൂട്ടാളികളുടെയും (സലിംകുമാര്‍, വിനായകന്‍‍) സംഭാഷണങ്ങള്‍ക്ക് തനിമയും സ്വാഭാവികതയുമുണ്ട്. ലാല്‍ ജോസിന്റെ വീട്ടിലേക്ക് ലിഫ്റ്റ് കൊടുക്കുന്ന സൈക്കിളുകാരന്‍, സ്റ്റാര്‍ സ്റ്റുഡിയോക്കാരന്‍, മോഹന്റെ സഹപ്രവര്‍ത്തകനായ കുശുമ്പന്‍ കം‌പ്യൂട്ടര്‍സാര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ സിനിമയ്‌ക്ക് ഒരു സത്യന്‍ അന്തിക്കാട് ടച്ച് സമ്മാനിക്കുന്നു. അത് വളരെ രസകരവുമാണ്. സുകുമാരി, കെ പി എ സി ലളിത, ശ്രുതി രാമകൃഷ്‌ണന്‍, മോഹന്റെ മകനായി വരുന്ന കുട്ടി തുടങ്ങിയവര്‍ ഉള്ള ജോലി നന്നായി ചെയ്തിട്ടുണ്ട്.

വളരെ സ്വാഭാവികമായി ചിരിയുണ്ടാക്കുന്ന പല ഡയലോഗുകളും ഇടയ്‌ക്ക് കേള്‍ക്കാം. മൂന്ന് ഉദാഹരണങ്ങള്‍: ചക്‍ദേ ഇന്ത്യ, ഷാജിയെന്ന് പേരു കേട്ടാലറിയില്ലേ ഗുണ്ടയാണെന്ന്!, സാറിനെ കാണാന്‍ മോഹന്‍‌ലാല്‍ വന്നിരിക്കുന്നു. (ഈ മൂന്ന് ഡയലോഗുകളും ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു!)

അജയന്‍ വിന്‍സന്റിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് സൌന്ദര്യവും വ്യക്തിത്വവുമുണ്ട്. ചെവിയടപ്പിക്കാത്ത ശബ്‌ദസംവിധാനത്തിനും നമ്മള്‍ നന്ദി പറയേണ്ടിയിരിക്കുന്നു.

MINUSES
ദുര്‍ബലവും ചിട്ടയില്ലാത്തതുമായ തിരക്കഥ ഈ സിനിമയെ കുറച്ചൊന്നുമല്ല പുറകോട്ടു പിടിച്ചു വലിക്കുന്നത്. പ്ലോട്ടിലെ കൌതുകം തിരക്കഥയിലേക്ക് പകര്‍ത്തിയെടുക്കാന്‍ എഴുത്തുകാര്‍ക്ക് (സംവിധായകനും ബിപിന്‍ ചന്ദ്രനും) കഴിയാതെ പോയത് പലയിടത്തും കല്ലുകടിയുണ്ടാക്കുന്നുണ്ട്.

കഥാപാത്രങ്ങളുടെ വ്യക്തിത്വമില്ലായ്‌മയും കുഴപ്പമുണ്ടാക്കുന്നു. ഒരു കോളനിയെ മുഴുവന്‍ വിറപ്പിക്കുന്ന ഗൂണ്ടയായി ചിത്രീകരിക്കപ്പെടുന്നയാള്‍ തുരുമ്പു പിടിച്ച തൊട്ടാലൊടിയുന്ന ആയുധവുമായി നടക്കുന്നതും വെറുമൊരു കോമാളിയായി കോളജില്‍ പോയി തല്ലു കൊണ്ട് തിരിച്ചുവരുന്നതുമൊക്കെ തമാശയ്‌ക്കു പകരം സൃഷ്‌ടിക്കുന്നത് പരിഹാസ്യതയാണ്.

ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ചിത്രീകരിക്കുന്ന സീനുകളിലും ഷാജിയേയും സംഘത്തിനേയും ഇം‌പ്രസ് ചെയ്യാനായി മോഹന്‍ വരുന്ന സീനിലുമൊക്കെ കഥാപാത്രങ്ങളുടെ ക്യാരക്‍ടറിനേക്കുറിച്ച് സംവിധായകന്‍ (എഴുത്തുകാരനും) വളരെ കണ്‍ഫ്യൂസ്‌ഡ് ആണെന്നു കാണാം. മൂന്നാംകിട മിമിക്രിക്കാരുടെ സ്റ്റേജ് ഷോകളില്‍ കാണാറുള്ള തട്ടിക്കൂട്ട് സ്‌കിറ്റുകളുടെ നിലവാരമേ ഈ സീനുകള്‍ക്കുള്ളു. ചെറുപ്പക്കാരായ സിനിമാക്കാരെ കാണിക്കുന്ന സീനുകളിലും ഇതേ കണ്‍ഫ്യൂഷന്‍ പ്രകടമാണ്.

ബോറടിപ്പിക്കുന്ന തരത്തില്‍ വലിഞ്ഞിഴയുന്ന സീനുകള്‍ പലതുണ്ട് ഈ ചിത്രത്തില്‍. ആദ്യപകുതിയിലാണ് ഇവയിലേറെയും. ഒരു സീനില്‍ നിന്ന് അടുത്തതിലേക്കുള്ള നീക്കം ചിലപ്പോഴെങ്കിലും ഒരു തരം മലക്കം‌മറിച്ചിലായി പോകുന്നുമുണ്ട്.

EXTRAS
റോഷന്‍ ആന്‍ഡ്രൂസ് ആദ്യചിത്രമായ ഉദയനാ‍ണ് താരത്തിലും അന്‍‌വര്‍ റഷീദ് ആദ്യചിത്രമായ രാജമാണിക്യത്തിലും കാണിച്ച മാജിക് പുറത്തെടുക്കാന്‍ കഴിയുമായിരുന്ന പ്രമേയമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്റെ ആദ്യചിത്രത്തിന് സ്വീകരിച്ചത്. പക്ഷേ, കപ്പിനും ചുണ്ടിനുമിടയില്‍ മാര്‍ട്ടിന് ആ മാജിക് നഷ്ടപ്പെട്ടതു പോലെ തോന്നി. അടുത്ത ചിത്രത്തില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ അദ്ദേഹത്തെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ; മലയാളസിനിമാപ്രേക്ഷകരെയും.

രണ്ട് അന്ത്യങ്ങളുണ്ട് ഈ സിനിമയ്‌ക്ക് എന്നു വേണമെങ്കില്‍ പറയാം. അതില്‍ ആദ്യത്തേത്, ഒരു സില്ലി സ്‌കിറ്റിന്റെ അവസാനം പോലെ തീരെ ഗൌരവമില്ലാത്തതാണ്. അതു യഥാര്‍ഥത്തില്‍ അന്ത്യമല്ല എന്ന് നമ്മള്‍ അറിഞ്ഞതിനു ശേഷം കാണുന്ന രണ്ടാമത്തെ അന്ത്യം ഉദയനാണു താരം, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സമീപകാലസിനിമകളുടെ അന്ത്യരംഗങ്ങളെ ആവശ്യത്തിലധികം ഓര്‍മിപ്പിക്കുന്നു.

LAST WORD
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ first സിനിമയാണിത്. നിര്‍ഭാഗ്യവശാല്‍, അത് best ആകാതെ പോയി. better സിനിമകളുമായി അദ്ദേഹം വീണ്ടും വരുമായിരിക്കും. നമുക്ക് കാത്തിരിക്കാം.

RATING
Not Bad

thanks:
G Krishnamurthy
movieraga


Best Regards
Divya varma


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment