Tuesday, December 14, 2010

[www.keralites.net] കാവ്യ'സറഗോഡ്...



കാസറഗോഡ് ജില്ലയുടെ വരദാന പുത്രി കാവ്യ മാധവന്‍ സ്വന്തം ജനിച്ചു വളര്‍ന്ന മണ്ണിനെ കുറിച്ച് എഴുതിയത് കണ്ടപ്പോള്‍ സന്തോഷമായി, വളര്‍ന്നു വലുതായി അറിയപ്പെട്ട ഒരു നടിയായിട്ടും അവള്‍ സ്വന്തം നാടിനെ മറന്നില്ലല്ലോ എന്നോര്‍ത്ത്, വിധി എന്ന രണ്ടക്ഷരം കൊത്തിയെടുത്ത അവളുടെ ദാമ്പത്യ ജീവിതം അവളെ ഒരുപാടി തളര്‍ത്തി എങ്കിലും അവള്‍ ഇന്ന് പഴയ കാവ്യയിലേക്ക് തിരിച്ചു വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്,

നമ്മുടെ ഏതെങ്കിലും ഒരു കൂട്ടയ്മയില്‍ പറ്റിയാല്‍ കാവ്യയെ മുഖ്യ അധിതിയായി ക്ഷണിക്കണം, അതിനെ കുറിച്ച് പ്രതികരിക്കാന്‍ എന്റെ സ്വന്തം കൂട്ടുകാരെ ഒന്ന് ക്ഷണിക്കുന്നു...............................................


കാവ്യയുടെ വരികള്‍

എന്റെ നാടായ കാസര്‍കോടിനെ പറ്റി ആലോചിക്കുമ്പോള്‍ മനസിലെത്തുന്നത് ബേക്കല്‍ കോട്ടയാണ്. ചെറുപ്പത്തില്‍ ഞാനവിടെ പോയിട്ടുണ്ട്. ഒരു സായാഹ്നസവാരിക്ക് കടപ്പുറത്തു പോകുന്ന ലാഘവത്തോടെ. മുറ്റത്തെ മുല്ലയായതു കൊണ്ടാണോ എന്തോ അന്നതിനൊരു മണവും തോന്നിയില്ല.എന്നാല്‍ ബോംബെ സിനിമ ചിത്രീകരിക്കാന്‍ മണിരത്‌നം അവിടെയെത്തിയെന്നറിഞ്ഞപ്പോള്‍ ഒരഭിമാനം തോന്നി. എന്റെ നാട് മണിരത്‌നത്തിന്റെ സിനിമയില്‍ എന്നൊരു പൊങ്ങച്ചം. ആ സിനിമയില്‍ സന്തോഷ് ശിവന്‍ ചേട്ടന്റെ ക്യാമറയിലൂടെ ബേക്കല്‍ കണ്ടപ്പോള്‍ ഇത് ഞാന്‍ കണ്ട ബേക്കല്‍ തന്നെയാണോ എന്നു തോന്നിപ്പോയി.

വര്‍ഷങ്ങള്‍ക്കുശേഷം, പരസ്യചിത്രീകരണത്തിനായി ഒരു ദിവസം മുഴുവന്‍ ഞാന്‍ ബേക്കലില്‍ ചെലവഴിച്ചു. ഞാന്‍ കണ്ട പഴയ ബേക്കലായിരുന്നില്ല അത്. അതിന്റെ ചരിത്രവും സൗന്ദര്യവും സാധ്യതകളും അറിഞ്ഞ്, പുതിയ കണ്ണിലൂടെ കണ്ടപ്പോള്‍ അതിനൊരസാധാരണത്വം. കോട്ടയ്ക്കും കടലിനും കറുത്തു മിനുത്ത പാറകളില്‍ തട്ടി പഞ്ചാരമണലിലേക്ക് വീഴുന്ന തിരകള്‍ക്കും അന്നു വരെ കാണാത്ത സൗന്ദര്യം. വിനോദസഞ്ചാര ഭൂപടത്തിലിടം പിടിച്ച ബേക്കല്‍ ഏറെ മാറിയിട്ടുണ്ടായിരുന്നു. കാടും പുല്ലും പിടിച്ച് അനാഥമായി കിടന്നിടത്ത് വൃത്തിയും വെടിപ്പുമുള്ള പുതിയ മുഖം. വേണമെങ്കില്‍ മുറ്റത്തെ മുല്ലയ്ക്കും മണമുണ്ടാവുമെന്നു മനസിലായി.

കൈലാസത്തില്‍ പോകണമെന്നതാണ് എന്റെയൊരു യാത്രാ സ്വപ്‌നം. അതു പോലെ ഞാന്‍ കാണാനാഗ്രഹിക്കുന്ന മറ്റൊരു സ്ഥലം കര്‍ണാടകയിലെവിടെയോ ഉണ്ട്. അത് കുഞ്ഞുങ്ങളുണ്ടാവാന്‍ നേര്‍ച്ച നേരുന്ന സ്ഥലമാണ്. നേര്‍ച്ച പ്രകാരം കുട്ടികള്‍ ജനിക്കുമ്പോ അവിടെയൊരു കല്ല് മുളച്ചു വരുമത്രെ. ഒരു കെട്ടുകഥ പേലെ തോന്നും. പക്ഷെ അങ്ങിനെയും ഉണ്ടാവുമായിരിക്കും. എപ്പഴോ കേട്ടതാണത്. അന്നതിന്റെ പേരൊന്നും നോട്ട് ചെയ്തില്ല. മനസിലൊരു ചിത്രമായി അത് പതിഞ്ഞു. ആ സ്ഥലത്തേക്കുള്ള യാത്ര മറ്റൊരു സ്വപ്‌നമാണ്. പക്ഷെ അപ്പോഴും ഞാനാലോചിക്കുന്നത് എന്റെ സ്വന്തം നാടായ കാസര്‍കോട്ട് ഞാനിനി എത്ര സ്ഥലങ്ങള്‍ കാണാനിരിക്കുന്നു എന്നതാണ്. നീലേശ്വരവും കാഞ്ഞങ്ങാടും. പിന്നെ ഏതാനും ചില സ്ഥലങ്ങളും മാത്രമേ കണ്ടിട്ടുള്ളു. പ്രശസ്തമായ അനന്തപുരം ക്ഷേത്രത്തില്‍ ഇതുവരെ പോയിട്ടില്ല. മാധൂര്‍ ക്ഷേത്രത്തില്‍ ഈ അടുത്ത കാലത്താണ് പോയത്. ഇത് എന്റെ മാത്രമല്ല പലരുടെയും അനുഭവമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടുണ്ടാവും പക്ഷെ വീടിന്റെ തൊട്ടടുത്തെ മനോഹരമായ സ്ഥലങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. ചന്ദ്രഗിരി പുഴയും കാര്യങ്കോട്ട് പുഴയുമെല്ലാം കാണേണ്ടവ തന്നെ. വിപഌവ സ്മരണകളുമായൊഴുകുന്ന തേജസ്വിനിയാണ് ഞങ്ങള്‍ നീലേശ്വരത്തുകാരുടെ കാര്യങ്കോട് പുഴ. ഭാഷകളുടെ സംഗമഭൂമിയാണ് കാസര്‍കോട്.

Fun & Info @ Keralites.net

മീശമാധവി

എന്റെ ഭാഷയെ സിനിമയില്‍ എല്ലാവരും കളിയാക്കും. എന്റെ വീട് ഭൂമിടെ അറ്റത്താണെന്നാണവര്‍ കളി പറയുന്നത്. എനിക്കു പോലും പെട്ടെന്ന്് മനസിലാവാത്ത ഭാഷയും അവിടെയുണ്ട്. കന്നട കലര്‍ന്ന മലയാളം. ബദിയടുക്കയില്‍ മധുരനൊമ്പരക്കാറ്റിന്റെ ഷൂട്ടിങിന് പോയപ്പോ ഈ ഭാഷ കേട്ടു. പിന്നെ ചിലരിപ്പോഴും ഫോണില്‍ വിളിക്കുമ്പം ഈ ഭാഷയുടെ നിഷ്‌ക്കളങ്കത ഞാനാസ്വദിക്കുന്നു.

മാധൂര്‍ ക്ഷേത്രത്തിലെ പ്രസാദത്തിന് പ്രത്യേക രുചിയാണ്. യക്ഷഗാനത്തിന്റെ ഉത്ഭവകേന്ദ്രം കൂടിയാണാ വിനായകക്ഷേത്രം. യക്ഷഗാനം ഞങ്ങളുടെ നാടിന്റെ സ്വന്തം കലാരൂപമാണ്. കഥകളി വേഷവും യക്ഷഗാനവേഷവും കെട്ടുകയെന്നത് എന്റെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു. കാസര്‍കോടിനു വേണ്ടി കാസര്‍കോട്ടുകാരിയായ എന്റെ യക്ഷഗാനവേഷമെന്ന ആശയം 'യാത്ര' മുന്നോട്ട് വെച്ചപ്പോള്‍ ആഹ്ലാദം തോന്നി. രാജവേഷമാണ് ഞാന്‍ കെട്ടിയത്. മീശവെച്ചപ്പോള്‍ അറിയാതെ വന്ന ഊര്‍ജ്ജം വീരമായിരുന്നു. യക്ഷഗാനത്തില്‍ തന്നെ 'വടഗു തിട്ടു', 'തെന്നത്തിട്ടു' എന്നീ രണ്ടു വിഭാഗമുണ്ടെന്ന് യക്ഷഗാനവേഷം കെട്ടിക്കാന്‍ വന്ന രാധാകൃഷ്ണ നവാഡ പറഞ്ഞു. ഉത്തര കന്നഡയിലാണത്രേ 'വടഗു തിട്ടു'. ശൃംഗാരരസ പ്രധാനമാണത്. ഉഡുപ്പി മുതല്‍ കാസര്‍കോടു വരെ ഉള്ള 'തെന്നതിട്ടു'വില്‍ വീരരസമാണ് പ്രധാനം. ഞങ്ങളുടെ നാട്ടുകാര്‍ വീരന്‍മാരാണെന്ന കാര്യം കൂടി ഓര്‍ക്കുക. അതു കൊണ്ട് തന്നെ ഈ രാജവേഷം കെട്ടാനാണ് എനിക്ക് ഇഷ്ടം.

തെയ്യങ്ങളില്ലാത്ത കാസര്‍കോടിനെ കുറിച്ചു ചിന്തിക്കാനാവില്ല. വീടിനു തൊട്ടടുത്തുള്ള കോയിത്തട്ട തറവാട്ടിലെ തെയ്യം വേഷങ്ങള്‍ കണ്ണടച്ചോര്‍ക്കുമ്പോള്‍ മനസില്‍ തെളിയും. തെയ്യം കെട്ടുന്നവര്‍ക്കായി ഇഷ്ടികയുരച്ചും കരിപൊടിയൊരുക്കിയും വര്‍ണ്ണങ്ങള്‍ തയ്യാറാക്കിയ ബാല്യകാലവും ഓര്‍മകളില്‍ ഓടിയെത്തും. മനസിന്റെ ചുമരില്‍ കാലം വരച്ചു ചേര്‍ത്ത ചിത്രങ്ങള്‍ക്കും ആ നിറമാണ്. തളിയില്‍ ശിവക്ഷേത്രത്തില്‍ ആദ്യത്തെ വെടിപൊട്ടുമ്പോള്‍ ഞങ്ങളുടെ മനസിലായിരുന്നു ഉത്സവം കൊടിയേറുന്നത്. തളി എന്റെ പ്രിയപ്പെട്ട ക്ഷേത്രവുമാണ്. മന്ദംപുറത്ത് കാവിലെ കലശവും അതുപോലെ തന്നെ. കലശമിഠായിയാണ് ആകര്‍ഷണം, പഞ്ചസാര പാവില്‍ കടലവെച്ചുള്ള ആ മിഠായിയുടെ മധുരം ഇതെഴുതുമ്പോള്‍ നാവിലൂറുന്നു.
 
Fun & Info @ Keralites.net

കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പൂരമാണ് മറ്റൊരു ഓര്‍മ. ഒമ്പതു ദിവസം ഇറച്ചിയും മീനും കൂട്ടാതെ വ്രതമനുഷ്ഠിച്ച് കാമരുപമുണ്ടാക്കി പൂജിക്കും. ഒമ്പതാം ദിവസം കുരവയിട്ട് പൂരം അവസാനിക്കുമ്പോള്‍ കൈനിറയെ വളകള്‍ അണിയും. പൂരക്കഞ്ഞിയുണ്ടാക്കി കുടിക്കും. കോയിത്തട്ടവളപ്പിലെ പള്ളിയറയ്ക്ക് മുമ്പിലാണ് ഞങ്ങളുടെ പ്രദേശത്തെ പൂരോത്സവം. അവിടെ പള്ളിയറയ്ക്കു മുന്നില്‍ എന്നും വിളക്കുവെക്കുന്ന കുഞ്ഞാണിയമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന മാണി വല്യമ്മയും നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിലെത്തുന്നു. എണ്‍പതാമത്തെ വയസിലും പൂര്‍ണ ആരോഗ്യവതിയായ അവര്‍ വിളക്കു തെളിക്കാനെത്തുന്ന കാഴ്ച. മരണം വരെ അവരതു തുടര്‍ന്നിരുന്നു.

ഗുണമാണോ ദോഷമാണോ എന്നെനിക്കറിയില്ല. നാട്ടിന്റെ പ്രത്യേകതയായി എനിക്ക് തോന്നുന്ന മറ്റൊരു കാര്യം ലോകം ശടേന്ന് മാറികൊണ്ടിരിക്കുമ്പോഴും എന്റെ നാട്ടിന് വല്യമാറ്റം ഇല്ലെന്നതാണ്. പഴയ കടമുറികളും അങ്ങാടിയുമെല്ലാം അങ്ങിനെ തന്നെ. 'സ്റ്റാന്‍ഡേര്‍ഡ് ബേക്കറി', ഞങ്ങളുടെ ടെക്സ്റ്റയില്‍ ഷോപ്പായിരുന്ന 'സുപ്രിയ' തുടങ്ങിയ ഏതാനും കടകള്‍ക്കേ പേരുണ്ടായിരുന്നുള്ളു. തമ്പാനേട്ടന്റെ പീട്യ, കുഞ്ഞിരാമേട്ടന്റെ പീട്യ, നമ്പീശേട്ടന്റെ പീട്യ എന്നിങ്ങനെ ബാക്കിയെല്ലാം ആളുകളുടെ പേരിലാണ്. അതിപ്പോഴും അങ്ങിനെ തന്നെ. കൂട്ടത്തില്‍ മിന്നൂട്ടി എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ച് എപ്പോഴും മിഠായി തന്നിരുന്ന തമ്പാനേട്ടന്‍ ഇപ്പോള്‍ ഒരോര്‍മമാത്രമാണ്. നാടിനെ കുറിച്ചോര്‍ക്കുമ്പോഴുള്ള ദു:ഖസ്മൃതികളിലൊന്ന്. അതുപോലെയാണ് ഭാസ്‌കരേട്ടന്റെയും കോമളേച്ചിയുടെയും വിയോഗവും. മംഗലാപുരം വിമാനാപകടത്തില്‍ പൊലിഞ്ഞു പോയ ആ ജീവന്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു. ബന്ധുക്കള്‍ എന്നതിലുപരി ആത്മബന്ധമുള്ള വീടായിരുന്നു അത്. ലോകത്തിന്റെ ഏത്് കോണില്‍ പോയാലും നാടുമായി എപ്പോഴും ബന്ധം നിലനിര്‍ത്തുന്ന ചില കണ്ണികള്‍...
 
Fun & Info @ Keralites.net

മുത്തപ്പന്റെ മുന്നില്‍

സിനിമയുടെ സൗകര്യാര്‍ഥമാണ് നീലേശ്വരം വിട്ട് എറണാകുളത്ത് താമസമാക്കിയത്. സിനിമയിലെ തിരക്കുകള്‍ക്കിടയിലെ വിശ്രമവേളയില്‍ വീട്ടില്‍ പോകാന്‍ ആലോചിക്കുമ്പോള്‍ ഹോ.. ഇത്രയും ദൂരം എന്നൊരു ചിന്തയും മടിയും മനസിലെത്തും. പക്ഷെ അവിടെയെത്തി ഒരഞ്ചു ദിവസം കഴിഞ്ഞാ തിരിച്ചു പോരാനാണ് പ്രയാസം. ട്രെയിനില്‍ കയറിയിരിക്കുമ്പോള്‍ യാത്ര അയയ്ക്കാന്‍ വന്നവരുടെ മുഖത്ത് നോക്കാതെ ഞാന്‍ കുനിഞ്ഞിരിക്കും. നോക്കിപോയാല്‍ കണ്ണു നിറയും. ജനിച്ചു വളര്‍ന്ന നാടിനോടുള്ള പൊക്കിള്‍കൊടി ബന്ധമായിരിക്കാം. ആ നാട്ടില്‍ പഴയമട്ടിലൊരു വീടും തൊഴുത്തും പശുക്കളുമൊക്കെ ഈ നഗരത്തിലെ 'ഠ'വട്ടത്തിലിരുന്ന് ഞാന്‍ താലോലിക്കുന്ന സുന്ദരസ്വപ്‌നമാണ്. എന്തായാലും ഇതൊക്കെയുള്ള, നിഷ്‌കളങ്കരായ കുറേ മനുഷ്യരുള്ള എന്റെ നാടു കാണാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഒപ്പം കാണാത്ത തീരങ്ങള്‍ കാണാന്‍ ഒരു കാസര്‍കോടന്‍ യാത്ര ഞാനും പ്ലാന്‍ ചെയ്യുന്നുണ്ട്. സ്വന്തം നാട് തന്നെ പൂര്‍ണമായി കണ്ടിട്ടാവാം കൈലാസവും സ്വപ്‌നഭൂമിയുമെല്ലാം.

RAFEEQ ABDULLA KUMBLA


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment