Monday, December 13, 2010

[www.keralites.net] ഒരു ചിരകാലസുഹൃത്തിന്‍റെ കൊടും ചതി (കഥ)



ഒരു ചിരകാലസുഹൃത്തിന്‍റെ കൊടും ചതി

ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന്‍ താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്. അതിനു ഭാരമില്ല. സര്‍വ സ്വതന്ത്രം. പക്ഷെ ശക്തനായ ഒരു മനുഷ്യനെപ്പോലും മായാവലയത്തില്‍ ‍തളച്ചിടാനതിന് കഴിയുന്നു. ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെപ്പോലും വെല്ലുവിളിച്ചെന്ന പോലെ ഉയര്‍ന്നു പൊങ്ങി പതിയെപ്പതിയെ അത് വായുവില്‍ ലയിച്ചു തീരുന്നു. അതിന് ഒരു ഈയാം പാറ്റയുടെ ആയുസ്സേയുള്ളൂ. പക്ഷെ ഉള്ള ആയുസ്സില്‍ത്തന്നെ മനസ്സിനോട് ചേര്‍ന്ന് നിന്ന് പ്രതിസന്ധികളെ വെല്ലുവിളിക്കാന്‍ ഒരു വിശ്വസ്ത സുഹൃത്തായി കൂട്ട് നില്‍ക്കുന്നു. പത്തുമുപ്പതു കൊല്ലം മുമ്പ് കുട്ടിക്കാലം മുതലേ അതങ്ങനെയാണ്.

അതിന് തന്നോട് സംവദിക്കാന്‍ അറിയാം. വിഷമ സന്ധികളില്‍ വലം കൈയായി നിന്ന് ആശ്വാസം പകരാനും സന്തോഷാവസരങ്ങളില്‍ മനസ്സിനെ കുളിര്‍മ്മയുള്ള സ്പര്‍ശനം കൊണ്ട് തഴുകാനുമറിയാം. ഭാരിച്ച ഉത്തരവാദിത്വങ്ങളുടെ തീക്ഷ്ണതയില്‍ മനമുരുകി ഉറക്കം പിണക്കം നടിക്കുന്ന രാവുകളിലൊക്കെയും ഈ അദ്ഭുതമിത്രം മാത്രമാണ് കൂട്ട്.

ഈയിടെയായി ഈ സൌഹൃദ ബന്ധത്തിന് ഒരല്പം പോറലേറ്റുവോ. ശരീരത്തിന് ക്ഷീണം വല്ലാതെ കൂടി വരുന്നു. കൈകാലുകള്‍ നാള്‍ക്കുനാള്‍ ശോഷിച്ചു വരുന്നു. ഒരു കണ്ണ് പറ്റെ അടയുകയും കേള്‍വിയും കുറെ കുറയുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ശക്തമായ മുന്നറിയിപ്പില്‍ ചകിതയായ ഭാര്യ ഒരു ദിനേശ്‌ ബീഡിയെങ്കിലും കിട്ടാവുന്ന സകല വഴികളും അടച്ചിരിക്കുന്നു. കിടന്നിടത്ത് നിന്നും അനങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ തന്നെ നിരത്തിലെ പീടികയില്‍ പോയി വലിക്കാന്‍ എന്തെങ്കിലുമൊന്നു വാങ്ങി വരുമായിരുന്നു. നാഥാ, എന്തൊരു പരീക്ഷണം. എത്ര സ്നേഹത്തോടെയാണ് ഭാര്യയോട് താന്‍ പെരുമാറിയിട്ടുള്ളത്. എത്ര വാത്സല്യത്തോടെയാണ് മക്കളെ താന്‍ താലോലിച്ചതും വളര്‍ത്തിയതും. അവരുടെ ആഗ്രഹങ്ങളെല്ലാം നിവൃത്തിക്കാന്‍ എന്തുത്സാഹമായിരുന്നു തനിക്ക്. എന്നിട്ടും തന്‍റെ വിഷമം മനസ്സിലാക്കാന്‍ ഇവര്‍ക്കാവുന്നില്ലല്ലോ. എന്ത് പാപത്തിനുള്ള പ്രതിഫലമാണാവോ താനീ അനുഭവിക്കുന്നത്.

ദിവസങ്ങള്‍ കഴിഞ്ഞു പോകുന്തോറും അസ്വസ്ഥത പെരുകി വരുന്നു. ഇനിയും ഒരു സിഗരറ്റ് കിട്ടിയില്ലെങ്കില്‍ മരിച്ചു പോകുമെന്ന് വരെ തോന്നിപ്പോകുന്നുണ്ട്. ഭാര്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് പതുക്കെ തപ്പിത്തടഞ്ഞ് കൈ നീട്ടി മേശ വലിപ്പില്‍ കയ്യെത്തിച്ചു. മുഴുവന്‍ പരതിയെങ്കിലും ഒരു കുറ്റിബീഡി പോലും കയ്യില്‍ തടഞ്ഞില്ല. ഹോ, വല്ലാത്ത നിരാശ. ഒരു സ്ഥലത്തും രക്ഷയില്ല. എല്ലാം അവര്‍ എടുത്തു മാറ്റിയിരിക്കുന്നു.
മേശവലിപ്പില്‍ ഒരു കടലാസ് മാത്രമേയുള്ളൂ. തന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടാണല്ലോ‌. അവള്‍ ഇവിടെ വെക്കാറില്ല. ഇന്നെന്താണാവോ, മറന്നു വെച്ചതായിരിക്കും. ഇത് വരെയായിട്ടും അതൊന്നു നോക്കിയിട്ടില്ല. നല്ല മിനുസമുള്ള കടലാസ്. തെളിഞ്ഞ അക്ഷരങ്ങള്‍. വായിച്ചു തുടങ്ങിയപ്പോള്‍ തലയ്ക്കു ഭാരം കൂടുന്നത് പോലെ. തലക്കുള്ളില്‍ ഇതുവരെയില്ലാതിരുന്ന സൂചികൊണ്ട് കുത്തുന്ന പോലെയൊരു വേദന. ശരീരം കുഴയുന്നു. കടലാസ് കയ്യില്‍ നിന്നും ഊര്‍ന്നു പോയി. കട്ടിലിലേക്ക് തന്നെ പതിയെ മറിഞ്ഞു വീണു. കാത്തു രക്ഷിക്കണേ ലോകരക്ഷിതാവേ.
ബ്രെയിന്‍ ട്യൂമര്‍‍!
തന്നോടിതു വരെ ഇക്കാര്യം മറച്ചു പിടിച്ചല്ലോ.

കുട്ടിക്കാലത്ത് തുടങ്ങിയതാണ് പുകവലി. അന്ന് പുകവലിക്കാത്തവര്‍ പോഴത്തക്കാര്‍ എന്ന രീതിയായിരുന്നു. ഓരോരോ കാലത്തെ നാട്ടുനടപ്പുകള്‍! പിന്നെപ്പിന്നെ അത് തന്നെ സ്നേഹപൂര്‍വമെന്ന പോലെ മാറോടണക്കുകയായിരുന്നു. പിരിയാന്‍ പറ്റാത്തൊരു ബന്ധം ആ പുകച്ചുരുളുമായി രൂപപ്പെട്ടു. മനം കുളിര്‍പ്പിക്കുന്ന അതിന്‍റെ തൂവല്‍ സ്പര്‍ശങ്ങള്‍ പിന്നീട് തന്നെ വരിഞ്ഞു മുറുക്കി മരണമണി മുഴക്കുന്ന കരാള ഹസ്തങ്ങളായി പരിണമിക്കുമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടുണ്ടായിരുന്നില്ല. ഉപദേശങ്ങള്‍ ഒരു ശല്യമായി മാറിയപ്പോള്‍ പല തവണ നിര്‍ത്തിയെങ്കിലും ഓരോ നിര്‍ത്തലിനും നാലുനാളില്‍ കൂടുതല്‍ ആയുസ്സുമുണ്ടായില്ല.

ഈ ദുരന്തത്തില്‍ ഇനി ആരെല്ലാമാണ് ഇരകള്‍. പറക്കമുറ്റാത്ത പെണ്‍മക്കള്‍. കൌമാരം വിടാത്ത മകന്‍. എല്ലാം നിശബ്ദം സഹിക്കുന്ന സ്നേഹനിധിയായ ഭാര്യ. തമ്പുരാനേ, അവര്‍ക്കെല്ലാം ഇനി നീ മാത്രമാണ് രക്ഷ. തിരിച്ചറിവില്ലാതിരുന്ന ചെറുപ്പകാലത്ത് വിനാശകാരിയാണീ പുകച്ചുരുളുകള്‍ എന്നുപദേശിച്ചു തരാന്‍ പിതൃ തുല്യരായ ആരെങ്കിലുമൊന്നുണ്ടായിരുന്നെങ്കില്‍! പുറത്തു തുലാവര്‍ഷ മഴ കനത്തു വരുന്നു. തന്‍റെ സ്വപ്നങ്ങളെല്ലാം ഘോരാരവത്തോടെ തിമര്‍ത്തു പെയ്യുന്ന മഴയില്‍ പുകച്ചുരുളുകളായലിഞ്ഞലിഞ്ഞ് നിശ്ശേഷം ഇല്ലാതാവുന്നതായി തോന്നി.

By
Shukoor Cheruvadi

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment