കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.
കുട്ടികളില്‍ ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍
1. വ്യക്തിപരമായ കാരണങ്ങള്‍
- മാനസികപ്രശ്നങ്ങള്‍: ആത്മഹത്യ ചെയ്യുന്ന 90 ശതമാനം കുട്ടികളും വിഷാദം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണ്.
- സ്വഭാവവൈകല്യങ്ങള്‍: ശുഭാപ്തിവിശ്വാസമില്ലായ്മ, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവില്ലായ്മ, എടുത്തുചാട്ടം, മുന്‍കോപം തുടങ്ങിയവ ആത്മഹത്യയിലേക്കു നയിച്ചേക്കാം.
- ശാരീരികമായ കാരണങ്ങള്‍: തലച്ചോറില്‍ സിറോട്ടോണിന്‍ എന്ന രാസവസ്തുവിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആത്മഹത്യാപ്രവണതക്കു കാരണമാവാം.
- ആത്മഹത്യാശ്രമം: മുമ്പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കുട്ടികള്‍, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍, വീണ്ടും ശ്രമിക്കാനുള്ള സാദ്ധ്യത ഏറെയാണ്.
2. പാരമ്പര്യം
മുമ്പ് ആത്മഹത്യകള്‍ നടന്ന കുടുംബങ്ങളിലും, അമിതമദ്യപാനം, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ ഉള്ളവരുടെ കുട്ടികളിലും ആത്മഹത്യാപ്രവണത കൂടുതലായി പ്രകടമാവാറുണ്ട്.
3. പ്രതികൂലസാഹചര്യങ്ങള്‍
കഠിനമായ ശിക്ഷാനടപടികള്‍, ശാരീരികപീഢനങ്ങള്‍, സ്നേഹബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചേക്കാം.
4. അനുകരണം
ആത്മഹത്യയെക്കുറിച്ച് വായിക്കുകയോ, ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കുകയോ, നേരിട്ടോദൃശ്യമാധ്യമങ്ങളിലൂടെയോ ആത്മഹത്യകള്‍ കാണുകയോ ചെയ്താല്‍ ആത്മഹത്യാരീതികള്‍ അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളില്‍ കാണാറുണ്ട്.
ആത്മഹത്യക്കൊരുങ്ങുന്ന കുട്ടികളെ എങ്ങിനെ തിരിച്ചറിയാം?
ആത്മഹത്യക്കു തയ്യാറെടുക്കുന്ന കുട്ടികള്‍ താഴെപ്പറയുന്ന ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്:
- മുന്നറിയിപ്പുകള്‍: ആത്മഹത്യചെയ്യുന്ന കുട്ടികളില്‍ 75 ശതമാനവും അക്കാര്യം അടുപ്പമുള്ളവരോട് മുന്‍കൂട്ടി പറയാറുണ്ട്. അതുകൊണ്ട് ഇത്തരം സൂചനകളെ ഒരിക്കലും അവഗണിക്കരുത്.
- വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍: അകാരണമായ നിരാശയും ദേഷ്യവും, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, മെലിച്ചില്‍, തളര്‍ച്ച, നെഞ്ചിടിപ്പ്, ശ്രദ്ധക്കുറവ്, മറവി, വിനോദങ്ങളില്‍ താല്പര്യമില്ലായ്മ, അസ്ഥാനത്തുള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ്, മരണത്തെക്കുറിച്ചുള്ള ചിന്തകള്‍, ശുഭാപ്തിവിശ്വാസമില്ലായ്മ തുടങ്ങിയവ വിഷാദരോഗത്തിന്റെ സൂചനകളാവാം. ഇതില്‍ നാലിലേറെ ലക്ഷണങ്ങള്‍ രണ്ടാഴചയിലേറെ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ വിദഗ്ദ്ധസഹായം തേടേണ്ടതാണ്.
- ലഹരിപദാര്‍ത്ഥങ്ങളുടെ അമിതമായ ഉപയോഗം.
- അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണതയുടെ ആരംഭം.
- ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍.
- പഠനനിലവാരത്തില്‍ പെട്ടെന്നുള്ള തകര്‍ച്ച.
ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും, ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയും, ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുകയും ചെയ്യുമ്പോഴാണ് അവയെ കൂടുതല്‍ ഗൌരവമായെടുക്കേണ്ടത്.
ആത്മഹത്യാപ്രവണതയുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം?
- അവരുടെ പ്രശ്നങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചതിന് നന്ദി പറയുക.
- ചില സന്ദര്‍ഭങ്ങളില്‍ ഏതൊരാള്‍ക്കും സങ്കടവും മാനസികവേദനയും പ്രത്യാശയില്ലായ്മയും തോന്നാമെന്നും, നിങ്ങള്‍ക്ക് അവരെ മനസ്സിലാക്കാനാവുമെന്നും അറിയിക്കുക.
- അവര്‍ തനിച്ചല്ലെന്നു ബോദ്ധ്യപ്പെടുത്തി അവരുടെ വിഷമങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുക.
- കേട്ടു പഴകിയ ഉപദേശങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക.
- ആത്മഹത്യാചിന്ത എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് ചോദിച്ചറിയുക. ശക്തമായ ആത്മഹത്യാപ്രവണതയുള്ളവരെ തനിച്ചുവിടാതിരിക്കുക. അവര്‍ക്ക് വിദഗ്ദ്ധസഹായം നിര്‍ദ്ദേശിക്കുക.
- ആത്മഹത്യക്ക് ഉപയോഗിച്ചേക്കാവുന്ന വസ്തുക്കള്‍ വീട്ടില്‍ നിന്നും സ്കൂള്‍ പരിസരത്തു നിന്നും മാറ്റാന്‍ ശ്രമിക്കുക.
- കാര്യം രഹസ്യമാക്കി വെക്കാതിരിക്കുക. ആത്മഹത്യ തടയുകയെന്ന ഉത്തരവാദിത്തം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് കൂടുതല്‍ ഫലപ്രദമാവുമെന്ന് ഓര്‍ക്കുക.
അദ്ധ്യാപകരുടെ പങ്ക്
- ആത്മഹത്യ തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പി.റ്റി.എ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യുക.
- ലഹരിപദാര്‍ത്ഥങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും മാനസികരോഗങ്ങളെക്കുറിച്ചും ആത്മഹത്യക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക.
- പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കുക.
- അച്ചടക്കനടപടികള്‍ക്ക് വിധേയരായി സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ മാനസികപ്രശ്നങ്ങള്‍ക്ക് സാദ്ധ്യത കൂടുതലായതിനാല്‍ അവര്‍ക്ക് വിദഗ്ദ്ധോപദേശം നിര്‍ദ്ദേശിക്കുക.
സുഹൃത്തുക്കളുടെ പങ്ക്
പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ തങ്ങള്‍ ആദ്യം സമീപിക്കുക കൂട്ടുകാരെയായിരിക്കുമെന്ന് ഒരു പഠനത്തില്‍ 93 ശതമാനം കുട്ടികള്‍ വ്യക്തമാക്കുകയുണ്ടായി. ആത്മഹത്യാചിന്ത പങ്കുവെക്കുന്ന കൂട്ടുകാരെ സ്വന്തംനിലയില്‍ സഹായിക്കുന്നതിനൊപ്പം മുതിര്‍ന്നവരുടെയോ വിദഗ്ദ്ധരുടെയോ സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
No comments:
Post a Comment