സുഹൃത്തുക്കളെ,
ഞാനെഴുതിയ ഒരു കഥ അയയ്ക്കുന്നു. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ.
കാഴ്ച്ച
ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റ് നോക്കുമ്പോൾ അയാൾ അതിശയിച്ചു. തനിക്ക് എല്ലാം കാണാം.എല്ലാം എന്നു വെച്ചാൽ, എല്ലാം. വസ്ത്രങ്ങൾ മറച്ചതും!.
കുറച്ചു ദിവസങ്ങൾ അയാൾ ശരിക്കും ജീവിതം ആസ്വദിച്ചു.
ജീവിതം ഇങ്ങനെ തന്നെയാണ് ആസ്വദിക്കേണ്ടത് എന്ന വിശ്വാസം അയാളിൽ ദിനം പ്രതി ഉറച്ചു വന്നു.
തനിക്ക് കിട്ടിയ അതിശയ കാഴ്ച്ചയെ കുറിച്ച് അയാൾ ആരോടും പറഞ്ഞിരുന്നില്ല.
നഗരം മുഴുവൻ ഓടി നടന്നയാൾ.
രാത്രിയും പകലും കണ്ണു തുറന്നു പിടിച്ചു. ഒന്നും തന്റെ കണ്ണുകളിൽ നിന്ന് രക്ഷപെട്ടു പോകരുത്! അതായിരുന്നു ഏക ലക്ഷ്യം.
നഗരാതിർത്തി കടന്ന് അയാൾ സഞ്ചാരം ആരംഭിച്ചു.
അയാളെ കാണാതെ അയാളുടെ കൂട്ടുകാർ തിരച്ചിൽ ആരംഭിച്ചു.
ഒരു തീർത്ഥാടനത്തിന് പോകുകയാണെന്ന് അയാൾ അകലെ നിന്നും മറുപടി കൊടുത്തു.
ഏറ്റവും സൗകര്യപ്രദമായി പറയാവുന്ന ഒരു ചെറിയ നുണ.
സുപ്രഭാതങ്ങൾ ഒരു പോലെ ആയിരിക്കുകയില്ല എന്നും.
വീണ്ടും ഒരു സുപ്രഭാതം.
ഇപ്പോൾ അയാൾ കാണുന്നത് മാംസവും അതിനെ പൊതിഞ്ഞു, വരിഞ്ഞു കെട്ടിയ ഞരമ്പുകളുമാണ്.
കാമ ഭാവത്തിനു പകരം ഇപ്പോൾ അയാളിൽ നിറഞ്ഞിരിക്കുന്നത് ഭയമാണ്.
ഭയം ചിന്തകളുടെ എണ്ണം കൂട്ടും.
ചിന്തകളെ വഴി തെറ്റിക്കുകയും ചെയ്യും.
അങ്ങനെ ഏതൊരു ഭീരുവിനും സംഭവിക്കാവുന്നതു അയാൾക്കും സംഭവിച്ചു.
ചിന്തകൾ കുന്നു കൂടിയപ്പോൾ, വഴിയും, ദിശയും അയാൾക്ക് നഷ്ടമായി.
ഇപ്പോൾ പകൽ വെളിച്ചത്തിനെ അയാൾക്ക് ഭയമാണ്.
എന്തിന്? സ്വന്തം ശരീരം നോക്കുവാൻ കൂടി അയാൾ ഭയപ്പെട്ടു.
അയാളുടെ മുടി നീണ്ട് വളരാൻ തുടങ്ങി..നഖങ്ങളും.
കണ്ണാടികൾ ഉപേക്ഷിച്ചത് കൊണ്ടയാൾ സ്വന്തം രൂപം കൂടി മറന്നു.
അയാൾ മനസ്സിന്റെ ഉള്ളിലേക്ക് നോക്കാൻ തുടങ്ങിയത് അപ്പോഴാണ്.
കാലം കഴിഞ്ഞപ്പോൾ അയാൾ ഒരു യാഥാർത്ഥ്യം മനസ്സിലാക്കി.
ഇപ്പോൾ തനിക്ക് അസ്ഥികളും കാണാം എന്ന സത്യം.
തനിക്ക് ഭ്രാന്ത് പിടിക്കും എന്നയാൾക്ക് തോന്നി.
നിവൃത്തിയില്ലാതെ അയാൾ വൈദ്യ സഹായം തേടി.
ഈ കഴിവ് എന്തുകൊണ്ട് വൈദ്യ വിദ്യക്ക് ഉപയോഗിച്ചു കൂടാ? എന്നായി വൈദ്യന്റെ ചോദ്യം.
ഏതൊരു വൈദ്യനെയും പോലെ, ഇതു രോഗമല്ല എന്ന് തീർച്ച പറയാൻ കഴിഞ്ഞില്ലെങ്കിലും.
തനിക്ക് സ്വീകാര്യമാകുന്ന മറുപടി കേൾക്കുവാൻ അയാൾ പലരെയും സമീപിച്ചു.
ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് അയാളെ കുറിച്ചുള്ള വിവരങ്ങൾ പടർന്നു കൊണ്ടിരുന്നു.
പലരും അയാളെ തേടി വരും എന്ന സ്ഥിതിയായി.
ഒരിക്കൽ കൂടി ഒളിവു ജീവിതം അയാളെ മാടി വിളിച്ചു.
വിളി കേൾക്കാതിരിക്കുവാൻ അല്ലാതെ മറ്റു നിവൃത്തിയില്ലായിരുന്നു അയാൾക്ക്.
ഈ പ്രാവശ്യം അയാൾ വനത്തിലാണ് അഭയം പ്രാപിച്ചത്. നഗരങ്ങൾക്കും, കുന്നുകൾക്കും, വയലുകൾക്കും അകലെ.
അവിടെ ഒരു പാറക്കൂട്ടം അയാൾ കണ്ടുപിടിച്ചു.
കുറച്ചകലെയായി ഒരു തെളിഞ്ഞ ജലമൊഴുകുന്ന ഒരു അരുവിയും.
ഇത്രയും തെളിഞ്ഞ ജലം ഇതിനു മുമ്പ് താൻ കുടിച്ചിട്ടില്ലല്ലോ എന്നയാൾ അതിശയിച്ചു.
ഇത്ര മധുരമുള്ള പഴങ്ങൾ ഇതുവരെ ഭക്ഷിച്ചിട്ടില്ല എന്നും.
കാഴ്ച്ചയ്ക്ക് വീണ്ടും മാറ്റം സംഭവിച്ചിരിക്കുന്നു.
ഇപ്പോൾ ഹൃദയം മിടിക്കുന്നതും, ശ്വാസ കോശങ്ങൾ നെടുവീർപ്പിടുന്നതും കാണാം.
ശരീരം എത്ര സങ്കീർണ്ണമാണ് എന്ന് അയാൾ ചിന്തിച്ചു തുടങ്ങി.
സ്വയം നോക്കി പഠിക്കുവാനും കഴിഞ്ഞു.
മുൻപ് പഠിച്ചതും, കേട്ടതും പലതും മുഴുവനും ശരിയായിരുന്നില്ല എന്നയാൾക്ക് ബോധ്യപ്പെട്ടു.
പകൽ മുഴുവൻ കാട്ടിൽ അലഞ്ഞു തിരിയും.
ഇരുട്ട് വീഴുമ്പോൾ ഗുഹയിൽ കയറി ഇരിക്കും.
നിശ്ശബ്ദതയിൽ ചിന്തകളുടെ കെട്ടുകൾ, കൊളുത്തുകൾ അയാൾ ഊരി വിട്ടു.
അവ തനിക്ക് ചുറ്റും ഭ്രമണം ചെയ്തപ്പോൾ അവാച്യമായ ഒരു അനുഭൂതി ഉള്ളിൽ പതുക്കെ കിനിഞ്ഞിറങ്ങി.
അകത്താരൊ ഒരു വിളക്ക് കത്തിച്ച് വെച്ച പോലെ.
കാഴ്ച്ചയ്ക്ക് വീണ്ടും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു.
ഇപ്പോൾ ഉള്ളിലേക്ക് നോക്കുമ്പോൾ അസ്ഥികൾ അല്ല കാണുന്നത്..
ഒരു നേരിയ നീല വെളിച്ചമാണ്.
ഒരു ദിവസം ആ നീല വെളിച്ചം ഹൃദയഭാഗത്ത് നിന്നും ശരീരം മുഴുവൻ വ്യാപിക്കുന്നതു അയാൾ അറിഞ്ഞു.
മുകളിൽ മൂർദ്ദാവിൽ എന്തോ നിറയുന്ന പോലെ.
താഴെ പാദങ്ങളിൽ വ്യാപിച്ചപ്പോൾ ശരീരം ഒരപ്പൂപ്പൻ താടി പോലെ ആവുന്നതും.
ഉള്ളിലെ സ്ഫോടനം അയാളെ ആനന്ദം കൊണ്ട് നിറച്ചു.
അതു പിന്നെ പുറത്തേക്ക് ഒഴുകുവാൻ ആരംഭിച്ചു.. കൈകളിൽ കൂടിയും, കണ്ണുകളിൽ കൂടിയും.
നിയോഗത്തിന്റെ സമയം അടുത്തു എന്ന് ഉള്ളിൽ നിന്നും ഒരശരീരി ഉയർന്നു.
കാട്ടിൽ നിന്നും അയാൾ സാവധാനം നാട് ലക്ഷ്യമാക്കി നടന്നു.
ഇപ്പോൾ അയാൾക്ക് എല്ലാം കാണാം.
അയാൾ നടന്നകന്നു..ഉൾക്കാഴ്ച്ചയോടെ.
http://neehaarabindhukkal.blogspot.com
സസ്നേഹം,
സാബു എം എച്ച്
www.keralites.net |
__._,_.___
No comments:
Post a Comment