Saturday, January 7, 2012

[www.keralites.net] ദൈവത്തിന്റെ സഹപ്രവര്‍ത്തകന്‍ - കല്‍പ്പറ്റ നാരായണന്‍

 


ദൈവത്തിന്റെ സഹപ്രവര്‍ത്തകന്‍

 

കല്‍പ്പറ്റ നാരായണന്‍
ആരും മുഖവിലയ്‌ക്കെടുക്കാത്ത ഒരു മുഖസ്തുതിയാണ് സ്വതേ അവതാരിക. അതിശയോക്തികള്‍കൊണ്ട് പണിത ഒരു പൂമുഖം. പുസ്തകത്തിലെ ഏറ്റവും വേഗത്തില്‍ മറിയുന്ന ഏട്. മുഴുവനായി വായിച്ചുനോക്കാത്ത ഒരു ശുപാര്‍ശ. ഭൂമിയിലെ ഏറ്റവും ദുര്‍ബലമായ ഈ മാധ്യമത്തില്‍ എന്നിട്ടും ഞാനിതെഴുതുന്നത് ജയമോഹന്റെ മുന്നില്‍ അല്പദൂരം സഞ്ചരിക്കാനുള്ള മോഹത്താല്‍. എന്നെ വിലവെക്കുന്ന ചിലരെങ്കിലും ജയമോഹനിലെത്തണമെന്ന പൂതിയാല്‍. ജയമോഹനെ വായിക്കുന്തോറും നിങ്ങളറിയും ജയമോഹനെ സ്തുതിക്കാനാവില്ലെന്ന്. കൂടുതല്‍ നല്ല വായനക്കാരനായി മാറുന്നതോടൊപ്പം നിങ്ങളറിയും ശിവക്ഷേത്രത്തിനു മുന്നിലെ മുന്‍കാല്‍ മടക്കിയിരിക്കുന്ന കാളയെപ്പോലൊരു രസികന്‍ ഇരിപ്പ് ഞാനിരിക്കുന്നതേ ഉള്ളൂ എന്ന്. ശിവനെ കാക്കുകയല്ല, അതിനാര്‍ക്കു കഴിയും, ഒരു ശിവമംഗളം വൃഷഭരൂപത്തില്‍ എഴുതുന്നതേയുള്ളൂ അതിന്റെ വാസ്തുശില്പി. വൃഷഭരൂപം വലുതാവുന്തോറും വൃഷഭം ചെറുതാവുന്നു എന്ന് ഒരു ശിവക്ഷേത്രത്തിനു മുന്നില്‍നിന്ന് എന്നെ ഓര്‍മിപ്പിച്ച എഴുത്തുകാരനാണ് ജയമോഹന്‍. ജയമോഹനൊപ്പമുള്ള യാത്രയിലെ വലിയ വിസ്മയം ജയമോഹനാണ്. ഭൂമിയിലെ ആശ്ചര്യങ്ങളോട് ഇത്ര പ്രതിപത്തിയുള്ള ഒരാളെ വേറെ ഞാനറിയില്ല. ഈ വാഗ്‌യാത്രയിലും അതേ ഊര്‍ജസ്വലനായ ജയമോഹന്‍.

ഇത് നോണ്‍-ഫിക്ഷന്റെ കാലം, അതിതാ മലയാളത്തിലുമെത്തി എന്നു പറയപ്പെടുന്നു. ജീവിതമെഴുതലാണ് പത്രാധിപന്മാരുടെയും പുസ്തകപ്രസാധകരുടെയും പുതിയ പൂതി. 'ഫിക്ഷനെ'ക്കാള്‍ വിചിത്രമായ 'റിയാലിറ്റി' എന്ന ഭ്രമത്തെ തൃപ്തിപ്പെടുത്താന്‍പോന്ന രചനകള്‍ മലയാളത്തില്‍ പക്ഷെ പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്ന് ഉറക്കെപ്പറയാറായിട്ടില്ല. ഒരുപക്ഷേ ജയമോഹന്റെ ഈ കൃതിയെ ഫിക്ഷന്റെ അപ്രാപ്യതയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ നോണ്‍-ഫിക്ഷന്‍ എന്നു പറയാം. കവിയും ആഖ്യാനകാരനും സാഹിത്യവിമര്‍ശകനും നരവംശശാസ്ത്രജ്ഞനും സംസ്‌കാരവിമര്‍ശകനും സഞ്ചാരിയും ആയ ഒരാള്‍, ഓരോ ദിക്കിലുമെത്തുമ്പോള്‍ പുതിയ പുതിയ ശിരസ്സുമുളച്ചുവരുന്ന ഒരു ദശമുഖന്‍, എഴുതുമ്പോള്‍ സംഭവങ്ങള്‍ കെട്ടുകഥകളെക്കാള്‍ വിസ്മയകരമായിത്തീരുന്നതിന്റെ മലയാളത്തിലെ ആദ്യ ഉദാഹരണം. വിറകു കീറുമ്പോള്‍, 'കീറാമുട്ടികള്‍ തമിഴന്മാര്‍ കീറും' എന്ന് ഒഴിവാക്കിവിടാറുണ്ട് കേരളത്തിലെ മഴുവെട്ടുകാര്‍. ജീവിതത്തിന്റെ കീറാമുട്ടികള്‍ കീറാന്‍ ഓരോ വര്‍ഷവും മലയാളത്തിലൊരു പ്രസിദ്ധീകരണത്തില്‍ ഈ തമിഴ് എഴുത്തുകാരന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആ വര്‍ഷാന്തവരവുകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒട്ടും എളുപ്പമല്ലാത്ത കീറാമുട്ടികള്‍, വി.വി.എസ്. ലക്ഷ്മണ്‍ ബാറ്റു ചെയ്യുമ്പോഴുള്ളപോലൊരു മധുരലാഘവത്തില്‍ ജയമോഹന്‍ കീറിയിടുന്നതു കാണേണ്ടതാണ്.

ജയമോഹനെക്കുറിച്ചല്ല, ജയമോഹനിലൂടെയാണ് ഇപ്പുസ്തകം. അതാണു കേവലമായ ആത്മകഥയും സാഹിത്യരൂപമായ ആത്മകഥയും തമ്മിലുള്ള അന്തരം. ഇ.എം.എസ്സിന്റെ ആത്മകഥയും പാത്തുമ്മായുടെ ആടും തമ്മിലുള്ള അന്തരം. നോവലോ കവിതയോ ചെയ്യുന്നതിലധികം ചിലപ്പോള്‍ കവിതയും ചിലപ്പോള്‍ നോവലും ആയി മാറുന്ന ആത്മകഥാഭാഗങ്ങള്‍കൊണ്ട് ജയമോഹന്‍ ചെയ്യുന്നു. 'ഞാന്‍ എന്നെ അറിയുന്നതുപോലെ വളരെ നന്നായി എനിക്ക് മറ്റാരെയെങ്കിലും അറിയാമായിരുന്നെങ്കില്‍ എന്നെപ്പറ്റിത്തന്നെ ഞാനിത്രമാത്രം പറയാന്‍ പാടില്ലാത്തതാണ്.. മാത്രമല്ല ഓരോ എഴുത്തുകാരനോടും ഞാന്‍ ആവശ്യപ്പെടുക അയാളുടെ സ്വന്തം ജീവിതത്തെ സംബന്ധിച്ചുള്ള ലളിതവും ആത്മാര്‍ഥവുമായ ഒരു വിവരണം, അല്ലാതെ മറ്റു മനുഷ്യരെപ്പറ്റി അയാളെന്ത് കേട്ടിട്ടുണ്ട് എന്നല്ല' എന്നുപറയുന്നുണ്ട് തോറോ വാള്‍ഡന്റെ ആദ്യ അധ്യായത്തില്‍. ജയമോഹനിലെ ഞാന്‍ ഏതു കല്പിതകഥാപാത്രത്തോളവും സഞ്ചരിക്കുന്നു; അകത്തും പുറത്തും. ലോകം അയാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. തനിക്കൊരു പെണ്‍കുഞ്ഞുണ്ടായപ്പോള്‍ അയാള്‍ പറയുന്നു, 'വിളര്‍ത്തുകിടന്ന അരുണ്‍മൊഴിയോട് ഞാന്‍ പറഞ്ഞു: പെണ്‍കുട്ടിയാ... പെണ്ണ്.'

'അതിനെന്താ ഇത്ര?' എന്ന് അരുണ്‍മൊഴി ചോദിച്ചു. 'ഒന്നുമില്ല, ഇനി ഒരുപാടു ദിവസം ഇവള്‍ എന്റെ ഒപ്പമുണ്ടാവും. ഇവളെങ്ങനെയാണു രൂപപ്പെടുന്നത് എന്നു നോക്കാന്‍കഴിയും. എന്റെ ഉള്ളം കൈയില്‍ ഒരു മരം പൊട്ടിവളരുന്നതുപോലെ... ഇത് എന്താണെന്ന് ഇനിയെങ്കിലും മനസ്സിലാക്കാമല്ലോ.' കാണലും അറിയലും രണ്ടല്ല ജയമോഹനില്‍. ഇംഗ്ലീഷിലെ 'ഐസീ' എന്ന പ്രയോഗംപോലൊന്നിന്റെ സാക്ഷാത്കാരമുണ്ട് ഇതിലെ ഓരോ കാണലിലും.

സംഭവങ്ങളുടെ സംഭാവ്യതയാണ് അവയെ കഥകളാക്കുന്നത്, സത്യാത്മകതയല്ല. സത്യപ്രതീതിയാണ്, വിശ്വസനീയതയാണ് അവയെ ആസ്വാദ്യമാക്കുന്നത്. അവിശ്വസനീയമായ സംഭവങ്ങള്‍ ജീവിതത്തില്‍ സാധ്യമാണ്; കലയില്‍ സാധ്യമല്ല. അവിശ്വസനീയതയെയോ അതിഭാവുകത്വത്തെയോ ഭയപ്പെടാതെ ദൈവത്തിനെഴുതാം; മനുഷ്യനു പറ്റില്ല. ദൈവം നിര്‍ഭയമെഴുതിയ കഥയാണ് ജയമോഹന്റെ ജീവിതകഥ. ജയമോഹന്റെ അമ്മയോ അച്ഛനോ ഒട്ടും വിശ്വസനീയരായ കഥാപാത്രങ്ങളല്ല. ജീവിതസാഹചര്യങ്ങള്‍ സത്യപ്രതീതി നന്നേക്കുറഞ്ഞതും. അമ്മയും അച്ഛനും ആത്മഹത്യ ചെയ്ത, വിചിത്രമായ ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്ന, അതിവിചിത്രമായ പൂര്‍വകാലം പാരമ്പര്യമായി ലഭിച്ച ജയമോഹന്‍ പറയുന്നത്, തന്റെ ജീവിതം ഒരു നോവലായാരെങ്കിലും എഴുതിയതായിരുന്നെങ്കില്‍ മൂന്നു പുറത്തിലധികം താനതു വായിക്കുമായിരുന്നില്ല എന്നാണ്. അത്ര അതിഭാവുകത്വം. കലാനിയമങ്ങള്‍ തടസ്സമല്ലാത്ത ദൈവത്തിനല്ലാതെ ജയമോഹന്റേതു പോലൊരു ജീവിതമെഴുതാനാവില്ല. (ഫിക്ഷനില്‍നിന്ന് നോണ്‍-ഫിക്ഷനിലേക്ക് കാലമെത്തിച്ചേര്‍ന്ന സാഹചര്യവും ഇതാവാം. ജീവിതമെഴുത്തിനോടുള്ള പുതിയ ഭ്രമത്തില്‍ ദൈവത്തിന്റെ സഹഗ്രന്ഥകാരന്‍ ആവുവാനുള്ള ഭ്രമവുമാകാം. കലാനിയമങ്ങള്‍ ദൈവത്തോടൊപ്പം സഞ്ചരിച്ച് മറികടക്കുക.) ജയമോഹന്‍ ഈ പുസ്തകത്തില്‍ ദൈവത്തിന്റെ സഹപ്രവര്‍ത്തകന്‍. ദൈവം രേഖപ്പെടുത്തിയത് അതിന്റെ സ്വാരസ്യം വിടാതെ ഇയാളെഴുതുന്നു. സൂക്ഷ്മനിരീക്ഷണത്തിലൂടെ മാത്രമേ (ാശിൗലേ റലമേശഹ)െ ദൈവത്തെ അറിയാനാകൂ എന്ന് ലാവോട്‌സെ പറയുന്നുണ്ട്. ദൈവത്തിന്റെ ഗൂഢലിപികള്‍ വായിക്കാനുള്ള ശേഷിയില്‍ നമുക്ക് പരിചയമുള്ള നോണ്‍-ഫിക്ഷന്‍ റൈറ്ററെ ബഹുദൂരം ഇയാള്‍ അതിശയിക്കുന്നു. തനിക്ക് ജന്മലബ്ധമായ അപൂര്‍വാനുഭവങ്ങള്‍, ദൈവത്തിന്റെ ഗൂഢലിപികള്‍, ഇയാള്‍ ഭാവനാപൂര്‍ണമായി വായിക്കുന്നു. ചെറുസൂചനകള്‍പോലും വിടാതെ. 'ചെല്ലമ്മയുടെ മുഖത്ത് ക്യാമറ കണ്ണു തുറന്ന് ചിമ്മിയപാടെ അവര്‍ കരഞ്ഞിട്ടുണ്ടാവും എന്നതിന്റെ തെളിവാണു കാണുന്നത്' എന്ന് ജയമോഹന്‍ എഴുതുന്നു.

വടശ്ശേരി കനകമൂലംചന്തയിലെ പേരുകേട്ട വേശ്യയായിരുന്ന വള്ളിയമ്മയെക്കുറിച്ച് ജയമോഹന്‍ ഈ പുസ്തകത്തിലൊരിടത്തെഴുതിയിട്ടുണ്ട്. കരുണയുള്ളവള്‍. കാല്‍ക്കാശ് കൊടുത്താലും കനിഞ്ഞ് കെട്ടിയവളെക്കാള്‍ സ്‌നേഹിക്കുന്നു. കാശില്ല, കാമമുണ്ട് എന്നു വന്നാല്‍ മടക്കിയയയ്ക്കാറില്ല. 'മനുഷ്യന് രണ്ടു വിശപ്പാണ്.' അന്തമറ്റ പുണ്യം അവള്‍ക്കുമുണ്ടായിരുന്നു. അവളുടെ അഴകു കണ്ട് വലിയ തമ്പുരാക്കള്‍ കൊട്ടാരം കെട്ടിത്തരാമെന്നു പറഞ്ഞെങ്കിലും വടശ്ശേരി വിട്ട് അവള്‍ പോയില്ല. അണഞ്ചപ്പെരുമാള്‍പിള്ള നീരുകെട്ടി ചാകാന്‍ കിടന്ന നേരം ജ്വരവേഗത്തില്‍ 'വള്ളി, വള്ളി' എന്നു പറഞ്ഞുകൊണ്ടിരുന്നു. പന്ത്രണ്ടു ദിവസം വലിച്ചിട്ടും മരണമെത്തിയില്ല. പതിനാലായാല്‍ സ്വര്‍ഗം കിട്ടില്ലെന്നാണു വിശ്വാസം. വൈദ്യര്‍ വള്ളിയമ്മയെ വിളിച്ചു. പിള്ളയുടെ തലയെടുത്ത് സ്വന്തം മുലകളില്‍ അമര്‍ത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് മൂത്തപിള്ള സ്വര്‍ഗംപ്രാപിച്ചു. അവള്‍ മരിച്ചപ്പോള്‍ കാക്കുംപെരുമാള്‍ അവള്‍ക്കൊരു ചെറുകോവില്‍ പണിതു. ഇന്നത് വലിയൊരു ക്ഷേത്രമാണ്. കൊച്ചുകുട്ടികള്‍ക്കുള്ള രോഗങ്ങള്‍ക്ക് അവിടെ ഒരു നെയ്‌വിളക്കു കഴിപ്പിച്ചാല്‍ തിരിച്ച് വീട്ടിലെത്തുംമുന്‍പ് രോഗശമനം. ശ്രീബുദ്ധകഥയിലെ വസുമിത്രയെപ്പോലുണ്ട് ജയമോഹന്റെ വള്ളിയമ്മ. വസുമിത്ര എന്ന ബുദ്ധവേശ്യയെ പ്രാപിച്ചവരൊക്കെ പ്രബുദ്ധരായി എന്നു കഥ. ഭൂമിയിലെ ചൈതന്യങ്ങള്‍തോറും തിരികൊളുത്തി നടക്കുന്നു ജയമോഹന്‍. ജയമോഹന്റെ മകളാണ് ചൈതന്യ.
'നാഞ്ചിനാട്ടിലെ യക്ഷികള്‍' പോലൊന്ന് മലയാളത്തില്‍ എഴുതിയതിന് നാം ക്രമേണ ജയമോഹനോട് കൂടുതല്‍ക്കൂടുതല്‍ കടപ്പെട്ടുകൊണ്ടിരിക്കും. ഉള്‍ക്കാഴ്ചകള്‍കൊണ്ടും അപൂര്‍വമായ നിരീക്ഷണങ്ങള്‍കൊണ്ടും ഈ 'നല്ല മലയാള'ത്തോളം പോന്ന മലയാളങ്ങള്‍ കുറവ്. ക്രൂരനും ദുര്‍ബലനുമായ പുരുഷന്റെ കാമവും ഭയവും കുറ്റബോധവും സൃഷ്ടിച്ചതല്ലേ യക്ഷിസങ്കല്പത്തെ? കള്ളിയങ്കാട്ട് നീലി ഏതു സ്ത്രീയുമല്ലേ? വഴിയാത്രക്കാരന്റെ മുന്നിലേക്കിറങ്ങിനിന്ന്, നിലാവിന്റെ മായികഭംഗിയില്‍ പലമടങ്ങായി ഇരട്ടിച്ച ലാവണ്യത്തോടെ, ഒന്നുകൂടി കനത്ത മാറിടത്തോടെ അവള്‍ ചോദിക്കുന്നു, 'വെറ്റിലയില്‍ തേയ്ക്കാനല്പം ചുണ്ണാമ്പ് തരുമോ?' ഇതിലും ഭംഗിയായി, തീവ്രമായി എങ്ങനെയാണ് സ്ത്രീ രതിപ്രാര്‍ഥന ചെയ്യുക? ചുട്ടുപൊള്ളുന്ന കാമത്താല്‍ നിസ്സീമമായ സൗന്ദര്യം കൈവരിച്ച ആ വിജനകാനനത്തില്‍ മാളികയായിത്തോന്നിച്ച പനമുകളിലേക്കയാള്‍ കയറുന്നു. അവളയാളെ എല്ലും തോലുമാവുന്നതുവരെ അനുഭവിക്കുന്നു. (മെലിഞ്ഞുണങ്ങിവരുന്ന മകന്റെ മുറി തുറന്ന് വൈകി എണീറ്റ് പുറത്തുവരുന്ന സന്തുഷ്ടഭാവമുള്ള മരുമകളെ നോക്കി 'യക്ഷി'യെന്ന് പിറുപിറുത്ത അമ്മമാര്‍ ഏതു വീട്ടിലാണില്ലാത്തത്?) അവള്‍ താഴേക്കിടുന്ന നഖങ്ങളും എല്ലുകളും തീവ്രഭംഗിയുള്ള മോഹവും ഭയവുമാണ്. ഈ യക്ഷി അസംതൃപ്തയായ ഓരോ സ്ത്രീയിലുമില്ലേ? 'ഒന്ന് നീങ്ങിയിരിക്കൂ ചേട്ടാ' എന്നു കുട്ടിയേയുമെടുത്തുവന്ന് ചാരെ നില്ക്കുന്ന ഈ മെലിഞ്ഞ യുവതി ആയിക്കൂടെന്നുണ്ടോ യക്ഷി എന്നു ചോദിക്കുന്നു ജയമോഹന്‍. പല തലമുറകളിലായി അനുഭവിച്ച അസംതൃപ്തിക്കും അപമാനത്തിനും ഒരു ദിവസം ഒരുവളിലൂടെ അവള്‍ പകവീട്ടുകയാണ്. ശാരീരികബലത്തെക്കാള്‍ വലുതും മനോഹരവുമായ ഒരു ബലം ഒരു നാള്‍ ജയിക്കുകയാണ്. 'മനിജന്‍ വളരെച്ചെറിയ ഉയിരാമെടാ മക്കാ. വലിയതൊന്നും അവന് തിന്നാന്‍ പറ്റില്ല' എന്ന് അപ്പൂപ്പന്‍ പറഞ്ഞതിന്റെ പൊരുള്‍ ഒരു കൊച്ചുമകന്‍ അറിയുന്നതിന്റെ കഥ ജയമോഹന്‍ പറയുന്നുണ്ട്. 'അപ്പോള്‍ അവളുടെ കണ്ണുകളുടെ ഭാവം മാറിയതു കണ്ടു. കാറ്റു കൊണ്ട തീക്കട്ടമാതിരി ചുവന്നണഞ്ഞ മിഴികളോടെ അവള്‍ ''എന്താ'' എന്നു ചോദിച്ചു. ''ഞാന്‍ പോണു, ഞാന്‍ പാവമാണ്'' എന്നു പറഞ്ഞ് അണ്ണന്‍ പുറകിലേക്കു നീങ്ങി.' ഇവിടെ വാ എന്നൊരു വിളിയാണ് ഈ അഴകെന്ന് പറയുന്നത്. ('എത്ര സുന്ദരി എത്ര സുന്ദരി എന്ന് ആവര്‍ത്തിക്കുന്ന ഒറ്റവാചകമായിരുന്നു മനസ്സ്' - ജയമോഹന്‍) ആഴമുള്ള കുളത്തിന് ആ വിളിയുണ്ട്. നല്ല പാമ്പിന് അതുണ്ട്. 'നമ്മുടെ ചെറിയന്‍വീട്ടിലെ തട്ടുപെരയില്‍ പണ്ട് തീപ്പിടിച്ചപ്പോള്‍ വലിയ നായര് നോക്കിനിന്നു ചിരിക്കുന്നു. തീ കണ്ടാല്‍ എന്ത്‌ര് ചന്തമാ എന്ന് കൈകൊട്ടിത്തുള്ളുന്നു. തല പെഴച്ചുപോയി. പിന്നെ നേരെയായിട്ടില്ല.' അപകടകരമായ ഈ അഴക് സാക്ഷാത്കരിച്ചിട്ടുണ്ട് ജയമോഹന്റെ ഗദ്യവും. 'നിലാവിലെ കാട് ദൈവത്തിന്റെ ഭ്രാന്താണ്; അയാളെഴുതുന്നു. 'ഈ ലോകത്ത് ചോദിക്കാത്ത മാപ്പും കൊടുക്കാത്ത ചുംബനങ്ങളുമാണ് അധികവും.'

സംസ്‌കാരചരിത്രവും നരവംശശാസ്ത്രവും വായിച്ച് (കാവ്യങ്ങളും ഇതിഹാസങ്ങളും വായിച്ച്, ശില്പങ്ങളിലൂടെയും സ്മാരകങ്ങളിലൂടെയും സഞ്ചരിച്ച്) ആളുകള്‍ തെറ്റുകുറ്റങ്ങളുള്ളവരല്ല, സവിശേഷതകളുള്ളവര്‍ എന്ന് ബുദ്ധിതെളിഞ്ഞു എന്നു പറയുന്നു ജയമോഹന്‍. 'ഒളിവീശിയ ആ തെളിഞ്ഞ ബുദ്ധിയില്‍' മൂന്നു വയസ്സുള്ള ചൈതന്യയും അഞ്ചു വയസ്സുള്ള അജിതനും തന്റെ നിത്യകാമുകിയായ അരുണ്‍മൊഴിയും സ്‌നേഹം കോപത്തിന്റെ ഭാഷയില്‍പ്പറയുന്ന അച്ഛനും താന്‍ വായിച്ചതൊക്കെ, അനുഭവിച്ചതൊക്കെ ആത്മഹത്യയ്ക്കുള്ള കാരണമാക്കിയ അമ്മയും കുനിയേണ്ടപ്പോള്‍പ്പോലും വളയാത്ത അച്ഛമ്മയും നൊടിനേരംകൊണ്ട് നിത്യരാകുന്ന എത്രയോ കഥാപാത്രങ്ങളും ഉള്ള ഈ എഴുത്ത് ജീവിതത്തിന്റെ ആശ്ചര്യം ഓരോവാക്യത്തിലും കാട്ടുന്നു. നാഞ്ചിനാട്ടിലെ കുട്ടികള്‍ 'ഒരുകുടം നെല്ലുതരാം പെണ്ണിനെ വിടടാ തുലുക്കാ', 'ഒരുകുടം നെല്ല് വേണ്ട പെണ്ണിനെ വിടുല്ലെടാ തുലുക്കാ' എന്നു കളിക്കുമ്പോള്‍ ഒരു കാലത്തിന്റെ തീരാവേദനയാണു കളിയായി മാറിയതെന്ന് ജയമോഹന്‍. 'എന്റെ അമ്മയുടെ കുടുംബകഥയില്‍ കളക്കാട്ടുനിന്ന് എത്തിയ മറവര്‍ വീടു പൊട്ടിച്ച് അകത്തുകടന്ന് അവിടെയുണ്ടായിരുന്ന അമ്മച്ചിമാരെ പുളിമരത്തില്‍ കെട്ടിത്തൂക്കി വലിയ ആട്ടുകല്ല് കെട്ടിയിട്ടു. അവരില്‍നിന്ന് അറയുടെ താക്കോല്‍ വാങ്ങി കുത്തിപ്പൊട്ടിച്ചപ്പോള്‍ കല്ലു ചേര്‍ത്ത നെല്ലാണ് കണ്ടത്. അമ്മച്ചിമാരെ അങ്ങനെത്തന്നെയിട്ടിട്ട് അവര്‍ പോയി. നട്ടെല്ലും പൊട്ടി അവര്‍ അലറിമരിച്ചു.'

തെക്കന്‍തിരുവിതാംകൂര്‍, ഭാഗത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളത്തിനു നഷ്ടമായതെന്ന് ജയമോഹന്റെ ഈ കാവ്യവഴി നമ്മളോടു പറയുന്നു. പഴയ മണ്ണിന്റെ വീറില്‍നിന്നും മുളച്ചുപൊന്തിയ ഈ 'അകഥ', രണ്ടു തലമുറയ്ക്കു പിന്നിലെന്തെന്നറിയാത്ത, 'തല്‍ക്കാല'ത്തിന്റെ ഭാഷമാത്രം വശമായ പുതിയ മലയാളിക്ക് ഒരു കുറ്റബോധമെങ്കിലുമാകട്ടെ.

(ജയമോഹന്റെ ഉറവിടങ്ങള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

 


PRASOON

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment