Wednesday, January 4, 2012

[www.keralites.net] മരുഭൂവിലെ മുള്ളും പൂവും -- കാസിം ഇരിക്കൂര്‍

 

മുഷിഞ്ഞ വേഷത്തില്‍ പരിക്ഷീണിതനായി പത്രമോഫീസിലേക്ക് കയറിവന്ന യുവാവ് മുന്നിലിരുന്ന് പരിദേവനങ്ങള്‍ നിരത്താന്‍ തുടങ്ങി. മലപ്പുറം ജില്ലയിലെ കുഗ്രാമത്തില്‍ നിന്ന് സഊദിയിലെത്തിയിട്ട് ഒമ്പത് വര്‍ഷമായി. ആദ്യത്തെ രണ്ടുമൂന്നു വര്‍ഷം തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു. പെങ്ങളുടെ കല്യാണത്തിന് വീടുവെക്കുന്നതിന് വേണ്ടി എടുത്ത വായ്പയുടെ നല്ലൊരു ഭാഗം അതുകൊണ്ട് കൊടുത്തുവീട്ടിയത്രെ. പിന്നീട് ജോലി നഷ്ടപ്പെട്ടപ്പോള്‍ ജീവിതം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. കഫീലുമായി (സ്പോണ്‍സര്‍) തെറ്റി. അതോടെ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) പുതുക്കാന്‍ കഴിയാതെയായി. ആറുവര്‍ഷമായി അനധികൃതമായാണ് താമസം. ഒമ്പത് വര്‍ഷങ്ങള്‍ക്കപ്പുറം സഊദിയിലേക്ക് പോരുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പാണ് പതിനേഴുകാരിയെ വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ പിറന്ന കുഞ്ഞിന് വയസ്സ് ഒമ്പതായെങ്കിലും ഇതുവരെ ആ പൂമുഖം കണ്ടിട്ടില്ല. മണല്‍ക്കാട്ടിലെ ദുരിത ജീവിതത്തിനിടയില്‍ അറ്റുപോയ ദാമ്പത്യം ഭാര്യയെ മനോരോഗിയാക്കി. വിവാഹമോചനത്തിന് പിതാവ് ശഠിച്ചെങ്കിലും വഴങ്ങിയില്ല. എല്ലാറ്റിനുമൊടുവില്‍ കഴിഞ്ഞ മാസം അവള്‍ മൊബൈലില്‍ വിളിച്ച് ഒരു കാര്യം അറിയിച്ചു. "റമളാന് മുമ്പ് വരുന്നില്ലെങ്കില്‍ പിന്നീടിങ്ങോട്ട് വരേണ്ടി വരില്ല.'' സഹിക്കേണ്ടത് മുഴുവന്‍ സഹിച്ച് എല്ലാറ്റിനുമൊടുവില്‍ ജീവനൊടുക്കാന്‍ അവള്‍ തീരുമാനിച്ചിരിക്കുകയാണ്.
യുവാവിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. "എന്തുസഹായമാണ് എനിക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാനാവുക?'' അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു. പിന്നെ പറഞ്ഞു: "ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമവിധേയമായി നാട്ടിലേക്ക് തിരിച്ചുപോവുക അസാധ്യമാണ്. പതിനായിരം റിയാല്‍ കടം തന്ന് ആരെങ്കിലും സഹായിക്കുകയാണെങ്കില്‍ എങ്ങനെയെങ്കിലും നാടുപിടിക്കാന്‍ ശ്രമിക്കും. തിരിച്ചുവന്നതിന് ശേഷം ജോലിചെയ്ത് കടം വീട്ടിത്തരുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. ഭാര്യയുടെ ജീവിതം രക്ഷിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ചിന്ത. ''
ആ യുവാവിന്റെ ഉള്ള് നുറുങ്ങുന്ന ജീവിതാനുഭവങ്ങള്‍ പൂര്‍ണമേല്‍വിലാസമോ ചിത്രമോ ഇല്ലാതെതന്നെ പിറ്റേന്ന് പത്രകോളത്തില്‍ നിരത്തി. പുലര്‍ച്ചെ ആറുമണി തൊട്ട് മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ കരയാന്‍ തുടങ്ങി. ആ വാര്‍ത്ത വായിച്ച് സഊദിയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍, സഹായ വാഗ്ദാനങ്ങള്‍. ബുറൈദയില്‍ നിന്ന്, ഖമീസില്‍ നിന്ന്, ദമാമില്‍ നിന്ന്, റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമൊക്കെ. ആ യുവാവിനെ നാട്ടിലെത്തിക്കാന്‍ എത്രയാണ് വേണ്ടതെന്ന്? എന്റെ വക എത്ര റിയാലാണ് അവിടെയെത്തിക്കേണ്ടത് എന്നുള്ള അന്വേഷണങ്ങള്‍. പലരും ആ ചെറുപ്പക്കാരനെ നേരിട്ടു ബന്ധപ്പെട്ടു. മക്കാര്‍ ഹദീര്‍ (പഴയവിമാനത്താവളം) റൌണ്ട് എബൌട്ടില്‍ പെരിവെയിലില്‍ കുപ്പിവെള്ളം വില്‍ക്കുന്നതിനിടയില്‍ യുവാവിനെയും തേടിയെത്തി നിരവധി സഹായ വാഗ്ദാനങ്ങള്‍. ഉച്ചയായപ്പോഴേക്കും കേട്ടുപരിചയമുള്ള ഒരു സ്വരം എന്നെ തേടിയെത്തി; "നിങ്ങള്‍ എഴുതിയ ഇന്നയാളെക്കുറിച്ചുള്ള വാര്‍ത്ത വായിച്ച്, വല്ലാത്ത വേദന തോന്നി. അയാള്‍ക്ക് നാട്ടിലെത്താന്‍ ആവശ്യമായ പണം ഞാന്‍ തരാം. അയാളിന്നനുഭവിച്ചു തീര്‍ക്കുന്ന ജീവിതം കടന്നാണ് ഞാനും ഇന്നത്തെ നിലയില്‍ എത്തിയത്.''
ആരാണ് മറുതലക്കല്‍ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയില്ല. നേരില്‍ കണ്ടാല്‍ മനസ്സിലാവുമെന്നും തല്‍ക്കാലം നിങ്ങള്‍ ഞാനാരാണെന്നറിയേണ്ടതില്ലെന്നും പറഞ്ഞു. പതിനായിരം റിയാല്‍ വൈകുന്നേരത്തേക്ക് അവിടെ എത്തിക്കാമെന്നും ഉറപ്പു ലഭിച്ചു.
ഒരു ചെറിയ വാര്‍ത്താ ശകലം വായിച്ച് മണല്‍ക്കാട്ടില്‍ ആര്‍ദ്രതയുടെ അലകള്‍ അഴിച്ചുവിട്ട അനുതാപത്തിന്റെ ഉറവകള്‍ കണ്ട് തെല്ലമ്പരന്നുപോയി. മനുഷ്യ മനസ്സില്‍ സ്നേഹവും ദയയും കാരുണ്യവും സഹാനുഭൂതിയും ഇന്നും നിറഞ്ഞു കവിയുകയാണോ? മനുഷ്യത്വത്തിന്റെ അമരസ്പര്‍ശത്തിലൂടെ അന്യന്റെ വേദനയകറ്റാനും കണ്ണീരൊപ്പാനും മനുഷ്യര്‍ കാട്ടുന്ന ഈ ആവേശം പ്രവാസികള്‍ക്ക് മാത്രം സ്വന്തമായ സ്വഭാവ വിശേഷമാണോ?
അന്ന് വൈകുന്നേരം മൊബൈലില്‍ ആ ശബ്ദം എന്നെ തേടിയെത്തി. വില്ലയിലെ കുക്കിന്റെ കയ്യില്‍ പതിനായിരം റിയാല്‍ ഏല്‍പിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ അത് വാങ്ങണമെന്നുമായിരുന്നു അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. തന്നെയേല്‍പിച്ച കവറില്‍ അഞ്ഞൂറ് റിയാലിന്റെ ഇരുപത് നോട്ടുകളാണെന്നറിയാതെ കച്ചേരിക്കാരനായ കുക്ക് ബശീര്‍ ആ കവര്‍ പാത്രത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം ഒരു പുലരിയില്‍ ഒരു ചെറുപ്പക്കാരന്‍ പത്രമോഫീസിലേക്ക് കയറിവന്നപ്പോള്‍ ഇതുവരെ പരിചയമില്ലാത്ത ആളാണെന്നാണ് കരുതിയത്. പുത്തന്‍വേഷം, കണ്ടാല്‍ സുമുഖന്‍, കണ്ണുകളില്‍ വല്ലാത്ത ആവേശം. അയാള്‍ എത്തിയിരിക്കുന്നത് എന്നോട് യാത്രപറയാനാണ്. ഒരാഴ്ച മുമ്പ് ഹതാശനായി സഹായം തേടിയെത്തിയ ആ ഹതഭാഗ്യനാണ് നാട്ടില്‍പോകാനും ഭാര്യയെയും കുട്ടിയെയും കാണാനുമുള്ള ഉത്സാഹത്തോടെ മുന്നില്‍ വന്നു നില്‍ക്കുന്നത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി മരുഭൂമിയില്‍ കിടന്ന് തകര്‍ന്നുപോയ ദാമ്പത്യജീവിതം എത്രയും വേഗം ചെന്ന് സുദൃഢമാക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ യാത്രയാക്കിയപ്പോള്‍ എന്റെ കൈതണ്ടയില്‍ ഇറ്റിവീണത് ചുടുകണ്ണീരായിരുന്നു.
കാലത്തിന്റെ അപ്രതിഹതമായ പ്രവാഹത്തില്‍ നമ്മുടെ നാട്ടിനും ജനതക്കും കൈമോശം വന്നുകൊണ്ടിരിക്കുന്ന ന•യുടെ മൂല്യങ്ങള്‍ പുനര്‍ ജനിക്കുന്നത് സൈകതഭൂമിയുടെ ഈ വരള്‍ച്ചയിലാണോ? ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുറ്റിയറ്റ് പോയിക്കൊണ്ടിരിക്കുന്ന കേരളീയ പാരമ്പര്യത്തിന്റെ മനുഷ്യന•യിലധിഷ്ഠിതമായ ഈടുവെപ്പുകള്‍ മറുനാട്ടിലാവുമ്പോള്‍ ഓരോ മനുഷ്യനും മനസ്സില്‍ കാത്തു സൂക്ഷിക്കുന്നു. അതിന്റെ ബലത്തിലാണ് അന്യന്റെ ദുഃഖവും ജീവിത കഷ്ടപ്പാടുകളും പങ്കുവെക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അവന്‍ ഹൃദയം തുറന്നുകടന്നുവരുന്നത്. മലയാളികള്‍ എവിടെയെത്തിയാലും കൂട്ടായ്മകള്‍ ഉണ്ടാക്കി സംഘബോധത്തിന്റെ കൊച്ചുകൊച്ചു മാതൃകകള്‍ സൃഷ്ടിച്ച് അതിലൂടെ മനുഷ്യത്വം പ്രകാശിപ്പിക്കുമ്പോള്‍ മണലാരണ്യത്തില്‍ പൂക്കുന്നത് കാരുണ്യത്തിന്റെ അപൂര്‍വ പുഷ്പങ്ങളാണ്.
പെട്രോ ഡോളറിന്റെ ധന്യത മലയാളിയുടെ ജീവിതത്തില്‍ അതിവികൃതമായ സംസ്കാരത്തിന് വഴിവച്ചിട്ടുണ്ട് എന്നത് നേര്. എന്നാല്‍ ആ ധന്യതയിലും സഹാനുഭൂതിയുടെയും ദീനാനുകമ്പയുടെയും ഉദാത്ത മാതൃകകള്‍ കഴിഞ്ഞ മൂന്നാല് പതിറ്റാണ്ടായി നമുക്ക് കാണാന്‍ സാധിക്കുന്നു എന്നത് വിസ്മരിക്കാവതല്ല. പഴയ നാടുവാഴിത്ത ജ•ിത്ത മാടമ്പി സംസ്കാരത്തില്‍ നിന്നും ഭിന്നമായി അലച്ചയില്ലാത്ത സേവന മനസ്ഥിതിയാണ് ഈ ഗള്‍ഫ് മാതൃകയുടെ അന്തസ്സത്ത. അപ്രതീക്ഷിതമായി കൈവന്ന സമ്പത്തിന്റെ ഒരു ഭാഗമെങ്കിലും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അതുവഴി മനുഷ്യകാരുണ്യത്തിന്റെ ദീപ്തമുഖം അനാവൃതമാക്കാനും നല്ലൊരു വിഭാഗം മുന്നോട്ടുവരുന്നുണ്ട്. അതിന്റെ ഗുണഫലമനുഭവിക്കുന്നത് ആയിരങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാകുന്ന എത്രയെത്ര ദുരിതാശ്വാസ സംരംഭങ്ങള്‍, എത്ര ജീവകാരുണ്യ കൂട്ടായ്മകള്‍. മലപ്പുറത്തിന്റെ നാട്ടിന്‍ പുറങ്ങളില്‍ ചെന്നാലറിയാം, സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകള്‍ വഴി കൈവരിച്ച നേട്ടങ്ങളുടെ മനോഹര ചിത്രങ്ങള്‍. അബൂദാബിയിലെ ഗള്‍ഫ് കൂട്ടായ്മകള്‍ കൊണ്ട് തൃശൂരിലും, ബഹ്റൈനിലെ പ്രാദേശിക കൂട്ടായ്മകള്‍ കൊണ്ട് കോഴിക്കോട് ജില്ലയിലും, ദുബൈ വഴി കണ്ണൂര്‍, കാസര്‍ക്കോട് ജില്ലയിലും കെട്ടിപ്പടുത്ത സാമൂഹിക സംരംഭങ്ങള്‍ ആര്‍ക്കാണ് എണ്ണിത്തിട്ടപ്പെടുത്താനാവുക? നമ്മുടെ നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എണ്ണമറ്റ മത സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ജീവവായു, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് പ്രവര്‍ത്തകരാണ്. പരസ്പര സഹായമാണ് പ്രവാസികളുടെ ദുഷ്കരമായ ജീവിത ചുറ്റുപാടുകളെ അല്പമെങ്കിലും അനായാസമാക്കുന്നത്. മണല്‍ക്കാട്ടിലെ ജീവിത പെരുവഴിയില്‍ മുട്ടിട്ടിഴയുന്ന സന്നിഗ്ധ ഘട്ടങ്ങളില്‍ പലപ്പോഴും കൈപിടിച്ചുയര്‍ത്താനും കൈത്താങ്ങായി വര്‍ത്തിക്കാനും മുന്നോട്ടുവരുന്നത് സാധാരണക്കാരായ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍ക്കും മാരകരോഗങ്ങള്‍ പിടികൂടിയവര്‍ക്കും തൊഴിലില്ലാതെ അലയുന്നവര്‍ക്കും സാന്ത്വന സ്പര്‍ശം നല്‍കാന്‍ സഹാനുഭൂതിയോടെ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ മുന്നോട്ടുവരുന്നില്ലയെങ്കില്‍ കടലിനക്കരയിലെ ജീവിതം വലിയ വിഭാഗത്തെ സംബന്ധിച്ചിടത്തോളം നരകതുല്യമായേനെ. സേവനവഴിയില്‍ ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച് സ്വന്തത്തെ മറന്ന ശിഹാബ് കൊട്ടുകാടിനെ പോലുള്ളവരുടെ കഥ ഒരപൂര്‍വ അധ്യായമാണെങ്കിലും മലയാളിയുടെ ഗള്‍ഫ് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിവെക്കേണ്ടതാണ്.
ഓരോ ഗള്‍ഫുകാരനും വിമാനം കയറുന്നത് ഒത്തിരി കിനാക്കളും ഒരുപാട് പ്രതീക്ഷകളും ഭാണ്ഡത്തില്‍ മുറുക്കിക്കെട്ടിയാണ്. കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടയില്‍ ശരാശരി ഗള്‍ഫുകാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിരാര്‍ദ്രഭൂവില്‍ പലപ്പോഴും സമ്മാനിക്കുന്നത് കടുത്ത നിരാശയും കൊടുംവേദനയുമായിരിക്കാം. 'ഇതെന്തൊരു നാട്, ഇതിലും ഭേദം നമ്മുടെ കേരളമല്ലേ, ഇങ്ങനെ കഷ്ടപ്പെടാനാണോ ഇവിടെവരെ വന്നത്' എന്നൊക്കെ ചോദിച്ചു പോകുന്ന പ്രശ്നസങ്കീര്‍ണ നിമിഷങ്ങളില്‍ ആശ്വാസത്തിന്റെ, സാന്ത്വനത്തിന്റെ തലോടല്‍ കിട്ടിയില്ലെങ്കില്‍ ജീവിതച്ചുഴിയില്‍ കൈകാലിട്ടടിക്കുകയേ നിര്‍വാഹമുള്ളൂ. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ ഒരു കൂട്ടായ്മ സഹായഹസ്തവുമായി മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുപോവുക സ്വാഭാവികം. ദുരിത പൂര്‍ണമായ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നിട്ടും പ്രവാസലോകത്തു നിന്ന് ആത്മഹത്യയുടെ നിരന്തരവര്‍ത്തമാനം കേള്‍ക്കാന്‍ കഴിയാത്തത് നേരത്തെ പറഞ്ഞ ഏതെങ്കിലും മൃദുസ്പര്‍ശത്തിന്റെ ഇന്ദ്രജാലം കൊണ്ടുമാത്രമായിരിക്കാം.
ഒരു സായാഹ്നത്തില്‍ പത്രമോഫീസിലേക്ക് ഫോണ്‍ ചെയ്ത യുവാവിന് അറിയാനുള്ളത് ക്ളാസിഫെയ്ഡ് പരസ്യത്തിന് എന്താണ് ചാര്‍ജ്ജ് എന്നാണ്. നൂറു റിയാല്‍ എന്ന് കേട്ടമാത്രയില്‍ അയാള്‍ പറഞ്ഞു: "കിഡ്നി വില്‍ക്കാനുണ്ട് എന്ന പരസ്യം നൂറു റിയാല്‍ കൊണ്ട് അച്ചടിച്ചു വരുമോ?'' എന്നായിരുന്നു. ആരുടെ കിഡ്നി, എന്തിനു വില്‍ക്കണം എന്നൊക്കെ കുത്തി കുത്തി ചോദിച്ചപ്പോള്‍ പാലക്കാട് ജില്ലക്കാരനായ മലയാളി നല്കിയ വിശദീകരണം ഇങ്ങനെ : "ആറേഴു കൊല്ലമായി സഊദിയില്‍ ജോലി ചെയ്യുന്നു. രണ്ടു പെങ്ങ•ാരെയും മൂന്ന് പെണ്‍മക്കളെയും കെട്ടിച്ചയക്കണം. സ്വന്തമായി വീടുവെക്കണം. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന രണ്ടായിരത്തഞ്ഞൂറ് റിയാല്‍ കൊണ്ട് ഇരുപത് വര്‍ഷം ജോലിചെയ്താലും ഒന്നും നിറവേറ്റാന്‍ സാധിക്കില്ല എന്നുറപ്പ്. എന്റെ ഒരു കിഡ്നി വില്‍ക്കാന്‍ തയ്യാറാണ്. ആരെ സമീപിച്ചാലാണ് നല്ലൊരു തുക പ്രതിഫലം കിട്ടുക?''
ഗള്‍ഫ് ഫീച്ചറില്‍ 'വില്‍ക്കാനുണ്ട് പ്രവാസിയുടെ കിഡ്നി' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പെഴുതി. പ്രതികരണങ്ങളുടെ പ്രവാഹമായിരുന്നു. ചിലര്‍ വിളിച്ചു പറഞ്ഞു, ഇത് എന്റെയും അവസ്ഥയാണ്. ഫീച്ചര്‍ നാട്ടിലും കൊടുക്കണം. ഗള്‍ഫുകാരന്റെ യഥാര്‍ത്ഥ അവസ്ഥ അവരും അറിയട്ടെ. മറ്റുചിലര്‍ എഴുതി : യുവാവിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, എല്ലാറ്റിനും കാരണം സമകാലിക കേരളീയ സമൂഹമാണ്. ഗള്‍ഫുകാരന്റെ ചുമലില്‍ എല്ലാ കുടുംബഭാരങ്ങളും കെട്ടിവെക്കുന്ന നിലവിലെ അവസ്ഥാവിശേഷം കിഡ്നിയല്ല കരള്‍ തന്നെ പറിച്ചു വിറ്റാലും മാറാന്‍ പോകുന്നില്ല. ഇത്തരം പ്രതികരണങ്ങള്‍ക്കിടയിലും സമാശ്വാസത്തിന്റെ തേനരുവികള്‍ തന്നെ ഒഴുകിയെത്തി. യുവാവ് വീടു വെക്കുമ്പോള്‍ സഹായിക്കാന്‍ തയ്യാറാണെന്നും പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്‍കാമെന്നു പറഞ്ഞു വിളിച്ചവരായിരുന്നു ഏറെയും; എല്ല് നുറുങ്ങുന്ന നൊമ്പരങ്ങള്‍ക്കിടയിലും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment