Saturday, January 7, 2012

[www.keralites.net] പ്രവാസി വോട്ടവകാശം: ഓണ്‍ലൈനിലൂടെ പേര് ചേര്‍ക്കാം

 

പ്രവാസി വോട്ടവകാശം: ഓണ്‍ലൈനിലൂടെ പേര് ചേര്‍ക്കാം




ജയ്പുര്‍: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഓണ്‍ലൈനിലൂടെ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിക്കഴിഞ്ഞതായി പത്താമത് 'പ്രവാസി ഭാരതീയ ദിവസ്' ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ മന്ത്രി പറഞ്ഞു.

മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിക്കും. ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ജലം, സൗരോര്‍ജം, ഗ്രാമ ഊര്‍ജ പദ്ധതികള്‍, യുവാക്കളുമായി അഭിമുഖം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖര്‍ പങ്കെടുത്തു.

നിലവില്‍ പ്രവാസികള്‍ക്ക് പേരുകള്‍ ചേര്‍ക്കാന്‍ അതത് എംബസികളില്‍ നേരിട്ട് ഹാജരാകണം. ഈ സംവിധാനം കുറച്ച് പേര്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് വയലാര്‍ രവി വ്യക്തമാക്കി. കുറച്ച് പേരേ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയാല്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തലാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷാപ്രശ്‌നമാണ് കിങ്ഫിഷറിന്റെയും എയര്‍ ഇന്ത്യയുടെയും കാര്യത്തില്‍ ഡി.ജി. സി.എ. ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം ഡി.ജി.സി.എ. ചെയര്‍മാന്‍ ഭരത്ഭൂഷണുമായി സംസാരിച്ചു. സുരക്ഷാപ്രശ്‌നമായതിനാല്‍ വിട്ടുവീഴ്ച സാധിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വയലാര്‍ രവി വ്യക്തമാക്കി. ശിക്ഷാകാലാവധി കഴിഞ്ഞും ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്നവരുടെ മോചനത്തിന് നടപടികള്‍ എടുത്തുവരികയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ജയിലില്‍ മാത്രം 3,000 മലയാളികളുണ്ട്.

ക്രിമിനല്‍ കുറ്റത്തിനും മയക്കുമരുന്നു കടത്തിനും പിടിയിലായവരുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് നീങ്ങും. എന്നാല്‍, സ്‌പോണ്‍സര്‍മാര്‍ ചതിച്ചതിനെത്തുടര്‍ന്ന് നിയമനടപടി നേരിടുന്നവരുടെ കാര്യത്തില്‍ അനുഭാവപൂര്‍വം ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.
മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിന് കര്‍ക്കശമായി ഇടപെട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ദുബായിയിലും ഡല്‍ഹിയിലും ബന്ധുക്കളുമായി ചര്‍ച്ച നടത്തി.

എന്നാല്‍, അതിനിടയിലാണ് കേസ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് സ്വാഗതം ചെയ്യുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോള്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മംഗലാപുരത്തുതന്നെ പ്രത്യേക ഓഫീസ് തുറന്നിരുന്നെന്നും വയലാര്‍ രവി പറഞ്ഞു. കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത് ഹൈക്കോടതി തന്നെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഞായറാഴ്ച പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രധാനമന്ത്രി, പ്രവാസി പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിക്കുമെന്ന് രവി അറിയിച്ചു. ഗള്‍ഫില്‍ തൊഴില്‍ തേടിപ്പോകുന്ന സ്ത്രീതൊഴിലാളികള്‍ക്കാണ് ഇത് ഏറ്റവും ഗുണകരം. ആയിരം രൂപ ഒരു കൊല്ലത്തേക്ക് അടയ്ക്കുന്ന സ്ത്രീതൊഴിലാളികള്‍ക്ക് ഇരട്ടിത്തുകയായ 2000 രൂപയാണ് സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നത്. അഞ്ച് കൊല്ലത്തിനുള്ളില്‍ 12,000 രൂപ വരെ ഗുണഭോക്താവിന് അടയ്ക്കാം. ഗള്‍ഫിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയാലും തുകയടയ്ക്കാനുള്ള സംവിധാനമുണ്ടാകുമെന്ന് രവി അറിയിച്ചു.

ആരോഗ്യമേഖലയില്‍ പ്രവാസികളുടെ സജീവ പങ്കാളിത്തമുണ്ടാകണമെന്ന് 'പ്രവാസി ഭാരതീയ ദിവസ്' ആഘോഷത്തില്‍ ഒന്നാം ദിനത്തില്‍ സംസാരിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം നേടിയ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനും പഠിപ്പിക്കാനും കഴിയുംവിധം നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം അറിയിച്ചു.

മെഡിക്കല്‍ ഗവേഷണം, പഠനസഹകരണം, ടെലി മെഡിക്കല്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളില്‍ പ്രവാസികളുടെ കാര്യക്ഷമമായ പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടിക്കുശേഷം സാമ്പത്തിക ഉദാരീകരണത്തിന്റെ രണ്ടു പതിറ്റാണ്ട് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. വയലാര്‍ രവി മോഡറേറ്ററാവും. 'വളര്‍ച്ചയ്ക്ക് പങ്കാളികളാകാം' എന്ന വിഷയത്തില്‍ ശശി തരൂര്‍ പ്രബന്ധം അവതരിപ്പിക്കും. സി.പി.എം. നേതാവ് സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും.

--
PRASOON

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment