Monday, January 2, 2012

[www.keralites.net] പുതിയ ഡാം ചര്‍ച്ചയായി

 

'തട്ടേ'റ്റില്ല; പുതിയ ഡാം ചര്‍ച്ചയായി

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ എന്ന ആശയം സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ ചര്‍ച്ചയില്‍.

പുതിയ അണക്കെട്ട്‌ നിര്‍മിച്ചാല്‍ അതിന്റെ നിയന്ത്രണം, ഉടമസ്‌ഥാവകാശം എന്നിവ സംബന്ധിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ അഭിപ്രായം അറിയിക്കാന്‍ കേരളത്തോടും തമിഴ്‌നാടിനോടും സമിതി ആവശ്യപ്പെട്ടു. വിദഗ്‌ധസമിതിയംഗം സി.ഡി. തട്ടേ തമിഴ്‌നാടിന്‌ അനുകൂലമായ നിലപാടു തുടര്‍ന്നെങ്കിലും പുതിയ അണക്കെട്ട്‌ നിര്‍മാണം ചര്‍ച്ചചെയ്യാന്‍ സമിതി തയാറായതില്‍ കേരളത്തിന്‌ ആശ്വസിക്കാം.

ബലപ്പെടുത്തിയതിനാല്‍ നിലവിലെ അണക്കെട്ട്‌ പുതിയതുപോലെ ബലവത്താണെന്നും പുതിയതിന്റെ ആവശ്യമില്ലെന്നുമുള്ള വാദമാണു തമിഴ്‌നാട്‌ ഉയര്‍ത്തിയത്‌. എന്നാല്‍ പുതിയ അണക്കെട്ട്‌ മാത്രമാണു ശാശ്വതപരിഹാരമെന്ന നിലപാടില്‍ കേരളം ഉറച്ചുനിന്നു. പരാതിയും പരിഭവവും പറയാതെ, എന്തുകൊണ്ട്‌ പുതിയ അണക്കെട്ട്‌ വേണമെന്നു വാദിക്കാന്‍ കേരളത്തിനു കഴിഞ്ഞു.

തുടരെയുണ്ടായ ഭൂചലനങ്ങളും മഴയും അണക്കെട്ടിനെ ദുര്‍ബലമാക്കിയിട്ടുണ്ടാകാമെന്ന കേരളത്തിന്റെ വാദത്തെ തമിഴ്‌നാട്‌ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ഗുരുമൂര്‍ത്തി വിമര്‍ശിച്ചെങ്കിലും സമിതി മൃദുസമീപനമാണു സ്വീകരിച്ചത്‌. ഭൂചലനം അണക്കെട്ടില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ടോയെന്നു സമിതി അധ്യക്ഷന്‍ ജസ്‌റ്റിസ്‌ എ.എസ്‌. ആനന്ദ്‌ ചോദിച്ചു. വിള്ളലുകള്‍ പുറമേ വ്യക്‌തമല്ലെങ്കിലും അണക്കെട്ടിനു ഘടനാപരമായ ബലക്ഷയം സംഭവിച്ചിട്ടുണ്ടാകാമെന്നു കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ വ്യക്‌തമാക്കി.

അറ്റകുറ്റപ്പണി നടത്തി അണക്കെട്ട്‌ ഇനിയും ദീര്‍ഘകാലം ഉപയോഗിക്കാമെന്ന തമിഴ്‌നാടിന്‌ അനുകൂലമായ നിലപാടാണു വിദഗ്‌ധസമിതി ചെയര്‍മാന്‍ ഡോ. സി.ഡി. തട്ടേ സ്വീകരിച്ചത്‌. അണക്കെട്ട്‌ പരിശോധിക്കാനെത്തിയ തട്ടേ തമിഴ്‌നാടിന്‌ അനുകൂലമായ നിലപാടാണു സ്വീകരിച്ചതെന്നു ചൂണ്ടിക്കാട്ടി അഡീ. ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ ഉന്നതാധികാരസമിതിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതോടെ അദ്ദേഹം വെട്ടിലായി.

ശാശ്വതപരിഹാരമായി പുതിയ അണക്കെട്ട്‌ എന്ന ആശയം ചര്‍ച്ചചെയ്യാന്‍പോലും തമിഴ്‌നാട്‌ തയാറാകുന്നില്ലെന്നു കേരളത്തിനു വേണ്ടി ഹാജരായ അഡ്വ. മോഹന്‍ കട്ടാര്‍ക്കി ചൂണ്ടിക്കാട്ടി. 2006-ലെ സുപ്രീംകോടതി വിധി തങ്ങള്‍ക്ക്‌ അനുകൂലമാണെന്നും അണക്കെട്ട്‌ സുരക്ഷിതമാണെന്നു കേന്ദ്ര ജല കമ്മിഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ്‌ തമിഴ്‌നാട്‌ പ്രതിരോധിക്കാന്‍ ശ്രമിച്ചു.

ബലപ്പെടുത്തലിനുശേഷം ജലനിരപ്പ്‌ ഉയര്‍ത്താന്‍ അനുമതി നല്‍കിയ 2006-ലെ സുപ്രീംകോടതി വിധിയെ കേരളം ചോദ്യംചെയ്‌തതോടെ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറിയെന്നും ഭരണഘടനാ ബെഞ്ച്‌ ചുമതലപ്പെടുത്തിയ ഉന്നതാധികാരസമിതിയാണ്‌ ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടതെന്നും കേരളം വാദിച്ചതോടെ തമിഴ്‌നാടിന്റെ മുനയൊടിഞ്ഞു.

പുതിയ അണക്കെട്ട്‌ നിര്‍മിക്കുന്നപക്ഷം മൂന്നു കാര്യങ്ങള്‍ക്കാണ്‌ ഉന്നതാധികാരസമിതി ഇരുസംസ്‌ഥാനങ്ങളുടെയും മറുപടി തേടിയിരിക്കുന്നത്‌.

ഒന്ന്‌: പുതിയ അണക്കെട്ട്‌ നിര്‍മാണവും അറ്റകുറ്റപ്പണികളും ആരു ചെയ്യും? രണ്ട്‌: പുതിയ അണക്കെട്ടിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കും? മൂന്ന്‌: പുതിയ അണക്കെട്ടില്‍നിന്നുള്ള ജലവിതരണം എങ്ങനെ നിര്‍വഹിക്കും?

തമിഴ്‌നാട്‌ ഈ മൂന്നു ചോദ്യങ്ങളോടും അസ്വസ്‌ഥതയോടെയാണു പ്രതികരിച്ചത്‌. നിലവിലെ അണക്കെട്ട്‌ സുരക്ഷിതമല്ലെന്നു തെളിയിച്ചാലേ പുതിയ അണക്കെട്ടിനെക്കുറിച്ചു ചിന്തിക്കാനാകൂ എന്ന നിലപാടാണ്‌ അവര്‍ സ്വീകരിച്ചത്‌. എന്നാല്‍ ഈ വാദം സമിതി അംഗീകരിച്ചില്ല.

അണക്കെട്ട്‌ സുരക്ഷിതമാണോ എന്നു മാത്രമല്ല പുതിയ നിര്‍ദേശങ്ങള്‍കൂടി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും ജസ്‌റ്റിസ്‌ എ.എസ്‌. ആനന്ദ്‌ വ്യക്‌തമാക്കി. പുതിയ അണക്കെട്ടിന്റെ നിര്‍മാണവും അറ്റകുറ്റപ്പണികളും നിര്‍വഹിക്കാന്‍ തയാറാണെന്നു കേരളം അറിയിച്ചു. മുന്‍സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും ഇക്കാര്യം അറിയിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതുകയും നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഭാവിയിലും തമിഴ്‌നാടുമായി പ്രശ്‌നം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അണക്കെട്ടിന്റെ നിയന്ത്രണത്തിനുവേണ്ടിയും കേരളം വാദിച്ചു.

നിലവിലെ അണക്കെട്ടില്‍നിന്നു ലഭിക്കുന്ന അതേ അളവിലോ അതിലധികവുമോ വെള്ളം തമിഴ്‌നാടിനു കിട്ടുമെന്നു പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ വ്യക്‌തമാക്കുന്നു. തേക്കടിയില്‍നിന്നു വെള്ളം ടണല്‍ വഴി തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകാനും കഴിയും. ജലവിതരണം സംബന്ധിച്ചു സംയുക്‌തസമിതിയുണ്ടാക്കുന്നതില്‍ വിരോധമില്ലെന്നു കേരളം പറഞ്ഞെങ്കിലും മൂന്നാമതൊരു ഏജന്‍സിയെ മേല്‍നോട്ടസമിതിയായി നിയമിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാരുമായി ആലോചിച്ച്‌ അഭിപ്രായം അറിയിക്കാമെന്നേറ്റു.

പുതിയ അണക്കെട്ട്‌ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ ഇരുസംസ്‌ഥാനങ്ങളും വെള്ളിയാഴ്‌ചയ്‌ക്കു മുമ്പ്‌ മറുപടി സമര്‍പ്പിക്കണം. അണക്കെട്ട്‌ പരിശോധനയ്‌ക്കുശേഷം സി.ഡി. തട്ടേ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ സമിതി ഇന്നു പരിഗണിക്കും. പരിശോധനയില്‍ പക്ഷപാതമുണ്ടെന്നു ചൂണ്ടിക്കാട്ടി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്നു പരിഗണിക്കുമെന്നു സമിതിയംഗം ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment