കേരളത്തില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്ന ഭൂരിഭാഗം തിയേറ്ററുകളുടെയും സ്ഥിതി ശോചനീയമാണെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ ഏറ്റവും മികച്ച പതിനഞ്ചു തിയേറ്ററുകള്‍ക്ക് പ്ലാറ്റിനം റേറ്റിങ് നല്‍കാനും തിയേറ്റര്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റി സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. മൂന്നു മേഖലകളിലായി 399 തിയേറ്റുകള്‍ പരിശോധിച്ച കമ്മിറ്റി ഗ്രാമീണ മേഖലകളിലെ, മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള 56 തിയേറ്ററുകളെ റിലീസിങ് സെന്ററുകളായി പരിഗണിക്കണമെന്നും നഗരങ്ങളിലെ മോശപ്പെട്ടവയെ റിലീസിങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
ഏറ്റവും മികച്ചവയെന്നു കമ്മിറ്റി വിലയിരുത്തിയ 15 തിയേറ്ററുകളാണ് കേരളത്തിലുള്ളത്. ഗ്രേഡിങ്ങില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കോട്ടയത്തെ ആനന്ദ് തിയേറ്ററിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച സിനിമാതിയേറ്ററായി തിരഞ്ഞെടുത്തു. മികച്ചതെന്നു കണ്ടെത്തിയ 15 തിയേറ്ററുകള്‍ക്കു തങ്ങളുടെ പേരിനൊപ്പവും പരസ്യങ്ങളിലും 'പ്ലാറ്റിനം തിയേറ്റര്‍' എന്നുപയോഗിക്കാം. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ, കഠിനംകുളം വി-ട്രാക്ക്‌സ്, കളിയിക്കാവിള കാളീശ്വരി എന്നീ തിയേറ്ററുകള്‍ക്കാണ് പ്ലാറ്റിനം പദവി ലഭിച്ചത്. വടക്കന്‍ മേഖലയിലെ നാലു തിയേറ്ററുകള്‍ പരിശോധനയുമായി സഹകരിക്കാത്തതിനാല്‍ അവര്‍ക്ക് ആ പദവി ഉപയോഗിക്കാന്‍ അനുവാദമില്ല. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാറ്റിനത്തിനുതാഴെ ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ്, സില്‍വര്‍ പ്ലസ്, സില്‍വര്‍ എന്നീ ഗ്രേഡുകളുണ്ട്. ഏറ്റവും മോശം തിയേറ്ററുകളാണ് സില്‍വര്‍ ഗ്രേഡില്‍ഉള്‍പ്പെടുന്നത്.
അതേസമയം ഇപ്പോള്‍ റിലീസിങ് കേന്ദ്രങ്ങളായ 42തിയേറ്ററുകളെ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ റിലീസിങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നും ശുപാര്‍ശയിലുണ്ട്. സമിതിയുടെ പരിശോധനയില്‍ 80-85 മാര്‍ക്ക് നേടിയ തിയേറ്ററുകളാണ് പ്ലാറ്റിനത്തില്‍ഉള്‍പ്പെടുക. കൊല്ലം, ആലപ്പുഴ ജില്ലകളിലെ മിക്കവാറും തിയേറ്ററുകളും തിരുവനന്തപുരം ജില്ലയില്‍ നഗരത്തിനു പുറത്തുള്ള ഭൂരിഭാഗം റിലീസിങ് കേന്ദ്രങ്ങളും റിലീസിങ്ങില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവയുടെ പട്ടികയിലാണുള്ളത്. റിലീസിങ് കേന്ദ്രങ്ങളായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം തിയേറ്ററുകളിലും ശുചീകരണവും പരിപാലനവും നടക്കുന്നില്ല. വന്‍തുക സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന തിയേറ്ററുകള്‍ പോലും ശുചീകരണത്തിന് പ്രാധാന്യം നല്‍കുന്നില്ല. സമിതി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ തന്നെ ഇക്കാര്യം വ്യക്തമാണ്. തിയേറ്ററുകളുടെ ശുചിത്വ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ആഴ്ചയില്‍ ഒരിക്കലെങ്കിലും പൊതുജനാരോഗ്യ വകുപ്പിന്റെ സമിതി പരിശോധന നടത്തണമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഭൂരിഭാഗം തിയേറ്ററുകളും നികുതി വെട്ടിപ്പ് നടത്തുന്നുവെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഡബിള്‍ ഡി.സി.ആര്‍ സംവിധാനത്തിലാണ് വെട്ടിപ്പു നടക്കുന്നത്. കാണികളുടെ എണ്ണത്തിലും വിനോദ നികുതിയുടെ കാര്യത്തിലുമുള്ള കണക്കുകളില്‍ പൊരുത്തക്കേടുമുണ്ട്.
ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സി.എ.എ കരീമിന്റെ നേതൃത്വത്തില്‍ സമിതി ഭാരവാഹികള്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനു സമര്‍പ്പിച്ചു. ശുപാര്‍ശകള്‍ വിതരണക്കാരുടെ സംഘടനാപ്രതിനിധികള്‍ക്കു മന്ത്രി കൈമാറി. ക്ലാസിഫിക്കേഷന്‍ സമിതി ചിത്രീകരിച്ച മോശം തിയേറ്ററുകളുടെയും മികച്ച തിയേറ്ററുകളുടെയും ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
പ്ലാറ്റിനം തിയേറ്ററുകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ നിയോഗിച്ച തിയേറ്റര്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ പരിശോധനയില്‍ പ്ലാറ്റിനം റേറ്റിങ് ലഭിച്ച കേരളത്തിലെ തിയേറ്ററുകള്‍: ശ്രീപദ്മനാഭ (തിരുവനന്തപുരം), ശ്രീ സരസ്വതി, ശ്രീ കാളീശ്വരി (കളിയിക്കാവിള), വി ട്രാക്‌സ് (കഠിനംകുളം), വര്‍ഷ റോയല്‍ സ്യൂട്ട് (അഞ്ചല്‍), സാനിയ (എരമല്ലൂര്‍), ആനന്ദ് (കോട്ടയം), പദ്മസ്‌ക്രീന്‍ 1, പദ്മസ്‌ക്രീന്‍ 2 (എറണാകുളം), ഇ.വി.എം. (കൊച്ചി), അന്ന (കോലഞ്ചേരി), താളം (വടക്കാഞ്ചേരി), പി.വി.എസ് (താനൂര്‍), കവിത (കണ്ണൂര്‍), കൈരളി (മഞ്ചേരി), ഐശ്വര്യ (സുല്‍ത്താന്‍ ബത്തേരി), വിസ്മയ (പെരിന്തല്‍മണ്ണ).
No comments:
Post a Comment