'സുസ്ഥിരത, സാമ്പത്തിക ഇടപാടുകളില് പങ്കാളിത്ത സ്വഭാവം, അമിതമായ സാമ്പത്തിക സാഹസങ്ങളില് നിന്നും ഊഹക്കച്ചവടത്തില്നിന്നുമുള്ള മുക്തി, അതോടൊപ്പം ശക്തമായ ധാര്മികാടിത്തറ, ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില് ലോകത്തിന് പ്രത്യേകിച്ച് യൂറോപ്പിന് ഈ തത്ത്വങ്ങളൊക്കെയാണ് ആവശ്യം. ഇസ്ലാമിക് ബാങ്കുകള് ഏതൊക്കെ ധാര്മിക തത്ത്വങ്ങള് അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്നുവോ അതേ തത്ത്വങ്ങള് അടിസ്ഥാനമാക്കി സാമ്പത്തികരംഗം ഉടച്ചുവാര്ത്താല് മാത്രമേ യൂറോപ്പിന്റെയും ലോകത്തിന്റെയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. അല്ലാതെ എത്ര തവണ സമ്മേളനം കൂടിയാലും യൂറോപ്പിന്റെ പ്രതിസന്ധി സ്ഥിരമായി പരിഹരിക്കാന് കഴിയില്ല.'' ഏതെങ്കിലും ഇസ്ലാമിക സാമ്പത്തിക വിദഗ്ധന്റെയോ പണ്ഡിതന്റെയോ പ്രഭാഷണത്തിലെ വരികളല്ലിത്. കഴിഞ്ഞ ഒക്ടോബര്‍ 18-ന് ക്വാലാലംപൂരിലെ ബാങ്ക് ധനകാര്യ ഉദ്യോഗസ്ഥന്മാരുടെ ഒരു സമ്മേളനത്തില് ലക്സെന്ബര്ഗിന്റെ ധനകാര്യമന്ത്രി ലൂക് ഫ്രീഡന് പറഞ്ഞ വാക്കുകളാണിത്. യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലൊന്നും ലോകത്തിലെ പ്രധാന ധനകാര്യ കേന്ദ്രങ്ങളിലൊന്നുമായതിനാല് ലക്സന്ബര്ഗ് പോലുള്ള ഒരു രാജ്യത്തിന്റെ ധനമന്ത്രിയില് നിന്നുള്ള ഇത്തരം പ്രസ്താവനകള്ക്ക് വലിയ പ്രാധാന്യമുണ്ട്. യൂറോപ്യന് യൂനിയനിലെ നേതാക്കള് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില് പ്രത്യേകിച്ചും. ലക്സെന്ബര്ഗിന്റെ സെന്ട്രല് ബാങ്ക് ഗവര്ണര് യൂസ്മെര്ഷ്, ഇസ്ലാമിക് ഫിനാന്സിന്റെ യൂറോപ്പിലെ വ്യാപനം അനിവാര്യമാണെന്ന് വിശ്വസിക്കുന്നയാളാണ്. യൂറോപ്പിലെ ബാങ്കിംഗ് വിദഗ്ധരില് പ്രമുഖനാണിദ്ദേഹം. ഇസ്ലാമിക് ബാങ്കിംഗിന്റെ ഭദ്രമായ അടിത്തറയായ ശരീഅത്ത് നിര്ദേശങ്ങള് വളരെ ഫലപ്രദമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നു. ഇപ്പോഴത്തെ യൂറോപ്യന് അമേരിക്കന് സാമ്പത്തിക തകര്ച്ചക്ക് കാരണമായ ആര്ത്തിപൂണ്ടതും അനിയന്ത്രിതവുമായ സാമ്പത്തിക വളര്ച്ചയെ ശക്തമായി തടുക്കാന് ഇസ്ലാമിക് ഫിനാന്സിന്റെ ശരീഅത്ത് അടിത്തറക്ക് കഴിയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. സാമൂഹിക ഉത്തരവാദിത്വം മുഖ്യ ഘടകമായതുകൊണ്ട് ഇസ്ലാമിക് ഫിനാന്സ് യൂറോപ്പില് കൂടുതല് ചര്ച്ച ചെയ്യപ്പെടുന്നു. ഈ കാരണങ്ങള് കൊണ്ടാണ് ലക്സന്ബര്ഗിലെ ഇസ്ലാമിക് ഫിനാന്സ് മേഖലയെ കൂടുതല് ശക്തിപ്പെടുത്താന് താല്പര്യം കാണിക്കുന്നത്. ഈ താല്പര്യമാകാം ഐ.എഫ്.എസ്.ബി (ഇസ്ലാമിക് ഫിനാന്സ് സര്വീസ് ബോര്ഡ്)ന്റെ എട്ടാമത്തെ വാര്ഷിക സമ്മേളനത്തിന് വേദിയൊരുക്കാന് ലക്സന്ബര്ഗ് തുനിഞ്ഞത്. കഴിഞ്ഞ മെയ് മാസത്തില് നടന്ന പ്രസ്തുത സമ്മേളനത്തിന്റെ പ്രമേയം ഇസ്ലാമിക് ഫിനാന്സിന്റെ വളര്ച്ചയില് യൂറോപ്പിനുള്ള പങ്ക് എന്നതായിരുന്നു. പ്രമുഖ ഇറ്റാലിയന് സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ലോറെറ്റാ നെപോളിയോണി ഇസ്ലാമിക് ഫിനാന്സിന്റെ യൂറോപ്പിലെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നിരവധി യൂറോപ്യന് സര്ക്കാറുകളുടെ ഉപദേശകരിലൊരാള് എന്നതുകൊണ്ട് തന്നെ ഇവരുടെ അഭിപ്രായത്തിന് പാശ്ചാത്യ ലോകത്ത് പ്രാധാന്യമേറെയാണ്. ലോറെറ്റ പറയുന്നു: ''പാശ്ചാത്യര്ക്ക് ഇസ്ലാമിക് ഫിനാന്സില് നിന്ന് പഠിക്കാനുള്ളത്, ലാഭവും സാമൂഹിക ഉത്തരവാദിത്വവും എങ്ങനെ പൊരുത്തപ്പെട്ടുകൊണ്ടുപോകാന് കഴിയും എന്നതാണ്. ബാങ്കുകള് പൊതുവെ ലാഭത്തിനു വേണ്ടി പ്രവര്ത്തിക്കുന്നവയാണ്. പക്ഷേ, ബാങ്കുകള് സാമൂഹിക ഉത്തരവാദിത്വങ്ങള് മറന്നുകൊണ്ട് ലാഭക്കൊതിക്ക് മുന്തൂക്കം നല്കുമ്പോള് സമൂഹത്തിനും ജനങ്ങള്ക്കുമെതിരായി ബാങ്കുകളുടെ പ്രവര്ത്തനങ്ങള് മാറുന്നു. ഇസ്ലാമിക് ഫിനാന്സില് ഇത് ഉണ്ടാകാനുള്ള സാധ്യത നന്നെ കുറവാണ്. കാരണം ഈ സംവിധാനത്തില് ബാങ്കുകളും ഇടപാടുകാരും തമ്മില് പലിശ ഒഴിവാക്കിയുള്ള ഒരു പങ്കാളിത്തമാണ് നിലനില്ക്കുന്നത്. കൂടാതെ ഇസ്ലാമിക് ഫിനാന്സ് സ്ഥാപനങ്ങളില് ശരീഅത്തില് അവഗാഹം നേടിയിട്ടുള്ള പണ്ഡിതന്മാരുടെ ഒരു ഉപദേശകസമിതി ഉണ്ട്താനും. ബാങ്കിന്റെ എല്ലാതരം ഇടപാടുകള്ക്കും ഈ ഉന്നതാധികാര ബോഡിയുടെ അംഗീകാരം വേണം. ഇസ്ലാമിക് ഫിനാന്സ് സ്ഥാപനങ്ങളുടെ അടിസ്ഥാനമായതിനാല് ശരീഅത്ത് നിയമത്തില് നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരിടപാടും നടത്താന് ബാങ്കുകള്ക്ക് കഴിയില്ല. അതിനാല് ഇസ്ലാമിക് ഫിനാന്സിനെ മാതൃകയാക്കി ഒരു പുതിയ സാമ്പത്തിക മോഡല് ഉണ്ടാക്കിയെടുക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനുള്ള സ്ഥായിയായ വഴി.'' മറ്റൊരിക്കല് ആസ്ത്രേലിയന് റേഡിയോയുമായുള്ള അഭിമുഖത്തില് ഇസ്ലാമിക് ഫിനാന്സുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുത്തരമായി അവര് പറഞ്ഞു: ''സാമുവല് ഹണ്ടിംഗ്ടന്റെ 'സംസ്കാരങ്ങളുടെ സംഘട്ടനം' എന്ന സാങ്കല്പിക സംഘട്ടനത്തിന്റെ കാലം കഴിഞ്ഞു. ഇനിയുള്ളത് പാശ്ചാത്യര് പടുത്തുയര്ത്തിയ ഗുണ്ടാ സാമ്പത്തിക വ്യവസ്ഥയും (Rogue Economy) ഇസ്ലാമിക് ഫിനാന്സും തമ്മിലുള്ള കിടമത്സരമാണ്. ഈ മത്സരത്തില് അന്തിമ വിജയം ഇസ്ലാമിക് ഫിനാന്സിനായിരിക്കും, തീര്ച്ച.'' വത്തിക്കാന്റെ ഔദ്യോഗിക പത്രവും ഇസ്ലാമിക് ഫിനാന്സിന്റെ ധാര്മികാടിത്തറയെ അംഗീകരിക്കുകയും ഇത്തരത്തിലുള്ള ധാര്മികാടിസ്ഥാനങ്ങള് പാശ്ചാത്യ ബാങ്കുകള് പിന്തുടരണമെന്നും അതുവഴി മാത്രമേ ആരോഗ്യകരമായ വളര്ച്ച ഉറപ്പാക്കാന് കഴിയുകയുള്ളൂവെന്നും 2009-ല് തന്നെ എഴുതിയിരുന്നു. യൂറോപ്പിലെ കടക്കെണിയില് പെട്ട രാജ്യമായ അയര്ലണ്ട് പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില് ഇസ്ലാമിക് ഫിനാന്സ് മേഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി എന്ഡാ കെന്നി അധികാരത്തില് വന്നത് തന്നെ ആ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മുഖ്യ ഇഷ്യൂ ആക്കിക്കൊണ്ടാണ്. കഴിഞ്ഞ ഗവണ്മെന്റ് പൊതുധനം ഉപയോഗിച്ച് ബാങ്കുകളെ രക്ഷിക്കാന് ശ്രമിച്ചത് വന് ജനരോഷത്തിനിടയാക്കി. ഈ നിലപാടുകള്ക്കെതിരെ നിന്നത് ഇദ്ദേഹത്തെ അധികാരത്തിലെത്താന് സഹായിച്ചു. തന്റെ രാജ്യത്ത് ഇസ്ലാമിക് ഫിനാന്സ് വളര്ന്ന് വരാനുള്ള എല്ലാ ഒത്താശകളും സര്ക്കാര് തലത്തില് പ്രധാനമന്ത്രി തന്നെ മുന്കൈയെടുത്ത് ചെയ്യുന്നു. നികുതി ചട്ടങ്ങളും ബാങ്ക്, ധനകാര്യ നിയമങ്ങളുമൊക്കെ ഇസ്ലാമിക് ഫിനാന്സിനെ ഉള്ക്കൊള്ളാനും ഈ നിയമങ്ങളൊക്കെ ഇസ്ലാമിക് ഫിനാന്സിന് സ്വീകാര്യമാകുന്ന തരത്തില് പരിവര്ത്തിപ്പിക്കാനും ഭേദഗതി വരുത്താനും അദ്ദേഹം തന്നെ മുന്കൈയെടുത്തു. ഈയിടെ Irish Funds Industry Association (IFIA) നെ അഭിമുഖീകരിച്ചപ്പോള് അദ്ദേഹം പറഞ്ഞു: ''അയര്ലന്റിനെ ഇസ്ലാമിക് ഫിനാന്സിന്റെ യൂറോപ്പിലെ ഏറ്റവും മികച്ച കേന്ദ്രമാക്കിയെടുക്കും. അതിനുവേണ്ടി ചെയ്യാന് കഴിയുന്നതൊക്കെ ചെയ്യും.'' IFIAയുടെ മേധാവി കെന് ഓവെന്സ് ഇതിനു ശേഷം അഭിപ്രായപ്പെട്ടത്, ഇംഗ്ലണ്ടിലെയും അയര്ലണ്ടിലെയും തകര്ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയില് ഇസ്ലാമിക് ഫിനാന്സിന്റെ സജീവ സാന്നിധ്യം ഏറെ സഹായകരമെന്നാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് (Global Islamic Finance Report 2011) ബ്രിട്ടന് ലോക ഇസ്ലാമിക് ഫിനാന്സ് രംഗത്ത് ഒമ്പതാം സ്ഥാനത്ത് എത്തിനില്ക്കുന്നു. പ്രമുഖ മുസ്ലിം നാടുകളായ പാകിസ്താന്‍, തുര്ക്കി, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവയേക്കാള് മുന്നിലാണ് ബ്രിട്ടന് എന്നര്ഥം. ബ്രിട്ടനില്‍ 55 കോളേജുകള് കൂടാതെ നിരവധി പ്രഫഷനല് സ്ഥാപനങ്ങളും ഇസ്ലാമിക് ഫിനാന്സ് കോഴ്സുകള് നടത്തുന്നുണ്ട്. ഫ്രാന്സിലാകട്ടെ പാരീസ് യൂനിവേഴ്സിറ്റിയടക്കം ഇത്തരത്തിലുള്ള കോഴ്സുകള് തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും യൂറോപ്യന് രാജ്യങ്ങളില് ഇസ്ലാമിക് ഫിനാന്സ് മേഖല വളര്ച്ചയുടെ പാതയില് തന്നെയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് ലോക ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി ഒരു ട്രില്യന് ഡോളറില്‍ (50 ലക്ഷം കോടി രൂപ) എത്തിനില്ക്കുന്നു. വളര്ച്ചാ നിരക്ക് 10 ശതമാനവും. യൂറോപ്പിന്റെ അടുത്ത പ്രദേശമായതിനാല് തുനീഷ്യ, ലിബിയ, ഈജിപ്ത് എന്നീ രാജ്യങ്ങളില് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില് ഭരണമാറ്റം വരുന്നതോടെ ഈ രാജ്യങ്ങളില് ഇസ്ലാമിക് ഫിനാന്സ് മേഖലയില് വന് കുതിപ്പ് തന്നെ പ്രതീക്ഷിക്കാം. ഇതാകട്ടെ യൂറോപ്പിലെ ഇസ്ലാമിക് ഫിനാന്സ് മേഖലയെ കൂടുതല് സജീവമാക്കുകയും വന് വളര്ച്ചയിലേക്ക് നയിക്കുകയും ചെയ്യും. ഇത് സാധ്യമാവുകയാണെങ്കില് നെപ്പോളിയോണി പറഞ്ഞത് പോലെ ഇത് ഇസ്ലാമിക് ഫിനാന്സിനെ നിലവിലെ കാപിറ്റലിസ്റ്റ് സാമ്പത്തിക ഘടനയെ മറികടക്കുന്ന വിജയത്തിലേക്കെത്തിച്ചേക്കാം. |
No comments:
Post a Comment