വിവാദപുരുഷന്‍
വാര്‍ത്തക്ക് പല നിര്‍വചനങ്ങളുണ്ട്. മനുഷ്യനെ നായ കടിച്ചാല്‍ അത് വാര്‍ത്തയല്ല. പക്ഷേ, നായയെ മനുഷ്യന്‍ കടിച്ചാല്‍ അത് വാര്‍ത്തയാണ്. അഴിമതി നടന്നാല്‍ അത് വാര്‍ത്തയാണ്. പക്ഷേ, കോണ്‍ഗ്രസുകാരന്‍ അഴിമതി നടത്തിയാല്‍ അതു വാര്‍ത്തയല്ല. അത് അവരുടെ ജീവിതരീതിയാണ്. ഒരു പതിവുശീലം. സൂര്യന്‍ കിഴക്കുദിച്ചു, പടിഞ്ഞാറ് അസ്തമിച്ചു എന്നു പറയുന്നതുപോലെ അതില്‍ വലിയ വാര്‍ത്താമൂല്യമൊന്നുമില്ല. കെ.പി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.വി. ശ്രീനിജിന്‍ ആണ് ഈ പാരമ്പര്യത്തിന്റെ ഏറ്റവുമൊടുവിലത്തെ കണ്ണി എന്ന് അപസര്‍പ്പക മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അത് വാര്‍ത്തയായത് ഒരു കോണ്‍ഗ്രസുകാരന്‍ അഴിമതി നടത്തിയതുകൊണ്ടല്ല. മറിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ എന്ന പദവി ചൂഷണം ചെയ്ത് നേടിയ അവിഹിതസമ്പാദ്യങ്ങളാണ് അവ എന്ന ആരോപണമുയര്‍ന്നതിനാലാണ്.
ആള്‍ ചില്ലറക്കാരനല്ല. ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണില്‍ നിയമത്തില്‍ ഉപരിപഠനം നടത്തിയ ആളാണ്. രാജഗിരി കോളജില്‍ ലീഗല്‍ ഓഫിസറായിരിക്കുമ്പോഴാണ് ബ്രിട്ടനില്‍ പോയത്. ബ്രിട്ടനില്‍നിന്നു തിരിച്ചെത്തിയശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. കേരള ഹൈകോടതിയില്‍ പ്രാക്ടിസ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനായി ഒരു ഓഫിസും കണ്ടുപിടിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കറുത്ത കോട്ടുമിട്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസുകാര്‍ വട്ടമിട്ടു പിടിക്കുന്നത്. വെറുതെ കോടതിയില്‍ തൊണ്ട വരളുംവരെ ഒച്ചവെക്കാനുള്ളതല്ല ഈ ജീവിതം. വവ്വാല്‍ക്കുപ്പായത്തില്‍ അടയിരിക്കാനുമുള്ളതല്ല. ഞാറയ്ക്കല്‍ മണ്ഡലത്തിലെ പുതുമുഖമായി നിന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണം. ദുര്‍ബലഹൃദയനായ ഏതൊരു യുവാവിനെയുംപോലെ ആ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞാറയ്ക്കല്‍ സംവരണ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. എം.എ. കുട്ടപ്പന്റെ മണ്ഡലമായിരുന്നു. കോണ്‍ഗ്രസിനെ എന്നും തുണച്ച നാട്. 1957ല്‍ കോണ്‍ഗ്രസ് തുടങ്ങിയ ജൈത്രയാത്രയില്‍ രണ്ടു തവണ മാത്രമാണ് അവിടെ സി.പി.എം ജയിച്ചത്. എന്നിട്ടും യുവ അഭിഭാഷകന് അവിടെ കാലുറപ്പിക്കാനായില്ല. സി.പി.എമ്മിലെ പുരുഷോത്തമന്‍ അവിടെനിന്നു ജയിച്ചുകയറി.
തോറ്റാല്‍ തീരുന്നതല്ല ജീവിതം, അതും വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പില്‍. ഗോദയില്‍ കാലിടറിയതുകൊണ്ട് വീട്ടിലിരിക്കാനൊന്നും ശ്രീനിജിനെ കിട്ടില്ല. പ്രയത്‌നശാലിയായിരുന്നതുകൊണ്ട് അടങ്ങിയിരുന്നില്ല. പണ്ടു മുതലേ അങ്ങനെയായിരുന്നു. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും സ്വന്തം പ്രയത്‌നത്തില്‍ വളര്‍ന്നു വന്നതാണ്. ശീമയില്‍ പോയി പഠിച്ചതും നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയതുമൊക്കെ ആ പ്രയത്‌നത്തിന്റെ ഫലങ്ങള്‍.
രാഷ്ട്രീയം രക്തത്തില്‍ തന്നെയുള്ളതാണ്. പ്രീമിയര്‍ ടയേഴ്‌സിലെ തൊഴിലാളിയായിരുന്ന അച്ഛന്‍ വാസു കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു. കളമശ്ശേരി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കുതന്നെ ശ്രീനിജിന്‍ കെ.എസ്.യുക്കാരനായിരുന്നു. എട്ടാം ക്ലാസില്‍ യൂനിറ്റ് സെക്രട്ടറിയായി. സാധാരണ കുടുംബത്തിന്റെ പ്രാരബ്ധങ്ങള്‍ക്കിടയിലും പഠനവും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോയി. പഠനകാലത്ത് പ്രണയിച്ചത് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മകള്‍ സോണിയെ. അത് വിവാഹത്തിലെത്തി. ആ പ്രണയസാഫല്യമാണ് ഇപ്പോള്‍ പുലിവാലായിരിക്കുന്നത്. ജസ്റ്റിസിന്റെ മരുമകന്‍ ഇന്‍ജസ്റ്റിസ് നടത്തിയെന്ന് ആരോപണമുയര്‍ന്നതിനാല്‍ രാഷ്ട്രീയഭാവി ഇരുളടഞ്ഞിരിക്കുകയാണിപ്പോള്‍. അടുത്ത നിയമസഭ സ്വപ്‌നം കാണാന്‍പോലും പറ്റില്ല. അതും രണ്ടു മുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന നാട് സ്വന്തം പാര്‍ട്ടിക്ക് അവസരം കൊടുക്കാനിരിക്കുമ്പോള്‍. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കക്കു വായ്പുണ്ണ്.
വിവാദ വിഷയങ്ങള്‍ ഏറെയാണ്. തീയില്ലാതെ പുകയില്ല എന്ന യുക്തിവെച്ചുനോക്കിയാല്‍ കാര്യങ്ങള്‍ പ്രശ്‌നം തന്നെ. ചാലക്കുടിപ്പുഴക്ക് അഭിമുഖമായി ഒരു ബംഗ്ലാവ് പണികഴിപ്പിച്ചിട്ടുണ്ടെന്നാണ് അപസര്‍പ്പക പത്രപ്രവര്‍ത്തകര്‍ പറയുന്നത്. പുഴയോരത്ത് ബംഗ്ലാവ് വെക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അവര്‍ക്കു മനസ്സിലാവില്ല. നല്ല കാറ്റുകിട്ടും. വെള്ളത്തിന്റെ ബുദ്ധിമുട്ട് ഒട്ടുണ്ടാവുകയുമില്ല. പിന്നെ ഒരു റിസോര്‍ട്ടിന്റെ മനോരമ്യമായ അന്തരീക്ഷം കിട്ടും. അസൂയാലുക്കള്‍ക്ക് അതും മനസ്സിലാവില്ല. കല്ലൂരിലെ മനോഹരമായ ഈ ബംഗ്ലാവിനടുത്ത് പരമ്പരാഗത കേരളീയ രീതിയില്‍ ഒരു രമ്യഹര്‍മ്യവും നിര്‍മിച്ചിട്ടുണ്ടെന്ന് ദോഷൈകദൃക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുഴയിലേക്കിറങ്ങാന്‍ പടവുകളും നിര്‍മിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ടു വെറുതെയിരിക്കുന്നവരല്ല നാട്ടുകാര്‍. അനാവശ്യമായ പൗരബോധം കുറച്ചു കൂടുതലുള്ളതുകൊണ്ട് പുഴ കൈയേറിയെന്നു പറഞ്ഞ് അവര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടു. അധികൃതര്‍ വന്ന് സ്ഥലം പരിശോധിച്ചു. പുഴസംരക്ഷണത്തിന് പുഴയോരം കെട്ടാന്‍ അനുമതി സമ്പാദിച്ചുവെന്ന രേഖകള്‍ ഹാജരാക്കിയപ്പോള്‍ അസൂയാലുക്കളായ നാട്ടുകാര്‍ക്ക് മിണ്ടാട്ടം മുട്ടിപ്പോയി. വക്കീലിനോടാണോ വാദിക്കുന്നത്?
മഴയത്തും വെയിലത്തും കയറിക്കിടക്കാന്‍ ഒരു കൂര പണിതതിന്റെ പേരില്‍ ഇങ്ങനെയൊക്കെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത് വലിയ കഷ്ടമാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ ബംഗ്ലാവിന്റെ പണി തീര്‍ന്നു. നൂറുകണക്കിന് ലോഡ് മണ്ണിറക്കി പറമ്പ് ശരിയാക്കിയെടുത്തു. ശ്രീനിജിന്റെ ഉടമസ്ഥതയിലുള്ള വീട് എന്ന പേരില്‍ കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കി കെട്ടിടനമ്പറും വാങ്ങി. സ്വന്തം പേരില്‍തന്നെ വാങ്ങിയ ഭൂമി 2.79 ഏക്കര്‍. മൊത്തം വിലയായി 14 ലക്ഷമാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും സെന്റിന് ഒരു ലക്ഷത്തോളം രൂപയുണ്ട് ഇവിടെയെന്ന് അസൂയാലുക്കള്‍ പറയുന്നു. മലയാളികള്‍ പൊതുവെ അങ്ങനെയാണ്. മറ്റുള്ളവര്‍ നന്നാവുന്നതു കണ്ടാല്‍ സഹിക്കില്ല. അവര്‍ക്കു പാരപണിയുന്നതാണ് ജീവിതവ്രതം. തന്നെ കടന്ന് ജീവിതവിജയത്തിലേക്കു കുതിക്കുന്നവനെ കാലുവെച്ചു വീഴ്ത്താന്‍ നോക്കും. അങ്ങനെ കാലിടറി വീണതാണ് പാവം പാവം ശ്രീനിജിനും.
എല്ലാ കളിയിലും താല്‍പര്യമുണ്ട്. ഏറ്റവും പ്രിയപ്പെട്ട കളി രാഷ്ട്രീയമാണ്. അവിടെ ഇനി ശോഭിക്കുന്നതിനുള്ള സാധ്യത കാണുന്നില്ല. കളിയില്‍ കുറെ പണമിറക്കാമെന്നു തീരുമാനിച്ചത് അങ്ങനെയാണെന്ന് അസൂയാലുക്കള്‍ പറയുന്നു. വിവ കേരളയുടെ തകര്‍ച്ചയോടെ ആ പദവി കൈയടക്കാനുള്ള പുതിയ ഫുട്ബാള്‍ ക്ലബ് ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയത് രഹസ്യമായി. പ്രാഥമിക മുതല്‍മുടക്ക് ഒരു കോടിയോളം വരും. ടീമിന്റെ മുഖ്യപങ്കാളിയായി എത്തിയ വിവരം അധികമാരെയും അറിയിച്ചിട്ടില്ല.
പാരകള്‍ പലവിധമുണ്ട്. കൂട്ടത്തില്‍ അല്‍പം മൂര്‍ച്ച കൂടിയ പാര വെച്ചത് ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനായ ഡോ. എം. ഫര്‍ഖാന്‍. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെയും ബന്ധുക്കളുടെയും അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്‌പീക്കര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് സുഷമസ്വരാജ്, യു.പി.എ അധ്യക്ഷ സോണിയഗാന്ധി, ഹൈകോടതി ചീഫ് ജസ്റ്റിസുമാര്‍ എന്നിവര്‍ക്കെല്ലാം പരാതിപ്പെട്ടുകൊണ്ടായിരുന്നു പാര. ജസ്റ്റിസ് ബാലകൃഷ്ണന്റെ മകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രദീപ്, മകളുടെ ഭര്‍ത്താവ് പി.വി. ശ്രീനിജിന്‍, മക്കളായ സോണി, റാണി എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും കത്തിനുമേല്‍ കാര്യമായ നടപടികള്‍ ഉണ്ടായില്ല. കര്‍ണാടകയിലെ ഖനിരാജാക്കന്മാരായ റെഡ്ഢിസഹോദരന്മാര്‍ക്കുവേണ്ടി വഴിവിട്ടു പ്രവര്‍ത്തിച്ചു, ജനാര്‍ദനറെഡ്ഢി കൊച്ചിയിലെത്തി ശ്രീനിജിനെ നേരില്‍ കണ്ടു സഹായം തേടി എന്നൊക്കെ ആരോപണങ്ങള്‍. പല കേസുകളും വെച്ചു താമസിപ്പിച്ചു, പലതിലും ബന്ധുക്കള്‍ ഇടപെട്ടു എന്നിങ്ങനെ പോവുന്നു കടുത്ത അസൂയാലുക്കളുടെ ഗീര്‍വാണങ്ങള്‍. എമ്പ്രാനല്‍പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നൊരു ചൊല്ലുണ്ട്. അതാണ് ജനത്തിന്റെ പേടി. ഇക്കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ വിശാല ഐ ഗ്രൂപ്പിനെ പരാജയപ്പെടുത്താന്‍ ശ്രീനിജിന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുവെന്ന് പറഞ്ഞത് രാഷ്ട്രീയ ശത്രുക്കളൊന്നുമല്ല, യൂത്ത് കോണ്‍ഗ്രസിന്റെ ചാലക്കുടി മണ്ഡലം ഭാരവാഹികളാണ്. നാലു വര്‍ഷംകൊണ്ട് കോടികള്‍ സമ്പാദിക്കാന്‍ കഴിയുന്ന ഏക ബിസിനസ് രാഷ്ട്രീയമാണ്. സ്വന്തം കൈകള്‍ ശുദ്ധമോ കളങ്കിതമോ എന്നു പറയാനോ പ്രതികരിക്കാനോ ഇപ്പോള്‍ കഥാപുരുഷന്‍ തയാറല്ല. മൗനം വിദ്വാന് ഭൂഷണം.
--
muhammad
www.keralites.net |
__._,_.___
No comments:
Post a Comment