തിരകളുടെ താളം നുകര്‍ന്ന്,
അന്തിവെളിച്ചത്തില്‍ നനഞ്ഞ്,
തിരക്കുകള്‍ക്ക് അകലെയുള്ള ഒരു തീരത്ത് പ്രിയാമണി
സാഗരസന്ധ്യകളെ എനിക്കിഷ്ടമാണ്. അതു തീര്‍ക്കുന്ന ഭാവങ്ങളേയും. സന്ധ്യയും സാഗരവും പ്രകൃതിയോടു നമ്മെ വല്ലാതടുപ്പിക്കും. സന്ധ്യ വന്ന് കടലിനെ തൊടുമ്പോള്‍, പ്രകൃതിയുമായി നമ്മള്‍ ലയിക്കും. ആ സമയം വികാരങ്ങളും ഭാവനകളും സാന്ദ്രമാവും. ഏകാന്തമായ ഒരു തീരത്ത,് സന്ധ്യാദീപ്തിയില്‍ നനഞ്ഞ്, കണ്ണുകള്‍ അടച്ച്, തിരകള്‍ തീരത്തണയുന്ന സംഗീതം ഒപ്പിയെടുക്കുക എന്നത് എന്റെ എക്കാലത്തേയും കാല്‍പ്പനികമായ സ്വപ്‌നമാണ്. ഈ തീരത്ത,് ഈ സന്ധ്യയില്‍, കടല്‍കാറ്റിന്റെ തലോടലേറ്റ് ഇങ്ങനെ നില്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഏതോ സന്തോഷം തോന്നുന്നു. ഇത്തരം ഇടവേളകള്‍ എനിക്കു കിട്ടുന്നത്് അപൂര്‍വമായി മാത്രം.
രഞ്ജിയേട്ടന്റെ (സംവിധായകന്‍ രഞ്ജിത്ത്) പുതിയ ചിത്രമായ പ്രാഞ്ചിയേട്ടന്റെ സെറ്റില്‍ തൃശുരില്‍ മമ്മൂക്കക്കൊപ്പം അഭിനയിക്കുമ്പോഴാണ് മാതൃഭൂമി യാത്ര അടുത്ത അവധി ദിനത്തില്‍, ഒരു 'ബ്രെയ്ക്ക് ഓഫറുമായി' വന്നത്. അവധി ദിനമെന്നാല്‍ എനിക്ക് ഓട്ടം തന്നെയാണ്. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ തന്നെ ഒരുപാടുണ്ടാവും. പിന്നെ ഇന്റര്‍വ്യൂകള്‍, പരസ്യ ഷൂട്ടുകള്‍...വിശ്രമമില്ലെന്നര്‍ഥം. ഒടുവില്‍, ഇതാ ഞാന്‍ ഒരു ബ്രെയ്ക്ക് എടുക്കാന്‍ പോകുന്നു...! ഉറക്കെയൊന്നു വിളിച്ചു പറയാന്‍ മനസ്സാഗ്രഹിച്ചു. നാട്ടികയിലെ ഒരു കടലോര വിശ്രമ കേന്ദ്രത്തിലേക്കാണു ഞങ്ങള്‍ പോകുന്നത്. നാട്ടികയിലെ തീരങ്ങള്‍ സുന്ദരികളാണെന്ന് കേട്ടിട്ടുണ്ട്. അവിടെയാണത്രെ ചെമ്മീന്‍ ഷൂട്ടു ചെയ്തത്.
ഗുരുവായൂര്‍- എറണാകുളം ഹൈവേയില്‍ തളിക്കുളത്തു നിന്നു തിരിഞ്ഞാല്‍ നാട്ടിക ബീച്ച് റിസോര്‍ട്ടായി. തിരക്കുകളില്‍ നിന്നകന്ന് സ്വഛമായ ഒരിടം. മേല്‍ക്കൂരയില്‍ രാമച്ചം പാകി, പാരമ്പര്യരീതിയില്‍ നിര്‍മ്മിച്ച വില്ലകളെ അനുസ്മരിപ്പിക്കുന്ന കോട്ടേജുകള്‍. പുല്‍തകിടി പിടിപ്പിച്ചു മനോഹരമാക്കിയ വിശാലമായ നിലങ്ങള്‍ക്കപ്പുറം പഞ്ചാരമണല്‍ത്തരികള്‍ കൊണ്ടു പരവതാനി വിരിച്ച ബീച്ച്.
സൂര്യന്‍ കടലിലേക്കു ചായാന്‍ തുടങ്ങി, മേഘാവൃതമായ മാനത്തിന്റെ ഭാവം പകര്‍ന്നു. പുല്‍തകിടികളില്‍ നിഴലുകള്‍ നൃത്തം തുടങ്ങി. ഇതാ സന്ധ്യ.. ! ഞാന്‍ കടല്‍ തീരത്തേക്കോടി. ചക്രവാളത്തില്‍ സൂര്യബിംബത്തിനു വേണ്ടി കടലും ആകാശവും പിടിവലി തുടങ്ങി. ആ ശ്രമത്തില്‍ ഒരു പാടു നിറങ്ങള്‍ അവിടെ ചിതറി വീണു. പ്രകൃതി പെട്ടന്ന് ഏകാഗ്രമായി. നീണ്ടു നീണ്ടു പോകുന്ന തീരത്തിപ്പോള്‍ തിര പരിരംഭണം ചെയ്യുന്ന സീല്‍ക്കാരം മാത്രം. അതിനു ശ്രുതിയായി തെങ്ങിന്‍ തലപ്പുകളില്‍ തംമ്പുരു മീട്ടുന്ന കടല്‍ക്കാറ്റ്. ഞാന്‍ കണ്ണുകളടച്ച് ദീര്‍ഘമായി നിശ്വസിച്ചു. ചെവിയിലിപ്പോള്‍ തിരയുടേയും കാറ്റിന്റെയും മുഴക്കങ്ങള്‍ മാത്രം. പതിയെ ഞാനൊരു മോഹനിദ്രയിലാഴ്ന്നു. ഭാരം നഷ്ടപ്പെട്ട ഒരു തൂവല്‍ പോലെ ഞാന്‍ ഉയര്‍ന്നു പോയി. പറഞ്ഞറിയിക്കാനാവാത്ത ഏതോ നിര്‍വൃതിയില്‍ ഞാന്‍ മുങ്ങിപ്പൊങ്ങി. ഇതു പോലെ സ്വയം നഷ്ടപ്പെട്ടിട്ട് ഒരുപാടായി.....
ഈ തീരം എന്നെ ഗോള്‍ (Galle) എന്ന കടല്‍ത്തീര നഗരം തന്ന പഴയ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്നു. 2004 ല്‍ ശ്രീലങ്കയിലെ തെക്കേ അറ്റത്തുള്ള ആ നഗരത്തിലായിരുന്നു എന്റെ ആദ്യ ചിത്രമായ, ഭാരതീരാജ സാറിന്റെ 'കണ്‍കളാല്‍ കൈദി സെയ്'യുടെ ചില ഭാഗങ്ങള്‍ ഷൂട്ട്് ചെയ്തിരുന്നത്. കടലിലേക്ക് തള്ളി നില്‍ക്കുന്ന സുന്ദരമായ നഗരം. ഇതുപോലുള്ള ഒരു കടലോര റിസോര്‍ട്ടിലായിരുന്ന ഞങ്ങള്‍ താമസിച്ചിരുന്നത്. ക്യാംപ് ഫയറും മറ്റുമൊക്കെയായി രസകരമായ ദിനങ്ങള്‍.
മാസങ്ങള്‍ക്കു ശേഷം സുനാമി തിരകള്‍ ആ നഗരത്തെയാകെ നക്കിത്തുടച്ചു. ഞങ്ങള്‍ താമസിച്ച റിസോര്‍ട്ടിനെ കടല്‍ മുഴുവനായും കൊണ്ടു പോയി. ഷൂട്ടിങ്ങ് ഒരു പക്ഷെ ഡിസംബര്‍ വരെ നീണ്ടിരുന്നെങ്കില്‍...! മുഗ്ധമായി നില്‍ക്കുന്ന ഈ പ്രകൃതി തന്നെയാണ് അന്ന് കലിതുളളി വന്നതും..! പ്രകൃതി ഒരു മഹാ നടന്‍ തന്നെ.
യാത്രകള്‍ എനിക്കൊരുപാടിഷ്ടമാണ്. പക്ഷെ കഴിഞ്ഞ ആറു വര്‍ഷമായി എനിക്കതിന് സാധിക്കാറില്ല. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക്, തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീളുന്ന ഷെഡ്യൂളുകള്‍. യാത്രകളില്‍ എപ്പോഴും മനസിനിണങ്ങിയ ഒരാളുണ്ടാവുന്നത് നല്ലതാണ്. ഒരു പെണ്‍കുട്ടിയോട് മനസ്സിനിണങ്ങിയ ആളാരാണെന്ന് ചോദിക്കേണ്ട ആവശ്യമുണ്ടോ.. സംശയിക്കുകയൊന്നും വേണ്ട എന്റെ കമ്പനി ബാംഗ്ലൂരുള്ള എന്റെ കസിന്‍ സന്ധ്യയാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും അവള്‍ തന്നെ. യാത്രകള്‍ കഴിയുന്നതും ഞങ്ങള്‍ ഒരുമിച്ചാണു പോകാറ്.
മഞ്ഞിറങ്ങുന്ന മലനിരകളും (ശ്രീലങ്കയിലെ നുവാര എലിയ ഹില്‍ സ്‌റ്റേഷന്‍ ഓര്‍മ്മ വരുന്നു), ഇരമ്പുന്ന നഗരങ്ങളും, ശാലീനമായ ഗ്രാമങ്ങളും (പരുത്തിവീരനിലേതു പോലെ) എല്ലാം എനിക്കിഷ്ടമാണ്. ഓരോന്നിനും ഓരോ വശ്യഭാവങ്ങള്‍. പക്ഷെ ഞാന്‍ പ്രണയിക്കുന്നത് കടല്‍ തീരങ്ങളെയാണ്. കടലും അവിടേക്കെത്തുന്ന സന്ധ്യകളും തീര്‍ക്കുന്ന നിഗൂഢമായ വശ്യത ഒരിക്കലും എഴുതി നിറക്കാനാവില്ല.
thanks mathrubhumi
Maanuwww.keralites.net |
No comments:
Post a Comment