കൂര്‍ക്കംവലി പരിഹരിക്കാം...ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്.
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്
നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.
കാരണങ്ങള്‍.
ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍ കൊണ്ട് ഇങ്ങനെ കൂര്‍ക്കംവലിയുണ്ടാകാം.
ജലദോഷവും മൂക്കടപ്പും: ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. കുട്ടികളില്‍ ഇതു കൂടുതലായി കാണാറുണ്ട്.
ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായി വരുന്നത്: വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്‌നമാണിത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസ വായുവിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.
തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്: കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ടകാരണം ഇതു തന്നെ. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. നാവും വലിയൊരു പേശിയാണല്ലോ.
ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും.കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ല എന്നതുമോര്‍ക്കുക. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും.
തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.
മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍: ജനിക്കുമ്പോള്‍തന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണം.
ടോണ്‍സിലൈറ്റിസ്: കഴുത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും.
പരിഹാരം.
പലപ്പോഴും ജീവിതക്രമീകരണങ്ങള്‍ കൊണ്ടു തന്നെ കൂര്‍ക്കംവലി വലിയൊരളവോളം പരിഹരിക്കാന്‍ കഴിയും
ചരിഞ്ഞു കിടക്കുക: മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കഴുത്തിലെ പേശികള്‍ അയഞ്ഞു തളര്‍ന്ന് ശ്വാസനാളം ചുരുങ്ങി കൂര്‍ക്കംവലിയുണ്ടാകാം.ചരിഞ്ഞു കിടന്നാല്‍ ഈ പ്രശ്‌നം വലിയൊരളവോളം പരിഹരിക്കാനാവും.
തടികുറയ്ക്കുക: കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാനാവും.
തലയണ വേണ്ട: മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.
അത്താഴം നേരത്തേ കഴിക്കുക: ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.
ജലദോഷം അകറ്റുക: മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറിയില്ലെന്നു വരാം.
ആവിപിടിക്കുക: ശ്വാസതടസ്സം, കഫക്കെട്ട് , ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആവി പിടിക്കുന്നത് ഏറെ ഫലം ചെയ്യും.
പതിവായി വ്യായാമം ചെയ്യുക: ഏതാണ്ടെല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ് പതിവു വ്യായാമം. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടും വിധം പതിവായി വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ക്കു ബലം കിട്ടും. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.
ചികില്‍സകള്‍.
ഗൗരവമായ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ട് എന്നു കണ്ടെത്തിയാല്‍ കൂര്‍ക്കംവലി പരിഹരിക്കാന്‍ ചികില്‍സകള്‍ വേണ്ടിവരും. മൂക്കിന്റെയോ മുഖാകൃതിയുടെയോ പ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയവയുള്ളവര്‍ക്ക് ചികില്‍സ വേണ്ടിവരും. ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.
സി.പാപ്: ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം കേരളത്തില്‍ ഇപ്പോള്‍ വളരെയധികം പേര്‍ ഉപയോഗിക്കുന്നുണ്ട്.
ഉറക്കവുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളിലും പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടാവും. കൂര്‍ക്കംവലിയുടെ കാര്യത്തിലും പാരമ്പര്യം ഒരു പ്രധാനകാരണമാണ്.
കഴുത്തിന്റെ വണ്ണം 17 ഇഞ്ചില്‍ കൂടുതലുള്ള പുരുഷന്മാര്‍ക്കും 15 ഇഞ്ചില്‍ കൂടുതലുള്ള സ്ത്രീകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പൊതുവേ കുട്ടികളില്‍ കൂര്‍ക്കംവലി കുറവാണ്.
പുരുഷന്മാരിലാണ് കൂര്‍ക്കംവലി ഏറ്റവും കൂടുതല്‍.അതില്‍ത്തന്നെ 25-60 പ്രായമുള്ളവരില്‍.
കൂര്‍ക്കംവലി രോഗഅഷ്ട. എന്നാല്‍ രോഗങ്ങള്‍ മൂലം കൂര്‍ക്കംവലിയുണ്ടാകാറുണ്ട്്.
ഉറക്കത്തിനിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മിക്കവരുടെയും കൂര്‍ക്കം വലി തെല്ലൊന്നു കുറയാറുണ്ട്
കൂര്‍ക്കംവലിക്കിടെ ഇടക്ക് ശ്വാസം നിന്നു പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഗൗരവമേറിയ പ്രശ്‌നങ്ങളുണ്ടാകാം. ശ്വാസം ഇടക്കു നിന്നു പോകുമ്പോള്‍ തലച്ചോറിലേക്കുള്ള വായു പ്രവാഹം തടസ്സപ്പെടുന്നതാണ് പ്രശ്‌നകാരണമായി മാറുന്നത്.
www.keralites.net |
__._,_.___
No comments:
Post a Comment