Tuesday, December 6, 2011

[www.keralites.net] അമ്മ അറിയാന്

 

അമ്മ അറിയാന്‍

ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ആശ്വാസവും അറിവും പകര്‍ന്നു നല്‍കുന്ന മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്‍സുമാരെ ഗുണ്ടകള്‍ മര്‍ദ്ദിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയാനുള്ള സാധ്യത കുറവാണ്. അമ്മയ്‍ക്കും അമ്മയുടെ പേരിലുള്ള സ്ഥാപനത്തിനും കളങ്കമുണ്ടാക്കാനിടയുള്ള ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും ആഗ്രഹിക്കില്ല.അമ്മയുടെ കാരുണ്യവും വാല്‍സല്യവുമറിഞ്ഞിട്ടുള്ള ഒരാള്‍ക്കും ഈ അക്രമങ്ങളോട് അമ്മ യോജിക്കും എന്നും കരുതാനാവില്ല.എന്നാല്‍,അക്രമത്തിനിരയായ നഴ്‍സുമാരും അമ്മയുടെ മറ്റു ഭക്തരെപ്പോലെ തന്നെയുള്ളവരാണ് എന്നത് മാനേജ്‍മെന്റ് മറക്കരുതായിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലത്തെ ശങ്കേഴ്‍സ് ആശുപത്രിയില്‍ നഴ്സുമാരെ ഗുണ്ടകള്‍ മര്‍ദിച്ച സംഭവം മാധ്യമങ്ങള്‍ അതിവിദഗ്ധമായി മുക്കിയിരുന്നു. ഇവിടെയും അതാവര്‍ത്തിക്കും. അമൃത ആശുപത്രിയില്‍ ഇന്നലെ രാവിലെ ചര്‍ച്ചയ്‍ക്കെത്തിയ നഴ്‍സിങ് അസോസിയേഷന്‍ ഭാരവാഹികളെയാണ് മറ്റ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇറച്ചിക്കൊതിയുള്ള ആശുപത്രികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യനന്മയ്‍ക്കും സാമൂഹികസേവനത്തിനും വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത് വേദനാജനകമാണ്.

ക്രൂരമായ പീഡനങ്ങളും ചൂഷണവുമേറ്റുവാങ്ങുന്ന നഴ്‍സിങ് സമൂഹം രാജ്യത്ത് ഒരു വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. മുംബൈയിലെ നഴ്‍സുമാരുടെ സമരകഥകളും മാനേജ്‍മെന്റുകളുടെ ക്രൂരതകളും വര്‍ണിച്ച മാധ്യമങ്ങള്‍ സ്വന്തം കണ്‍മുന്നിലെ അക്രമങ്ങള്‍ക്കു മുന്നില്‍ ഷണ്ഡീകരിക്കപ്പെടുകയാണ്. അവര്‍ മനുഷ്യരാണെന്നും അവര്‍ ചെയ്യുന്നത് മാന്യമായ പ്രതിഫലം അര്‍ഹിക്കുന്ന ജോലിയാണെന്നുമുള്ള സത്യം അംഗീകരിക്കാന്‍ മടിക്കുന്ന മാനേജ്‍മെന്റുകള്‍ അവരെ അടിച്ചമര്‍ത്താനും കൊലപ്പെടുത്താനും വരെ തയ്യാറാകും എന്നതിന്റെ സൂചനകളാണ് കാണുന്നത്.ലോകത്തെ ഏറ്റവും സുരക്ഷിതത്വമില്ലാത്ത,ഏറ്റവുമധികം അവഗണിക്കപ്പെട്ട, എന്നാല്‍ ഏറ്റവും അനിവാര്യമായ തൊഴില്‍മേഖലയില്‍ നിന്നും ഉയരുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ശബ്ദങ്ങളെ അവഗണിക്കുന്നത് നീതികരിക്കാനാവാത്ത ക്രൂരതയാണ്.

നഴ്‍സുമാരെ ആക്രമിക്കാന്‍ മാധ്യമങ്ങളും സര്‍ക്കാരും നല്‍കുന്ന ഈ മൗനാനുവാദം മൂലം അക്രമങ്ങള്‍ ഇനി കൂടുതല്‍ വ്യാപിക്കും.ഇതേ മാതൃക പിന്തുടര്‍ന്ന് നഴ്‍സുമാരുടെ കയ്യും കാലും തല്ലിയൊടിക്കാന്‍ മാനേജ്‍മെന്റുകള്‍ തയ്യാറാവും.ഒടുവില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം പോലെ പ്രതിഷേധം വൈകാരികമായതിനു ശേഷം സമവായവുമായി എത്തുമ്പോഴേക്കും വല്ലാതെ വൈകിപ്പോയിട്ടുണ്ടാവും.

പുതുതായി രൂപീകരിച്ച യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എന്ന സംഘടനയുടെ യുണിറ്റ് അമൃത ആശുപത്രിയിലും ഉണ്ടാക്കിയിരുന്നത്രേ. അസോസിയേഷന്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ മാനേജ്മെന്‍റ് പിരിച്ചുവിട്ടു. ഇതാണു സമരത്തിലേക്കു നയിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ നേരത്തെ അറിച്ചതുപ്രകാരം യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ, തൃശൂര്‍ ജില്ലാ സെക്രട്ടറി ഷിഹാബ് എന്നിവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നത്രേ.പരുക്കേറ്റവരെ മര്‍ദിച്ചവര്‍ തന്നെ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൈകാലുകള്‍ ഒടിഞ്ഞ ഇവരെ മറ്റ് ആശുപത്രികളില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം കാഷ്വല്‍റ്റിയില്‍ തടഞ്ഞുവെച്ചു.ഇതെത്തുടര്‍ന്ന് ആശുപത്രിയിലെ ഇരുനൂറോളം വരുന്ന നഴ്‍സുമാര്‍ ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്നു.തുടര്‍ന്ന് പൊലീസെത്തിയെങ്കിലും പൊലീസിനു നേരെയും ആശുപത്രി ജീവനക്കാരുടെ അക്രമമുണ്ടായി.

അമ്മ എന്ന വാക്കിന് ലോകത്ത് ഇന്ന് ഒരേയൊരു പര്യായമേയുള്ളൂ, അത് മാതാ അമൃതാനന്ദമയിയുടേതാണ്. അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ യൂണിയന്‍ പ്രവര്‍ത്തനം വേണോ വേണ്ടയോ എന്നത് എന്റെ വിഷയമല്ല.അവിടെ ചര്‍ച്ചയ്‍ക്കു വന്നവര്‍ ചെയ്തത് തെറ്റോ ശരിയോ എന്നും എനിക്കറിയില്ല.എന്നാല്‍,ആ പേരിനു കളങ്കമുണ്ടാക്കും വിധം ഇത്തരത്തില്‍ ക്രൂരമായ അക്രമങ്ങള്‍ക്ക് ആശുപത്രി പരിസരം വേദിയായത് ഖേദകരമാണ്.എല്ലാ വേദനകളും ഇല്ലാതാക്കുന്ന പവിത്രമായ സ്ഥലത്ത് അക്രമികള്‍ ആയുധങ്ങളുമായി വേട്ടയ്‍ക്കിറങ്ങുന്നത് നിര്‍ഭാഗ്യകരമാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment