മട്ടുപ്പാവിലെ പച്ചക്കറി വസന്തം
വീടിന്റെ മട്ടുപ്പാവില്‍ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്‌ത് മികച്ച വിളവെടുക്കുകയാണ് കോട്ടയം ജില്ലയിലെ മാന്തുരുത്തി സ്വദേശി ചന്ദ്രോദയം വീട്ടില്‍ ടി.എന്‍. ചന്ദ്രശേഖരന്‍ എന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍.
പാവല്‍, പടവലം, വെണ്ട, മുളക്, വഴുതന, ചീര തുടങ്ങി ഒട്ടേറെ പച്ചക്കറികള്‍ വിളഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസ് ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ചാണകം മണ്ണുമായി കലര്‍ത്തി ചാക്കുകളില്‍ നിറച്ച് പച്ചക്കറി വിത്തുകള്‍ പാകുകയാണ് ഇദ്ദേഹത്തിന്റെ കൃഷി രീതിയുടെ ആദ്യപടി. ദിവസേന വെള്ളം നനച്ചുകൊടുക്കുന്ന ഇവ മുളച്ച് വള്ളി വീശിതുടങ്ങുന്നതോടെ സ്‌ഥിരമായി നിര്‍മിച്ചിരിക്കുന്ന പന്തലിലേയ്‌ക്ക് പടര്‍ത്തിവിടുന്നു. കായ് പിടിച്ചു തുടങ്ങുന്ന പച്ചക്കറികളിലേക്കു പറന്നെത്തുന്ന കായീച്ചകളെ വേപ്പിലയും വെളുത്തുള്ളിയും ചതച്ചെടുത്ത മിശ്രിതം വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചു നിയന്ത്രിക്കുന്നു. കീടങ്ങളുടെ ആക്രമണം തീരെയില്ലാത്തതിനാല്‍ പാവയ്‌ക്കയും മറ്റും പൊതിഞ്ഞു സൂക്ഷിക്കുന്ന പതിവ് ഇവിടെയില്ല. വീടിനു ചുറ്റും നട്ടിരിക്കുന്ന വേപ്പുമരത്തിന്റെ സാമിപ്യംകൊണ്ട് വീട്ടില്‍പോലും ഇച്ചയും കൊതുകും പരിസരത്ത് അടുക്കാറില്ലെന്നും ഇദ്ദേഹം പറയുന്നു.
ടെറസിനു മുകളില്‍ അന്‍പതോളം ചാക്കുകളില്‍ പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനോടൊപ്പം ചന്ദ്രശേഖരന്‍ തന്റെ കൊച്ചുതൊടിയില്‍ വിവിധയിനം വാഴകള്‍, മാവ്, പേര, ചാമ്പ, പൂച്ചെടികള്‍ എന്നിവയും വളര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍നിന്നു വിരമിച്ചശേഷം അഞ്ചുവര്‍ഷമായി കാര്‍ഷികരംഗത്തു തുടരുന്ന ഇദ്ദേഹത്തിന് ഭാര്യ ശോഭാമണിയുടെ സഹായവും പിന്തുണയുമാണ് കരുത്ത്.
No comments:
Post a Comment