Monday, October 11, 2010

[www.keralites.net] നോണ്‍ റെസിഡന്റും റെസിഡന്റും



നോണ്‍ റെസിഡന്റും റെസിഡന്റും

 

1991ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ കാലത്ത് രൂക്ഷമായ വിദേശനാണ്യക്കമ്മി മറികടക്കാന്‍ 47 ടണ്‍ സ്വര്‍ണം ലണ്ടനിലേക്ക് കൊണ്ടുപോയി പണയംവെക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തില്‍നിന്നും 20 ടണ്‍ സ്വര്‍ണം തിരിച്ചുവാങ്ങാമെന്ന കരാറോടെ വിദേശത്ത് വില്ക്കുകയും ചെയ്തു. 6,000 കോടി ഡോളറാണ് ഇതുവഴി സമാഹരിക്കാനായത്. അന്ന് ധനമന്ത്രിയായിരുന്ന യശ്വന്ത്‌സിന്‍ഹ ഈ ആപത്ഘട്ടത്തില്‍ മാതൃ രാജ്യത്തേക്ക് വിദേശനാണ്യം അയച്ച് സഹായിക്കാന്‍ പ്രവാസി ഭാരതീയരോട് അഭ്യര്‍ഥിക്കുകയുണ്ടായി. അന്ന് ലഭിച്ച നല്ല പ്രതികരണം ഇന്നും തുടരുന്നുവെന്നതിനു തെളിവാണ് 2008-09 കാലഘട്ടത്തില്‍ പ്രവാസി ഭാരതീയര്‍ ഇന്ത്യയിലേക്ക് 399 കോടി ഡോളര്‍ അയച്ചുവെന്ന കണക്ക് . 2009 മാര്‍ച്ച് 31 ന് പ്രവാസി ഭാരതീയരുടേതായി ഇന്ത്യന്‍ ബാങ്കുകളിലെ മൊത്തം നിക്ഷേപം 4126 കോടി ഡോളറായിരുന്നു എന്നതും ഈ വിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ നമ്മുടെ സമ്പദ്ഘടനയ്ക്ക് നല്കിവരുന്ന പിന്തുണയുടെ മറ്റൊരു തെളിവുതന്നെ.

നേപ്പാളില്‍ വിമാനമിറങ്ങി ഇന്ത്യന്‍ പാസ്‌പോര്‍ട്ടും കറന്‍സിയും കാണിച്ച് പാസ്‌പോര്‍ട്ടില്‍ ഇന്ത്യയിലേക്ക് കടന്നുവെന്നു രേഖപ്പെടുത്താതെ റോഡുമാര്‍ഗം വന്നുപോകുന്നത് സാധാരണ പ്രവാസി ഭാരതീയനല്ല,വന്‍ തോക്കുകളാണ് എന്നത് മറന്നിട്ടാണ് പ്രത്യക്ഷനികുതി ബില്ലില്‍ പ്രവാസി ഭാരതീയരെ ദ്രോഹിക്കുന്ന വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് എന്നുതന്നെ പറയണം. ഇതുതികഞ്ഞ നന്ദികേടുകൂടിയാണ്.

ലോകത്തുള്ള മിക്ക രാജ്യങ്ങളും നികുതികള്‍ ചുമത്തുന്നത് പൗരത്വത്തെ ആസ്​പദമാക്കിയല്ല. താമസത്തെ ആസ്​പദമാക്കിയാണ്. നമ്മുടെ ആദായനികുതി നിയമവും ഇതിന് അപവാദമല്ല. നിലവിലുള്ള 1961 ലെ ആദായനികുതി നിയമത്തിലെ 6-ാം വകുപ്പും പ്രത്യക്ഷ നികുതി ബില്ലിലെ 4-ാം വകുപ്പും തമ്മിലൊരു താരതമ്യപഠനം നടത്തുന്നത് അവസോരോചിതമായിരിക്കും.

നിലവിലുള്ള വകുപ്പ്:


ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ഒരു വ്യക്തി ഇന്ത്യയിലെ 'റെസിഡന്റ്'ആയി പരിഗണിക്കപ്പെടും. 

എ) പ്രസ്തുത വ്യക്തി നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 182 ദിനങ്ങളോ അതില്‍ക്കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരുന്നു; അല്ലെങ്കില്‍

ബി) കഴിഞ്ഞ നാല് സാമ്പത്തികവര്‍ഷങ്ങളില്‍ 365 ദിനങ്ങളോ അതില്‍ക്കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയും നടപ്പുവര്‍ഷത്തില്‍ അറുപതോ അതില്‍ക്കൂടുതലോ ദിനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയോ ചെയ്തു.

എന്നാല്‍ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ക്ക് രണ്ട് അപവാദങ്ങള്‍ നല്കിയിരുന്നത് പ്രവാസി ഭാരതീയര്‍ക്ക് സഹായകമായിരുന്നു.

എ) ഒരു ഇന്ത്യന്‍ കപ്പലിലെ ജോലിക്കാരനായോ ഇന്ത്യയ്ക്ക് പുറത്ത് മറ്റു ജോലിക്കായോ പോകുന്ന ഇന്ത്യന്‍ പൗരത്വമുള്ളയാള്‍


ബി) രാജ്യത്തിനു പുറത്തായിരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ അഥവാ ഇന്ത്യന്‍ വംശജന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി വരുമ്പോള്‍

മേല്‍പ്പറഞ്ഞ (എ) യും (ബി) യും ബാധകമായ കേസുകളില്‍ 60 ദിവസം എന്ന പരിധി 182 ദിവസം എന്നാക്കി വേണം പരിഗണിക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഗണത്തില്‍ വരുന്ന വ്യക്തികള്‍ കഴിഞ്ഞ നാല് സാമ്പത്തികവര്‍ഷങ്ങളിലുംകൂടി 365 ദിവസം ഇന്ത്യയിലുണ്ടായിരുന്നാലും 'നോണ്‍ റെസിഡന്റ്' ആയി പരിഗണിക്കപ്പെടും.

ഉദാഹരണത്തിന് പട്ടിക ഒന്ന് നോക്കുക. ആരൊക്കെ 'നോണ്‍ റെസിഡന്റ്' ആവുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാവും? 


പട്ടികയില്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു.

1. പുറത്തേക്ക് ജോലിക്കായി പോകുന്നവര്‍ക്കുള്ള ആനുകൂല്യം ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രമാണ് ലഭ്യമാകുക.

2. സന്ദര്‍ശനത്തിനു വരുന്നതിനുള്ള ആനുകൂല്യം ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ലഭ്യമാണ്.

പ്രത്യക്ഷ നികുതിബില്ലിലെ വ്യവസ്ഥകള്‍ എന്തെന്ന് നോക്കാം. റസിഡന്റ് ആകുന്നത് ഈ സന്ദര്‍ഭങ്ങളിലാണ്:

എ.) നടപ്പു സാമ്പത്തികവര്‍ഷത്തില്‍ 182 ദിനങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരുന്നു (മാറ്റമില്ല).

ബി.) കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷങ്ങളില്‍ 365 ദിനങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയും നടപ്പു വര്‍ഷത്തില്‍ അറുപതോ അതില്‍ കൂടുതലോ ദിനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയും ചെയ്തു (മാറ്റമില്ല).

എന്നാല്‍ മേല്പറഞ്ഞ (ബി.)-യിലെ 60 ദിവസം എന്ന പരിധി ഇനി പറയുന്ന വ്യക്തികള്‍ക്കു ബാധകമല്ല.

1. ഇന്ത്യന്‍ കപ്പലില്‍ ജോലിക്കാരനായി പോകുന്ന ഇന്ത്യന്‍ പൗരന്‍.

2. പുറത്തു ജോലിക്കായി പോകുന്ന ഇന്ത്യന്‍ പൗരന്‍.

മേല്‍ വിവരിച്ചതില്‍നിന്ന് ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി വരുന്ന ഏവര്‍ക്കും അവര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ 365 ദിവസങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയിലുണ്ടായിരുന്നവരാണെങ്കില്‍ 59 ദിനങ്ങളില്‍ കൂടുതല്‍ ഇവിടെ തങ്ങിയാല്‍ 'റസിഡന്റ്' ആയിത്തീരും. 

പ്രത്യാഘാതങ്ങള്‍


അന്യ നാട്ടില്‍ പോയി പണിയെടുത്തു സ്വന്തം രാജ്യത്ത് സന്ദര്‍ശനത്തിനായി എത്തുന്നവര്‍ വളരെ സൂക്ഷിച്ചു കണക്കുകൂട്ടി സന്ദര്‍ശനം നടത്തിയില്ലെങ്കില്‍ അവരുടെ വിദേശവരുമാനം ഇവിടെ നികുതി വിധേയമാക്കപ്പെടും. ഉദാഹരണം വഴി ഇതു വ്യക്തമാക്കാം.

2012 ഏപ്രില്‍ ഒന്നു മുതല്‍ 'എ' എന്ന വ്യക്തി പുറത്തു ജോലിക്കായി പോവുകയും 2013 ഏപ്രില്‍ ഒന്നു മുതല്‍ സന്ദര്‍ശനത്തിനായി മടങ്ങിവന്ന് 2013 മെയ് 29-ന് മടങ്ങിപ്പോവുകയും ചെയ്താല്‍ 2012-13 സാമ്പത്തികവര്‍ഷത്തിലും 2013-14 സാമ്പത്തിക വര്‍ഷത്തിലും അദ്ദേഹം നോണ്‍ റസിഡന്റ് ആയിരിക്കും. എന്നാല്‍ 2013 മെയ് 30-നാണ് മടങ്ങിപ്പോകുന്നതെങ്കില്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം റസിഡന്റ് ആയിത്തീരുകയും ചെയ്യും. അതുമൂലം അദ്ദേഹത്തിന്റെ വിദേശവരുമാനവും ഇവിടെ നികുതിവിധേയമാവും. 2013 മെയ് 29-ന് മടങ്ങിപ്പോയ ശേഷം ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇവിടെ വന്നാലും റസിഡന്റ് ആയിപ്പോകും. 

കുറച്ചു പ്ലാനിങ് നടത്തിയാല്‍ കുറച്ചുനാള്‍ കൂടുതല്‍ ഇവിടെ തങ്ങാനും സാധ്യമാവും. 2013 ഫിബ്രവരി ഒന്നിന് വരുന്നു. അപ്പോള്‍ 2012-13 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടാവുക 59 ദിവസം മാത്രം (ഫിബ്രവരി 28 + മാര്‍ച്ച് 31.) അതിനാല്‍ ആ വര്‍ഷം നോണ്‍ റസിഡന്റ് ആയിരിക്കും. എന്നിട്ട്, 2013 മെയ് 29ന് തിരികെപ്പോയാലും 2013-14 വര്‍ഷത്തിലും ഇന്ത്യയിലുണ്ടാവുക 59 ദിവസം മാത്രം. 

അതിനാല്‍ ആ വര്‍ഷവും നോണ്‍ റസിഡന്റ് തന്നെ. അങ്ങനെ മൊത്തം 118 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍ തങ്ങാം. പക്ഷേ, 2013-14-ല്‍ എന്തെങ്കിലും അത്യാവശ്യത്തിനായി ഇന്ത്യയില്‍ വരേണ്ടിവന്നാല്‍ സംഗതി കുഴയും എന്നോര്‍ക്കുക,

ഇങ്ങനെ വിദേശവരുമാനത്തിനും ഇവിടെ നികുതി നല്‍കേണ്ടിവരുമ്പാള്‍ ജോലിയെടുക്കുന്ന വിദേശ രാജ്യവും ഇന്ത്യയും തമ്മിലുള്ള ഡബിള്‍ ടാകേ്‌സഷന്‍ (ഒഴിവാക്കല്‍) കരാറുകള്‍ നികുതിദായകന്റെ സഹായത്തിനെത്തുന്നു. ഇങ്ങനെയുള്ള കരാറുകള്‍ പ്രകാരം ഏതു രാജ്യത്തെ നികുതി നിരക്കാണോ കുറവ്, അത് തിരഞ്ഞെടുക്കാനുള്ള അവകാശം നികുതിദായകനുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, കൊറിയ, കുവൈത്ത്, ലബനന്‍, ലിബിയ, മലേഷ്യ, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, ഒമാന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സൗദിഅറേബ്യ, സിംഗപ്പൂര്‍, സ്‌പെയിന്‍, ശ്രീലങ്ക, സിറിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍, യു.എ.ഇ. തുടങ്ങി നിരവധി രാജ്യങ്ങളുമായി നമുക്ക് ഈ കരാറുണ്ട്.

നിലവിലുള്ള ആദായനികുതി നിയമപ്രകാരമുള്ള 'നോട്ട് ഓര്‍ഡിനറിലി റസിഡന്റ്' എന്ന ഗണവും പ്രത്യക്ഷനികുതി കോഡില്‍ ഒഴിവാക്കിയിരിക്കുന്നു എന്നതും പ്രവാസി ഭാരതീയര്‍ക്കും ഇരുട്ടടിയായിത്തീരുന്നുവെന്നതില്‍ സംശയമില്ല.

നിര്‍ദിഷ്ട ബില്‍ സഭാസമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നതിനാല്‍ ഇനിയും മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. വിദേശ ഇന്ത്യക്കാരുടെ അസോസിയേഷനുകളും പ്രവാസി മന്ത്രാലയവും ഈ വകുപ്പുകള്‍ക്കെതിരായി ശക്തമായി പ്രതികരിച്ചാല്‍ ദോഷകരമായ വകുപ്പുകള്‍ പിന്‍വലിച്ചേക്കാം.






www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment