ലിയ പദ്ധതികള്‍ വരുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കാമെന്നതിന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ പദ്ധതി മാതൃകയാവുന്നു
വികസനപദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കുന്നവരെ എങ്ങനെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കണമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനെ കണ്ടുപഠിക്കണം. കൊച്ചിയിലെ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിനായി ഒഴിപ്പിക്കപ്പെട്ടവര്‍ ഇപ്പോഴും പെരുവഴിയില്‍ അന്തിയുറങ്ങുമ്പോള്‍ മെട്രോ റെയില്‍ പണി പൂര്‍ത്തിയാക്കുംമുമ്പുതന്നെ ഒരു പരാതിക്കും ഇടവരാതെ പദ്ധതിബാധിതരെ ബാംഗ്ലൂര്‍ മെട്രോ അധികൃതര്‍ പുനരധിവസിപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ മറ്റു മെട്രോ പദ്ധതികള്‍ക്കും അടിസ്ഥാനസൗകര്യവികസന വിദഗ്ധര്‍ക്കും മാതൃകയായിമാറിയിരിക്കുകയാണിത്.
ബാംഗ്ലൂര്‍ മെട്രോ റെയില്‍ കടന്നുപോകുന്ന നഗരമധ്യത്തിലെ മല്ലേശ്വരം ജയ്ഭീമാ നഗര്‍ കോളനിനിവാസികളെയാണ് ജാലഹള്ളിക്കടുത്ത് പീനിയയില്‍ പുതിയ പാര്‍പ്പിടസമുച്ചയം നിര്‍മിച്ച് അവിടേക്ക് പറിച്ചുനട്ടത്. ബാംഗ്ലൂരിലെ ഏറ്റവും വലിയ ചേരികളിലൊന്നായിരുന്നു ജയ്ഭീമാനഗര്‍. പുതിയ വാസസ്ഥലത്തെക്കുറിച്ച് ഇവര്‍ക്ക് പരാതികളൊന്നുമില്ലെന്നു മാത്രമല്ല എല്ലാവരും ഏറേ സന്തുഷ്ടരുമാണ്.
മെട്രോ റെയിലിനായി 2009 ഡിസംബറിലാണ് ഈ ചേരി നിവാസികളുടെ കിടപ്പാടങ്ങള്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. 103 കുടുംബങ്ങളാണ് ഇവിടത്തെ കുടിലുകളില്‍ അന്തിയുറങ്ങിയിരുന്നത്-കന്നഡക്കാരും തമിഴരുമായ കൂലിപ്പണിക്കാരും വഴിയോരക്കച്ചവടക്കാരും.
ഇവരൊക്കെ അവിടെ താമസിക്കുന്നുവെന്നതിന് തെളിവാ യി ഭൂരിപക്ഷം പേര്‍ക്കും റേഷന്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ പോലുള്ള അംഗീകൃത സര്‍ക്കാര്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടതായിരുന്നു ഈ ചേരി. മുപ്പതു പേര്‍ക്കേ പട്ടയമോ കുടികിടപ്പോപോലുള്ള ഭൂമിരേഖ ഉണ്ടായിരുന്നുള്ളൂ. ബാക്കി സര്‍ക്കാര്‍ ഭൂമിയാണെന്നാണ് റവന്യൂ രേഖകള്‍ പറയുന്നത്. പക്ഷേ, ഇവരെ കുടിയൊഴിപ്പിക്കാന്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഇത്തരം രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ തികച്ചും വ്യത്യസ്തവും പ്രായോഗികവുമായ വഴിയാണ് സ്വീകരിച്ചതെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എം.ഡി. എന്‍. ശിവശൈലം പറഞ്ഞു.
ചേരിനിവാസികളോട് ഒരു സംഘടനയുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ജയ്ഭീമാനഗര്‍ സ്ലം അസോസിയേഷന്‍ പിറന്നത്. പുനരധിവാസ പാക്കേജ് അവരുമായാണ് ചര്‍ച്ച ചെയ്തത്.
നഗരത്തിനടുത്തു തന്നെ തൊഴില്‍സാധ്യതയുള്ള മേഖലയില്‍ രണ്ടുമുറിയുള്ള നല്ല വീട്, അതിന് ഉടമസ്ഥാവകാശവും നിയമപരമായ രേഖകളുമായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും എല്ലാവരും ഒരുപോലെ പാക്കേജിനെ സ്വാഗതം ചെയ്തുവെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി. ജയ്പാല്‍ വിശദീകരിച്ചു. ബാംഗ്ലൂരിലെ വ്യവസായ മേഖലയായ പീനിയ തന്നെ പുനരധിവാസത്തിനായി തിരഞ്ഞെടുത്തത് അങ്ങനെയാണ്. പുതിയസ്ഥലത്തേക്ക് മാറുന്നവര്‍ക്ക് അവിടെ തൊഴിലവസരങ്ങളും ലഭിക്കും.
ബാംഗ്ലൂര്‍ മെട്രോ റെയിലിനായി പീനിയയില്‍ സ്ഥാപിക്കുന്ന കേന്ദ്ര ഡിപ്പോയോടു ചേര്‍ന്നാണ് 103 വീടുകള്‍ ഇപ്പോള്‍ പണിതീര്‍ത്തിരിക്കുന്നത്. മൂന്നുനിരകളിലായി രണ്ടു കിടപ്പുമുറിയും ഒരു ഹാളും അടുക്കളയും ബാല്‍ക്കണിയും ഒക്കെയുള്ള സുന്ദരമായ ഫ്‌ളാറ്റുകള്‍ അടങ്ങുന്ന ഇരുനില കെട്ടിടങ്ങളുടെ നീണ്ടനിര. 82 കുടുംബങ്ങള്‍ അവിടെ താമസമാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ ഒരുമാസത്തിനുള്ളില്‍ അങ്ങോട്ടേക്ക് മാറും. വീടിനു പുറമേ, അവിടേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനും ജീവിതം തുടങ്ങാനുമായി ഓരോ കുടുംബത്തിനും 12,500 രൂപ വീതവും മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കൊടുത്തു.
വൈദ്യുതിയും കുടിവെള്ളവും കക്കൂസും ഒന്നുമില്ലാതിരുന്ന ഒറ്റ കുടുസ്സുമുറികളില്‍ തിങ്ങിക്കിടന്നുറങ്ങിയ ജയ്ഭീമാനഗറിലെ പാവങ്ങള്‍ക്ക് പുതിയ താമസസ്ഥലം സ്വര്‍ഗംപോലെയാണ്. എല്ലാ ഫ്‌ളാറ്റിലെയും രണ്ടു കിടപ്പുമുറികളിലും അറ്റാച്ച്ഡ് ബാത്ത്‌റൂം. നാലു ഫ്‌ളാറ്റുകള്‍ക്ക് 3500 ലിറ്ററിന്റെ ഒരു വാട്ടര്‍ ടാങ്ക്. 24 മണിക്കൂറും കുടിവെള്ളത്തിന് മൂന്നു കുഴല്‍ക്കിണര്‍. എല്ലാ വീട്ടിലും വൈദ്യുതി കണക്ഷന്‍. ഇനി ഇവര്‍ക്ക് പൊതുകക്കൂസിന്റെ മുന്നില്‍ കാത്തുനില്‍ക്കേണ്ട. കുടിവെള്ളത്തിന് കുടവുമായി ആകെയുള്ള രണ്ടു ടാപ്പിനുമുന്നില്‍ മണിക്കൂറുകള്‍ ക്യൂനില്‍ക്കുകയും വേണ്ട.
പുതിയ വാസസ്ഥലം തങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചുവെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജയ്പാല്‍ പറഞ്ഞു. ടൈല്‍സ് പാകിയ വൃത്തിയുള്ള വീടുകള്‍ അവരെ പരിസരത്തിന്റെയും വൃത്തി പഠിപ്പിച്ചു. ചിക്കുന്‍ഗുനിയയും ഡെങ്കിയും പതിവായിരുന്ന ചേരിയില്‍ ഇപ്പോള്‍ അവര്‍ അവയെ ഭയക്കുന്നില്ല. ചിലര്‍ വീട്ടില്‍ ടി.വി. വാങ്ങി. നന്നായി വസ്ത്രം ധരിച്ചുതുടങ്ങി. പീനിയ വ്യവസായമേഖലയില്‍ ഒട്ടേറെ തൊഴിലും. വരുമാനവും കൂടി. എന്നും രാത്രി മദ്യപിച്ചുവന്ന് ഭാര്യയെ തല്ലിയിരുന്നവര്‍ അത്തരം പരിപാടികളൊക്കെ ഉപേക്ഷിച്ചുവെന്നും ജയ്പാല്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീശാക്തീകരണത്തിന്റെ ഒരു വഴികൂടി തുറന്നുകൊണ്ടായിരുന്നു ഈ പുനരധിവാസ പദ്ധതി നടപ്പാക്കിയതെന്ന് മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ശിവശൈലം പറയുന്നു. വീടുകളുടെ ഉടമസ്ഥാവകാശവും രേഖയും അതത് കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിലാണ് കൈമാറിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇതിലൂടെ കൈവന്നത് കുടുംബങ്ങളില്‍ അവരുടെ നില ഉയര്‍ത്തി. ഭാവിയില്‍ പുരുഷന്മാര്‍ വീട് വിറ്റുമുടിക്കുന്നത് ഇങ്ങനെ തടയാനുമാകുമെന്ന് മുമ്പ് കര്‍ണാടക ഗ്രാമീണ ഭവനപദ്ധതിയുടെ ചുമതലക്കാരനായ ശിവശൈലം ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് കളിക്കാനായി ഒരു പാര്‍ക്കും അവിടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
ഒരു പ്രതിഷേധവും പരാതിയുമില്ലാതെയാണ് ഈ പുനരധിവാസ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഡിസംബറില്‍ ബാംഗ്ലൂര്‍ മെട്രോ റെയിലിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകും; ആഡംബര കോച്ചുകള്‍ ഓടിത്തുടങ്ങും. അതില്‍ സഞ്ചരിക്കാനുള്ളവര്‍ തങ്ങളല്ലെന്ന് ഇവര്‍ക്കറിയാം. ''പക്ഷേ, ബാംഗ്ലൂരിനെപ്പോലെ തിരക്കുള്ള ഒരു നഗരത്തിന് മെട്രോ റെയില്‍ ആവശ്യമാണെന്ന് ഞങ്ങള്‍ക്കറിയാം''- ജയ്പാല്‍ പറയുന്നു. ഐ.ടി. നഗരത്തെ കീറിമുറിച്ചുകൊണ്ട് മെട്രോകോച്ചുകള്‍ പായുന്നത് ആരെയും വേദനിപ്പിച്ചുകൊണ്ടാവരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് ശിവശൈലവും.
ബാംഗ്ലൂര്‍ മെട്രോ റിഹാബിലിറ്റേഷന്‍ പ്രോജക്ട് എന്ന ഈ പദ്ധതി രാജ്യത്താകമാനം ശ്രദ്ധനേടിക്കഴിഞ്ഞു. മെട്രോ പദ്ധതി നടപ്പാക്കുന്ന മറ്റു നഗരങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിക്കുകയാണ്. പദ്ധതിയെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും ഒരുങ്ങുന്നു. പുനരധിവാസ പദ്ധതികള്‍ എങ്ങനെ നടപ്പാക്കണമെന്ന് ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് കോളേജിലെ ഐ.എ.എസ്. ട്രെയിനികളെ പഠിപ്പിക്കാനാണ് ഡോക്യുമെന്ററി ഉപയോഗിക്കുക.
75 കോടിയാണ് പീനിയ റീഹാബിലിറ്റേഷന് ചെലവായത്. 3200 കോടിയുടെ മെട്രോ റെയില്‍ പദ്ധതിയില്‍ ഇത് തുലോം തുച്ഛം. പക്ഷേ, പണമല്ല ഇവിടെ തുണയായത്. വികസനത്തിന്റെ ആവശ്യം മനസ്സിലാക്കിയ ജനം. മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ആത്മാര്‍ഥവും സുതാര്യവും തന്ത്രപരവും പ്രായോഗികവുമായ സമീപനം. സമയബന്ധിതമായ നടപ്പാക്കല്‍. പുനരധിവാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ തയ്യാറാകാത്ത രാഷ്ട്രീയപ്പാര്‍ട്ടികളും ഭരണകൂടവും. തികച്ചും അനുകരണീയമായ മാതൃക.
Thanks&Regards,
P.G.Sreenivasan
P.G.Sreenivasan
www.keralites.net |
__._,_.___
No comments:
Post a Comment