സിസേറിയന്‍ വേണ്ടത് എപ്പോള്‍ ?
സിസേറിയന്‍ ആവശ്യമായി വരുന്ന ഘട്ടം എപ്പോഴാണ്? സര്‍ജറിയ്ക്കു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ? ഡോ.ഷീലാമണി (ഗൈനക്കോളജി വിഭാഗം, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്) വിശദീകരിക്കുന്നു...
എന്തുകൊണ്ട് സിസേറിയന്റെ എണ്ണം വര്‍ധിക്കുന്നു?
മുമ്പൊക്കെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനുള്ള അന്തിമമാര്‍ഗമായിട്ടാണ് സിസേറിയനെ കണ്ടിരുന്നത്. അതിനുപകരം സുരക്ഷിതമായ ഒരു മാര്‍ഗമെന്ന നിലയിലാണ് ഇന്ന് സിസേറിയനെ കരുതുന്നത്.
നല്ലൊരു ശതമാനം പെണ്‍കുട്ടികളും ഒരു ജോലി കിട്ടിയതിനുശേഷം മാത്രം വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. അങ്ങനെ താമസിച്ചുള്ള വിവാഹം വൈകിയുള്ള ഗര്‍ഭധാരണത്തിലേക്കു നയിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷവും വന്ധ്യതാ ചികിത്സയ്ക്കുശേഷവുമൊക്കെ ഗര്‍ഭിണിയാകുന്നവര്‍ ഒരു ചെറിയ റിസ്‌ക് കൂടി എടുക്കാന്‍ തയ്യാറാകുകയില്ല. ഏതു മാര്‍ഗത്തില്‍ കൂടിയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സുരക്ഷിതമായി കിട്ടണം എന്നുമാത്രം ആഗ്രഹിക്കും.
വൈദ്യചികിത്സാരംഗത്ത് ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ കടന്നുവരവ് കൂടി. ഇപ്പോള്‍ അള്‍ട്രാസോണോഗ്രാം, സി.ടി.ജി., തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും സങ്കീര്‍ണതകളും മനസ്സിലാക്കി ഉടന്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. ഇതും സിസേറിയന്റെ എണ്ണം കൂടാന്‍ കാരണമായി.
പിന്നെ സിസേറിയന്‍ ആവശ്യപ്പെട്ടുവരുന്നവരുടെയും എണ്ണം ഇന്നു കൂടുതലാണ്. വര്‍ധനവിന്റെ മറ്റൊരു കാര്യം ആദ്യത്തെ സിസേറിയന് ശേഷം അടുത്ത ഗര്‍ഭത്തില്‍ വീണ്ടും സിസേറിയന്‍ ആകാം എന്നതാണ്.
ഏത് തരം അനസ്‌തേഷ്യയാണ് സുരക്ഷിതം?
ഏറ്റവും സുരക്ഷിതം നടുവില്‍ കുത്തിവെച്ച് ശസ്ത്രക്രിയ ചെയ്യുന്നതാണ്. ഇതിന് സ്‌പൈനല്‍ അനസ്‌തേഷ്യ എന്നു പറയും. ഇതുമൂലം ശസ്ത്രക്രിയാസമയത്ത് രോഗി പൂര്‍ണമായും സുബോധാവസ്ഥയിലാവും. നല്ല സ്വസ്ഥത കിട്ടും. രക്തസ്രാവം കുറവുമായിരിക്കും. മറ്റൊരു പ്രധാന ഗുണം എടുത്ത ഉടനെ തന്നെ അമ്മയ്ക്ക് കുഞ്ഞിനെ കാണാന്‍ കഴിയുമെന്നതാണ്.
നട്ടെല്ലില്‍ കുത്തിവെച്ചു ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ രോഗിയുടെ പ്രത്യേകതാല്പര്യപ്രകാരവും ജനറല്‍ അനസ്‌തേഷ്യ കൊടുക്കും. പക്ഷേ, ഇത് ചെയ്യുമ്പോള്‍ ആമാശയത്തില്‍ നിന്നു ശ്വാസനാളത്തിലേക്ക് ആഹാരത്തിന്റെ അംശം കയറി കൂടുതല്‍ സങ്കീര്‍ണമാവാന്‍ സാധ്യതയുണ്ട്. അതുപോലെത്തന്നെ ഇതിന് രക്തസ്രാവവും കൂടുതലാണ്.
സിസേറിയന് എത്രനേരം മുമ്പ്് ആഹാരം കഴിക്കാം?
സിസേറിയന്‍ സാധ്യത ഉള്ളവര്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള എട്ട് മണിക്കൂര്‍ ആഹാരവും വെള്ളവും കൊടുക്കരുത്. പക്ഷേ, എമര്‍ജന്‍സി സര്‍ജറി ആണെങ്കില്‍ ഇത് സാധ്യമല്ലല്ലോ. ഇങ്ങനെയുള്ള അവസരത്തില്‍ ആഹാരം കഴിച്ചതുമൂലമുള്ള അപകടസാധ്യത മനസ്സിലാക്കി സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചതിനുശേഷം മാത്രമേ ഡോക്ടര്‍ സിസേറിയന് ഒരുങ്ങുകയുള്ളൂ.
സിസേറിയന്‍ എത്രതരം ഉണ്ട്?
സിസേറിയന്‍ രണ്ടുതരം ഉണ്ട്. 1) ഇലക്ടീവ്. 2) എമര്‍ജന്‍സി. മുന്‍കൂട്ടി തീരുമാനിച്ചു ചെയ്യുന്നതാണ് ഇലക്ടീവ് സിസേറിയന്‍. ഉദാ: ഇടുപ്പുവികസനം ഇല്ലായ്മ, ഒന്നില്‍ക്കൂടുതല്‍ സിസേറിയന്‍ ആയവര്‍ തുടങ്ങിയ സാഹചര്യങ്ങളില്‍. ഒരു മുന്‍കരുതലുമില്ലാതെ പെട്ടെന്ന് അമ്മയുടെയോ കുഞ്ഞിന്റെയോ സുരക്ഷിതത്വത്തിനുവേണ്ടി ചെയ്യുന്നതാണ് എമര്‍ജന്‍സി. ഉദാ: കുഞ്ഞിന് പെട്ടെന്ന് ശ്വാസംമുട്ടല്‍, പൊക്കിള്‍ക്കൊടി പുറത്തുചാടല്‍, അമ്മയ്ക്ക് അനിയന്ത്രിതമായ രക്തസമ്മര്‍ദം, അമിതരക്തസ്രാവം തുടങ്ങിയവ ഇതില്‍പ്പെടും. ഇലക്ടീവിനെ അപേക്ഷിച്ച് എമര്‍ജന്‍സി സിസേറിയന് രക്തസ്രാവവും മറ്റു സങ്കീര്‍ണതകളും കൂടുതലായിരിക്കും.
സിസേറിയനുശേഷം വയറിലെ മുറിപ്പാട് ചിലര്‍ക്ക് നെടുകെയും ചിലര്‍ക്ക് കുറുകെയും കാണുന്നുണ്ടല്ലോ?
മുമ്പൊക്കെ സിസേറിയന്‍ പൊക്കിളിനുതാഴെ നെടുകെ മുറിവുണ്ടാക്കിയാണ് ചെയ്തിരുന്നത്. പക്ഷേ, കൂടുതല്‍ സുരക്ഷിതം കുറുകെയുള്ള മുറിവാണ്. ഇതിനു ഫാനന്‍സ്റ്റില്‍ (pfannensteil) ഇന്‍സിഷന്‍ എന്നു പറയും. പെട്ടെന്ന് മുറിവുണങ്ങാനും മുറിപ്പാട് പുറത്തേക്കു കാണാതിരിക്കാനും ഹെര്‍ണിയ മുതലായ പ്രശ്‌നങ്ങള്‍ കുറയാനും ഇതുവഴി സാധിക്കുന്നു.
പക്ഷേ, വളരെപെട്ടെന്ന് കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരുന്ന അവസരത്തില്‍ ഇപ്പോഴും ചിലര്‍ നെടുകെയുള്ള മുറിവ് ഇടുന്നുണ്ട്.
സിസേറിയന് എന്തെങ്കിലും അപകടസാധ്യതകള്‍ ഉണ്ടോ?
ഇതൊരു മേജര്‍ സര്‍ജറി ആയതിനാല്‍ സാധാരണ ഒരു ശസ്ത്രക്രിയയുടെ എല്ലാ സങ്കീര്‍ണതകളും സിസേറിയനും ഉണ്ടാകാം. ഇവയെ ശസ്ത്രക്രിയാസമയത്ത് ഉണ്ടാകുന്നവ, ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്നവ, ഭാവിയില്‍ ഉണ്ടാകാനിടയുള്ളവ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
ശസ്ത്രക്രിയാ സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
അമിത രക്തസ്രാവം: ഇത് പ്രധാനമായും നാലുകാരണങ്ങള്‍കൊണ്ടാണ്.
1. ഗര്‍ഭപാത്രം ചുരുങ്ങാത്തതുകൊണ്ട്, 2. വലിയ രക്തക്കുഴല്‍ മുറിഞ്ഞതുമൂലം, 3. മറുപിള്ള ഗര്‍ഭാശയത്തിലേക്ക് ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍; ഇതുമൂലം ചിലപ്പോള്‍ ഗര്‍ഭാശയം തന്നെ നീക്കം ചെയ്യേണ്ടിവന്നേക്കാം, 4. രക്തം കട്ടപിടിക്കാതെയിരിക്കുന്ന അവസ്ഥമൂലം.
മൂത്രസഞ്ചി, കുടല്‍, മൂത്രനാളി തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്കുള്ള മുറിവ്.
കുഞ്ഞിന്റെ തല പുറത്തേക്കെടുക്കാന്‍ വലിയ ബുദ്ധിമുട്ട് - കുഞ്ഞിന് മുറിവ്, എല്ലിന് ഒടിവ്.
അനസ്‌തേഷ്യ മൂലമുള്ള പ്രശ്‌നങ്ങള്‍
താഴ്ന്ന രക്തസമ്മര്‍ദം
ശ്വാസം മുട്ടല്‍.
ഹൃദയ സ്തംഭനം.
അബോധാവസ്ഥ (ബോധം വീഴാതെയിരിക്കുക തുടങ്ങിയവ).
ശസ്ത്രക്രിയ കഴിഞ്ഞുള്ള സങ്കീര്‍ണതകള്‍
വയറ്റില്‍ വായു കെട്ടിക്കിടക്കുക
കുടല്‍മാലകളുടെ സ്തംഭനം .
മുറിവ് പഴുക്കല്‍.
മുറിവിലെ തുന്നല്‍ വിട്ടുപോകുക
കാല്‍ ഞരമ്പില്‍ രക്തം കട്ടപിടിക്കല്‍.
രക്തം കട്ടപിടിക്കുന്നത് മൂലം ശ്വാസതടസ്സം.
അമിത രക്തസ്രാവം
ഭാവിയില്‍ ഉണ്ടാകാനിടയുള്ള സങ്കീര്‍ണതകള്‍
മുറിപ്പാടിന്റെ ഭാഗത്ത് ഹെര്‍ണിയ.
മുറിപ്പാടില്‍ എന്‍ഡോമെട്രിയോസിസ് വരുക.
മൂത്രസഞ്ചിയില്‍ മുറിവുണ്ടായി ഫിസ്റ്റുല.
അടുത്ത ഗര്‍ഭത്തില്‍ പ്രസവത്തിനു മുമ്പേ മുറിവ് വിട്ടുപോകുക.
അടുത്ത ഗര്‍ഭത്തില്‍ മറുപിള്ള മുറിവില്‍ ഒട്ടിപ്പിടിക്കുക.
സിസേറിയന്‍ കഴിഞ്ഞ് എപ്പോള്‍ മുതല്‍ ആഹാരം കഴിച്ചുതുടങ്ങാം?
ഛര്‍ദിയും മറ്റു പ്രശ്‌നങ്ങളുമില്ലെങ്കില്‍ ആറ് മണിക്കൂറിനുശേഷം വെള്ളം കൊടുക്കാം. പിറ്റേ ദിവസം തന്നെ ഖരരൂപത്തിലുള്ള ആഹാരം കൊടുക്കാം.
ഇതോടൊപ്പം കൈകാല്‍ ചലിപ്പിക്കുകയും ഡീപ് ബ്രീതിങ് വ്യായാമം ചെയ്യുകയുംവേണം. പതുക്കെ എഴുന്നേറ്റു നടക്കുക. കാല്‍ ഞരമ്പില്‍ രക്തം കട്ടപിടിക്കാതിരിക്കാനും രക്തക്കട്ട ശ്വാസകോശത്തില്‍ തടഞ്ഞ് ശ്വാസംമുട്ടുണ്ടാകാതിരിക്കാനും ഇതെല്ലാം സഹായിക്കുന്നു.
മയക്കം വിട്ടു കഴിഞ്ഞാലുടന്‍ തന്നെ കുഞ്ഞിനെ മുലയൂട്ടി തുടങ്ങാം. സ്തനങ്ങളില്‍ നിന്നും ആദ്യം വരുന്ന കട്ടികൂടിയ കൊളസ്ട്രം എന്ന പാല്‍ പോഷകമൂല്യമുള്ളതും കുഞ്ഞിന് പ്രതിരോധശക്തി കൊടുക്കുന്നതുമാണ്.
ആദ്യപ്രസവം സിസേറിയന്‍ വഴിയായാല്‍ പിന്നീട് സ്വാഭാവിക പ്രസവം ആകുമോ?
ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ് വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവത്തിനു മുമ്പായി മുറിവു വിട്ടുപോകാനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ ശതമാനം പേരിലേ (0.5-2%) ഇതു സംഭവിക്കുകയുള്ളൂ.ഇതിന് വി.ബി. എ. സി. ട്രയല്‍ ഓഫ് ലേബര്‍ (Vaginal Birth After Caesarean Section) എന്നു പറയും.
ഏതൊക്കെ പ്രശ്‌നമുള്ള ഗര്‍ഭിണികള്‍ക്കാണ് വിബിഎസി ട്രയല്‍ വേണ്ടിവരിക?
പല കാര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിക്ക് രണ്ടാമത് സ്വാഭാവിക പ്രസവമാകാമോ എന്നു തീരുമാനിക്കുന്നത്.
ഇതില്‍ ഏറ്റവും പ്രധാനം എന്തു കാരണംകൊണ്ടാണ് മുമ്പ് ചെയ്യേണ്ടി വന്നത് എന്നാണ്. ഉദാ. കുഞ്ഞിന്റെ ശ്വാസംമുട്ടല്‍, കിടപ്പിലുള്ള വ്യത്യാസം തുടങ്ങിയവയാണെങ്കില്‍ ഇത്തവണ സ്വാഭാവിക പ്രസവത്തിനു തിരഞ്ഞെടുക്കാം.
നേരേ മറിച്ച് ഇടുപ്പെല്ലിന് വികാസമില്ലാത്തതുകൊണ്ട് അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിയാണെങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു ട്രയലിന് തയ്യാറാവില്ല. ഇവര്‍ക്ക് വേദന തുടങ്ങുമ്പോള്‍ തന്നെ മുറിവ് വിട്ടുപോകാനുള്ള സാധ്യതയുണ്ട്.
അതുപോലെതന്നെ ആദ്യത്തെ സിസേറിയനില്‍ അണുബാധ ഉണ്ടായിരുന്നോ എന്നതും മുറിവ് വിട്ടുപോകാന്‍ കാരണമാകും.
ഇതിനെല്ലാമുപരി ഇപ്പോഴുള്ള കുഞ്ഞിന്റെ കിടപ്പ് എങ്ങനെ എന്നുള്ളതാണ് ഏറ്റവും പ്രധാനം-കുഞ്ഞിന്റെ തൂക്കം ശരാശരിയും കിടപ്പ് ശരിയായ രീതിയിലും, ആണെങ്കില്‍ സ്വാഭാവിക പ്രസവം മതി. ഇതിന്റെ വിജയത്തോത് 70% ആണ്. ട്രയല്‍ എല്ലാ സൗകര്യങ്ങളുമുള്ള സൂക്ഷ്മ നിരീക്ഷണത്തില്‍ ചെയ്യേണ്ട ഒരു കാര്യമാണ്. മുറിവ് വിട്ടുപോകാനുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ എമര്‍ജന്‍സി സിസേറിയന്‍ ചെയ്യേണ്ടിവരും.
മുറിവ് വിട്ടുപോകുന്നതിനു മുമ്പുള്ള അപായ സൂചനകള്‍ എന്തൊക്കെ?
പൊക്കിളിനു താഴെയുള്ള നിരന്തരമായ വേദന.
ചെറിയ തോതിലുള്ള രക്തം പോക്ക്.
ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്നു തോന്നല്‍.
കുഞ്ഞിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം.
അടുത്ത ഗര്‍ഭധാരണം എപ്പോഴാകാം?
ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത്മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തെ ഇടവേളയാണ് ഏറ്റവും ഉചിതം.
സിസേറിയന് ശേഷം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണോ?
സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആറ് ആഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.
സിസേറിയന് ശേഷം എപ്പോള്‍ വ്യായാമം ചെയ്തു തുടങ്ങാം?
സിസേറിയന്‍ കഴിഞ്ഞ് കഴിയുന്നതും നേരത്തേ ലഘു വ്യായാമങ്ങളില്‍ ഏര്‍പ്പെടാം. ഡീപ് ബ്രീതിങ്, മിതമായ നടത്തം എന്നിവ ഇതില്‍പ്പെടും. അടുത്തപടിയായി അടിവയറിനുള്ള വ്യായാമം, ഭഗപേശികളുടെ വ്യായാമം തുടങ്ങിയവ ചെയ്യാം. മുറിവ് ഉണങ്ങാന്‍ ഏറ്റവും കുറഞ്ഞത് ആറ് ആഴ്ച എടുക്കും. ഇതു കഴിഞ്ഞേ എയ്‌റോബിക്‌സ്, ബ്രിസ്‌ക് വോകിങ്, നീന്തല്‍, ജോഗിങ്, സൈക്കിള്‍ സവാരി പോലുള്ള കഠിന വ്യായാമങ്ങള്‍ ചെയ്യാവൂ. ഇത് തുടക്കത്തില്‍ 10-15 മിനുട്ട് ചെയ്യാം. ഓരോ ദിവസവും സമയദൈര്‍ഘ്യം കൂട്ടാം.
സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം?
സിസേറിയന്‍ കഴിഞ്ഞ് മിനിമം ആറാഴ്ച കഴിഞ്ഞേ ബന്ധപ്പെടാവൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും. ബന്ധപ്പെടുമ്പോള്‍ വയറില്‍ മുറിപ്പാടുണ്ടെന്ന ബോധം ഉണ്ടായിരിക്കണം. പിന്നെ അവരുടെ ശാരീരികവും മാനസികവുമായ താല്പര്യമനുസരിച്ച് മുന്നോട്ടു പോകുക.
സിസേറിയന്‍ തീരുമാനിക്കുമ്പോള്‍
ഒരു ഗര്‍ഭിണിക്ക് സ്വാഭാവികപ്രസവം നടക്കുമോ അതോ സിസേറിയന്‍ ആകുമോ എന്നത് പലകാര്യങ്ങളെ അവലോകനം ചെയ്താണ് തീരുമാനിക്കുന്നത്.
* ആദ്യത്തെ പ്രസവം സിസേറിയനായാല്‍
* ഇടുപ്പെല്ലിന് വികാസം ഇല്ലായ്മ.
* കുഞ്ഞിന് തൂക്കക്കൂടുതല്‍.
* കുഞ്ഞിന്റെ കിടപ്പിലുള്ള വ്യത്യാസം.
* വിവിധ ഉപകരണങ്ങള്‍ ഫോര്‍സെപ്‌സ്, വാക്വം തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രസവം.
* വേദന വരാനായി മരുന്നു വെച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥ.
* കുഞ്ഞിന് ശ്വാസം മുട്ടല്‍.
* പൊക്കിള്‍ക്കൊടി പുറത്തുചാടല്‍.
* കുഞ്ഞിന്റെ വളര്‍ച്ചക്കുറവ്, അംനിയോടിക് ദ്രാവകത്തിന്റെ കുറവ്.
* ഇരട്ടക്കുട്ടികള്‍, അവരുടെ കിടപ്പിലുള്ള വ്യത്യാസം.
* മറുപിള്ളയുടെ സ്ഥാനചലനം. അതായത് മറുപിള്ള ഗര്‍ഭാശയഗളത്തില്‍ പൊതിഞ്ഞിരിക്കുന്നത്.
* പ്രസവത്തിന് മുമ്പേ മറുപിള്ള വിട്ടുവരിക
അമ്മയുടെ പ്രശ്‌നങ്ങള്‍:
* പ്രായക്കൂടുതല്‍ അതായത് ആദ്യ പ്രസവം 35 വയസ്സിനുശേഷം.
* കുട്ടികളുണ്ടാകാനുള്ള നീണ്ട ചികിത്സ.
* ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭം അലസല്‍.
* അമിത രക്തസമ്മര്‍ദ്ദം.
* എച്ച്.ഐ.വി ബാധിച്ച ഗര്‍ഭിണി.
* സിസേറിയന്‍ ആവശ്യപ്പെട്ടുവരുന്നവര്‍.
* ഇഷ്ടപ്പെട്ട സമയവും ദിവസവും നോക്കിയുള്ള കുഞ്ഞിന്റെ ജനനം.
* സാധാരണ പ്രസവത്തെ ഭയക്കുന്നവര്‍.
* കുഞ്ഞിന്റെ ജീവനെപ്പറ്റി അമിത ഉത്കണ്ഠയുള്ളവര്‍.
www.keralites.net |
__._,_.___
No comments:
Post a Comment